ക്വാറൈൻറൻ ടൂറിസത്തിനൊരുങ്ങി ഹിമാചൽ പ്രദേശ്
text_fieldsകോവിഡും ലോക്ഡൗണുമെല്ലാം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ടൂറിസം മേഖലയെ കൂടിയാണ്. മഹാമാരിയിൽനിന്ന് ലോകം അതിജീവിച്ചാലും സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങാൻ സമയമെടുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈയവസരത്തിലാണ് കോവിഡിനെ എങ്ങനെ ടൂറിസവുമായി ബന്ധിപ്പിക്കാമെന്ന് ഹിമാചൽ പ്രദേശ് ആലോചിക്കുന്നത്.
വീടുകളിലും ആശുപത്രികളിലുമുള്ള ഏകാന്ത ക്വാറൈൻറൻ വാസം താൽപ്പര്യമില്ലാത്തവർക്ക് പ്രകൃതിയോടിണങ്ങി കഴിയാനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ഹിമാലയ ഗിരിശൃംഗങ്ങൾ നിറഞ്ഞ ഈ സംസ്ഥാനം. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ ഇക്കാര്യം സ്വകാര്യ ചാനലിന് നൽകിയ ഇൻറർവ്യുവിൽ പറയുകയും ചെയ്തു. 223 പേർക്കാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മാത്രമല്ല ഇവിടെ രോഗത്തിൻെറ വ്യാപനം കുറഞ്ഞുവരുന്നുമുണ്ട്. അതുകൊണ്ടാണ് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലുള്ളവർക്ക് രണ്ടാഴ്ച കാലത്തെ ക്വാറൈൻറൻ ആസ്വദിക്കാൻ ഹിമാചലിലേക്ക് ക്ഷണിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
മണാലിയും ഷിംലയും സ്പിതി വാലിയുമെല്ലാം ഉൾപ്പെടുന്ന ഹിമാചൽ ഇന്ത്യയിലെത്തന്നെ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. ടൂറിസമാണ് സംസ്ഥാനത്തിൻെറ പ്രധാന വരുമാന മാർഗവും. അതേസമയം, സർക്കാറിൻെറ പദ്ധതിക്കെതിരെ ഈ മേഖലയിലുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്വാറൈൻറനിൽ കഴിയാൻ ആളുകൾ വന്നാൽ പതിവ് സഞ്ചാരികൾ സംസ്ഥാനത്തേക്ക് വരാൻ സാധ്യത കുറവാണെന്ന് ഇവർ പറയുന്നു. ഇതുകൂടാതെ ഹിമാചലിലെ താമസം അവസാനിപ്പിച്ച് സ്വന്തം നാട്ടിലെത്തിയാൽ വീണ്ടും ക്വാറൈൻറനിൽ കഴിയേണ്ടി വരുമോ എന്ന ചിന്തയും ഇതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ സാധ്യതയുണ്ട്. എന്തായാലും, മാറിയ കാലഘട്ടത്തിൽ കേരളത്തിലടക്കം സാധ്യതയുള്ള പദ്ധതിയാണ് ക്വാറൈൻറൻ ടൂറിസവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.