തടിയൻറമോളിൽ സഞ്ചാരികൾക്ക് ഇപ്പോഴും വിലക്ക്
text_fieldsകുടക്: പ്രളയക്കെടുതിയെ തുടർന്ന് കുടക് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടും കുടകിലെ പർവത സുന്ദരിയെന്നറിയപ്പെടുന്ന തടിയൻറമോൾ കൊടുമുടിയിലേക്ക് പ്രവേശനം അനുവദിക്കാത്തതിൽ നിരാശരായി സഞ്ചാരികൾ.
സെപ്റ്റംബർ പത്തു മുതലാണ് കുടകിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിെല നിയന്ത്രണം പിൻവലിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയത്. എന്നാൽ, ട്രക്കിങ്ങിനായി നിരവധി പേർ എത്തുന്ന ഭാഗമണ്ഡല റിസർവ് വനത്തിലുള്ള കർണാടകയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ തടിയൻറമോൾ കുന്നിലേക്ക് സഞ്ചാരികളെ ഇപ്പോഴും കടത്തിവിടുന്നില്ല.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ട്രക്കിങ് ടീമുകൾ കുടകിലെത്തി നിരാശരായി മടങ്ങുകയാണെന്ന് ടൂർ ഒാപറേറ്റർമാരും സാക്ഷ്യപ്പെടുത്തുന്നു. നിരോധനം തങ്ങൾക്കറിയില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നുമാണ് ജില്ല പൊലീസ് അറിയിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്നും 1,748 മീറ്റർ ഉയരത്തിലാണ് കുടക് മടിക്കേരി താലൂക്കിൽ ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്. കുടകിലെ പ്രാദേശികഭാഷയായ കൊടവയിൽ വലിയമ്മ എന്നതാണ് തടിയൻറമോൾ എന്ന വാക്കിനർഥം.
ഒരോവർഷം 70,000ത്തോളം ട്രക്കിങ് സഞ്ചാരികളാണ് രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽനിന്നും ഈ കൊടുമുടി കയറാൻ എത്താറുള്ളത്. പ്രളയബാധിത പ്രദേശമല്ലാതിരുന്നിട്ടും ഈ കൊടുമുടയിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് സഞ്ചാരികൾ ആരോപിക്കുന്നു. അടിയന്തരമായി നിരോധനം പിൻവലിക്കണമെന്ന് ടൂർ ഒാപറേറ്റർമാരും ആവശ്യപ്പെടുന്നു. ട്രക്കിങ്ങിന് ഏതെങ്കിലും തരത്തിലുള്ള മാർഗനിർദേശം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് പുറത്തിറക്കാവുന്നതാണ്. എന്നാൽ, ഒരു കാരണവുമില്ലാതെ ട്രക്കിങ് നിരോധിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. കഴിഞ്ഞദിവസം ചെന്നൈയിൽനിന്നുവരെ ട്രക്കിങ് ടീം ഇവിടെയെത്തിയെങ്കിലും കയറാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.