ലോക്ഡൗൺ കാലം അങ്ങകലെ ആർട്ടിക് മഞ്ഞിന്‍റെ ഏകാന്തതയിൽ; അദ്ഭുതമായി ഒറ്റക്കൊരു വനിത
text_fieldsലണ്ടൻ: ലോക്ഡൗൺ കാലം മഹാഭൂരിപക്ഷത്തിനും ഒട്ടും പൊരുത്തപ്പെടാനാകാത്ത അടിച്ചേൽപിക്കപ്പെട്ട എകാന്തതയുടെതാണ്. പുറത്തിറങ്ങിയാൽ പൊലീസ് പിടിവീഴുമെന്നതിനാൽ വീടിനുള്ളിൽ അടച്ചിട്ട ജീവിതത്തിന്‍റെ നോവും വിങ്ങലും പേറുന്നവർ. എന്നാൽ, കടലേഴും താണ്ടി അങ്ങകലെ മഞ്ഞുപുതഞ്ഞുകിടക്കുന്ന ആർട്ടികിലേക്ക് ഒരു യാത്ര പോയാലോ? അതും കൂരാകൂരിരുട്ട് എല്ലാം മറച്ചുനിർത്തുന്ന കാലാവസ്ഥയിൽ.
ലോകത്തിന്‍റെ ചക്രവാളത്തിനു മേൽ കോവിഡ് ഇരുൾ വീഴ്ത്തുംവരെ ഇറ്റലിക്കാരിയായ വാലന്‍റീന മിയോസോ വിനോദസഞ്ചാരികൾക്കൊപ്പം ലോകം കറങ്ങുന്ന ട്രാവൽ ഗൈഡായിരുന്നു. കഴിഞ്ഞ വർഷാദ്യം ചൈന കടന്നെത്തിയ മഹാമാരി സഞ്ചാരികളെ വീട്ടിലിരുത്തിയതോടെ അവളും ഇരുന്നുപോയി. മനംമടുപ്പിക്കുന്ന നാളുകളിൽ േബ്ലാഗിങ്ങും മറ്റുമായി കഴിച്ചുകൂട്ടിയതിനൊടുവിൽ ഇറ്റലി പാതി തുറന്നതോടെ അവളും നടന്നുതുടങ്ങി, ചെറുതായി. അതിനിടെ കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു വിളിയെത്തുന്നത്- ഉത്തര ധ്രുവപ്രദേശങ്ങളിലേക്കൊരു യാത്ര. ഭയംപിടിച്ച് വീട്ടിലിരിക്കണോ അതോ എല്ലാം മറന്ന് പുറപ്പെടണോ? രണ്ട് സാധ്യതകൾ അവരുടെ പുസ്തകത്തിലില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് സമ്മതം അറിയിച്ചു. ഒരു മാസം കഴിഞ്ഞ് പുറപ്പെടുകയും ചെയ്തു. 2,400 കിലോമീറ്റർ അകലെയുള്ള കോങ്സ്ഫോഡായിരുന്നു ലക്ഷ്യം.
നാടും നാട്ടാരും എന്നും ചേർന്നുനിൽക്കുന്ന മോഡേണയിൽനിന്ന് ഒറ്റക്കൊരിടത്തേക്കാണ് യാത്ര. താമസക്കാർ 28 പേർ മാത്രം. കഴിക്കാൻ വല്ലതും ലഭിക്കാൻ 40 കിലോമീറ്റർ താണ്ടണം. ഹോസ്പിറ്റലാണെങ്കിൽ 300 ലേറെ കിലോമീറ്റർ അകലെ. പക്ഷേ, അവർ കുലുങ്ങിയില്ല.
തണുപ്പുകാലത്ത് 100 കിലോമീറ്ററിലേറെ വേഗത്തിലാണ് കാറ്റ് അടിച്ചുവീശുക. എത്തി ദിവസങ്ങൾക്കകം വിരുന്നുവന്നത് 'ധ്രുവരാത്രികൾ' എന്ന പ്രതിഭാസം. രണ്ടു മാസം സമ്പൂർണ ഇരുട്ടിൽ കഴിയണം. ഇവിടെ രണ്ടു മാസം 24 മണിക്കൂർ സൂര്യപ്രകാശവുമുണ്ട്- മേയ് പകുതി മുതൽ ജൂലൈ പകുതിവരെ. അതിന്‍റെ നേർവിപരീതമാണിപ്പോൾ.
ജനസംഖ്യ 28 മാത്രമാണെങ്കിലും പല വംശജരാണ്- ജർമൻ, ലാറ്റ്വിയൻ, ഇറ്റാലിയൻ.....
മരങ്ങൾ ഏറെ വളരാത്ത നാട്. ചുവപ്പു നിറത്തിലുള്ള ആർടിക് കുറുക്കന്മാരും കലമാനും സമൃദ്ധമായ കാഴ്ചകൾ. വെള്ളത്തിൽ തിമിംഗലം, ഡോൾഫിൻ, പിന്നെ കടൽപക്ഷികൾ... കോവിഡ് ഇനിയും കടന്നുവന്നിട്ടില്ല. അതിനാൽ തന്നെ മിയോസോ എത്തിയ ശേഷം നീണ്ടു ഏഴു മാസം മാസ്ക് അണിയേണ്ടിവന്നില്ല. രണ്ട് മാസം മുമ്പ് ഇവർക്ക് കൊച്ചുദ്വീപിലേക്കുള്ള കരാർ അവസാനിച്ചു. തിരിച്ച് ഇറ്റലിയിലേക്ക് പോകുന്നതിന് പകരം ഇനിയുമേറെ ദൂരെ സ്വാൽബാർഡ് ദ്വീപ് സമൂഹത്തിലേക്കൊരു യാത്രയാണിപ്പോൾ മനസ്സിൽ. അതിനായി വാഹനം സംഘടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. മനുഷ്യരും ധ്രുവക്കരടികളും ഒന്നിച്ചുകഴിയുന്ന പ്രദേശത്തെത്തണം. അവിടെ ഒരു മാസം കഴിച്ചുകൂട്ടി പിന്നെ ലോഫോടെൻ ദ്വീപുകളിൽ പോകണം.. അതും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയാൽ പോലും കോങ്സ്ഫോഡിൽ അതിവേഗം തിരിച്ചെത്തണം. മിയോസോയുടെ മനസ്സ് ശാന്തമാണ്. മഞ്ഞ് വീണുകിടക്കുന്ന ഈ നാടിന്‍റെ സമൃദ്ധി നൽകിയ മനസ്സിന്‍റെ ഊർജമാണ് അവർക്ക് കൂട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.