സാന്താക്ലോസ് പോലും തല്ലിപ്പോകും കേരളത്തിൻെറ ഈ ഗതി കണ്ടാൽ...
text_fieldsസങ്കടങ്ങളോർത്ത് കളിചിരി മറന്നിരിക്കുന്ന നേരത്ത് കളിചിരിയും സമ്മാനങ്ങളുമായി സാന്താക്ലോസ് കടന്നുവരുമെന്നൊരു പ്രതീക്ഷയുണ്ട്. അന്തംവിട്ട അഭ്യാസങ്ങൾക്കിടയിലേക്കാണ് ചിരിയുടെ നിമിഷങ്ങളുമായി സർക്കസ് കൂടാരത്തിൽ ഒരു ജോക്കർ പ്രത്യക്ഷപ്പെടുന്നത്. ആശ്വാസത്തിൻെറയും സന്തോഷത്തിൻെറയും സമാധാനത്തിൻെറയും പ്രതീകങ്ങളായ സാന്തയും ജോക്കറും പോലും വടിയെടുത്ത് തല്ലിപ്പോകുന്ന അവസ്ഥയാണിപ്പോൾ കേരളത്തിൽ പോലും...
വർത്തമാന കാല കേരളത്തെ ഫോട്ടോ ആൽബത്തിലൂടെ അവതരിപ്പിക്കുകയാണ് ഗോകുൽ ദാസ് എന്ന യുവ ഫോട്ടോഗ്രാഫർ. പല ചിത്രങ്ങളും കേരളത്തിൽ സമീപകാലത്ത് നടന്ന സംഭവ വിവകാസങ്ങളുടെ നേരിട്ടുള്ള പ്രതീകങ്ങളാണ്. കേരളം കാണാനിറങ്ങുന്ന സാന്താ ക്ലോസും ജോക്കറും സമീപകാല സംഭവങ്ങളോട് പ്രതികരിക്കുന്നതാണ് ആലബത്തിൻെറ പ്രമേയം.
വയനാട്ടിൽ പാമ്പുകടിയേറ്റ, അധ്യാപകരുടെ അശ്രദ്ധയിൽ മരണത്തിന് കീഴടങ്ങിയ ഷെഹ്ലയെന്ന കുട്ടിയുടെ മൃതദേഹം കിടത്തിയിരിക്കുന്നത് ഒരു ക്ലാസ്മുറിയിലെ ഡെസ്കിലാണ്. അവളൂടെ കാലിൽ പാമ്പ് കൊത്തിയ രണ്ട് പാടുകളുണ്ട്. കരഞ്ഞുകലങ്ങിയിരിക്കുന്ന സഹപാഠികൾക്കൊപ്പം അതേ ക്ലാസിൽ സാന്തയും ജോക്കറുമുണ്ട്...
ആ വേദന സഹിക്കാതെ സാന്തയും ജോക്കറും ചേർന്ന് ചൂരൽകൊണ്ട് അധ്യാപകനെ പ്രഹരിക്കുന്നതാണ് ആ ചിത്രത്തിലെ ഇതിവൃത്തം.
വാളയാറിൽ ക്രുരമായ കൂട്ട ബലാൽസംഗത്തിനിരയായി ആത്മഹത്യ ചെയ്ത രണ്ട് പെൺകുട്ടികളുടെ വിഷയം തീവ്രമായ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്നു. മരത്തിൽ നിന്ന് തൂങ്ങിക്കിടക്കുന്ന രണ്ട് തൂക്കു കയറുകൾ. ഒന്ന് ചെറുതും മറ്റൊന്ന് വലുതും.. ഒന്ന് ജ്യേഷ്ഠത്തിയുടെയും മറ്റേത് അനിയത്തിയുടെയും...
അതേ കൊമ്പിൽ പ്രതികളെ കെട്ടിത്തൂക്കുകയാണ് സാന്തയും ജോക്കറും...
ബസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുന്നവർക്ക് കാര്യമായ താക്കീത് നൽകുന്നുണ്ട് സാന്തയും ജോക്കറും. സ്കൂട്ടറിൽ സഞ്ചരിക്കവെ അവരെ വീഴ്ത്തിയ കുഴിയിൽ കല്ലും മണ്ണും നിറച്ച് ഗട്ടറടയ്ക്കുന്നുണ്ട്. റോഡിലൂടെ സഞ്ചരിക്കാൻ സ്വകാര്യ കമ്പനികൾക്ക് വൻതുക ടോൾ നൽകേണ്ടിവരുന്ന അന്യായത്തോട് ഇവർ പ്രതികരിക്കുന്നുണ്ട്.
മയക്കുമരുന്നിന് കുരുന്നുകളെയും അടിമകളാക്കുന്നവരെ ഓടിച്ചിട്ട് തല്ലുന്നുണ്ട്.. വിശ്വാസത്തിൻെറ പേരിൽ ആഭാസത്തരം കാണിക്കുന്നവരോട് പുറംതിരിഞ്ഞ് നിൽക്കാതെ അവർ കലഹിക്കുന്നു.
നിയമം സ്വയം കൈയിലെടുക്കുക മാത്രമല്ല, നിയമം പാലിക്കാൻ പ്രചാരണം നടത്തുന്നുമുണ്ട് ഇരുവർ. പിൻസീറ്റ് യാത്രികനും നിർബന്ധമാക്കിയ ഹെൽമറ്റ് നിയമത്തെ സ്വീകരിക്കുകയും സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുമാണവർ. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് യാത്രക്കാരെ അവർ വിളിച്ചു കയറ്റുന്നു..
തൃശൂർ ജില്ലയിലെ പെരുമ്പിലാവ് സ്വദേശിയാണ് ബി.ടെക് ബിരുദധാരിയായ ഗോകുൽ ദാസ്. കഴിഞ്ഞ ഏഴ് വർഷമായി ഫോട്ടോഗ്രാഫിക്ക് പിന്നാലെ കൂടിയത്. വൈൽഡ് ലൈഫ് - ഫാഷൻ ഫോട്ടോഗ്രാഫറായ മനൂപ് ചന്ദ്രനാണ് ഗോകുലിൻെറ വഴികാട്ടി.
17 സംസ്ഥാനങ്ങളിലൂടെ പതിനായിരം കിലോ മീറ്റർ പിന്നിട്ട് 45 ദിവസത്തെ ബൈക്ക് യാത്ര കഴിഞ്ഞ് എത്തിയതേയുള്ളു.
ടോഡ് ഫിലിപ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘ജോക്കറിൽ’ ജാക്വിൻ ഫിനിക്സ് കൈകാര്യം ചെയ്ത അതേ വേഷത്തിലാണ് ഈ ആൽബത്തിൽ ജോക്കർ പ്രത്യക്ഷപ്പെടുന്നത്. സിബിൻ സി.വിയാണ് ജോക്കറായി വേഷമിട്ടിരിക്കുന്നത്. സാന്താക്ലോസായി അജീഷ് ,വിനായകൻ, സുഹൈൽ, അനീഷ് എന്നിവരും വേഷപ്പകർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.