ഗോതമ്പു പാടങ്ങൾ വിരിച്ചിട്ട പഞ്ചാബ്
text_fieldsഅതിരാവിലെ വിളിച്ചുണർത്തിയതിെൻറ നീരസമുണ്ടായിരുന്നു ഹോട്ടലിെൻറ റിസപ്ഷൻ സ്റ്റാഫിന്. അതയാൾ തുറന്നുപറഞ്ഞില്ലെന്നേയുള്ളു. ഹരിയാനയിലെ ഹിസാറിൽനിന്നും പുറപ്പെടുേമ്പാൾ രാവിലെ 6.30 ആയിരുന്നു. ആ വെളുപ്പിനെ ഹോട്ടലിെൻറ ഗേറ്റ് തുറന്നുതരാൻ തണുപ്പിൽ മൂടിപ്പുതച്ചു കിടക്കുന്ന റിസപ്ഷനിസ്റ്റിനെ വിളിച്ചുണർത്തേണ്ടിവന്നതിൽ എനിക്കും ഖേദം തോന്നിയെങ്കിലും നേരത്തെ പുറപ്പെട്ടില്ലെങ്കിൽ കുടുങ്ങും എന്നതിനാലാണ് അതിന് മുതിർന്നത്. രാവിലെ നല്ല തണുപ്പ്. റോഡിലൂടെ പോകുന്നവിൽ മിക്കവരും മൂടിപ്പുതച്ചാണ് നടക്കുന്നത്. റോഡരികിലിരുന്ന് തീ കായുന്ന നിരവധിപേരെ കണ്ടു.
ഹിസാറിൽനിന്ന് പുറപ്പെട്ട് അൽപം കഴിഞ്ഞപ്പോൾ തന്നെ ഹരിയാനയുടെ അതിർത്തി കടന്ന് പഞ്ചാബിലെത്തിയിരുന്നു. ഭൂപ്രകൃതി നോക്കി ഹരിയാനയെയും പഞ്ചാബിനെയും മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. ഭൂപ്രകൃതിയിൽ രണ്ടും രണ്ടും ഇരട്ടകളെ പോലെ തോന്നിക്കും. പ്രധാന കാർഷിക വിളയായ ഗോതമ്പുതന്നെയാണ് ഇതിനു കാരണം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഗോതമ്പുപാടങ്ങളാണ് രണ്ട് സംസ്ഥകനത്തും.പഞ്ചാബി ലിപി വ്യത്യാസമുള്ളതിനാൽ ഹിന്ദി പരിജ്ഞാനം കൊണ്ടെന്നും വായിക്കാൻ കഴിയില്ല.
പഞ്ചാബിെല സംസ്ഥാന പാതകളിൽ രാവിലെ കുട്ടികൾ യൂണിഫോം അണിഞ്ഞ് സ്കൂൾ ബസ് കാത്തുനിൽക്കുന്നത് കാണാമായിരുന്നു. ആൺകുട്ടികളിൽ ചിലർ പഞ്ചാബി തലപ്പാവും വെച്ചിട്ടുണ്ട്. റോഡിൽനിന്ന് വിട്ട് കൃഷിയിടങ്ങളിൽ ആളുകളെ കാണാം. കുറച്ചുദൂരം കഴിഞ്ഞപ്പോൾ റോഡിൽനിന്നും മാറി മൺപാതയിലൂടെ കുറേ ദൂരം കൃഷിനിലങ്ങൾക്കിടയിലൂടെയുള്ള റോഡിലൂടെ സഞ്ചരിച്ചു. പ്രത്യേകിച്ച് എവിടെയെങ്കിലും എത്താതെ ഒരിടത്തുവെച്ച് പെടുന്നനെ അവസാനിച്ചൊരു പാതയായിരുന്നു അത്. ആ പാതക്കിരു വശങ്ങളിലുമായി കൃഷിയുടെ ആധിപത്യം ഗോതമ്പ് കൈയടക്കിയിരിക്കുന്നെങ്കിലും ഇടയിൽ കടുക്, കരിമ്പ്, പട്ടാണിക്കടല എന്നിവയും കാണാമായിരുന്നു.
ഞാൻ അവിടെ എത്തിയപ്പോൾ ഹൻസ്രാജ് എന്ന കർഷകെൻറ കൃഷിയിടത്തിൽനിന്നും ഒരു സ്ത്രീ പാകമായ കടുകുകൾ കാളവണ്ടിയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഹൻസ്രാജിെൻറ കൂടെ നിർമൽ സിങ് എന്ന മുതിർന്ന ഒരു കർഷകനുമുണ്ട്. ഹൻസ്രാജിന് അറിയേണ്ടത് കേരളത്തിലെ പ്രധാന കൃഷിയിനങ്ങളെക്കുറിച്ചാണ്. പഞ്ചാബിലെ പാടങ്ങളിൽ വിളയുന്ന ഗോതമ്പുകളിൽ പ്രതീക്ഷയർപ്പിച്ച് പ്രമേഹശാന്തി തേടുന്ന കേരളത്തിലെ ഏത് കൃഷിയിനത്തെക്കുറിച്ച് അയാളോട് പറയണമെന്ന കൺഫ്യൂഷൻ എനിക്കുണ്ടായിരുന്നു. അവരോട് യാത്ര പറഞ്ഞു പോരുേമ്പാൾ കീടങ്ങളെ തുരത്താനുള്ള കൊടിയ വിഷത്തിെൻറ ലായനി തയാറാക്കി തളിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഹൻസ്രാജ്.
യാത്രയിൽ എവിടെ നോക്കിയാലും ഗോതമ്പു പാടങ്ങൾ മാത്രം. ഒരു തുണ്ട് ഭൂമിപോലും തരിശിടാൻ പഞ്ചാബികൾ തയാറല്ല. എവിടെയെങ്കിലും അൽപം സ്ഥലം ബാക്കിയുണ്ടെങ്കിൽ അവിടെ ഒരുപിടി വിത്തെറിഞ്ഞ് മുളപ്പിച്ചാലേ പഞ്ചാബികൾക്ക് ഉറക്കം വരൂ. വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീടുകൾ പോലെയാണ് പരന്നുകിടക്കുന്ന പാടങ്ങൾക്കിടയിൽ അമർന്നു കിടക്കുന്ന ചെറിയ വീടുകൾ. പലതും കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങൾ ആയിരുന്നു.
പഞ്ചാബിൽ ബൈക്ക് ഒാടിക്കുന്നവരാരും ഹെൽമെറ്റ് ധരിക്കുന്നതായി കണ്ടില്ല. തലയിൽ ടർബൺ കെട്ടിയ പഞ്ചാബികൾക്ക് ഹെൽമെറ്റ് വെക്കണമെന്ന് നിയമപരമായി നിർബന്ധമില്ലത്രെ. ഇനി നിർബന്ധിച്ചിട്ടും കാര്യമില്ല. വലിയ ടർബനു പുറത്ത് ഹെൽമെറ്റ് എങ്ങനെ വെക്കാനാണ്...?
യാത്രയ്ക്കിടയിൽ അൽപം വിശ്രമം തേടി തണൽ പാകിയ ഒരു ഇടവഴിയിലേക്ക് ബൈക്ക് ഒതുക്കി നിർത്തി. ഹൈവേയിൽനിന്ന് വലിയൊരു ഇറക്കമിറങ്ങിയാണ് ബൈക്ക് ഇടവഴിയിലെത്തിയത്. വഴിയല്ലത്, വീതി കൂടിയ ഒരു വരമ്പ് മാത്രം. അതിനാൽ ബൈക്ക് അവിടെ നിന്ന് തിരിച്ചു കൊണ്ടുപോകാൻ നന്നെ പാടുപെടണം. ചിലപ്പോൾ അൽപം കൂടി പോയാൽ സുഗമമായി വളയ്ക്കാൻ കഴിയുന്ന സ്ഥലം കാണുമെന്ന് കരുതി മുന്നോട്ടുതന്നെ പോയി. ബൈക്ക് വളയ്ക്കാവുന്ന സ്ഥലമായപ്പോൾ കുറേ കർഷകർ അവിടെ നിലത്തിരുന്ന് പട്ടാണി കടല പറിച്ച് ബക്കറ്റിൽ നിറയ്ക്കുകയായിരുന്നു. തൊട്ടടുത്തു തന്നെ ട്രാക്ടറിൽ നിലം ഉഴുതുമറിയ്ക്കുന്ന മറ്റൊരു കർഷകനെയും കണ്ടു. ഗുരുവീർ എന്നായിരുന്നു അയാളുടെ പേര്. അദ്ദേഹം ട്രാക്ടറിൽനിന്നിറങ്ങി ഒരു സഞ്ചി കൈയിൽ എടുത്ത് ആ പാടത്തുന ിറയെ ചോളത്തിെൻറ വിത്തുകൾ വിതറി. എന്ത് കൃഷിയാണ് ഇവിടെ ചെയ്യുന്നതെന്ന എെൻറ ചോദ്യത്തിന് അവർ പഞ്ചാബിയിൽ പറഞ്ഞ മറുപടി എനിക്ക് മനസ്സിലായതുമില്ല. വിത്തു കണ്ടാണ് അത് ചോളമാണെന്ന് തിരിച്ചറിഞ്ഞത്. ട്രാക്ടറിൽ തനിയെ നിലം ഉഴുത ശേഷം അതിൽനിന്നിറങ്ങി വിത്തു പാകി ആ കൃഷിയിടത്തിൽ ഗുരുവീർ ഒരു ഒറ്റയാൻ പോരാട്ടം തന്നെ നടത്തുന്നു. സഹായത്തിനു പോലും മറ്റാരുമില്ലാത്ത യുദ്ധം.
യാത്ര തുടരുേമ്പാൾ ഇന്നത്തെ ലക്ഷ്യസ്ഥാനമായ അമൃത്സറിലേക്കുള്ള ദൂരം കൂറയുന്നതായി സൂചനാ ബോർഡുകൾ അറിയിക്കുന്നുണ്ട്. അതു കാണുേമ്പാൾ ആശ്വാസം തോന്നും. ഇന്ന് നേരത്തെ റൂമിലെത്തി കൂടുതൽ വിശ്രമിക്കാൻ ഒരാഗ്രഹം.
അമൃത്സറിലെത്തുന്നതിനു മുമ്പ് സുവർണ ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സ്വർണ നിറത്തിൽ വലിയൊരു ഗേറ്റ് കടക്കാനുണ്ടായിരുന്നു. വൈകിട്ട് നാലരയോെട ഒാൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്ത മുറിയിൽ എത്തി. ബാഗെല്ലാം ഒതുക്കി നേരേ വിശ്രമത്തിലേക്ക്...
അമൃത്സറിെൻറ കാഴ്ചകളിലേക്ക് നാളെ ഇറങ്ങണം.
(യാത്ര തുടരും...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.