എല്ലോറ ഗുഹകളും ബീബി കാ മഖ്ബറയും
text_fieldsഅഞ്ചാം ദിവസം ഒൗറംഗബാദില്‍ പുലരുന്നു. ഇവിടുത്തെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തന്നെ തീരുമാനിച്ചു കിടന്നതിനാല്‍ രാവിലെ അല്‍പം വൈകിയാണ് എണീറ്റത്.
ഒമ്പതു മണിയോടെ മുറി പൂട്ടി പുറത്തിറങ്ങി. 26 കിലോ മീറ്റര്‍ അപ്പുറത്താണ് ലോക പ്രശസ്തമായ എല്ലോറ ഗുഹ. ലക്ഷ്യം അങ്ങോട്ടാക്കി. വൈകിട്ട് ഇതേ റൂമിലേക്കുതന്നെ തിരികെ വരേണ്ടതിനാല്‍ മിനി ബാഗും ക്യാമറ ബാഗും മാത്രമേ എടുത്തുള്ളു. മൂന്നു ദിവസമായി ഡി.എസ്.എല്‍.ആര്‍ ക്യാമറ ബാഗില്‍ അതേ ഇരിപ്പിരിക്കാന്‍ തുടങ്ങിയിട്ട്.
ദീര്‍ഘയാത്രക്കു പോകുന്നു എന്നു പറഞ്ഞപ്പോള്‍ തന്നെ പ്രിയ സുഹൃത്ത് ലത്തീഫ് യാതൊരു മടിയും കൂടാതെ തന്നതാണ് ക്യാമറ.
ഒൗറംഗബാദില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപയാണ് വില. പെട്രോള്‍ നിറച്ച് മലനിരകളിലൂടെയുള്ള റോഡും കടന്ന് 10 മണിയോടെ എല്ലോറയിലത്തെി. ആദ്യം പ്രധാന ഗുഹാക്ഷേത്രമായ കൈലാസനാഥ ക്ഷേത്രത്തില്‍ പ്രവേശിച്ചു. എങ്ങനെയാണ് ഈ ഗുഹാക്ഷേത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ആലോചിച്ചാല്‍ അന്തംവിട്ടുപോകും. മല തുരന്നുണ്ടാക്കിയിരിക്കുന്നത് വെറും ഗുഹകള്‍ അല്ല. അനേകം വര്‍ഷത്തെ കലാപൂര്‍ണമായ കഠിനാധ്വാനത്തിലൂടെ മെനഞ്ഞെടുത്തിരിക്കുന്ന ശില്‍പങ്ങളുടെ ഒരു അദ്ഭുത ദൃശ്യം. ഭിത്തികളിലും തൂണിലുമൊക്കെയായി കൊത്തിവെച്ചിരിക്കുന്ന അഴകിന്‍ ശില്‍പങ്ങള്‍. അതെല്ലാം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും.
എല്ളോറ എന്ന ഈ പുരാതന ക്ഷേത്രത്തെ യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത് വെറുതെയല്ല. അഞ്ചാം നൂറ്റാണ്ടു മുതല്‍ 10 ാം നൂറ്റാണ്ടുവരെ കാലങ്ങളില്‍ നിര്‍മിച്ച ബുകു, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളാണ് ഇവിടെയുള്ളതെന്ന് ചരിത്രം പറയുന്നു. വിദേശികളടക്കം സഞ്ചാരികളുടെ വലിയൊരു കൂട്ടമുണ്ടായിരുന്നു എല്ളോറയില്‍.
ഓരോ ഗുഹാക്ഷേത്രങ്ങളിലേക്ക് കടക്കുന്നതിന്‍െറയും മുന്നില്‍ നിലത്ത് ക്രമ നമ്പര്‍ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ഏതാണ്ട് മൂന്നര മണിക്കൂര്‍ അവിടെ കടന്നുപോയെങ്കിലും ആ ശില്‍പവിസ്മയം സമയത്തെക്കുറിച്ച് ഓര്‍മിപ്പിച്ചതേയില്ല.
എല്ലോറയില്‍നിന്ന് അഞ്ച് കിലോ മീറ്റര്‍ മാറിയാണ് ഖുല്‍ദാബാദ്. മുഗള്‍ രാജാവ് സുല്‍ത്താന്‍ ഒൗറംഗസീബിന്‍െറ ശവകുടീരം ഇവിടെ സ്ഥിതി ചെയ്യുന്നു. റോഡില്‍നിന്ന് കുറച്ച് പടിക്കെട്ടുകള്‍ കയറി ദര്‍ഗയില്‍ പ്രവേശിച്ചാല്‍ ഒൗറംഗസീബ് ചക്രവര്‍ത്തിയുടെ കുടീരം കാണാം. അന്ധനായ ഒരാളാണ് കുടീരത്തിനു മുന്നില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് എല്ലാം വിശദീകരിച്ചുകൊടുക്കുന്നത്. ദര്‍ഗയ്ക്ക് സമീപമായി സുഗന്ധദ്രവ്യങ്ങള്‍, ആഭണങ്ങള്‍, തൊപ്പികള്‍, മതഗ്രന്ഥങ്ങള്‍ എന്നിവ വില്‍ക്കുന്ന കച്ചവടക്കാര്‍ സന്ദര്‍ശകരുടെ മുഖങ്ങളിലേക്ക് പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്നു.
ദര്‍ഗയൊക്കെ കറങ്ങിനടന്നുകണ്ട ശേഷം ഒൗറംഗബാദിലേക്ക് മടങ്ങി. കാര്യമായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. വഴിനീളെ പലതരത്തിലുള്ള പഴങ്ങള്‍ വില്‍ക്കുന്നവരെ കാണാമായിരുന്നു. അവരില്‍നിന്ന് കുറച്ച് പേരയ്ക്കയും ചക്കപ്പഴവും (ആത്തച്ചക്ക) വാങ്ങിക്കഴിച്ച് ഉച്ചഭക്ഷണം അതില്‍ ഒതുക്കി. കച്ചവടക്കാരനായ പയ്യന്‍ വില അല്‍പം കൂട്ടിയാണ് പറഞ്ഞത്. ഒന്നു പേശിയപ്പോള്‍ വില താണു. അവന്‍ ഇട്ടുതന്ന കസേരയിലിരുന്നു കത്തി കൊണ്ട മുറിച്ച് സാവധാനം കഴിച്ചുതുടങ്ങി. സര്‍ഫറാസ് എന്നാണ് അവന്‍െറ പേര്.
അവിടെ നിന്ന് പോരുന്നതിനു മുമ്പായി പഴങ്ങള്‍ നിരത്തിവെച്ചിരിക്കുന്ന പടങ്ങള്‍ എടുക്കണമെന്നു തോന്നി. കൂട്ടത്തില്‍ സര്‍ഫറാസിന്‍െറ പടവും എടുത്തു. അതു കണ്ട് ഇഷ്ടപ്പെട്ട അവന്‍ തൊട്ടപ്പുറത്തെ കടയില്‍നിന്ന് കൂട്ടുകാരനെയും കൂട്ടിവന്നു. അവന്‍െറ പടവും എടുത്തു. അവര്‍ക്ക് സന്തോഷമായി. ക്യാമറയ്ക്ക് മുന്നില്‍ പല പോസുകളില്‍ ആടിത്തീര്‍ക്കുന്ന നമുക്ക് മനസ്സിലാകാത്ത സന്തോഷമായിരുന്നു അത്. വൈകിട്ട് റൂമിലത്തെി ആ ഫോട്ടോകള്‍ ഫോണിലാക്കി അവര്‍ തന്ന നമ്പറില്‍ വാട്ട്സാപ്പ് ചെയ്തു കൊടുത്തു.
ഒൗറംഗബാദില്‍ തിരിച്ചെത്തി നേരേ പോയത് ‘ബീബീ കാ മഖ്ബറ’യിലായിരുന്നു. മഖ്ബറയില്‍ എത്തിയാല്‍ ഒരു നിമിഷം ഒൗറംഗബാദിലാണ് എന്ന കാര്യം മറന്നുപോകും. ആഗ്ര മനസ്സില്‍ തെളിയും. നില്‍ക്കുന്നത് താജ്മഹലിനു മുന്നിലാണെന്ന് തോന്നിപ്പോകും. ശരിക്കും താജ്മഹലിന്‍െറ പ്രതിരൂപം കണക്കെയാണ് ബീബി കാ മഖ്ബറ. ഒൗറംഗസീബിന്‍െറ ഭാര്യ ദില്‍റോസ് ബാനു ബീഗത്തിന്‍െറ സ്മരണക്കായി മകന്‍ അസംഷാ പണികഴിപ്പിച്ചതാണ് ‘ബീബി കാ മഖ്ബറ’. മിനാരങ്ങള്‍ക്കു ചുറ്റും പ്രാവുകള്‍ വട്ടമിട്ടു പറക്കുന്നു. വെണ്ണക്കല്ലില്‍ കടഞ്ഞ മഖ്ബറയുടെ ഭംഗി ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലാണ് സഞ്ചാരികള്‍.
മഖ്ബറയുടെ അകത്തു കയറി താഴേക്കു നോക്കിയാല്‍ ദില്‍റാസ് ബാനു ബീഗത്തിന്‍െറ ശവകുടീരം കാണാം. പച്ചയും ചുവപ്പും നിറത്തിലെ പട്ട് കൊണ്ടു മൂടിയ കുടീരത്തിനു മുകളില്‍ ധാരാളം നോട്ടുകളും നാണയങ്ങളും കൂമ്പാരമായി കിടക്കുന്നു.
ബീബീ കാ മഖ്ബറയില്‍നിന്ന് അഞ്ച് കിലോ മീറ്ററേയുള്ളു ഞാന്‍ താമസിക്കുന്ന റൂമിലേക്ക്. റൂമില്‍നിന്ന് പുറത്തിറങ്ങിയ ഞാന്‍ യാത്രക്കാവശ്യമായ ചില സാധനങ്ങള്‍ വാങ്ങാന്‍ ‘ഗുല്‍മന്ദി’ മാര്‍ക്കറ്റില്‍ ഒന്നു കറങ്ങി. നല്ല തിരക്കായിരുന്നു മാര്‍ക്കറ്റില്‍. ബൈക്ക് താമസ സ്ഥലത്തുതന്നെ വെച്ച് ഒരു കിലോ മീറ്ററോളം നടന്നു പോയതിനാല്‍ സ്ഥലമൊക്കെ നന്നായി കാണാനായി.
റൂമിലത്തെി കുളിച്ച് ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ ഒൗറംഗബാദ് നഗരത്തിനു മേല്‍ രാത്രി കരിമ്പടം ചാര്‍ത്തി തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസവും ഏകദേശം 300നു മുകളില്‍ കിലോ മീറ്ററുകളാണ് ഞാന്‍ സഞ്ചരിച്ചത്. ഇന്ന് അധികം യാത്രയില്ലാത്ത ദിവസം. നാളെ പുലര്‍ച്ചെ എണീക്കണം. അതിരാവിലെ യാത്ര തുടരണം.
(തുടരും...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.