മഹാരാഷ്ട്രയിലെ തടാകം പിങ്ക് നിറമായതിെൻറ കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ലോണാർ തടാകം പിങ്ക് നിറമായതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ശാസ്ത്രജ്ഞർ. ഉപ്പുവെള്ളത്തിൽ അടങ്ങിയ പ്രത്യേകതരം ബാക്ടീരിയകളുടെ സാന്നിധ്യമാണ് നിറവ്യത്യാസത്തിന് കാരണം. ഹാലോർക്കിയ എന്ന സൂക്ഷ്മ ജീവിയാണ് ഈ തടാകത്തിലുള്ളത്. ഇവ പിങ്ക് നിറത്തിലുള്ള ചായക്കൂട്ടുകൾ പുറപ്പെടുവിക്കുന്നു.
വെള്ളത്തിെൻറ നിറംമാറ്റം ശാസ്ത്രജ്ഞരടക്കമുള്ള ഒരുപാട് പേരിൽ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. തുടർന്ന് സംസ്ഥാന വനം വകുപ്പ് വെള്ളം ശേഖരിച്ച് നാഗ്പൂർ ആസ്ഥാനമായുള്ള നാഷനൽ എൻവയോൺമെൻറൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പുണെ അഗാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധനക്ക് അയച്ചു.
ഇവരുടെ പരിശോധനയിലാണ് കാരണം വ്യക്തമായത്. ഹാലോർക്കിയ എന്ന സൂക്ഷ്മജീവി ഈ തടാകത്തിൽ ധാരളമുള്ളതായി ഇവർ കണ്ടെത്തി. ഇവ ഉൽപ്പാദിപ്പിക്കുന്ന ചായക്കൂട്ടുകൾ കാരണം തടാകത്തിെൻറ ഉപരിതലത്തിൽ പിങ്ക് നിറമുള്ള പാളി രൂപപ്പെടുകയാണ്.
വെള്ളത്തിെൻറ പിങ്ക് നിറം ശാശ്വതമല്ലെന്നും ഇവർ കണ്ടെത്തി. പ്രദേശത്ത് മഴക്കാലം തുടങ്ങിയതോടെ പിങ്ക് നിറം മായുന്നതായും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ബുൾദാനയ ജില്ലയിലാണ് ഈ മനോഹര തടാകമുള്ളത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉൽക്കാപതനത്തെ തുടർന്ന് രൂപംകൊണ്ടതാണീ തടാകം.
കൃഷ്ണശിലയിൽ തീർക്കപ്പെട്ടതും ഉപ്പുവെള്ളം നിറഞ്ഞതുമായ തടാകമാണിത്. ഇതിന് ചുറ്റും കനത്ത കാടാണ്. ഈ കാടുകൾ നിരവധി പക്ഷിമൃഗാദികളാൽ സമ്പന്നമാണ്. ലോണാർ തടാകം കാണാൻ നിരവധി പേരാണ് എത്താറ്. ഇതിന് മൂന്ന് കിലോമീറ്റർ അകലെ കമൽജ മാതാ ക്ഷേത്രവും ലോണാർ സരോവരവും കാണാം. മുംബൈയിൽനിന്ന് 500 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.