ഇനി സഞ്ചാരികൾക്ക് വഴിതെറ്റില്ല; തേക്കടിയിൽ ബോർഡ് സ്ഥാപിച്ച് വനംവകുപ്പ്
text_fieldsകുമളി: തേക്കടിയിലെത്തുന്ന വിദേശ-സ്വദേശ വിനോദ സഞ്ചാരികൾക്ക് കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ ബോർഡുകൾ സ്ഥാപിച്ച് വനംവകുപ്പ്. തേക്കടി ബോട്ട്ലാൻഡിങ്ങിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ബോട്ട് ടിക്കറ്റ് കൗണ്ടർ, ലഘുഭക്ഷണശാല, ശുചിമുറി എന്നിവയൊന്നും തിരിച്ചറിയാൻ ബോർഡുകൾ ഉണ്ടായിരുന്നില്ല.
വിനോദസഞ്ചാരികൾക്ക് ഇതുമൂലം ഉണ്ടാകുന്ന പ്രയാസങ്ങളുമായി ബന്ധപ്പെട്ട് മാധ്യമം വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു നേരിട്ട് ഇടപെട്ടാണ് വിവിധ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചത്.
ബോട്ട്ലാൻഡിങ്ങിൽ ടിക്കറ്റ് കൗണ്ടർ, ശുചിമുറി എന്നിവക്കായി പ്രത്യേക ബോർഡുകൾ സ്ഥാപിച്ചതിനു പുറമേ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും ബോർഡ് സ്ഥാപിച്ചു.തേക്കടി ചെക്ക്പോസ്റ്റ് വഴി നടന്ന് ബോട്ട്ലാൻഡിങ്ങിലേക്ക് പോകുന്ന സഞ്ചാരികൾ കാടിനുള്ളിലേക്ക് കയറിപ്പോകുന്നത് പതിവായിരുന്നു. ഇത് പലപ്പോഴും പ്രശ്നങ്ങൾക്കിടയാക്കിയതോടെ വിവിധ സ്ഥലങ്ങളിലും ആമ പാർക്കിനുപിന്നിലും ഉൾക്കാട്ടിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്നത് വിലക്കി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പുതിയ ബോർഡുകൾ സ്ഥാപിച്ചത് ഏറെ ഉപകാരമായെന്ന് സഞ്ചാരികൾ പറയുന്നു. വനംവകുപ്പ് വാഹനത്തിൽ വന്നിറങ്ങുന്ന സഞ്ചാരികൾക്ക് ഗൈഡ്, വനപാലകർ എന്നിവരുടെ സഹായമില്ലാതെ ടിക്കറ്റ് കൗണ്ടറിലേക്കും മറ്റ് ഭാഗങ്ങളിലേക്കും പോകാൻ ബോർഡുകൾ സഹായകരമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.