കാസിരംഗയിലെ കണ്ടാമൃഗങ്ങൾ
text_fieldsകൈയിൽ ക്യാമറയുമായി ഒരിക്കൽ നിങ്ങളൊന്ന് കാടു കയറി നോക്കണം. പിന്നെയും പിന്നെയും കാടിെൻറ വിളികേട്ട് നിങ്ങൾ കാടുകയറിക്കൊണ്ടേയിരിക്കും. ഏത് നാടിനെക്കാളും വശ്യതയുണ്ട് കാടിന്. വന്യതയും. ചിലപ്പോൾ ചിരിക്കാൻ വകയുണ്ടാകും. മറ്റു ചിലപ്പോൾ നടുങ്ങാൻ. വേറൊരിക്കൽ ജീവനും വാരിപ്പിടിച്ച് ഒാടാനാവും തോന്നുക..
എന്നാലും കാടുകയറാനുള്ള മോഹം ശമിക്കില്ല. എെൻറ യാത്രകളെല്ലാം ചെന്നു നിൽക്കുക മിക്കപ്പോഴും ഏതെങ്കിലും കാടിെൻറ ഉള്ളിലേക്കാവും. ചിലപ്പോൾ േതാന്നിപ്പോയിട്ടുണ്ട് കാടിനുള്ളിലിരുന്നു ആരോ മന്ത്രം ചൊല്ലി വിളിക്കുകയാണെന്ന്. പല ദേശങ്ങൾ, പല കാടുകൾ... പച്ചപ്പിെൻറ ചിത്രം അങ്ങനെ പലയിടത്തായി ചിതറിക്കിടക്കുന്നു.
കൂട്ടിപ്പെറുക്കിയെടുക്കുേമ്പാൾ വനാന്തരങ്ങളുെട വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിൽ എല്ലാം മറന്നുപോകുന്നു. പോയ കാടുകളിലേക്ക് പിന്നെയും പോയിട്ടുണ്ട്. മുെമ്പപ്പോഴോ പൂരിപ്പിക്കാൻ കഴിയാതെ പോയ കാഴ്ചയുടെ ഖണ്ഡങ്ങളെ പൂരിപ്പിക്കാനാണ് ആ യാത്രകൾ. ഒാരോ കാടും വ്യത്യസ്തമാണ്. ഒാരോ തവണയും അത് വേറൊന്നാണ്. പുതിയ വഴികളിലൂടെ, പുതിയ ഗന്ധങ്ങളിലൂടെ, പുതിയ കാഴ്ചകളിലൂടെ അങ്ങിനെ അങ്ങിനെ...
മറ്റേതോ കാലത്തിലും ദേശത്തിലുമാണെന്ന് അനുഭവിച്ചറിയാൻ കാടുകയറുക തന്നെ വേണം. മഞ്ഞു പെയുന്നതു കാണാൻ, മരം കോച്ചുന്ന തണുപ്പ് അനുഭവിക്കാൻ, നിശബ്‌ദതയുടെ ആനന്ദം അറിയാൻ, കാട്ടാറിന്റെയും, കിളികളുടെയും കൊതിപ്പിക്കുന്ന ശബ്ദങ്ങൾ നുകരാൻ, മണ്ണിന്റെ മണമറിഞ്ഞു പച്ചപ്പിെൻറ മടിയിൽ തലവെച്ചു മാനം നോക്കി കിടക്കാൻ അങ്ങിനെ മനസ്സ് ആഗ്രഹിച്ച കാര്യങ്ങളെല്ലാം കാടിനകത്ത് എന്നെ കാത്തിരുന്നിട്ടുണ്ട്.
ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങൾ (റൈനോ) അലസമായി റോഡുകൾ മുറിച്ചുകടക്കുന്ന അസമിലെ ആസാമിലെ കാസിരംഗ നാഷണൽ പാർക്ക് കാണുക എന്നത് ഏറെക്കാലം മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു. അതങ്ങനെയാണ്. കാടിനെ പ്രണയിച്ചാൽ ഒരാഗ്രഹവും അത് ബാക്കിവെക്കില്ല. എങ്ങനെയെങ്കിലും അത് നമ്മളെ കാടിെൻറ നടുവിൽ തേടിയെത്തുകതന്നെ ചെയ്യും.
പുലർച്ചെ അഞ്ചു മണിക്കുതന്നെ നമ്മുടെ നാട്ടിലെ ഒരു എട്ടു മണിയുടെ പ്രതീതിയാണ് കാസിരംഗയിൽ. ജിപ്സിയിലായിരുന്നു കാടിനകത്തേക്കുള്ള യാത്ര. വനംവകുപ്പിെൻറ അതികർശനമായ പരിശോധനകൾ കഴിഞ്ഞേ കാടിനകത്തേക്ക് കടത്തിവിടുകയുള്ളു. ഒരുകാരണവശാലും കാടിനുള്ളിലേക്ക് പ്ലാസ്റ്റിക് കടത്തിക്കൊണ്ടുപോകാൻ അനുവദിക്കുകയില്ല. കുടിവെള്ളം ബോട്ടിലിലാക്കി കൊണ്ടുപോയാൽ തിരികെ വരുേമ്പാൾ സെക്യൂരിറ്റിക്കാർ ചോദിക്കും.
കാസിരംഗ സന്ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകളെ ആന സഫാരിക്കാർ കാത്തുനിൽക്കുകയാണ്. നിരവധി ആനകളെ അതിനായി തയാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു. കാടിെൻറ ഉള്ളിലേക്ക് സഞ്ചാരികളെ മുതുകിൽ ചുമന്നു ആ ആനകൾ പോകുന്ന ചിത്രങ്ങൾ കാണുേമ്പാൾ നിങ്ങൾക്കത് മനസ്സിലാവും.
എനിക്കൊരിക്കലും അതൊരു കൗതുകമുള്ള കാഴ്ചയായി തോന്നിയിട്ടില്ല. ആനകൾ കാടിെൻറ സ്വച്ഛതയിൽ തിമിർത്തു രസിക്കുന്നത് വ്യൂ ഫൈൻഡറിലൂടെ പലവട്ടം കണ്ടിട്ടുണ്ട്. കാടിനുള്ളിൽ മറ്റൊന്നിനെയും ഭയക്കാതെ ഇണകൾക്കൊപ്പവും കുട്ടികൾക്കൊപ്പവും സഞ്ചരിക്കുന്ന ആനകളെപ്പോലെ മനോഹരമായ കാഴ്ച മറ്റൊന്നില്ല. ആ ആനകളെ പിടിച്ചു കാടിറക്കി മെരുക്കിയെടുത്തതാണ് സഫാരിക്കുപയോഗിക്കുന്ന ആനകൾ.
പൂരപ്പറമ്പുകളിലെ പൊള്ളുന്ന വെയിലിൽ കാതടയ്ക്കുന്ന ശബ്ദഘോഷങ്ങൾക്കു നടുവിൽ തിടേമ്പറ്റി നിൽക്കുന്ന ആനകളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ..? ഒാർമകളിൽ വിട്ടുപോയ വന്യമായ വനാന്തരങ്ങളുടെ ഇരുണ്ട ആഴങ്ങളും കണ്ണീരുകളും ആ കണ്ണിൽ കാണാം. ആ കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങുന്നത് മദജലമല്ല, ഏതൊക്കെയോ കാട്ടുറവകാളാണ്. തൊട്ടടുത്ത് കാടുണ്ടായിട്ടും കാടിെൻറ ഉള്ളിലേക്ക് പലവട്ടം കടന്നുപോയിട്ടും കാട് അന്യമായ ഒരുപറ്റമായിട്ടാണ് കാസിരംഗയിലെ ആന സഫാരികളെ കണ്ടപ്പോൾ തോന്നിയത്. ഒരു കാടിന് ഒട്ടും ചേരാത്ത കാഴ്ചയായിരുന്നു അത്.
കാസിരംഗയെക്കുറിച്ച് കേട്ടതൊന്നുമായിരുന്നില്ല അത് ഞങ്ങൾക്കു മുന്നിൽ തുറന്നുവെച്ച വിസ്മയക്കാഴ്ചകൾ. മനസ്സിൽ വരച്ച ചിത്രങ്ങളൊന്നും ആ കാഴ്ചകളോട് കിടപിടിക്കുന്നതായിരുന്നില്ല. ആദ്യ ദിവസം തന്നെ കാസിരംഗ തന്നത് അപാരമായ ആഹ്ലാദമായിരുന്നു. തണുത്തു വിറയ്ക്കുന്ന കാലാവസ്ഥ. ആനകൾ കുഞ്ഞുങ്ങളുമായി പറ്റം ചേർന്നുപോകുന്നതു കണ്ടു. ആഹാരം തേടുന്നത്. ഇണചേരുന്നത്. കുഞ്ഞുങ്ങളെ േചർത്തുപിടിക്കുന്നത്. ഇണയെ കൂട്ടിലിരുത്തി ഭക്ഷണം തേടിപ്പിടിച്ചുകൊണ്ടുവന്ന് പരിപാലിക്കുന്ന മലമുഴക്കി വേഴാമ്പൽ കേരളത്തിൽ പോലും അത്യപൂർവമായ കാഴ്ചയാണ്. കാസിരംഗ മലമുഴക്കികളെ എെൻറ ക്യാമറയ്ക്കു മുന്നിലേക്ക് കാണിക്കയായി വെച്ചുനീട്ടി.
കാടിനകത്തേക്കുള്ള വഴികൾ സൂചിപ്പിക്കുന്നതിന് വനംവകുപ്പ് പലയിടത്തും ബോർഡുകൾ വെച്ചിട്ടുണ്ട്. പല പേരുകളിൽ അത് അറിയപ്പെടുന്നു. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വേണം ഇവിടം മുഴുവനും ഒരു പ്രാവശ്യമെങ്കിലും ചുറ്റിക്കാണാൻ.ഓരോ സ്ഥലവും അവയുടെ ഭൂപ്രകൃതിയുടെ പ്രത്യേകത അനുസരിച്ച് പ്രാധാന്യമുള്ളവയാണ്. കാസിരംഗയിൽ ചിത്രങ്ങെളടുക്കുന്നതിൽ ഏറ്റവും വലിയ വെല്ലുവിളി എട്ടടിയിൽ കൂടുതൽ ഉയരമുള്ള പുല്ലുകളാണ്.
നൂറിലധികം കടുവകളുണ്ട് കാസിരംഗയിൽ എന്ന് കണക്കുകൾ പറയുന്നു. എന്നിട്ടും, കടുവയെ ഒരു മിന്നായം പോലെ കണ്ടത് ഒരുതവണ മാത്രമായിരുന്നു. പലപ്പോഴും കടുവകളുടെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ, ഉയരമുള്ള പുല്ലുകൾക്കപ്പുറത്ത് മറഞ്ഞിരിക്കുന്ന അവറ്റകളെ നേരിൽ കാണാൻ കഴിയാത്തതാവണം. പുല്ലുകൾക്കിടയിൽ ഒരാന നിന്നാൽ പോലും അതിെൻറ തലയുടെ ചെറിയൊരു ഭാഗം മാത്രമാണ് കാണാനാവുക. എങ്കിലും അതൊരു ചന്തമുള്ള കാഴ്ചതന്നെയായിരുന്നു.
കാസിരംഗയുടെ പ്രേത്യകതയാണ് ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങൾ. പല പോസിൽ അവ ഞങ്ങളുടെ വാഹനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഒട്ടും ധൃതിയില്ലാതെ അഴിഞ്ഞുലഞ്ഞതുപോലുള്ള ശരീരഭാരവുമായി അവറ്റകൾ നടന്നുപോകുന്നത് കാണേണ്ടതുതന്നെയാണ്. മൃഗങ്ങളെ, കൂട്ടിലാക്കിയ മൃഗശാലയുടെ അഴികൾക്കു പുറത്തുനിന്നല്ല പരിചയപ്പെടേണ്ടത്. ശാന്ത ഗംഭീരമായി അവറ്റകൾ വിഹരിക്കുന്ന കാടിെൻറ ഉള്ളിൽ ചെന്നാണ്. ചകിതമായ നോട്ടങ്ങളില്ലാതെ നമ്മുടെ കണ്ണുകളിലേക്ക് തുറിച്ചുനോക്കി കണ്ടാമൃഗങ്ങൾ നിരന്തരം കടന്നുവന്നുകൊണ്ടിരുന്നു. ആവോളം ഞങ്ങൾ അവയുടെ ചിത്രങ്ങൾ പകർത്തി. വേഴാമ്പലുകളുടെ മലമുഴങ്ങുന്ന ചിറകടി ഒച്ച പലപ്പോഴും ഞങ്ങളുടെ കാതുകളിൽ വന്നലയ്ക്കുന്നുണ്ടായിരുന്നു.
നമ്മുടെ നാട്ടിൽ കാണാത്ത അടിഭാഗത്തു ഓറഞ്ചു കളറുള്ള, പുറത്തു വരകൾ ഇല്ലാത്ത അണ്ണാറക്കണ്ണൻമാർ ഒരു പുതിയ കാഴ്ചയായിരുന്നു. ബ്രഹ്മപുത്രയുടെ കരയിൽ ഞാൻ കൂറേ നേരം ഒറ്റക്കിരുന്നു. ഇപ്പോൾ ശാന്തമായാണ് ബ്രഹ്മപുത്ര ഒഴുകുന്നത്. വെള്ളവും വളരെ കുറവ്. പക്ഷേ, മഴക്കാലത്ത് അവൾ ഉഗ്രരൂപിണി ആകുമെന്ന് ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു.
ഒരു കാടിനുള്ളിലെ എല്ലാ കാഴ്ചകളും നമുക്ക് ക്യാമറയിൽ പകർത്താനാവില്ല. പക്ഷേ, ക്യാമറയിൽ പതിഞ്ഞതിനെക്കാൾ പതിൻമടങ്ങ് ആഴത്തിൽ ആ കാഴ്ചകൾ മനസ്സിൽ പതിഞ്ഞുകിടക്കും. മറ്റേതെങ്കിലുമൊരു കാട്ടിൽ വെച്ച് അതിനു സമാനമായ വേറൊരു കാഴ്ച നമുക്ക് മുന്നിലേക്ക് ഇറങ്ങി വന്ന് പിന്നിട്ട കാടുകളെ ഒാർമപ്പെടുത്തും.
ക്യാമറയിൽ പതിഞ്ഞതിനേക്കാൾ പത്തിരട്ടി കാഴ്ചകളുമായി ഞങ്ങൾ കാസിരംഗ വിടുേമ്പാൾ വീണ്ടും ഒരിക്കൽകൂടി ഇവിടേക്ക് വരണമെന്ന് മനസ്സു പറയുന്നുണ്ടായിരുന്നു. അറിയില്ല, ഇനി എപ്പോഴാണ് കാസിരംഗയിലേക്ക് വരിക എന്ന്. പക്ഷേ, എത്രകാലം കഴിഞ്ഞാലും ഒാർമയിൽ ചില്ലിട്ടുവെക്കാൻ പോന്ന കാഴ്ചകൾ കാസിരംഗ ഞങ്ങൾക്കു നൽകിക്കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.