നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പുക്കുന്ന് മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsനന്മണ്ട (കോഴിക്കോട്): ടൂറിസത്തിെൻറ അനന്തസാധ്യത തേടുന്ന പുക്കുന്ന് മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കാക്കൂർ -നന്മണ്ട ഗ്രാമപഞ്ചായത്തുകളിലായി ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഹരിതാഭമായ ഭൂമിയാണ് പുക്കുന്നുമല. സമുദ്രനിരപ്പിൽനിന്ന് 1500 അടിയിലേറെ ഉയരമുള്ള മലമുകളിലെത്തിയാൽ കാപ്പാട് ബീച്ച് മുതൽ കോഴിക്കോട് കടപ്പുറം വരെ സഞ്ചാരികൾക്ക് ആസ്വദിക്കാം. സൂര്യാസ്തമയവും കാണാം. പഞ്ചായത്ത് അധികൃതരും നാട്ടുകാരും സന്ദർശനം വിലക്കിയുള്ള ബോർഡ് വെച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ചാണ് സഞ്ചാരികളുടെ വരവ്.
കോഴിക്കോട് -ബാലുശ്ശേരി റോഡിലെ കാക്കൂർ പതിനൊന്നെ നാല് ജിയളോജിക്കൽ റോഡ് വഴിയും നന്മണ്ട കരുണാറാം വെള്ളച്ചാൽ വഴിയും ചീക്കിലോട് മാപ്പിള സ്കൂൾ കൊള്ളടിമല പൈൻ തറ വഴിയുമാണ് മലമുകളിലേക്കുള്ള സഞ്ചാര മാർഗം. മാസ്ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് സഞ്ചാരികളുടെ വരവ്. പൂജ സ്റ്റോറുകളിലേക്ക് തെച്ചിപ്പൂവ് പറിക്കുന്നവരും, സസ്യങ്ങളുടെ തോൽ വെട്ടി വിൽക്കുന്നവരും, വയനാടൻ പുല്ല് ക്ഷീര കർഷകർക്ക് എത്തിച്ചുകൊടുക്കുന്നവരും സഞ്ചാരികളുടെ വരവോടെ വിഷമവൃത്തത്തിലായി.
സഞ്ചാരികൾ പ്രദേശം മലിനമാക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം 220 കെ.വി ലൈൻ ടവറിെൻറ മുകളിലെ ഇരുമ്പഴിയിൽ ഇരുന്ന് കാമറ ഉപയോഗിച്ച് പടമെടുത്ത യുവാക്കളുടെ സംഘത്തെ പരിസരവാസികൾ വിരട്ടി ഓടിക്കുകയായിരുന്നു. പരിസ്ഥിതി മലിനീകരണത്തിന് ഹേതുവാകുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ മലമുകളിൽ വിനോദസഞ്ചാരികൾ വലിച്ചെറിയുന്നതും മലയുടെ പാരിസ്ഥിതിക ദോഷത്തിന് കാരണമാകുന്നു. സമൂഹ വ്യാപനം കൈയെത്തും ദൂരത്ത് നിൽക്കുമ്പോഴാണ് പരിചിതരും അപരിചിതരുമായ സഞ്ചാരികളുടെ സംഗമഭൂമിയായി പുക്കുന്ന് മല മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.