400 ചരിത്ര - സാംസ്കാരിക കേന്ദ്രങ്ങളിലൂടെ 402 കിലോമീറ്റർ നീളുന്ന പാത; ഭൂട്ടാനിലെ പുതിയ യാത്രക്കായി ഒരുങ്ങിക്കോളൂ
text_fieldsകാഴ്ചകളുടെ നിലവറയാണ് ഭൂട്ടാൻ. പ്രകൃതിഭംഗിയും ചരിത്രവും സംസ്കാരവും ഒത്തുചേർന്ന നാട്. ഭൂട്ടാന്‍റെ പല കാഴ്ചകളിലേക്കും സഞ്ചാരികൾ പോയിട്ടുണ്ടാകും. എന്നാൽ, രാജ്യത്തിന്‍റെ ചില സ്ഥലങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കാറുണ്ടെങ്കിലും അവ യാഥാർത്ഥ്യമാകാറില്ല. ഇത്തരക്കാർക്കായി പുതിയ പാത ഒരുക്കുകയാണ് ഇന്ത്യയുടെ ഈ അയൽരാജ്യം.
നൂറ്റാണ്ടുകളായി ഭൂട്ടാനിലെ ബുദ്ധിസ്റ്റ് തീർത്ഥാടകർ ഉപയോഗിച്ചിരുന്ന പാത 60 വർഷങ്ങൾക്കുശേഷം സഞ്ചാരികൾക്കായി തുറന്നുനൽകുകയാണ്. ട്രാൻസ് ഭൂട്ടാൻ ട്രയൽ എന്ന ഈ പാത 402 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ്. ഒമ്പത് ജില്ലകൾ, 28 പ്രാദേശിക ഭരണകൂടങ്ങൾ, രണ്ട് നഗരസഭകൾ, ഒരു ദേശീയ ഉദ്യാനം എന്നിവയിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. 400 ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങളെ ഈ പാത ബന്ധിപ്പിക്കുന്നു. പാതയിൽ 18 പുരാതന പാലങ്ങളും ഉൾപ്പെടും.
2022 ഏപ്രിലിൽ പാത സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് ഈ യാത്ര അനുഭവിക്കാനാകും. ഭൂട്ടാൻ കാനഡ ഫൗണ്ടേഷനാണ് ട്രാൻസ് ഭൂട്ടാൻ ട്രയലിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയത്.
കിഴക്കൻ ഹിമാലയ മേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. ഭൂട്ടാന്‍റെ പ്രകൃതി ഭംഗി കൂടുതൽ അടുത്തറിയാനുള്ള അവസരമാണിത്. ഈ പാതക്ക് 500 വർഷത്തെ ചരിത്രമുണ്ട്. തിബറ്റിലെയും ഭൂട്ടാന്‍റെ പടിഞ്ഞാറൻ ഭാഗത്തെയും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്ന ബുദ്ധമതക്കാരുടെ തീർത്ഥാടന പാതയായി ഇത് പ്രവർത്തിച്ചു.
പുതിയ പാത നടന്നുതീർക്കാൻ വേണ്ടത് ഒരു മാസമാണ്. ഇതിൽ ഗൈഡിന്‍റെ സഹായമുണ്ടാകും. താൽപ്പര്യമുള്ളവർക്ക് പാതയുടെ ഏതെങ്കിലും പ്രത്യേക ഭാഗങ്ങളിൽ മാത്രം സഞ്ചരിക്കാം. മാത്രമല്ല മൗണ്ടയ്ൻ ബൈക്കുകളിലും പാതയിലൂടെ യാത്ര ചെയ്യാം.
ഭൂട്ടാന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ഹാ മുതൽ കിഴക്ക് ട്രാഷിഗാങ് വരെയാണ് പാത വ്യാപിച്ചുകിടക്കുന്നത്. 1906ൽ ദേശീയപാത നിർമിക്കുന്നത് വരെ രാജ്യത്തുടനീളം സഞ്ചരിക്കാനുള്ള ഒരേയൊരു മാർഗമായിരുന്നു ഇത്.
കഴിഞ്ഞ രണ്ട് വർഷമായി ട്രാൻസ് ഭൂട്ടാൻ ട്രയൽ പുനഃസ്ഥാപിക്കാനായി രണ്ട് ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. വഴികൾ ഒരുക്കുക, പാലങ്ങൾ നവീകരിക്കുക, പോസ്റ്റുകൾ ഉറപ്പിക്കുക, സാംസ്കാരിക കേന്ദ്രങ്ങൾ അടയാളപ്പെടുത്തുക, വഴിസൂചകങ്ങൾ നവീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
വർഷം മുഴുവനും ഇതിലൂടെ വിവിധ യാത്രകളും പാക്കേജുകളും ഉണ്ടാകും. ബൈക്കിങ്, റാഫ്റ്റിങ്, ഫ്‌ളൈ-ഫിഷിങ്, യോഗ എന്നിവ പോലുള്ള ആക്‌റ്റിവിറ്റികളും ഇവിടെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.