അതിരപ്പിള്ളി ഒഴുകുന്നു; ആളും ആരവവുമില്ലാതെ
text_fieldsഅതിരപ്പിള്ളി: സീസണിലെ വിസ്മയകരമായ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകരില്ലാതെ അതിരപ്പിള്ളിയും വാഴച്ചാലും. പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് അധികജലം തുറന്നുവിട്ടതോടെ തെളിഞ്ഞ വെള്ളച്ചാട്ടങ്ങളുടെ ആരവമാണ് ആരും കാണാനില്ലാതെ കടന്നുപോകുന്നത്. ലോക്ഡൗണിനെ തുടർന്നാണ് അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടത്. അതിരപ്പിള്ളിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട നാലുമാസം കടന്നുപോയതോടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് നഷ്ടമായത്.
സന്ദർശകരില്ലാത്തതിനാൽ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ചുകഴിയുന്ന കച്ചവടക്കാർ ദുരിതത്തിലാണ്. ചൊവ്വാഴ്ച രാവിലെ ഏഴ് മുതലാണ് പെരിങ്ങൽക്കുത്ത് ഡാമിെൻറ സ്ലൂയിസ് ഗേറ്റ് തുറന്ന് അമിതജലം ഒഴുക്കിവിട്ടത്. ചാലക്കുടിപ്പുഴയിലെ വെള്ളം കലങ്ങുകയും ജലനിരപ്പ് ചെറിയരീതിയിൽ ഉയരുകയും ചെയ്തു.
ചാലക്കുടിപ്പുഴയോരത്ത് അനിയന്ത്രിത വെള്ളപ്പൊക്കത്തിെൻറ സാധ്യത ഒഴിവാക്കാനാണ് ജലം ഒഴുക്കിയത്. അതേസമയം, ഡാമിൽ അപകടകരമായ അവസ്ഥയിൽ ജലശേഖരം ഇപ്പോഴില്ല. ഡാമിെൻറ ഷട്ടറുകൾ തുറന്നുതന്നെ കിടക്കുകയാണ്. കുറച്ചുദിവസമായി മഴയുള്ളതിനാൽ ഡാം കവിഞ്ഞ് ഷട്ടറുകളിലൂടെ ഒഴുകുകയായിരുന്നു.
തിങ്കളാഴ്ച പെരിങ്ങൽക്കുത്തിെൻറ വൃഷ്ടിപ്രദേശത്ത് 103 മില്ലീമീറ്റർ മഴ പെയ്തിരുന്നു. എന്നാൽ, അതത്ര ഉയർന്ന നിരക്കല്ല. പറമ്പിക്കുളം ഗ്രൂപ് ഡാമുകളും ഷോളയാർ, അപ്പർ ഷോളയാർ ഡാമുകളുടെയും വൃഷ്ടിപ്രദേശത്തും മഴ അത്ര ശക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.