നടന്നു നടന്നൊരാൾ
text_fieldsയു.എ.ഇയിൽ എത്തി പതിറ്റാണ്ടുകൾ പിന്നിട്ടവരോട് ഒരു ചോദ്യം. ഇക്കാലത്തിനിടയിൽ നിങ്ങൾ യു.എ.ഇയുടെ ഏതെല്ലാം ഭാഗത്ത് യാത്ര ചെയ്തിട്ടുണ്ടാവും ?. സ്വയം പരിശോധന നടത്തുന്നതിനിടയിൽ കൊല്ലം കൊട്ടാരക്കര സ്വദേശി തൗഫീഖിനോടും ഇതേ ചോദ്യം ചോദിക്കണം. രണ്ടര വാർഷത്തിനിടയിൽ തൗഫീഖ് നടന്നെത്തിയത് യു.എ.ഇയുടെ മുക്കിലും മൂലയിലുമാണ്. അതും കാൽനടയായി. ജബൽ ജൈസിലും ഹത്തയിലും ഒമാൻ അതിർത്തിയിലുമെല്ലാം നടന്നെത്തിയ തൗഫീഖ് യു.എ.ഇയിലെ ഏഴ് എമിറേറ്റുകളും പിന്നിട്ടു കഴിഞ്ഞു. അബൂദബിയിൽ നടന്നു തീർക്കാൻ കുറച്ച് സ്ഥലം കൂടി ബാക്കിയുണ്ട്. യു.എ.ഇ ദേശീയ ദിന അവധി ദിവസങ്ങളിൽ ഇതും കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഈ 25കാരൻ. ആഴ്ചയിൽ വീണു കിട്ടുന്ന അവധി ദിനത്തിലാണ് തൗഫീഖിന്റെ യാത്രകൾ.
ഷാർജയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായ തൗഫീഖിന്റെ യാത്രാപ്രണയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കേരളത്തിൽനിന്ന് നേപ്പാൾ വരെ പണം മുടക്കാതെ എത്തിയ ആളാണ്. വഴിയിൽ കാണുന്നവരോട് ലിഫ്റ്റ് ചോദിച്ചും നടന്നുമായിരുന്നു യാത്ര. ഇഷ്ട യാത്രകൾക്ക് പണം തടസമാകരുതെന്ന വാശിയാണ് തൗഫിയെ ഈ സാഹസത്തിന് പ്രേരിപ്പിക്കുന്നത്. ജീവിത പ്രാരാബ്ദങ്ങളാണ് തൗഫിയെ പ്രവാസിയാക്കിയതെങ്കിലും യാത്രയോടുള്ള ഇഷട്മാണ് ഗൾഫ് ജീവിതം തെരഞ്ഞെടുക്കാൻ കാരണമെന്നും അവൻ പറയുന്നു. ആദ്യം ജോലി തേടി സന്ദർശക വിസയിലാണ് എത്തിയത്. ഈ സമയം ജോലിയില്ലാതിരുന്നതിനാൽ കാൽനടയായി വിവിധ എമിറേറ്റുകളിൽ എത്തി. പിന്നീട് ജോലി ലഭിച്ചപ്പോൾ അവധി ദിനങ്ങളിലായി യാത്ര. ഷാർജയിൽ താമസിക്കുന്ന തൗഫീഖ് വെള്ളിയാഴ്ചകളിലാണ് നടക്കാനിറങ്ങുക. രാവിലെ ഒമ്പതിന് ഇറങ്ങും, രാത്രി വൈകി തിരിച്ചെത്തും.
50 ഡിഗ്രിയിൽ കൊടുംചൂട് കത്തിനിന്ന സമയത്തും യാത്ര ഒഴിവാക്കിയില്ല. സൂര്യാതപമേറ്റ പാട് ഇപ്പോഴും ശരീരത്തിലുണ്ട്. പണം മാത്രമല്ല, കാലാവസ്ഥയും യാത്രക്ക് തടസമാകരുതെന്നാണ് തൗഫിയുടെ അഭിപ്രായം. ചെലവ് ചുരുക്കിയുള്ള യാത്രയായതിനാൽ കാര്യമായി ഭക്ഷണം കഴിക്കാറില്ല. വെള്ളമാണ് ആശ്രയം. സാമൂഹിക മാധ്യമങ്ങളിൽ പതിനായിരക്കണക്കിന് ഫോളോവേഴ്സുള്ള താരം കൂടിയാണ് തൗഫീഖ്. ബാപ്പയും ഉമ്മയും സഹോദരനും സഹോദരിയുമടങ്ങുന്നതാണ് തൗഫിയുടെ കുടുംബം.
ലക്ഷ്യം ഇറാൻ
നാട്ടിൽ സ്വന്തമായി ബൈക്ക് പോലുമില്ലാതിരുന്ന തൗഫീഖിന്റെ പ്രവാസ ജീവിതത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബൈക്ക് വാങ്ങലായിരുന്നു. എന്നിട്ട്, അതിൽ ചുറ്റിക്കറങ്ങി ലോകം കാണണം. അൽപം വൈകിയാണെങ്കിലും തൗഫിയും വാങ്ങി ഒരു സെക്കൻഡ് ഹാൻഡ് ബൈക്ക്. ലൈസൻസുമെടുത്തു. ബൈക്കിന്റെ പണി തീർത്ത് വൈകാതെ നിരത്തിലിറക്കണമെന്നാണ് ആഗ്രഹം. അതിൽ കയറി ഇറാനിലേക്ക് യാത്ര ചെയ്യണം, എവിടെയെങ്കിലും ടെന്റടിക്കണം, നാട് മുഴുവൻ മരം നടണം...
ഇങ്ങനെ നീളുന്നു അവന്റെ ആഗ്രഹം. ആത്മവിശ്വാസവും ഇഛാശക്തിയും മാത്രം കൈമുതലാക്കി ലക്ഷ്യങ്ങൾ കീഴടക്കുന്ന തൗഫീഖിന് ഈ ആഗ്രഹങ്ങളും അകലെയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.