മണ്ണാർമലയിലെ കുന്നിൻപ്രദേശങ്ങൾ അപകടമേഖല; സുരക്ഷയില്ലാതെ സഞ്ചാരികൾ മല കയറുന്നു
text_fieldsവെട്ടത്തൂർ (മലപ്പുറം): ഗ്രാമപഞ്ചായത്തിലെ മണ്ണാർമല കുന്നിൻപ്രദേശങ്ങൾ അപകടമേഖലയായിട്ടും സുരക്ഷ സൗകര്യമില്ലാത്തയിടങ്ങളിൽ വിനോദസഞ്ചാരികൾ കയറുന്നത് അപകടം വിളിച്ചുവരുത്തുന്നു. കഴിഞ്ഞ ദിവസം 100 അടി താഴ്ചയിലേക്ക് പാറക്കെട്ടിൽ വീണ് യുവാവ് മരിച്ചിരുന്നു.
ജനവാസകേന്ദ്രത്തിൽനിന്ന് നാലു കിലോമീറ്റർ അകലെ ഉൾക്കാട്ടിൽ അപകടം നടന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിക്കാത്ത മണ്ണാർമലയുടെ സൗന്ദര്യമാസ്വദിക്കാൻ ലോക്ഡൗൺ കാലയളവായ നാല് മാസങ്ങളിലായി നിരവധി പേരാണെത്തിയത്. മലകളിൽനിന്ന് ഒഴുകിയെത്തുന്ന ചെറുവെള്ളച്ചാട്ടങ്ങളും പച്ചപുതച്ച കുന്നിൻചെരിവുകളും മഴക്കാലമായാൽ കോടമഞ്ഞും തണുപ്പും ആകാശക്കാഴ്ചകളുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
വിനോദസഞ്ചാരകേന്ദ്രമായ അമ്മിനിക്കാട് കൊടികുത്തിമലയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മണ്ണാർമലയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽമീഡിയ വഴി പ്രചരിച്ചതോടെയാണ് സമീപ പഞ്ചായത്തുകളിൽനിന്നും പുറത്തുനിന്നുമായി ആളുകളെത്തിതുടങ്ങിയത്.
ലോക്ഡൗൺ കാലത്ത് ദൂരസ്ഥലങ്ങളിലേക്ക് യാത്ര നിരോധിച്ചതും തൊട്ടടുത്തുള്ള നാടിെൻറ കാഴ്ച കാണാൻ ആളുകളെത്താൻ കാരണമായി. അപകടം നിറഞ്ഞ കുന്നിൻമുകളിൽ രാത്രി ടെൻറ് കെട്ടി താമസിച്ച് തൊട്ടടുത്ത ദിവസമാണ് ചില സംഘങ്ങൾ മലയിറങ്ങുന്നത്. ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുന്നതും പതിവാണ്.
തെക്കൻമല, തിണ്ടില്യംകുന്ന്, മുത്തിപ്പുറം, ചാരമ്പറ്റ കുന്ന്, പാമ്പുള്ളംപാറ തുടങ്ങി ഒേട്ടറെ സ്ഥലങ്ങളാണ് ആളുകളെ ആകർഷിക്കുന്നത്. മഴക്കാലമായാൽ ഇവിടങ്ങൾ കൂടുതൽ അപകടമേഖലയാകും. പാറകളിലെ വഴുക്കലും മലകളിലെ ചതുപ്പുനിലങ്ങളുമാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.
താഴ്ഭാഗങ്ങളിൽ കാഴ്ചകൾ കാണാനുണ്ടായിട്ടും മലയുടെ മുകളറ്റംവരെ സഞ്ചാരികൾ എത്തുന്നതാണ് വിനയാകുന്നത്. പുതുപറമ്പ് കോളനിക്ക് മുകളിലെ വെള്ളച്ചാട്ടത്തിൽ ആളുകൾ കൂടുതലായി എത്തിയതോടെ പരിസരവാസികൾ പൊലീസിൽ പരാതി പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ മേലാറ്റൂർ പൊലീസെത്തി ഇവിടേക്ക് പ്രവേശവിലക്ക് ഏർപ്പെടുത്തിയിരുന്നു.
നിയാസിന് നാടിെൻറ കണ്ണീരണിഞ്ഞ യാത്രാമൊഴി
മണ്ണാർമലയിൽ പാറക്കെട്ടിൽനിന്ന് താഴ്ചയിലേക്ക് വീണ് മരിച്ച മുഹമ്മദ് നിയാസിന് നാടിെൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇൗസ്റ്റ് മണ്ണാർമലയിെല കുറുപ്പത്ത് ഉമ്മറിെൻറ മകൻ മുഹമ്മദ് നിയാസ് ശനിയാഴ്ച വൈകീട്ടാണ് മരിച്ചത്. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽനിന്ന് ഇന്നലെ രാത്രിതന്നെ മേഞ്ചരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
അരമണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന് വെച്ചു. രാത്രി ഏഴ് മണിയോടെ മണ്ണാർമല പച്ചീരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കോവിഡ് ജാഗ്രതാനിർദേശങ്ങൾ പാലിച്ചായിരുന്നു അന്ത്യകർമങ്ങൾ നടന്നത്. ജനവാസകേന്ദ്രത്തിൽനിന്ന് നാല് കിലോമീറ്ററോളം ഉൾക്കാട്ടിൽ ചേരി കൂമ്പൻമലയിൽ മഴക്കുണ്ട് പ്രദേശത്താണ് നിയാസ് മരിക്കാനിടയായ അപകടം നടന്നത്.
ശനിയാഴ്ച മുഹമ്മദ് നിയാസുൾപ്പെടെ കൂട്ടുകാർ മലകാണാൻ പോയതായിരുന്നു. പട്ടിക്കാട് ചുങ്കത്തുള്ള പെയിൻറ് ഷോപ് ജീവനക്കാരനായ നിയാസ് ഗൾഫിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. കോവിഡ് കാരണം യാത്ര നീട്ടിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.