പൂക്കള്‍ പൊഴിച്ച് ഗുല്‍മോഹര്‍; ചുവപ്പണിഞ്ഞ് മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്
text_fieldsമേലാറ്റൂര്‍ (മലപ്പുറം): ലോക്ഡൗണ്‍ കാലത്ത് ആളനക്കമില്ലാതായ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനെ ചുവപ്പണിയിച്ച് ഗുല്‍മോഹര്‍. പ്ലാറ്റ്ഫോമിലും റെയില്‍പാതയിലും നിറയെ പൂവിതളുകള്‍ വീണുകിടക്കുന്നത് നയന മനോഹരമായ കാഴ്ചയാണ്.
ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ റെയിൽവേ സ്റ്റേഷനില്‍നിന്ന് മേലാറ്റൂര്‍ പുത്തംകുളം സ്വദേശി ഒ.എം.എസ്. സയ്യിദ് ആഷിഫാണ് മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് അദ്ദേഹം ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ടു. ഇന്‍സ്റ്റഗ്രാം, നാട്ടിലെ വാട്സ്ആപ് ഗ്രൂപ്പിലും ഷെയര്‍ ചെയ്തു. ഇതോടെ ചിത്രങ്ങള്‍ വൈറലായി.

മലപ്പുറം ജില്ല കലക്ടർ തെൻറ ഒൗദ്യോഗിക ഫേസ്ബുക് പേജിലും നിരവധി പേര്‍ ചിത്രം സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചതോടെ സയ്യിദ് ആഷിഫിന് അഭിനന്ദനപ്രവാഹമാണ്. അതേസമയം, ചിത്രങ്ങള്‍ പകര്‍ത്തിയെന്ന വ്യാജേന മറ്റു പലരുടെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നും ജില്ല കലക്ടറടക്കമുള്ളവര്‍ പങ്കുവെച്ച ചിത്രങ്ങള്‍ താന്‍ പകര്‍ത്തിയതാണെന്നും സയ്യിദ് ആഷിഫ് പറഞ്ഞു.

ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് സ്റ്റേഷൻ കാണാനെത്തുന്നത്. ഇതോടൊപ്പം ചിരിപടർത്തുന്ന നിരവധി ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ലോക്ഡൗണായതോടെ ഈ റെയിൽ പാതയിൽ ട്രെയിൻ ഗതാഗതം നിലച്ചിട്ട് മാസങ്ങാളയി. തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സപ്രസും ഷൊർണൂർ-നിലമ്പൂർ പാസഞ്ചറുകളുമാണ് ഈ റൂട്ടിൽ സർവിസ് നടത്താറുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ റെയിൽപാത നിർമിച്ചത്.
പുഴകളും മലകളും വനങ്ങളും നിറഞ്ഞ ഈ പാത കേരളത്തിലെ മനോഹരമായ റെയിൽവേ റൂട്ടുകളിലൊന്നാണ്. ഈ പാതയിലെ പ്രകൃതി സൗന്ദര്യം നുകരാൻ മാത്രമായിട്ട് നിരവധി പേർ ട്രെയിനിൽ സഞ്ചാരിക്കാറുണ്ട്. കമൽ സംവിധാനം ചെയ്ത കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് സിനിമയുടെ ചിത്രീകരണവും ഈ പാതയിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.