Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightബര്‍മുഡ ട്രയാങ്കിള്‍...

ബര്‍മുഡ ട്രയാങ്കിള്‍ എന്ന രഹസ്യങ്ങളുടെ കലവറ

text_fields
bookmark_border
ബര്‍മുഡ ട്രയാങ്കിള്‍ എന്ന രഹസ്യങ്ങളുടെ കലവറ
cancel

 ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങളുടെ കലവറയാണ് നമ്മുടെ പ്രപഞ്ചം. മണ്ണിലും വിണ്ണിലുമായി എത്രയെത്ര കാര്യങ്ങളാണ് നിഗൂഢതയുടെ പരിവേഷം ചാര്‍ത്തി നമുക്കുമുന്നില്‍ ഞെളിഞ്ഞു നില്‍ക്കുന്നത്. എനിക്കെല്ലാമറിയാമെന്നഹങ്കരിച്ചു നടക്കുന്ന മനുഷ്യനോട് നിനക്കൊന്നുമറിയില്ല, അറിയുമെങ്കില്‍ നീ എന്നിലെ രഹസ്യം പുറത്തുകൊണ്ടു വാ എന്നുവെല്ലുവിളിക്കുന്ന പ്രപഞ്ച ശക്തികള്‍ ഏറെ. ഇവയിലൊന്നാണ് ഒരു നൂറ്റാണ്ടോളം കടല്‍സഞ്ചാരികള്‍ക്കും വിമാനയാത്രികര്‍ക്കും പേടിസ്വപ്നമായി തുടരുന്ന മരണവും നിഗൂഢതയും അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്ന അറ്റ്ലാന്‍റികിലെ ബര്‍മുഡാ ട്രയാംഗിള്‍.
 ബര്‍മുഡ ട്രയാംഗിള്‍ എല്ലാവര്‍ക്കുമറിയാം.എന്നാല്‍ ഇതിന്‍െറ വന്യതയെ സൂചിപ്പിക്കാനായി 'ഡെവിള്‍സ് ട്രയാംഗിള്‍' എന്നു വിശേഷിപ്പിക്കുന്നുവെന്ന് എത്ര പേര്‍ക്കറിയാം.
അതെ ചെകുത്താന്‍ ട്രയാംഗിള്‍. ഈ പേരില്‍ത്തന്നെയുണ്ട് പൈശാചികത. നിരവധി കപ്പല്‍, വിമാന യാത്രക്കാര്‍ക്ക് ദൗര്‍ഭാഗ്യം മാത്രം സമ്മാനിച്ചതുകൊണ്ടായിരിക്കാം ദൗര്‍ഭാഗ്യക്കടല്‍ (ഹൂദു സീ) എന്നും ഇവിടം അറിയപ്പെട്ടത്. ഇനിയും ഒരു ഓമനപ്പേരുള്ളത് അറ്റ്ലാന്‍റിക് ഗ്രേവ്യാര്‍ഡ് (അറ്റ്ലാന്‍റികിന്‍റ് ശവപ്പറമ്പ്) എന്നത്രേ. ദുര്‍വിധിക്കടല്‍, നഷ്ടങ്ങളുടെ ഇടം, മരണത്തിന്‍െറ ട്രയാംഗിള്‍ എന്നിങ്ങനെ ബര്‍മുഡയ്ക്ക് വിശേഷണങ്ങളേറെയുണ്ട്. വിളിപ്പേരുകളില്‍നിന്നറിയാം എത്രമാത്രം അപകടകാരിയാണ് ഈ കടല്‍പ്രദേശമെന്ന്. 
വടക്കേ അമേരിക്കയുടെ ഫ്ളോറിഡാ തീരത്തുനിന്ന് തെക്ക് ക്യൂബ, പ്യൂട്ടോറിക്ക, ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മധ്യത്തിലാണ് ട്രയാംഗിള്‍ സ്ഥിതിചെയ്യുന്നത്. 500,000 ച.മൈല്‍ (1294994.06 ച.കി.മി) ആണ് വിസ്തീര്‍ണം. എന്നാല്‍ 305,000 ച.കി.മി ആണ് ഈ സാങ്കല്‍പിക കടലാഴിയുടെ വിസ്തീര്‍ണം എന്ന വാദവുമുണ്ട്. അമേരിക്ക, യൂറോപ്, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ മിക്ക കപ്പല്‍ യാത്രകളും വ്യോമസഞ്ചാരങ്ങളും ബര്‍മുഡയിലൂടെയാണ്. ഓരോ തവണയും ഇതുവഴി യാത്രചെയ്ത വിമാനങ്ങളും കപ്പലുകളും അപകടത്തില്‍പെടുകയോ കാണാാതാവുകയോ ചെയ്തിട്ടുണ്ട്. അന്വേഷണങ്ങള്‍ ഏറെയുണ്ടായെങ്കിലും നൂറ്റാണ്ടുകളായി ഉത്തരംകിട്ടാത്ത സമസ്യയായി ട്രയാംഗിള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. അപകടത്തില്‍പെട്ട/കാണാതായ കപ്പലുകളുടെയോ വിമാനങ്ങളുടെയോ ആളുകളുടെയോ ഒരു ചെറിയ അവശിഷ്ടം പോലും വീണ്ടെടുക്കാന്‍ കഴിയാത്തതാണ് ശാസ്ത്രജ്ഞരെ കുഴക്കുന്നത്. 

തുടക്കം കൊളംബസില്‍നിന്ന്:
ലോകത്തെ ഏറ്റവും അപകടകാരിയായ ഈ പ്രദേശത്തെക്കുറിച്ചുള്ള ആദ്യവിവരണം അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫര്‍ കൊളംബസിന്‍േറതാണ്. ബര്‍മുഡ ട്രയാംഗിളിലൂടെ സഞ്ചരിച്ചപ്പോള്‍ തീഗോളങ്ങള്‍ കടലില്‍ വീഴുന്നത് കണ്ടതായും, തന്‍െറ വടക്കുനോക്കിയന്ത്രം ദിശ നിര്‍ണയിക്കാനാവാതെ വട്ടം കറങ്ങിയെന്നും അദ്ദേഹത്തിന്‍െറ യാത്രാവിവരണങ്ങളിലുണ്ട്. കൊളംബസിന്‍െറ പര്യവേക്ഷണങ്ങള്‍ 1പിന്നീട് 20ാം നൂറ്റാണ്ടുവരെ ബര്‍മുഡ ട്രയാംഗിളിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. 
പിന്നീട് 1918 മാര്‍ച്ചിലാണ് അമേരിക്കന്‍ നാവികസേനയുടെ യു.എസ്.എസ്.സൈക്ളോപ്സ് എന്ന കാര്‍ഗോകപ്പല്‍ 300ലേറെ ജീവനക്കാരുമായി ബര്‍മുഡാ ട്രയാംഗിളില്‍ അപ്രത്യക്ഷമായത്. അന്നുമുതല്‍ ട്രയാംഗിള്‍ കഥകളിലും വര്‍ത്തമാനത്തിലും ഗവേഷകരുടെ ചിന്തകളിലും ഇടംപിടിച്ചു.  1945 ഡിസംബറില്‍ നടന്ന ഫ്ളൈറ്റ് 19 എന്ന അഞ്ച് യു.എസ് നേവിയുടെ വിമാനങ്ങളുടെ തിരോധാനമായിരുന്നു ബര്‍മുഡ ട്രയാംഗിളിന്‍െറ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ അധ്യായം. ഇവയെ അന്വേഷിച്ചുപോയ ഒരു വിമാനവും, ആറ് വിമാനങ്ങളിലായി ഉണ്ടായിരുന്ന 27 പേരുമാണ് അന്ന് കാണാതായത്. അതിനുശേഷവും പ്രദേശത്തുകൂടി കടന്നുപോയ ഒട്ടേറെ വിമാനങ്ങളും കപ്പലുകളും ദുരൂഹതയൂടെ ആഴങ്ങളിലേക്കാഴ്ന്നുപോയി. അത്യാധുനിക യുദ്ധക്കപ്പലുകളും, വിമാനങ്ങളും മുങ്ങിക്കപ്പലുകളും പായ്ക്കപ്പലുകളുമാണ് ഈ ചെകുത്താന്‍ ത്രികോണത്തിന്‍െറ ഇരകളായത്. പേടിപ്പിക്കും പ്രേതക്കപ്പലുകളും പുത്തന്‍ വിസ്മയമായി പിരമിഡുകളും ട്രയാംഗിളിന്‍െറ ഭാഗത്ത് ഇടക്കിടെ ആളില്ലാക്കപ്പലുകള്‍ കാണാറുണ്ടെന്ന് നിരവധി നാവികര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാവും പകലും ഇവ നിശബ്ദമായി ഒഴുകിനടക്കുകയാണത്രേ. ട്രയാംഗിളിന്‍െറ സമീപഭാഗത്തുകൂടി യാത്രചെയ്യുന്നവര്‍ക്കെല്ലാം പേടിസ്വപ്നമാണ് ഈ പ്രേതക്കപ്പലുകള്‍. 1872ല്‍ കണ്ടത്തെിയ മേരി സെലസ്റ്റി, 1921ല്‍ കണ്ടത്തെിയ കരോള്‍ ഡിയറിങ്, 1935ല്‍ കണ്ടത്തെിയ ലാ ദഹാമ, 1955ല്‍ കണ്ടത്തെിയ കെനെമാറ എന്നിവയെല്ലാം ഇത്തരത്തില്‍ ആളില്ലാ കപ്പലുകളായിരുന്നു. കരോള്‍ ഡിയറിങില്‍ പരിശോധന നടത്തിയ നാവികസേന ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ചത് ഒരു പൂച്ചയെയും കുറെ ഭക്ഷണാവശിഷ്ടങ്ങളും മാത്രമാണ്. 
ഈജിപ്തിലെ പിരമിഡുകളേക്കാള്‍ വലിപ്പമുള്ള രണ്ട് കൂറ്റന്‍ പിരമിഡുകളാണ് ഈയടുത്തായി ബര്‍മുഡയില്‍ കണ്ടത്തെിയത്. സമുദ്രനിരപ്പില്‍ നിന്ന് 2000 അടിയാണ് ഇവയുടെ ഉയരം. രണ്ട് പിരമിഡുകളുടെയും മുകളില്‍ വലിയ ദ്വാരങ്ങളുണ്ട്. രണ്ടാമത്തെ പിരമിഡിന്‍െറ മുകളിലൂടെ സമുദ്രജലം ശക്തമായി ഒഴുകുന്നതായും സമുദ്രനിരപ്പില്‍ നുരയും പതയും രൂപം കൊള്ളുന്നതായും ഗവേഷകര്‍ കണ്ടത്തെിയിട്ടുണ്ട്.

വിശ്വാസങ്ങള്‍, അന്ധവിശ്വാസങ്ങള്‍
ലോകത്ത് ഏറ്റവുമധികം കെട്ടുകഥകള്‍ക്ക് വിഷയമായ ഒരു പ്രതിഭാസമാണ് ബര്‍മുഡ ട്രയാംഗിള്‍. ഇതിനെചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളും ഏറെ. അന്യഗ്രഹജീവികള്‍ ഇതുവഴി പോവുന്ന കപ്പലും വിമാനങ്ങളും തട്ടിക്കൊണ്ടുപോവുന്നതാണ് എന്ന വിശ്വാസം ഇതിലൊന്നായിരുന്നു. ഗ്രീക്ക് മിത്തോളജിയില്‍ പ്രതിപാദിച്ചിട്ടുള്ള അറ്റ്ലാന്‍റിയ നഗരത്തിന്‍െറ ഊര്‍ജസ്രോതസായ ക്രിസ്റ്റലുകളുടെ സാന്നിധ്യമാണ് സകല കുഴപ്പങ്ങള്‍ക്കും കാരണമെന്ന് മറ്റൊരുകൂട്ടര്‍ വാദിക്കുന്നു. ബഹാമാസ് തീരത്ത് സമുദ്രത്തിനടിയില്‍ കാണപ്പെടുന്ന കല്ലുകളുടെ വഴി പോലുള്ള ഭാഗം ഇവിടേക്കുള്ള വഴിയാണെന്നും ഇവര്‍ വിശ്വസിക്കുന്നു.
അജ്ഞാതവും അനിര്‍വചനീയവുമായ നിഗൂഢശക്തികളാണ് ബര്‍മുഡയുടെ ദുരന്തത്തിനുകാരണമെന്ന വാദവുമുണ്ട്. 1947ല്‍ കെന്നത്ത് ആര്‍നോള്‍ഡ് എന്ന പൈലറ്റ് ഇവിടെ പറക്കും തളികകളെ കണ്ടുവത്രെ. അന്ധവിശ്വാസങ്ങളെ ആഘോഷിക്കുകയും ജനങ്ങളുടെ അജ്ഞതയെ മുതലെടുക്കുകയും ചെയ്യുന്നവര്‍ ഇനിയുമൊത്തിരി കെട്ടുകഥകള്‍ മെനയുകയും അവക്ക് വന്‍തോതില്‍ പ്രചാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

കെട്ടുകഥകള്‍ പുച്ഛിച്ചു തള്ളി ശാസ്ത്രം
ബര്‍മുഡ ട്രയാംഗിളിന്‍െറ ദുരൂഹതയോടൊപ്പം തന്നെ കാലാകാലങ്ങളായി തുടരുന്നതാണ് ഇതിനുപിന്നിലെ കാരണങ്ങളെച്ചൊല്ലി ശാസ്ത്രവും മിത്തും കൈകോര്‍ക്കുന്നത്. ഓരോ അപകടം നടക്കുമ്പോഴും ഗവേഷകര്‍ അന്വേഷണം ഊര്‍ജിതമാക്കും.  പ്രദേശത്തെ കടലിന്‍െറ സ്വഭാവം, അപ്രതീക്ഷിതമായി ഉണ്ടാകുന്ന കൊടുംകാറ്റ്, കടലിനടിയിലെ കാന്തികശക്തി, നീര്‍ച്ചുഴികള്‍ തുടങ്ങിയവ പലരും കാരണങ്ങളായി നിരത്തിയിട്ടുണ്ട്. ദുരന്തങ്ങള്‍ നടന്നതേറെയും കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നുവല്ളോ.. ഇന്നത്തെപ്പോലെ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഉപഗ്രഹസാങ്കേതിക വിദ്യയോ ഒന്നും അന്നില്ലായിരുന്നു. അതുകൊണ്ടുതന്നെ പല അന്വേഷണങ്ങളും പാതിവഴിയില്‍ നിലക്കുകയോ പരാജയമായി മാറുകയോ ചെയ്തു. 
ബര്‍മുഡയില്‍ കാന്തികശക്തി കൂടുതലാണെന്നും അത് വസ്തുക്കളെ ഉള്ളിലേക്കാകര്‍ഷിക്കുന്നുവെന്നുമൊരു വിശദീകരണമുണ്ട്. ഈ കടല്‍ ഭാഗത്തുള്ള ജലത്തിന്‍െറ സാന്ദ്രത കുറക്കുന്ന വന്‍തോതിലുള്ള മീഥേന്‍ ഹൈഡ്രേറ്റ് വാതകം സമുദ്രോപരിതലത്തോട് ചേര്‍ന്ന് പൊട്ടിത്തെറിക്കുകയും, ഇതുവഴി ഉയര്‍ന്നുപൊങ്ങുന്ന വെള്ളം പ്രദേശത്തുള്ള കപ്പലിനെ മുക്കിക്കളയുകയും ചെയ്യുന്നുവെന്നാണ് മറ്റൊരു ശാസ്ത്ര കാഴ്ചപ്പാട്. കപ്പലിന്‍െറ എന്‍ജിന്‍ കേടുവരുത്താന്‍ പോലും മീഥേന് ശേഷിയുണ്ടത്രേ. ബര്‍മുഡ ട്രയാംഗിള്‍ എന്ന കടല്‍പ്രദേശം ഇല്ളെന്നാണ് അമേരിക്കന്‍ നാവികസേനയുടെ വാദം. യു.എസ് ജ്യോഗ്രഫിക് ബോര്‍ഡിന്‍െറ ഒൗദ്യോഗിക രേഖകളിലും ട്രയാംഗിളിന്‍െറ മാപ് കാണാനാവില്ല. 
വാദങ്ങള്‍ നിരവധിയുണ്ടെങ്കിലും ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലത്താല്‍ ബര്‍മുഡ രഹസ്യത്തിന്‍െറ ചുരുളഴിക്കാന്‍ ശാസ്ത്രത്തിനും സാധിച്ചിട്ടില്ളെന്നതാണ് സത്യം. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കും യുക്തിരഹിത വാദങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കാന്‍ ശാസ്ത്രലോകം തയ്യാറായിട്ടില്ല.

ദുരന്തയാത്രകള്‍
മനുഷ്യനോളം അന്വേഷണകുതുകിയും സാഹസികനുമായ മറ്റൊരു ജീവിയില്ല. അതുകൊണ്ടു തന്നെ മറ്റുള്ളവര്‍ മുട്ടുമടക്കിയാലും താന്‍ ജയിക്കുമെന്ന അഹങ്കാരത്തോടെ പലരും പല ഉദ്യമങ്ങള്‍ക്കും ഇറങ്ങിത്തിരിക്കും. ഇങ്ങനെ ബര്‍മുഡയുടെ ദുരൂഹതയിലേക്കിറങ്ങിച്ചെന്ന ചില സാഹസികയാത്രികരുണ്ട്. ആദ്യമായി ലോകം മുഴുവന്‍ തനിയെ ചുറ്റിയ ജോഷ്വാ സാല്‍കം , ടെയ്ന്‍മൗത്ത് ഇലക്ട്രോണ്‍ എന്ന കപ്പലില്‍ യാത്ര ചെയ്ത ബിസിനസുകാരന്‍ ഡൊണാള്‍ഡ് ക്രൗഹസ്്റ്റ്, സ്്റ്റാര്‍ ടൈഗര്‍ എന്ന വിമാനത്തില്‍ ബര്‍മുഡയിലേക്ക് സഞ്ചരിച്ച ബി.ഡബ്ളിയു.മക്മില്ലന്‍െറ നേതൃത്വത്തിലുള്ള 31 അംഗസംഘം, ക്യാപ്റ്റന്‍ ജെ.സി.മെക്ഫീയുടെ നേതൃത്വത്തില്‍ സ്റ്റാര്‍ ഏരിയല്‍ വിമാനത്തില്‍ യാത്ര ചെയ്ത 13അംഗസംഘം, അങ്ങനെയങ്ങനെ ബര്‍മുഡ ലക്ഷ്യം വെച്ചുള്ള സാഹസികയാത്രകളെല്ലാം ദുരന്തയാത്രകളായി കലാശിക്കുകയായിരുന്നു.
സാഹസികതയുടെ അങ്ങേയറ്റം തേടി ഇനി പലരും ഈ ചെകുത്താന്‍ ത്രികോണത്തിലേക്ക് യാത്ര ചെയ്യും..എന്നാല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ളെന്ന് ഇനിയെങ്കിലും നമുക്ക് പ്രത്യാശിക്കാം.. ശാസ്ത്രം പറയുന്നതുപോലെ നടന്ന ദുരന്തങ്ങളൊക്കെയും യാദൃശ്ചികതകളായിരുന്നുവെന്നും നമുക്കാശ്വസിക്കാം.. ഒപ്പം അടുത്തുതന്നെ ഈ കടലാഴത്തിന്‍െറ നിഗൂഢത ഇല്ലാതാക്കാമെന്നും  ശുഭാപ്തി വിശ്വാസം മനസില്‍ സൂക്ഷിക്കാം. 

 

കടപ്പാട്: ഗൂഗിള്‍, വിക്കിപീഡിയ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bermuda Triangle
Next Story