ഉള്ളിനീർ മണക്കുന്ന കാറ്റ്
text_fieldsവെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേറ്റ് ഏതാണ്ട് ആറു മണിയോടെ യാത്ര പുറപ്പെടണമെന്ന് കരുതിയാണ് തലേന്ന് കിടന്നത്. പക്ഷേ, ക്ഷീണം കാരണം അലാറം ഒാഫാക്കി പിന്നെയും കിടന്നുപോയി. എണീറ്റയുടൻ റൂമിന് പുറത്തുവന്ന് ബൈക്ക് പൂട്ടിയിരുന്ന ചങ്ങല അഴിച്ചു. അപ്പോഴാണ് ബൈക്കിെൻറ ചെയിൻ ലൂസ് ആയിട്ടുണ്ടെന്നും ലൂബ് ചെയ്യാനായിട്ടുണ്ടെന്നുമുള്ള കാര്യം ശ്രദ്ധയിൽ പെട്ടത്. മുകളിലെ റൂമിൽ പോയി ടൂൾസ് എടുത്തുകൊണ്ടുവന്ന് ചെയിൻ അഡ്ജസ്റ്റ് ചെയ്ത് ലൂബിങ്ങും പൂർത്തിയാക്കി. എല്ലാം കഴിഞ്ഞപ്പോൾ സമയം 11 മണിയായി. യാത്ര വൈകിച്ചതിൽ സ്വയം അമർഷം ഉള്ളിലൊതുക്കി വെയിൽ വിരിച്ചിട്ട വഴിയിലൂെട ബൈക്ക് ഒാടിത്തുടങ്ങി.
ഇത്രയും ദിവസത്തെ യാത്രയുടെ പകുതിയിലധികവും രാജസ്ഥാെൻറ മണ്ണിലാണ് ചെലവഴിച്ചത്. ഇന്ന് ഞാൻ രാജസ്ഥാനോട് വിട പറയുകയാണ്. ഇനിയും കണ്ടറിയാനുള്ള നിരവധി കാഴ്ചകൾ ബാക്കിവെച്ചാണ് ഇൗ മടക്കം എന്ന് ഖേദത്തോടെ പറയെട്ട. ജയ്പൂരിൽനിന്ന് ഹരിയാനയിലെ ഹിസാർ ലക്ഷ്യമാക്കിയായിരുന്നു യാത്ര. വൈകി പുറപ്പെട്ടതിനാൽ രാത്രിക്കു മുമ്പ് 350 കിലോ മീറ്റർ താണ്ടി ഹിസാറിൽ എത്തുമോ എന്ന കാര്യം സംശയമായിരുന്നു. കുറഞ്ഞത് ഹിസാറിലെങ്കിലും എത്തിയാലേ മുന്നോട്ടുള്ള യാത്ര വിചാരിച്ച രൂപത്തിലാകു. സുഗമമായ യാത്രയൊരുക്കി നാഷനൽ ഹൈവേയും എനിക്കൊപ്പം നിന്നു. അൽപം വൈകിയെങ്കിലും സന്ധ്യയ്ക്ക് ഏഴ് മണിയോടെ ഹിസാറിൽ എത്തി റൂം എടുക്കാനായി.
ഇന്ന് അധികം വിശ്രമമൊന്നും എടുക്കാത്ത ഒാട്ടമായിരുന്നു. ഉച്ചഭക്ഷണമസയത്തും പെട്രോൾ അടിക്കുന്ന സമയത്തും മാത്രമാണ് ഒന്ന് ക്ഷീണം തീർക്കാനിരുന്നത്. ജയ്പൂർ വിട്ടുവരുന്ന വഴിയിൽ ഒരു ഉന്തുവണ്ടിയുടെ ഉള്ളിൽ കയറിയിരുന്ന് എലന്തപ്പഴം കച്ചവടം ചെയ്യുന്ന പയ്യനെ കണ്ടു. അവെൻറ കൈയിൽനിന്നും എലന്തപ്പഴം വാങ്ങി അവിടെ നിന്നുതന്നെ തിന്നു. പയ്യൻ തീരെ ഇണങ്ങാത്ത ഒരു ഇനമായിരുന്നില്ല. അതിന്റെ പ്രധാന കാരണം തൊട്ടടുത്തുതന്നെ മറ്റൊരു ഉന്തുവണ്ടിയിൽ കച്ചവടം ചെയ്യുന്ന അവന്റെ അച്ഛൻ ആണെന്ന് പിന്നീട് എനിക്ക് മനസ്സിലായി. അച്ഛൻ ഇടയ്ക്കിടയ്ക്ക് ഉച്ചത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവിടെനിന്നും കുറച്ചു ദൂരം പിന്നിട്ടപ്പോൾ റോഡിൽ അടുത്ത് സവാള കൃഷി ചെയ്യുന്നു ഒരു സ്ഥലം കാണുകയുണ്ടായി. അതിനകത്തേക്കുള്ള വഴി ചങ്ങലയിട്ട് പൂട്ടിയിരുന്നു. പിന്നെയുള്ളത് മുള്ളുകൾ കൊണ്ട് കവചം തീർത്ത ഒരു ഇടുങ്ങിയ വഴിയാണ്. എനിക്കും മുള്ളിനും കേടില്ലാത്ത രൂപത്തിൽ അതിനിടയിലൂടെ ഞാൻ അകത്തു കടന്നു.
കുട്ടികളടക്കം നിരവധിപേർ ഉള്ളി പറിക്കുന്നതിെൻറയും ചാക്കിൽ നിറയ്ക്കുന്നതിെൻറയും തിരക്കിൽ ആയിരുന്നു. അവരുടെ കൂടെ നിന്നു കാര്യങ്ങളൊക്കെ അന്വേഷിച്ചറിഞ്ഞു. ഞായറാഴ്ച ആയതിനാൽ ആയിരുന്നു അത്രയും കുട്ടികൾ അവിടെ ഉണ്ടായിരുന്നത്. ഉള്ളി കൃഷിക്ക് വെള്ളം നനയ്ക്കാൻ വേണ്ടി പ്രത്യേകം സംവിധാനം അവിടെ സജ്ജമാക്കിയിരുന്നു. രാത്രിയിലാണ് ഉള്ളിക്ക് നനയ്ക്കുന്നത്. പകൽ മറ്റു പണികൾ ഉള്ളതിനാൽ അതിനു പിന്നാലെയാകും. അപ്പോൾ നന നടക്കില്ല. കാലിനിടയിൽ വളഞ്ഞ ഒരുതരം കത്തി ഇറുക്കി പിടിച്ച് അതിൽ വച്ചാണ് പറിച്ചെടുത്ത് സവാളകൾ തുമ്പിൽ നിന്നും മുറിച്ച് മാറ്റിയിരുന്നത്. ഞാൻ ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ പിന്നെ ആകെ ബഹളമായി. എല്ലാവർക്കും പല കോലത്തിലും ഉള്ള ഫോട്ടോസ് വേണം. ചിലർക്ക് തലയിൽ കുടം വച്ചും മറ്റ് ചിലർക്ക് മരത്തിൽ കയറി തൂങ്ങിയാടിയും... അങ്ങനെ പലതരത്തിൽ. എല്ലാവരും വലിയ ആഹ്ലാദത്തിലായിരുന്നു. മുകേഷ്, നരസിംഹ് എന്നീ രണ്ട് യുവാക്കളാണ് ആ കർഷക സംഘത്തെ നയിച്ചിരുന്നത്. കൃഷിയിടത്തിലെങ്ങും സവാളയുടെ മണം പടർന്നിരുന്നു അങ്ങോട്ടുള്ള യാത്രയിൽ റോഡിെൻറ വശങ്ങളിൽ ചുവന്ന ചാക്കുകളിൽ ഉള്ളി വിൽക്കാൻ വച്ചിരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായി. വഴിയിൽ ചില സ്ഥലങ്ങളിൽ ‘കലശ യാത്ര’ നടക്കുന്നുണ്ടായിരുന്നു. ഉച്ചത്തിൽ പാട്ടും വെച്ച് കൊടികളുമായി സ്ത്രീകളടക്കമുള്ളവർ ജാഥയായി നടന്നുപോകുന്നു.
രാജസ്ഥാൻ അതിർത്തി അവസാനിക്കുന്നതിന്റെ കിലോമീറ്ററുകൾ മുമ്പുവരെ ഒട്ടകങ്ങളും മരുപ്രദേശങ്ങളിൽ പുല്ലു കൊണ്ട് മേഞ്ഞ കുടിലുകളും മണൽപ്പരപ്പും അതേപടി കാണാൻ കഴിഞ്ഞിരുന്നു. വിടചൊല്ലി പിരിയുന്നതിനു മുമ്പ് എല്ലാം കൂടി ചേർത്ത് വീണ്ടും കാഴ്ചയൊരുക്കിയ പോലെ തോന്നി. വീശിയടിച്ച കാറ്റിൽ മണൽത്തിരകൾ റോഡിൽ പാറിനടന്നു നൃത്തമാടി.
ഇടതൂർന്ന ഗോതമ്പുപാടങ്ങളാണ് ഹരിയാനയുടെ അതിർത്തിയിലേക്ക് വരേവറ്റത്. അസ്തമയ ശോഭയിൽ ഗോതമ്പുപാടങ്ങൾ ഒന്നുകൂടി വെട്ടിത്തിളങ്ങി. നിരവധി ഇഷ്ടികച്ചൂളകളും റോഡിെൻറ വശങ്ങളിൽ ഉണ്ടായിരുന്നു. തെളിഞ്ഞ ആകാശത്തിലേക്ക് കറുത്ത പുകയൂതിക്കൊണ്ട് ഇഷ്ടികച്ചൂളയുടെ കൂറ്റൻ പുകക്കുഴലുകൾ ഒരു ഭീകരജീവിയെപോലെ തലയെടുത്തുനിന്നു.
ഹിസാറിലേക്ക് കടന്നതിൽ പിന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബോർഡുകളായിരുന്നു നിറയെ. വിവിധതരം കോഴ്സുകളുടെ വാഗ്ദാനങ്ങളുമായി മുക്കിലും മൂലയിലും ബോർഡുകൾ. ഞായറാഴ്ച ആയതിനാലാണെന്നു തോന്നുന്നു നഗരത്തിലെ സ്ഥിരം കച്ചവട സ്ഥാപനങ്ങൾ മിക്കതും അടഞ്ഞുകിടന്നു. ഒന്നുരണ്ടു ഹോട്ടലുകൾ കയറിയിറങ്ങി തരക്കേടില്ലാത്ത ഒരു വിശ്രമകേന്ദ്രം കണ്ടെത്തി.
റൂമിൽനിന്ന് കുളികഴിഞ്ഞ് പുറത്തിറങ്ങി. തെരുവിലെ ഉന്തുവണ്ടികളിൽനിന്നും ആളുകൾ വാങ്ങിക്കഴിക്കുന്ന ‘ന്യഡിൽസ് ബർഗർ’ എന സാധനം കണ്ടപ്പോൾ ഇന്നത്തെ രാത്രി ഭക്ഷണം ഇതു തന്നെയെന്നുറപ്പിച്ചു. സംഗതി കൊള്ളാം. നല്ല രുചിയുണ്ടായിരുന്നു. തിരികെ റൂമിലെത്തി ഇന്ന് സംഭവിച്ചപോലെ നാളെയും വൈകി എണീക്കരുതെന്ന് എന്നെത്തന്നെ ശാസിച്ച് ഉറങ്ങാൻ കിടന്നു.
(ഇനി ഹരിയാനയിലെ കാഴ്കൾ പറയാം...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.