കല്ലാനോട് തോണിക്കടവ് ടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി ഒരുങ്ങി
text_fieldsബാലുശ്ശേരി: കല്ലാനോട് തോണിക്കടവ് ടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി ഒരുങ്ങി. കക്കയം കരിയാത്തൻപാറ റിസർവോയർ തീരത്തിനടുത്ത് തോണിക്കടവ് കേന്ദ്രീകരിച്ച് നാലു കോടിയോളം രൂപ ചെലവിട്ടാണ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോടിനും കരിയാത്തൻപാറക്കും ഇടയിൽ റിസർവോയറിന് സമീപത്തായുള്ള 40 ഏക്കറോളം വരുന്ന കുന്നിൻപുറം കേന്ദ്രീകരിച്ചാണ് തോണിക്കടവ് ടൂറിസം പദ്ധതി പൂർത്തിയാകുന്നത്. മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന തോണിക്കടവ് പ്രകൃതി സൗന്ദര്യം കനിഞ്ഞൊഴുകുന്ന പ്രദേശം കൂടിയാണ്.
കുന്നിൻ മുകളിൽനിന്ന് റിസർവോയർ തീരത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി നാല് നിലകളിലായുള്ള വാച്ച് ടവറിെൻറ നിർമാണം പൂർത്തിയായി. ഇവിടത്തെ വൈദ്യുതീകരണ പ്രവൃത്തികളും ജല സംവിധാനമൊരുക്കലും മാത്രമാണ് നടക്കാനുള്ളത്. ബോട്ടിങ് സെൻറർ, കഫ്റ്റീരിയ, ആറ് റെയിൻ ഷെൽട്ടറുകൾ, നടപ്പാതകൾ, ശുചിമുറി, ടിക്കറ്റ് കൗണ്ടർ, ബോട്ടുജെട്ടി, ഓപൺ എയർ അംഫി തിയറ്റർ, ചുറ്റുമതിൽ എന്നിവ പൂർത്തിയായി.
ജലസേചന വകുപ്പിെൻറ സ്ഥലത്ത് ടൂറിസം വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തികൾ. 2015ൽ ആരംഭിച്ച തോണിക്കടവ് ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തികൾക്കായി 2.57 കോടിയും രണ്ടാം ഘട്ട പ്രവൃത്തിക്കായി 1.40 കോടി രൂപയുമാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. മൂന്നാം ഘട്ടത്തിൽ തൂക്കുപാലം, ബാംബു പാർക്ക് എന്നിവ നിർമിക്കാനായുള്ള പ്ലാനും എസ്റ്റിമേറ്റും തയാറായി വരുകയാണ്. രണ്ടാം ഘട്ട പ്രവൃത്തികൾ മുഴുവനായും പൂർത്തിയാക്കി 2021 മാർച്ച് മാസത്തിനകം തോണിക്കടവ് ടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.