ദുരന്തം ആവർത്തിച്ച് അരിപ്പാറ വെള്ളച്ചാട്ടം
text_fieldsതിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ ഒരു മാസത്തിനിടെ വീണ്ടും ജീവൻ പൊലിഞ്ഞു. ശനിയാഴ്ച രാവിലെ വിനോദസഞ്ചാരത്തിനെത്തിയ രാജസ്ഥാൻ സ്വദേശിയായ രജത്ത് ശർമയാണ് മുങ്ങിമരിച്ചത്. കഴിഞ്ഞമാസം 26നായിരുന്നു അരിപ്പാറയിലെ ഒടുവിലെ അപകടമരണം. കോഴിക്കോട് അത്തോളി സ്വദേശിയായ യുവാവായിരുന്നു അന്ന് മരിച്ചത്.
ശനിയാഴ്ചയിലെ അപകടത്തോടെ അരിപ്പാറയിൽ മുങ്ങി മരിച്ചവരുടെ എണ്ണം 21 ആയി. രണ്ട് പതിറ്റാണ്ടിനിടെയാണ് ഈ അപകട മരണങ്ങളെല്ലാം നടന്നത്.
അരിപ്പാറ വെള്ളച്ചാട്ടത്തിൽ മതിയായ സുരക്ഷ സംവിധാനമില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് മനുഷ്യ ജീവനുകൾ പൊലിയുന്നത് തുടർക്കഥയാകുന്നത്. വിദൂര സ്ഥലങ്ങളിൽനിന്ന് വിനോദസഞ്ചാരത്തിയവരാണ് അരിപ്പാറയിൽ അപകടത്തിൽ പെട്ടവരെല്ലാം. വിനോദസഞ്ചാര കേന്ദ്രത്തിന് പ്രാഥമികമായി വേണ്ട സുരക്ഷ - മുന്നറിയിപ്പ് സംവിധാനങ്ങൾ അരിപ്പാറയിൽ ഇല്ല.
മനുഷ്യാവകാശകേന്ദ്രം പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് ടൂറിസം ജോ. ഡയറക്ടർ എം.വി. കുഞ്ഞിരാമൻ അരിപ്പാറ സന്ദർശിച്ചിരുന്നു. സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്ന ജോ. ഡയറക്ടറുടെ പ്രഖ്യാപനത്തിെൻറ ചൂടാറും മുമ്പാണ് ഇവിടെ വീണ്ടും ജീവൻ പൊലിഞ്ഞിരിക്കുന്നത്. ടൂറിസം വെബ്സൈറ്റിൽനിന്ന് അരിപ്പാറ വെള്ളച്ചാട്ടത്തെക്കുറിച്ച് അറിഞ്ഞെത്തിയ യുവാവാണ് ശനിയാഴ്ച അപകടത്തിൽപെട്ടത്. മനുഷ്യജീവന് സുരക്ഷ ഉറപ്പാക്കാതെയാണ് അധികൃതർ വിനോദസഞ്ചാര കേന്ദ്രത്തിന് പ്രചാരം നൽകുന്നതെന്ന് വിമർശനമുയർന്നിട്ടുണ്ട്. തങ്ങളുടെ മൂക്കിന് താഴെ ദുരന്തങ്ങൾ ആവർത്തിച്ചിട്ടും തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളും കണ്ണുതുറക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
‘അരിപ്പാറ ടൂറിസം കേന്ദ്രം അടച്ചുപൂട്ടണം’
അരിപ്പാറ ടൂറിസം കേന്ദ്രം അടച്ചുപൂട്ടണമെന്ന് കോടഞ്ചേരി മേഖല മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതുവരെ സന്ദർശകരെ അനുവദിക്കരുത്. ഇരുപതാമത്തെയാൾ മുങ്ങിമരിച്ചപ്പോൾ പഞ്ചായത്തിനെയും ടൂറിസം വകുപ്പിനെയും സമീപിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ടൂറിസം ജോയൻറ് ഡയറക്ടർ സ്ഥലം സന്ദർശിച്ചെങ്കിലും തുടർപ്രവർത്തനങ്ങളൊന്നുമുണ്ടായില്ല.
ടൂറിസം വകുപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കും. യോഗത്തിൽ മനുഷ്യാവകാശ കേന്ദ്രം ഭാരവാഹികളായ ജോയി മോളത്ത്, പി.ജെ. ജോൺ, എ.എസ്. ജോസ്, ദിവാകരൻ കോക്കോട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.