ഖ്വാജാ ശൈഖിൻ മഖ്ബറ
text_fieldsതലേന്ന് ക്യാമറയുണ്ട് എന്ന കാരണത്താൽ പ്രവേശനം നിഷേധിച്ച അജ്മീർ ദർഗക്കകത്ത് ഇന്ന് രാവിലെ 8.30ന് ഞാനെത്തി. ഇന്നലെ വൈകീട്ട് കണ്ട അതേ തിരക്കായിരുന്നു രാവിലെയും അനുഭവപ്പെട്ടത്. തലയിൽഒരു വെള്ളത്തൂവാലയും ധരിച്ച് പ്രധാന കവാടത്തിലൂടെ അകത്തേക്ക് കടന്നു. ഒരു ഭാഗത്ത് അൽപം മുകളിലായി അജ്മീർ ചെമ്പ് എന്നറിയപ്പെടുന്ന വലിയ പാത്രം കാണാനായി. അതിൽ നിറയെ നോട്ടുകെട്ടുകളും അരി നിറച്ച സഞ്ചികളുമാണ് കണ്ടത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ അപ്പോൾ മഖ്ബറയ്ക്കുള്ളിൽ ഉണ്ടായിരുന്നു. കുളത്തിൽനിന്നും അംഗശുദ്ധി വരുത്തിയാണ് പലരും ദർഗാ ഷെരീഫിലേക്ക് പ്രവേശിക്കുന്നത്. ദർഗയുടെ കവാടത്തിനു പുറത്ത് മാർബിൾ തറയിലിരുന്നുകൊണ്ട് കലാകാരന്മാർ ഖവ്വാലി അവതരിപ്പിക്കുന്നുണ്ട്. ഇത്ര കാലത്തെ ഇതൊക്കെ എങ്ങനെ നടക്കുന്നു എന്ന് വിസ്മയിച്ചുപോയി.
ഗായകർക്കു ചുറ്റുമായി വിശ്വാസികളും ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ഹർമോണിയവും ഡോലക്കും കണ്ഠനാളത്തിൽനിന്നുയരുന്ന സൂഫി സംഗീതവും ചേർന്ന് ആത്മീയതയുടെ അഭൗമമായ ഒരന്തരീക്ഷം അവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ദർഗയ്ക്കുള്ളിൽ പ്രവേശിക്കുന്ന വിശ്വാസികളുടെ കൈയിൽ ഒരു കൂട്ട നിറയെ പനിനീർപുഷ്പങ്ങളും പച്ചനിറത്തിലുള്ള പട്ടു തുണിയും ചന്ദനത്തിരിയുടെ പെട്ടിയും കാണം. ഖ്വാജാ മുഉനുദ്ദീൻ ചിശ്തിയുടെ ഖബറിടത്തിൽ പുഷ്വൃഷ്ടി നടത്തി ചന്ദനത്തിരിയും പച്ചപ്പട്ടും അർപ്പിച്ച് വിശ്വസികൾ പുറത്തിറങ്ങി. ദർഗയുടെ അകത്തെ കല്ലിലും തൂണിലും വാതിലുകളിലും തൊട്ട് മുഖത്തും കൈയിലും തലോടി അനുഗ്രഹം തേടുന്ന വിശ്വാസികളെയും കാണാം. ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന വിഷമതകളും യാതനകളും ഇറക്കിവെക്കാനുള്ള അത്താണി തേടിയാണ് അവർ വന്നിരിക്കുന്നതെന്ന് അവർ വാർത്തുകൊണ്ടിരിക്കുന്ന കണ്ണീർ ചാലുകൾ ഒാർമപ്പെടുത്തുന്നു.
മഖ്ബറയുടെ പല ഭാഗങ്ങളിലായി ഇരിക്കുന്ന സൂഫിവര്യന്മാരുടെ അടുക്കൽ നേരിട്ട് പോയി വിഷമങ്ങൾ പറഞ്ഞ് അനുഗ്രഹങ്ങൾ തേടുന്നവരും ധാരാളമുണ്ട്. മഖ്ബറയിലെ ഭിത്തികളിൽ രണ്ട് കൈയും അമർത്തി മുഖം കൊണ്ട് ചേർത്ത് ദീർഘനേരം പ്രാർത്ഥന നിർഭരമായി നിൽക്കുന്ന കുറേ വിശ്വാസികൾ. മഖ്ബറക്ക് അകത്ത് പലയിടത്തീം കണ്ട മലയാളം ബോർഡുകൾ അജ്മീറിലേക്കുള്ള വിശ്വാസികളുടെ വലിയൊരു നിര കേരളത്തിൽനിന്നുമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
അൽപ നേരത്തിനു ശേഷം ഞാൻ മഖ്ബറയുടെ പുറത്തുകടന്നു. തെരുവു കച്ചവടങ്ങൾക്കരികിലൂടെ റൂമിലേക്ക് നടന്നു. അതിവിദഗ്ധന്മാരായ പോക്കറ്റടിക്കാർ വിലസുന്ന കേന്ദ്രമായതിനാൽ ഒരു മൊബൈൽ മാത്രമേ ഞാൻ എടുത്തിരുന്നുള്ളു.പഴ്സ് റൂമിൽ തന്നെ വെച്ചിട്ടാണ് ഞാൻ പോന്നത്.
റൂമിൽനിന്നും 11 മണിേയാടെ ഞാൻ അജ്മീറിനോട് വിടപറഞ്ഞു. 15 കിലോ മീറ്റർ അപ്പുറത്തുള്ള പുഷ്കർ എന്ന പ്രദേശമായിരുന്നു ലക്ഷ്യം. ഒരു മലഞ്ചെരിവിലൂടെ കയറിയിറങ്ങിവേണം പുഷ്കറിലെത്താൻ. അവിടേക്കുള്ള യാത്രയിൽ പാറക്കെട്ടുകൾക്കിടയിൽ സിംഹവാലൻ കുരങ്ങന്മാരെ കാണാം. നേരേ ചെന്നത് പുഷ്കർ തടാകത്തിലേക്കാണ്. തടാകത്തിനു ചുറ്റും നിരവധി ക്ഷേത്രങ്ങളുണ്ട്. വിശ്വാസികൾ ഒരു പുണ്യതടാകമായാണ് പുഷ്കറിനെ കാണുന്നത്.
ചെയ്തുപോയ പാപങ്ങൾ കഴുകിക്കളയാൻ പുഷ്കർ തടാകത്തിൽ മുങ്ങിനിവർന്നാൽ മതിയെന്നാണ് വിശ്വാസം. ചിലർ തടാകത്തിലിറങ്ങി കുളിക്കുന്നുണ്ട്. പടവിൽ ഇരുന്നുകൊണ്ട് ഒരമ്മ കുട്ടികളെ കുളിപ്പിക്കുന്നുണ്ടായിരുന്നു. കൽപ്പടവിെൻറ വിടവിൽ കത്തിച്ചു തിരുകിയ ചന്ദനത്തിരി അവിടെമാകെ സുഗന്ധം പരത്തി. പുഷ്കർ തടാകത്തിെൻറ കരയിലും സിംഹവാലൻ കുരങ്ങന്മാർ വിലസുന്നുണ്ട്.
തടാക സന്ദർശനവും കഴിഞ്ഞ് നേരേ പോയത് തൊട്ടടുത്തുതന്നെയുള്ള ബ്രഹ്മ ക്ഷേത്രത്തിലേക്കായിരുന്നു. 14ാം നൂറ്റാണ്ടിൽ നിർമിച്ച ഇൗ ക്ഷേത്രം പുഷ്കറിെൻറ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ക്ഷേത്രത്തിലേക്കുള്ള വഴിയോരങ്ങളിൽ നിറയെ കച്ചവടക്കാരാണ്.തുണിത്തരങ്ങളും ആഭരണങ്ങളും പാദരക്ഷകളും ഭക്ഷണപാനീയങ്ങളും നിരത്തി വഴിേയാരത്തെ കച്ചവടക്കാർ സന്ദർശകരെ കാത്തിരിക്കുന്നു. അവിടെനിന്ന് ദാഹമകറ്റാൻ ‘ജൽമീര സോഡ’യും കുടിച്ച് ഞാൻ ജയ്പൂർ ലക്ഷ്യമാക്കി നീങ്ങി. റോഡുകൾ കുറ്റമറ്റതായിരുന്നതിനാൽ 4.30 ഒാടെ രാജസ്ഥെൻറ തലസ്ഥാനമായ ജയ്പൂരിൽ സുഖമായെത്തി.
യാത്രയുടെ ലഹരിയിൽ ഉച്ചഭക്ഷണത്തിെൻറ കാര്യം പോലും ഒാർത്തില്ല. വിശന്നുതുടങ്ങിയപ്പോൾ വഴിയോരത്തൊന്നും നല്ല ഹോട്ടലുകൾ കണ്ടതുമില്ല.വൈകിട്ട് റൂമിലെത്തി ബാഗും സാധനങ്ങളും അടുക്കിവെച്ച് പുറത്തിറങ്ങി. നല്ലൊരു ഭക്ഷണശാല തപ്പി കുറേ നേരം അലഞ്ഞു. വെറും തൈരും കൂട്ടി റൊട്ടി കഴിക്കാൻ ഇനിയും വയ്യ. കാര്യമായിെട്ടന്തെങ്കിലും കഴിക്കാൻ വേണമായിരുന്നു. വിശപ്പ് അതിെൻറ മൂർധാവിൽ തൊട്ടിരുന്നു. ജോധ്പൂരിെല മട്ടൻകറി പ്രസിദ്ധമാണെന്ന് കേട്ടിരുന്നെങ്കിലും കഴിക്കാനായില്ല. എന്തായാലും, ജയ്പൂരിൽനിന്ന് മട്ടൻ കറിയും കൂട്ടി രണ്ടുതരം റൊട്ടി കഴിച്ചു. എന്നും ചെലവു ചുരുക്കലല്ലേ ഇന്ന് ഗംഭീരമാക്കാമെന്നു വിചാരിച്ചു.
നല്ല തിരക്കുള്ള നഗരമാണ് ജയ്പൂർ. ഒരു ട്രാഫിക് സിഗ്നലിന് സമീപം വെച്ച് ബൈക്കിനടുത്തൂകൂടി കടന്നുപോയ ഒരു സ്ത്രീ സൈഡ് മിററിൽ തട്ടി അതിെൻറ ഒരു നട്ട് ഇളകിപ്പോയിരുന്നു.അതിനു ശേഷം ഏതെങ്കിലുമൊരു ദിശയിലേക്ക് മിറർ തിരിഞ്ഞുകൊണ്ടിരിക്കും. തൽക്കാലം ഒരു നട്ട് സംഘടിപ്പിച്ച് മിറർ ഫിറ്റ് ചെയ്ത് രാത്രിയോടെ റൂമിൽ തിരികെയെത്തി. ജയ്പൂർ നഗരത്തിെൻറ ചരിത്രത്തിലേക്കും സ്മാരകങ്ങളിലേക്കുമുള്ള യാത്ര 17ാം ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.