ലണ്ടനിൽനിന്ന് കൽക്കട്ടയിലേക്ക് ബസ് സർവിസ്; ആരും കൊതിച്ചുപോകുന്ന യാത്ര
text_fieldsകഴിഞ്ഞദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ചിത്രങ്ങളായിരുന്നു 1970 കാലഘട്ടത്തിൽ ലണ്ടനിൽനിന്ന് കൽക്കട്ടയിലേക്കും സിഡ്നിയിലേക്കും സർവിസ് നടത്തിയ ആൽബർട്ട് ബസിേൻറത്. ഇപ്പോൾ ഇങ്ങനെയൊരു സർവിസ് ഉണ്ടായിരുന്നുവെങ്കിൽ എന്നായിരുന്നു പലരും ചിത്രങ്ങൾക്ക് താഴെ കമൻറിട്ടത്. അതെ, ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്നതായിരുന്നു ആ ബസ് യാത്രയുടെ റൂട്ട്.
സിഡ്നിയിൽനിന്ന് 1968 ഒക്ടോബർ എട്ടിന് ആദ്യ സർവിസ് തുടങ്ങിയ ബസ് 132 ദിവസങ്ങൾക്കുശേഷം 1969 ഫെബ്രുവരി 17നാണ് ലണ്ടനിൽ എത്തിച്ചേർന്നത്. ആൽബർട്ട് ടൂർസ് എന്ന കമ്പനിയാണ് ഡബിൾ ട്രക്കർ ബസ് ഉപയോഗിച്ച് സർവിസ് നടത്തിയിരുന്നത്. ലണ്ടനും കൽക്കട്ടക്കും ഇടയിൽ 15 സർവിസുകളും ആസ്ട്രേലിയയിലെ സിഡ്നിയിലേക്ക് നാല് സർവിസുകളും നടത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ലണ്ടനിലെ വിക്ടോറിയ കോച്ച് സ്റ്റേഷനിൽനിന്ന് ആളുകൾ കൽക്കട്ടയിലേക്ക് ബസ് കയറുന്നതിെൻറ ചിത്രങ്ങളും കാണാം.
1972-1973 വർഷത്തെ ലണ്ടൻ-കൽക്കട്ട സർവിസിെൻറ റൂട്ടും സേവനസൗകര്യങ്ങളും അടങ്ങിയ ഉൾക്കൊള്ളിച്ചുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. 1972 ജൂലൈ 25ന് ലണ്ടനിൽനിന്ന് പുറപ്പെട്ട ബസ് 49 ദിവസങ്ങൾ കൊണ്ട് സെപ്റ്റംബർ 11നാണ് കൽക്കട്ടയിൽ എത്തുന്നത്. ബെൽജിയം, പശ്ചിമ ജർമനി, ആസ്ട്രിയ, യൂഗോേസ്ലാവിയ, ബൾഗേറിയ, തുർക്കി, ഇറാൻ അഫ്ഗാനിസ്ഥാൻ, പാക്കിസ്താൻ വഴിയാണ് ഇന്ത്യയിലെത്തിയത്.
വായന മുറി, ഭക്ഷണസ്ഥലം, സ്ഥലങ്ങൾ കാണാനുള്ള ലോഞ്ചുകൾ, ഓരോരുത്തർക്കും കിടക്കാനുള്ള ഇടങ്ങൾ, റേഡിയോയും സംഗീതവും, ഫാൻ, കർട്ടണുകൾ തുടങ്ങിയ 'ആഡംബര സൗകര്യങ്ങളും ഈ വാഹനത്തിലുണ്ടായിരുന്നു. ന്യൂഡൽഹി, തെഹ്റാൻ, സാൾസ്ബർഗ്, കാബൂൾ, ഇസ്താംബൂൾ, വിയന്ന എന്നിവിടങ്ങളിൽ ഷോപ്പിങ്ങിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
145 പൗണ്ട്സ് (13,644 രൂപ) ആണ് കൽക്കട്ട വരെയുള്ള ഈ യാത്രയുടെ ചെലവ്. ഇന്ത്യയിൽ ഡൽഹി, ആഗ്ര, ബനാറസ്, കൊൽക്കത്ത എന്നിവിടങ്ങളിൽ ബസിന് സ്റ്റോപ്പ് ഉണ്ടായിരുന്നു.
കൽക്കട്ടയിൽനിന്ന് ബർമ, തായ്ലാൻഡ്, മലേഷ്യ, വഴി സിംഗപ്പൂരിലെത്തുന്ന ബസ് അവിടെനിന്ന് പെർത്തിലേക്ക് കപ്പൽ കയറും. പെർത്തിൽനിന്ന് റോഡ് മാർഗമാണ് സിഡ്നിയിലേക്കുള്ള യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.