Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഉന്മാദയാത്രികർ

ഉന്മാദയാത്രികർ

text_fields
bookmark_border

കടൽക്കനവുകളിൽനിന്ന്​ ഭൂപടങ്ങൾ ജനിക്കുന്നു. ദിക്കുകൾ​ ഇരുട്ടിനാൽ അതിരിടുന്നു. തീരത്തി​​​െൻറ തരമറിയാത്ത തിര മാലകൾക്ക്​ കൂട്ടുപോകുന്നു. അതെ, ഇതൊരു അസാധാരണ സ്വപ്​നമാണ്​. മരണത്തി​​​െൻറ മണമുള്ള യാത്രികരുടെ സ്വപ്​നം. ഭ്രാന്തൻ കടൽ യാത്രകളെ പ്രണയിക്കുന്നവർ ഒന്നിക്കുന്ന ഗോൾഡൻ ഗ്ലോബ്​ റേ​സിലൂടെ നമുക്കൊന്ന്​ തുഴയാം. ഒപ്പം റേസിന്​ കാരണക്കാരനായ ബ്രിട്ടീഷ് നാവികൻ റോബിൻ ക്നോസ് ജോൺസ​​​െൻറയും റേസിലെ ഇന്ത്യയുടെ അഭിമാനം അഭിലാഷ്​ ടോമിയുടെയും വിശേഷങ്ങളും.

കടൽക്ഷോഭങ്ങളുടെയും കൊടുങ്കാറ്റുകളുടെയും ഇൗറ്റില്ലങ്ങൾ കടന്നാണ്​ ഇൗ യാത്ര. അക്ഷാംശം പറയേണ്ട നക്ഷത്രങ്ങളും സൂര്യനും ചിലപ്പോൾ മേഘങ്ങളിലൊളിക്കും. തിരിച്ചുപോക്ക്​ എന്ന വാക്കിനുപോലും ഇവിടെ പ്രസക്​തിയില്ല. അവസാന ശ്വാസത്തിലും തിരയോട്​ മല്ലിടുന്നവർ മരണത്തെ മുന്നിൽ കാണു​േമ്പാൾ മാത്രമാണ്​ ഇൗ യാത്രയോട്​ വിടപറയുന്നത്​. ഇതൊരുതരം മത്താണ്​. മടക്കമെന്നത്​ മരണത്തേക്കാൾ വേദനയാണ്​ ഇൗ 'കടൽഭ്രാന്തൻ'മാർക്ക്​. ​​​റേസിൽ പ​െങ്കടുക്കുന്ന മലയാളികളുടെ അഭിമാനതാരം അഭിലാഷ്​ ടോമിന്​ നടുക്കടലിൽ മരണത്തെ മുഖാമുഖം കണ്ട്​ പരിക്കേറ്റ്​ മടങ്ങേണ്ടിവന്നപ്പോഴും യാത്രയിൽനിന്ന്​ പിൻവാങ്ങേണ്ടിവന്നതിലായിരുന്നു കൂടുതൽ സങ്കടം. ആത്മവിശ്വാസത്താൽ യാത്രാപഥങ്ങള്‍ രേഖപ്പെടുത്തി മുന്നേറുന്ന സാഹസികരായ നാവികരുടെ ഭ്രാന്തൻ വിനോദമായ ഗോൾഡൻ ഗ്ലോബ് റേസി​​​െൻറ കഥ തുടങ്ങുന്നത്​ 50 വർഷം മുമ്പാണ്​. ബ്രിട്ടീഷ് നാവികനായ റോബിൻ ക്നോസ് ജോൺസൺ പായ്​ക്കപ്പലിൽ ലോകം ചുറ്റി സഞ്ചരിച്ചതി​​​െൻറ 50ാം വാർഷികത്തിൽ ആ സ്മരണക്കുള്ള ആദരമായാണ്​ ഇൗ വർഷം ഗോൾഡൻ ഗ്ലോബ് റേ​സ്​ സംഘടിപ്പിക്കുന്നത്​.

golden-globe-race photos
ഗോൾഡൻ ഗ്ലോബ്​ റേസിൽ പ​െങ്കടുക്കുന്ന പായ്​ കപ്പൽ

റോബിൻ ജോൺസണും ഗോൾഡൻ ഗ്ലോബ് റേ​സെന്ന ഈ മഹത്തായ ആശയത്തിനും പ്രചോദനമായ മറ്റൊരാളുണ്ട്. ഫ്രാൻസിസ് ചിച്ചേസ്‌റ്റേർ. 1966ൽ അദ്ദേഹം ത​​​െൻറ ചെറിയ ബോട്ടിൽ ഇംഗ്ലണ്ടിൽനിന്ന്​ ലോകം ചുറ്റാനായി യാത്ര തിരിച്ചു. 226 ദിവസത്തെ തുഴച്ചിലിൽ അദ്ദേഹം മറികടന്നത് ലോകത്തെ അഞ്ച്​ വലിയ മുനമ്പുകൾ മാത്രമല്ല, അന്നുവരെയുള്ള നാവിക റെക്കോഡുകൾ കൂടിയായിരുന്നു. ഒരു ചെറിയ ബോട്ടിൽ ചുരുങ്ങിയ സമയംകൊണ്ട് ലോകം കറങ്ങിയ റെക്കോഡ്​ അങ്ങനെ ഫ്രാൻസിസി​​​െൻറ പേരിലായി. 1967 മേയ് 28ന്​ അദ്ദേഹം ലോകം ചുറ്റി മടങ്ങിയെത്തി. ഇംഗ്ലണ്ടി​​​െൻറ പുതിയ നായകനെ എലിസബത്ത് റാണി പ്രഭു പട്ടം നൽകി ആദരിച്ചു.

സാഹസികതയെ താലോലിക്കുന്നവർ മനസ്സിൽ ഇദ്ദേഹത്തി​​​െൻറ പേരും ചേർത്തു​െവച്ചു. അതൊരുതരം ആവേശമായിരുന്നു. ഫ്രാൻസിസി​​​െൻറ ഉദ്യമത്തിന് ഇത്രയധികം ജനശ്രദ്ധ നേടിക്കൊടുത്തതിൽ സൺ‌ഡേ ടൈംസ് എന്ന പത്രത്തിനും വലിയ പങ്കുണ്ട്. ലോക പര്യടനത്തി​​​െൻറ എല്ലാ വാർത്തകളും ആവേശം ഒട്ടുംചോരാതെ എക്​സ്​ക്ലൂസിവ്​ കവറേജുകളായി പത്രം വായനക്കാരിൽ എത്തിച്ചു. ഈ സാഹസിക ഉദ്യമത്തി​​​െൻറ വാർത്താപ്രാധാന്യം മനസ്സിലാക്കിയ പത്രം 1968ൽ ഗോൾഡൻ ഗ്ലോബ്​ റേസെന്ന വലിയ നാവിക സാഹസിക മത്സരത്തിന് തന്നെ വേദിയൊരുക്കി. ചുരുങ്ങിയ സമയംകൊണ്ട് അഞ്ച്​ മുനമ്പുകളും താണ്ടി ലോകം ചുറ്റി വരണമെന്നതായിരുന്നു മത്സരം.

5000 പൗണ്ടും ട്രോഫിയും സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു. സത്യത്തിൽ സമ്മാന തുകയേക്കാൾ ഫ്രാൻസിസ് ചിച്ചേസ്‌റ്റേർ എന്ന നാമം ആവേശമായി മനസ്സിൽ കയറിയ നാവികർ ഇങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ, മത്സര മാനദണ്ഡം പ്രയാസമേറിയതായിരുന്നു. ഇഷ്​ടമുള്ള ഒരിടത്തുനിന്ന് പായ്ക്കപ്പലിൽ യാത്ര തുടങ്ങുക. ഒരു തുറമുഖത്തും അടുക്കാതെ പുറംലോകത്തുനിന്ന് യാതൊരു സഹായവും തേടാതെ ലോകം ചുറ്റി യാത്ര തുടങ്ങിയിടത്ത്​ തന്നെ തിരിച്ചെത്തണം. സാ​േങ്കതികവിദ്യയോ സഹായികളോ കൂട്ടിനില്ല. 1968 ജൂൺ ഒന്ന്​ മുതൽ ജൂലൈ 28 വരെയുള്ള രണ്ട്​ മാസത്തിനിടെ ഒമ്പത്​ സാഹസികരാണ്​ ആ വെല്ലുവിളി ഏറ്റെടുത്തത്​. ഇതിൽ ആറുപേരും ബ്രിട്ടീഷുകാർ. ജോൺ റിജ്​വേ, ചേയ് ബ്ലൈത്ത്, റോബിൻ ക്നോക്സ് ജോൺസൺ, ബിൽ കിങ്​, നിഗൽ ടൈറ്റ്‍ലി, ഡൊണാൾഡ് ക്രൗഹാസ്​റ്റ്​ കൂടാതെ, ഫ്രഞ്ച് നാവികരായ ലൂയി ഫൗജിറോണും, ബെർനാഡ് മൊറ്റേസിയറും ഇറ്റാലിയൻ നാവികൻ അലക്സ് കറാസോയും.

കടലി​​​െൻറ കാഠിന്യത്തിൽ സമർഥരായ പല നാവികരും മത്സരത്തി​​​െൻറ പല ഘട്ടങ്ങളിലായി പിന്മാറി. നിഗൽ ടൈറ്റ്‍ലിയുടെ കപ്പൽ മുങ്ങി, മാനസിക സമ്മർദത്തിനടിമപ്പെട്ട ഡൊണാൾഡ് ക്രൗഹാസ്​റ്റ്​ ജീവനൊടുക്കി. എന്നാൽ, തുടക്കത്തിൽ ആരും ശ്രദ്ധിക്കാതിരുന്ന ഒരു പ്രതീക്ഷയും കൽപിക്കപ്പെടാതിരുന്ന 28കാരനായ റോബിൻ ക്നോസ് ജോൺസ​ൻ, ഫ്രാൻസിസ്​ ചിച്ചേസ്‌റ്റേറി​​​െൻറ യഥാർഥ പിൻഗാമിയായി ചരിത്രത്തിലേക്ക് കടന്നുവന്നു. അതും 9.75 മീറ്റർ മാത്രം നീളമുള്ള, രണ്ടുവശവും പായ്കയറുകൾ കൊണ്ട് കെട്ടിയ തീർത്തും പരമ്പരാഗതമായ ത​​​െൻറ ചെറുപായ്​ക്കപ്പലിൽ വിജയക്കൊടി പാറിച്ച്​. സുഹൈലി എന്ന ഇന്ത്യൻ നിർമിത പായ്ക്കപ്പലിലാണ്​ ഇംഗ്ലണ്ടിലെ ഫാൽമൗത്തിൽ നിന്ന് റോബിൻ യാത്ര തിരിച്ചത്​. 312 ദിവസം കൊണ്ട് ലോകം ചുറ്റിയ റോബിൻ സാഹസികതയുടെയും ധൈര്യത്തി​​​െൻറയും പര്യായമായി വാഴ്ത്തപ്പെട്ടു.

കരൾവീക്കക്കാരൻ കടലിൽ

1968ൽ യാത്ര തുടങ്ങു​േമ്പാൾ റോബിൻ ജോൺസൻ കരൾവീക്ക രോഗിയായിരുന്നു. ആദ്യം വേഗം കുറച്ചായിരുന്നു യാത്ര. സ്വയം ചികിത്സിക്കേണ്ട അവസ്​ഥ. ക്ഷീണവും കൂട്ടായെത്തി. യാത്ര തുടങ്ങി രണ്ട്​ മാസത്തിന്​ ശേഷം റേഡിയോ നഷ്​ടമായി. അക്ഷരാർഥത്തിൽ ഏകാന്തത. പുറത്ത്​ എന്ത്​ നടക്കുന്നു, ആ​െരാക്കെ ജീവനോടെയിരിക്കുന്നു, മരിക്കുന്നു എന്നറിയാതായി. ദിവസങ്ങൾക്ക്​ വർഷങ്ങളുടെ ദൈർഘ്യം. സാഹസിക കടൽ യാത്രയിൽ ചിച്ചേസ്‌റ്റേർ ഒരുകാര്യം യാഥാർഥ്യമാക്കാതെ മാറ്റിവെച്ചിട്ടുണ്ടെന്നും താനതിന്​ ഒരുക്കമായിരുന്നെന്നും മനസ്സിൽ ഉറപ്പിച്ചാണ്​ റോബിൻ യാത്ര​ക്കിറങ്ങിയത്​. റേഡിയോ വഴി പലപ്പോഴും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

യാത്രക്കൊരുങ്ങു​േമ്പാഴും യാത്രയിലുടനീളവും മരണം റോബി​​​െൻറ ചിന്തയിലേ ഉണ്ടായില്ല. ചിന്തിച്ചത്​ നാളെയെ കുറിച്ചും വരും വർഷത്തെക്കുറിച്ചുമാണ്​. ചക്രവാളങ്ങളെ പൊതിയുന്ന തരത്തിൽ 80 അടി ഉയരത്തിൽ വരുന്ന ഭീമൻ തിരമാലകളെ അതിജീവിച്ച കഥകൾ ആരാധകർ പാടിനടക്കു​േമ്പാഴും അതിസാഹസികനായല്ല ജിജ്ഞാസയുള്ളവനായി​ അറിയ​െപ്പടാനാണ്​ റോബിന്​ ഇഷ്​ടം. ലണ്ടനിൽ ജനിച്ച റോബിൻ 17ാം വയസ്സിൽ സ്​കൂൾ പഠനത്തിന്​ നങ്കൂരമിട്ട്​ മർച്ചൻറ്​ നേവിയിൽ ചേർന്നു. നാല്​ വർഷ അപ്രൻറിസ്​ഷിപ്​ ഒരുപാട്​ യാത്രകൾ സമ്മാനിച്ചു. കപ്പൽ മുങ്ങുകയാണെങ്കിൽകൂടി അടുത്ത തീരത്തേക്ക്​ നീന്തിക്കയറാൻ മാത്രം മനസ്സും ശരീരവും യോഗ്യമായി.

​മുംബൈ കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം. മുംബൈ യാറ്റ്​ ക്ലബുമായി ബന്ധ​പ്പെട്ടും പ്രവർത്തിച്ചു. അവിടെനിന്ന്​​ സ്വന്തമായി നിർമിച്ച നൗകയായ സു​ൈഹലിയിൽ​ സഹോദരനും സുഹൃത്തിനുമൊപ്പം റോബിൻ വീട്ടിലേക്ക്​ തിരിക്കുകയുണ്ടായി​.1965ൽ മുംബൈയിൽനിന്നും ഇംഗ്ലണ്ടിലേക്ക്​ അദ്ദേഹം ത​​​െൻറ പായ്​ക്കപ്പൽ സുഹൈലിയിൽ സാഹസികയാത്ര തിരിച്ചു. പണമില്ലാത്തതിനാൽ സൗത്ത്​ ആഫ്രിക്കയിൽ ഇറങ്ങി ജോലി ചെയ്​താണ്​ ലക്ഷ്യം പൂർത്തിയാക്കിയത്​. 1967ൽ ആ യാത്ര പൂർത്തിയായി. ഗോൾഡൻ ഗ്ലോബ്​ ​റേസിൽ പ​െങ്കടുക്കാൻ പണമൊരുക്കാനും റോബിൻ ഏറെ കഷ്​ടപ്പെട്ടു. യാത്രക്കായി സ്​പോൺസർമാരെ തിരഞ്ഞെങ്കിലും ലഭിച്ചില്ല. അവസാനം ആ​െകയുള്ള സമ്പാദ്യവും സുഹൃത്തുക്കളുടെ സഹായവും കൊണ്ടാണ്​ റേസിൽ പ​​​െങ്കടുത്തത്​.

robin-at-Suhaili
1967ലെ യാത്രക്കിടെ റോബിൻ ക്നോസ് ജോൺസ​ൻ 'സുഹൈലി' പായ്ക്കപ്പലിൽ


റോബി​​​െൻറ ഭാഷയിൽ വെല്ലുവിളികളുടെ പിന്തുടരലാണ്​ ഗോൾഡൻ റേസ്​. യാത്രയിൽ വേണമെന്ന്​ തോന്നു​േമ്പാഴൊക്കെ​ കടൽ റോബിനെ ഉറക്കി. തിരയും കാറ്റും ശാന്തമാക്കിത്തന്നെ. അങ്ങനെ വിശ്വസിക്കാനാണ്​ അയാൾക്കിഷ്​ടം. ചില അന്ധവിശ്വാസങ്ങളും റോബിന്​ കൂട്ടായുണ്ട്​. യാത്രയിൽ വരുന്ന 13ാം തീയതി വെള്ളിയാഴ്​ചയാണെങ്കിൽ അന്ന്​ യാത്ര ചെയ്യില്ല. എന്നാൽ, നിരവധി കപ്പലുകൾ അപ്രത്യക്ഷമായ നിഗൂഢതകൾ നിറഞ്ഞ നാവികരുടെ പേടിസ്വപ്​നമായ ബർമുഡ ട്രയാങ്കിളിൽ അദ്ദേഹം വിശ്വസിക്കുന്നില്ല. ചിച്ചേസ്‌റ്റേർ ലോകം ചുറ്റി സഞ്ചരിക്കാൻ ഇറങ്ങു​േമ്പാൾ ​സൗത്ത്​ ഇൗസ്​റ്റ്​ തീരത്ത്​ കപ്പലിൽ ക്യാപ്​റ്റനായിരുന്നു റോബിൻ. അന്നാണ്​ നിർത്താതെ ലോകം കറങ്ങാനുള്ള മോഹം മനസ്സിൽ കയറുന്നത്​. പത്രം യാത്ര പ്ലാൻ ചെയ്യു​േമ്പാൾ നാല്​ പേരാണ്​ ഉണ്ടായത്​. പിന്നെ ആളുകളുടെ എണ്ണം കൂടി. 1988 ഒക്​ടോബറിൽ റേ​സ്​ തുടങ്ങാനാണ്​ സംഘാടകർ തീരുമാനിച്ചിരുന്നത്​. എന്നാൽ, റോബിനിലെ സാഹസികന്​ അത്രയുംകാലം കാത്തുനിൽക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. അദ്ദേഹത്തി​​​െൻറ നിർ​േദശപ്രകാരം ജൂൺ ഒന്നിനും ഒക്​ടോബർ 31നും ഇടയിൽ നാവികർക്ക്​ പുറപ്പെടാം എന്നായി സംഘാടകർ. അങ്ങനെ ജൂൺ 14ന്​ അദ്ദേഹം കടലിനെ ആലിംഗനം ചെയ്യാനിറങ്ങി. താൻ രൂപകൽപന ചെയ്​ത ബോട്ടിൽ 2006ൽ 67ാം വയസ്സിലും ഒറ്റക്ക്​ കടലിൽ ലോകം ചുറ്റി റോബിൻ റെക്കോഡിട്ടു. 1968ലെ റേ​സിന്​ ശേഷം പേരും പ്രശസ്​തിയും സമ്പത്തും നേടിയെങ്കിലും അദ്ദേഹം മർച്ചൻറ്​ നേവിയിലേക്ക്​ തന്നെ മടങ്ങി യാത്രകൾക്ക്​ കോപ്പുകൂട്ടി.

മാറാത്ത നിയമങ്ങളും സാ​േങ്കതികവിദ്യയും

ദിശ കണ്ടുപിടിക്കാൻ വടക്കുനോക്കിയന്ത്രവും നക്ഷത്രങ്ങളും മാത്രം കൂട്ട്. വഴി​കാട്ടികളായ സൂര്യനും ചന്ദ്രനും പലപ്പോഴും നിരാശയുടെ കാർമേഘങ്ങളിലൊളിക്കും. ഏകാന്തതയെയും തിരമാലകളെയും അതിജീവിച്ച് കാറ്റി​​​െൻറ ഗതിക്കൊത്ത് സഞ്ചരിക്കുന്ന ഒരു ചെറുപായ് വഞ്ചിയിൽ ലോകം ചുറ്റി വരണം. ഗോള്‍ഡന്‍ ഗ്ലോബ് റേസ് ഒരു 'റിട്രോ റേസ്' (Retro Race) ആണ്. അതായത് 1968ല്‍ ഉണ്ടായിരുന്ന അതേ സാഹചര്യങ്ങളും സാങ്കേതികവിദ്യയും മാത്രമേ 2018ലെ റേസിലും ഉപയോഗിക്കാവൂ. ബോട്ടുകളുടെ നിർമാണത്തില്‍പ്പോലും ഈ നിയന്ത്രണം പാലിക്കണം. ശാസ്​ത്രം വളർന്നതൊന്നും റേ​സി​​​െൻറ സംഘാടകർക്ക്​ വിഷയമല്ല. കടൽവെള്ളം കുടിക്കാനായി ശുദ്ധീകരിക്കുന്ന വാട്ടർമേക്കർ പോലും അനുവദിക്കില്ല.

ആധുനിക സാങ്കേതികവിദ്യകളായ ജി.പി.എസ്, ഉപഗ്രഹ കമ്യൂണിക്കേഷന്‍, ദിശയറിയാനുള്ള മറ്റു സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയൊന്നും ഉപയോഗിക്കരുത്.1968ലെ യാത്രയുടെ ക്ലാസിക്കൽ അനുഭവം അതേപടി നിലനിർത്താനാണിത്​. ​ബോട്ടി​നെ പിന്തുടരാനായി സാറ്റലൈറ്റ്​ ട്രാക്കിങ്​ സിസ്​റ്റം ഘടിപ്പിച്ചിട്ടുണ്ടെങ്കിലും നാവികർക്ക്​ കാണാനും ഉപയോഗിക്കാനുമാകില്ല. ആശയവിനിമയത്തിനായി ഷോർട്ട്​ ടെക്​സ്​റ്റ്​ പേജിങ്​ യൂനിറ്റ്​ നൽകിയിട്ടുണ്ട്​. ഇതിൽനിന്ന്​ റേസ്​ ഹെഡ്​ ക്വാർ​േട്ടഴ്​സിലേക്ക്​ 100 കാരക്​ടറിൽ കവിയാതെ അത്യാവശ്യഘട്ടങ്ങളിൽ സ​ന്ദേശമയക്കാം.

ഗോള്‍ഡന്‍ ഗ്ലോബ് റേസ്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാനുള്ള സാറ്റലൈറ്റ് ടെലിഫോണ്‍ സംവിധാനവും അത്യാവശ്യഘട്ടത്തിൽ മാത്രം ഉപയോഗിക്കാം. ഇതിലൂടെയാണ്​ നാവികർ സുരക്ഷിതരാണോയെന്ന്​ ആഴ്​ചയിലൊരിക്കൽ വിലയിരുത്തുന്നത്​. ലോകത്ത് എവിടെനിന്നും പൊസഷനിങ് സന്ദേശം അയക്കാന്‍ ശേഷിയുള്ള സംവിധാനവും അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാം. സീൽ ചെയ്​ത നിലയിൽ ജി.പി.എസ്​ ബോക്​സും ബോട്ടിലുണ്ട്​. എന്നാൽ, അപകടം പറ്റിയാൽ മാത്രമേ ഇതും ഉപയോഗിക്കാനാവൂ. സാറ്റലൈറ്റ്​ ഫോണും ഇതോടൊപ്പമുണ്ട്​. സീൽ പൊട്ടിക്കുകയാണെങ്കിൽ ​റേസിൽനിന്ന്​ പുറത്താകുമെന്ന്​ മാത്രം. എങ്കിലും യാത്ര തുടരാം.

റോബി​​​െൻറ ശിഷ്യൻ

റോബിൻ ക്നോസ് ജോൺസ​​​െൻറ നിർദേശങ്ങളും പൊടിക്കൈകളും പിന്തുടർന്നാണ്​ ഇന്ത്യൻ നാവികസേനയിലെ കമാൻഡർ അഭിലാഷ് ടോമി ഈ അതിസാഹസിക യാത്രയുടെ ഭാഗമാകുന്നത്​. പായ്‌വഞ്ചിയിൽ ഒറ്റക്ക്​ ലോകംചുറ്റി നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമായ ഇദ്ദേഹം ഇൗ മേഖലയിലെ പരിചയം മുൻനിർത്തി റേസി​​​െൻറ ഭാഗമാവുകയായിരുന്നു. റോബിൻ യാത്ര ചെയ്‍തിരുന്ന സുഹൈലി എന്ന പായ്‍വഞ്ചിയുടെ മാതൃകയായ തുരിയ പായ്‍വഞ്ചിയിലായിരുന്നു അഭിലാഷി​​​െൻറ യാത്ര. പായ്​വഞ്ചി തയാറാക്കാൻ നിർദേശം നൽകിയതും അദ്ദേഹമായിരുന്നു. കനത്ത തിരയിലും തകരാതെ നിൽക്കുന്ന 'തുരിയ' നിർമിച്ചത്​ നാവികസേനയിൽ അഭിലാഷി​​​െൻറ മാർഗനിർദേശകനായ കമാൻഡർ ദിലീപ് ദോണ്ഡെയുടെ നേതൃത്വത്തിൽ ഗോവയിലെ അക്വാറിസ് ഷിപ്​യാർഡിലാണ്. മത്സരത്തി​​​െൻറ 80 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനത്തായിരിക്കു​േമ്പാഴാണ്​ സെപ്​റ്റംബര്‍ 21ന്​ അപകടം വില്ലനായെത്തിയത്​.

ഇന്ത്യന്‍ മഹാസമുദ്രത്തിന് നടുവിലാണ്​ അതിശക്തമായ ചുഴലിക്കാറ്റില്‍പെടുന്നത്. പായ്​മരം ഒടിഞ്ഞ്​ മുതുകില്‍ വീണതോടെ എഴുന്നേൽക്കാൻ കഴിയാതായി. 14 മീറ്ററോളം ഉയർന്ന തിരമാലകൾ യാത്രമുടക്കിനിന്നു. 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിച്ചതോടെ പായ്‌വഞ്ചി കീഴ്‌മേല്‍ മറിഞ്ഞു. വെള്ളത്തിലേക്ക്​ വീഴാതിരിക്കാന്‍ പായ്മരത്തില്‍ കെട്ടിപ്പിടിച്ച് കിടന്നു. ഇതിനിടെ ​ൈകയിലെ വാച്ച് കയറിൽ കുടുങ്ങിയതോടെ ഒറ്റക്കയ്യില്‍ തൂങ്ങിയാടി കിടക്കേണ്ട അവസ്​ഥയായി. മരണത്തെ മുന്നിൽ കാണു​േമ്പാഴും യാത്രമുടങ്ങുമെന്ന നിരാശയായിരുന്നു നിറയെ. നാല് കടല്‍ക്ഷോഭങ്ങളാണ് 70 മണിക്കൂറിനിടെ അഭിലാഷ് ടോമി നേരിട്ടത്​. 53,000 നോട്ടിക്കല്‍ മൈലുകള്‍ കടലിൽ താണ്ടിയ അനുഭവസമ്പത്തുകൊണ്ട്​ മാത്രമാണ്​ ഇന്നും ജീവനോ​െടയിരിക്കുന്നത്​.

കാറ്റിനനുസരിച്ച് പലപ്പോഴും ബോട്ട് കടലില്‍ 90 ഡിഗ്രി കുത്തനെ നിന്നു. അതേ വേഗത്തില്‍ താഴേക്കും വന്നു. പായ്​വഞ്ചിയിലെ അത്യാവശ്യ വസ്​തുക്കളെല്ലാം താഴെവീണ്​ അല​േങ്കാലമായി. ഒടുവിൽ​ തറയിലൂടെ ഇഴഞ്ഞുപോയി റേസ്​ അധികൃതര്‍ക്ക് അപകട സന്ദേശമയച്ചു. ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കിയ ഇന്ത്യന്‍ നാവികസേനയുടെ വിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്. അപകടത്തി​​​െൻറ നാലാംനാള്‍ ഫ്രഞ്ച് കപ്പലായ 'ഒസിരിസ്' ആണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. എഴുന്നേല്‍ക്കാന്‍പോലും വയ്യാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. കന്യാകുമാരിയില്‍നിന്ന് 5000 കിലോമീറ്റർ ദൂരെ തെക്കാണ് അഭിലാഷ്​ അപകടത്തിൽപെട്ടത്​. ലോകത്തിലെ ഏറ്റവും വിദൂരമായ വിജനപ്രദേശമായാണ്​ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ഭാഗം അറിയപ്പെടുന്നത്​. ''തൊട്ടുമുന്നില്‍ നരകമെത്തിയപോലെ കടല്‍ ആര്‍ത്തലക്കുകയായിരുന്നു. അത്രക്ക് പ്രക്ഷുബ്​ധമായ കടല്‍ അന്നുവരെ കണ്ടിട്ടില്ല'' എന്നായിരുന്നു അഭിലാഷ് ദുരന്തത്തെക്കുറിച്ച്​ പറഞ്ഞത്​.

നിലവിൽ 18 പേരിൽ ഒമ്പതുപേരും യാത്രയിൽനിന്ന്​ പുറത്തായി. അപാരസാധ്യതയായാണ്​ റോബിൻ ഗോൾഡൻ ഗ്ലോബ്​ റേസിനെക്കുറിച്ച്​ പറഞ്ഞത്​. ഇതൊരു സ്വപ്​നമായി നിലനിർത്താതെ അത്​ നേടിയെടുക്കാനാണ്​ റോബിൻ ത​​​െൻറ പിൻമുറക്കാരോട്​ ആവശ്യപ്പെട്ടത്​.
ഭ്രാന്തൻ സ്വപ്​നങ്ങളുമായി ഫ്രാൻസിസ് ചിച്ചേസ്‌റ്റേറെയും റോബിൻ ജോൺസനെയും മാതൃകയാക്കി അവശേഷിക്കുന്നവർ യാത്ര തുടരുകയാണ്​. അതെ, ഇതൊരു അസാധാരണ സ്വപ്​നമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGolden Globe RaceAbhilash TomyGolden Globe Race 2018travel
Next Story