കൈലാസവും കാശിയും കടന്ന് ശരത് കൃഷ്ണയുടെയും അമ്മയുടെയും യാത്ര
text_fieldsതൃശൂർ: ''അമ്മയുടെ സന്തോഷത്തിനു മുകളില്‍ എനിക്കിനിയൊരു സ്വർഗമില്ല''- അമ്മയുമൊത്ത് ബൈക്ക് യാത്ര നടത്തിയത് ചോദിച്ചപ്പോൾ ചിരിയോടെ ശരത്ത് നൽകിയ മറുപടിയാണിത്. തൃശൂര്‍ സ്വദേശി ശരത്ത് കൃഷ്ണയും മാതാവ് ഗീതയും ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമാണ്. സുഹൃത്തുക്കളുമൊത്ത് യാത്ര പോകുന്നതിന് പകരം അമ്മയുമായി മഞ്ഞ് താഴ്വരകളിലും പൗരാണിക തീർഥാടന കേന്ദ്രങ്ങളിലും ചുറ്റിക്കറങ്ങുന്നതാണ് ശരത്തിന് ഹരം.
ഈ പ്രായം വരെയും തൃശൂരിന് അപ്പുറത്തേക്ക് യാത്ര ചെയ്തിട്ടില്ലാത്ത ഗീത സമീപകാലത്ത് മകനോടൊത്ത് ചുറ്റിയത് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളാണ്. ദിവസങ്ങൾക്ക് മുമ്പ് നടത്തിയ ബൈക്ക് യാത്രയുടെ ത്രില്ലിലാണ് ശരത്തും അമ്മ ഗീത രാമചന്ദ്രനും. അമ്മയുമൊത്ത് മണാലി, കാശി എന്നിവിടങ്ങളിലേക്ക് നടത്തിയ ബൈക്ക് യാത്ര ഫേസ്ബുക്കിലെ 'സഞ്ചാരി' ഗ്രൂപ്പിൽ യാത്രാവിവരണത്തോടെ പോസ്റ്റ് ചെയ്തതോടെ ഇരുവരെയും സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
''ട്രിപ്പ് അഡ്വൈസർ നോക്കിയപ്പോള്‍ ടിക്കറ്റ് റേറ്റ് കുറവാണ് ഉടനെതന്നെ ഞങ്ങള്‍ രണ്ടാള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തു- ഇങ്ങനെ തുടങ്ങുന്നു ശരത്തിെൻറ ഫേസ്ബുക്ക് േപാസ്റ്റ്. 'ഫെബ്രുവരി 14, എെൻറ മറ്റ് സുഹൃത്തുക്കളില്‍ നിന്നും വ്യത്യസ്തമായ ദിവസം. ജീവിതത്തില്‍ ഇതുവരെ ബൈക്കില്‍ കയറാത്ത അമ്മ ആദ്യമായി അറുപതാമത്തെ വയസ്സിൽ എെൻറ ഒപ്പം ഭാരതത്തിെൻറ മറ്റൊരു കോണില്‍. അമ്മയുമൊത്തൊരു ബൈക്ക് യാത്രയെ സ്വപ്നസാക്ഷാത്കാരം എന്നെ പറയാനാകൂ. അതിലേറെ അഭിമാനവും… '' ശരത്ത് ഫേസ്ബുക്കിൽ കുറിച്ചു.
''മൂന്നു ദിവസം കാശിയിലെ ക്ഷേത്ര സമുച്ചയങ്ങളും ഗ്രാമങ്ങളും മംഗളാരതിയുമൊക്കെ കണ്ടു. മുഗര്‍സാരായി റെയിൽവേ സ്റ്റേഷനില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ ടി.ടി.ഇയുമായി സംസാരിക്കുമ്പോഴായിരുന്നു ട്രെയിന്‍ സിംലയിലേക്കാണെന്ന് പറഞ്ഞത്. കേട്ട പാതി സിംലക്ക് പോയാലോ എന്ന ചോദ്യത്തിന് ശരിയെന്ന് അമ്മയുടെ മറുപടി. അവിടെ നിന്നാണ് ബൈക്കിൽ മണാലിയിലേക്ക് യാത്ര തിരിച്ചത്. പത്ത് ദിവസമായി കൈയിലെ പണം കഴിഞ്ഞ് തുടങ്ങിയപ്പോള്‍ തിരിക്കുകയായിരുന്നു'' -ശരത്ത് പറയുന്നു. തൃശൂരിൽ സാഹിത്യ അക്കാദമി ആസ്ഥാനത്തിന് സമീപം താമസിക്കുന്ന ശരത്ത് ബിസിനസുകാരനാണ്. അമ്മ മാത്രമാണ് കൂടെ. ഇനിയും യാത്രകൾ തുടരുമെന്ന് ശരത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.