പാതയോരത്തെ ശിൽപങ്ങൾ
text_fieldsഉദയ്പൂരിലെ റൂമിൽ നിന്നിറങ്ങുേമ്പാൾ ഒമ്പതു മണി കഴിഞ്ഞിരുന്നു. മതിയായ ഉറക്കം കിട്ടാൻ വേണ്ടിയാണ് ഇത്തിരി വൈകി ഇറങ്ങിയത്. ഉദയ്പൂരിൽ ഒമ്പതു മണിയോടെ തന്നെ നഗരത്തിലെ എല്ലാ കടകളും കച്ചവടങ്ങളും സജീവമായിരുന്നു.
ഉദയ്പൂരിൽനിന്നും അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള പാതയുടെ ഇടതുവശത്ത് ദൂരെ ഒരു ഗോതമ്പ് പാടത്ത് കുേ
റ ആളുകൾ കൂടി നിൽക്കുന്നതു കണ്ടു. ബൈക്കിൽനിന്ന് അൽപം കൂടി ഉയർന്നുനിന്ന് നോക്കിയാലേ അവരെ കാണാൻ കഴിയൂ. അവരുടെ അടുത്തെത്താൻ ഹൈവേയിൽനിന്നും പോക്കറ്റ് റോഡുകൾ ഒന്നുമില്ല. കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ ഒരു റോഡ് കണ്ടു. അതുവഴി പോയാൽ ചിലപ്പോൾ അവരുടെ അടുത്തെത്താൻ കഴിയുമെന്നു തോന്നി. പക്ഷേ, ആ റോഡിലൂടെ കുറേ ദൂരം പോയെങ്കിലും നിരാശനായി മടങ്ങേണ്ടിവന്നു. മഹാരാഷ്ട്രിലെ യാത്രയിൽ കരിമ്പുപാടങ്ങളായിരുന്നുവെങ്കിൽ രാജസ്ഥാനിൽ നിറയെ ഗോതമ്പു പാടങ്ങളാണ്.
ഹൈവേയിൽ നിന്ന് മാറിയ ഒരു ചെറിയ റോഡ് മുകളിലേക്ക് വളഞ്ഞുപുളഞ്ഞു പോകുന്നത് കണ്ടാണ് അതുവഴി ബൈക്ക് തിരിച്ചുവിട്ടത്. ഇടുങ്ങിയ റോഡുകൾ ചെന്നവസാനിച്ചത് ഒരു പുൽമേട്ടിലായിരുന്നു. ഏകനായി തന്നോടുതന്നെ ചേർന്നിരിക്കാൻ തോന്നുന്ന ആ പുൽമേട്ടിൽ അപ്പോൾ ഞാനും കുറച്ചു കന്നുകാലികളും മാത്രമേയുണ്ടായിരുന്നുള്ളു. ആ പുൽപ്പരപ്പിന് അഴകുചുറ്റി ഒരു ചെറിയ അരുവി അതുവഴി ഒഴുകുന്നുണ്ടായിരുന്നു. അരുവിയുടെ കളകളവും കിളികളുടെ ചിലയ്ക്കലും ഇടയ്ക്ക് ഉയരുന്ന കന്നുകാലികളുടെ അമറലും ഒഴിച്ചാൽ നിശബ്ദതയുടെ ഒരു താഴ്വാരം. മൈതാനത്തിനു ചുറ്റും പൂത്തു നിൽക്കുന്ന മാവും പേരമരവും. ചെറിയ ഭാഗത്ത് മാത്രമായി ഒതുങ്ങിയ ഗോതമ്പുപാടം.
പുൽമൈതാനത്തിന് ഒരു വശത്ത് ചെറിയ മല പോലുള്ള കയറ്റമായിരുന്നു. അൽപം ബുദ്ധിമുട്ടി അതു കയറിയപ്പോൾ ആടുകളെയും കാലികളെയും മേയ്ക്കാൻ വന്ന സ്ത്രീകളെ കണ്ടു. കുറച്ചു സ്ത്രീകൾ മണ്ണിടിച്ച് കൊട്ടയിലാക്കുന്ന പണിയിലായിരുന്നു.
കുന്നിൻ ചെരുവിൽനിന്ന് ഹൈവേയിലേക്ക് കയറുന്ന ഭാഗത്ത് ചെളി കൊണ്ട് തേച്ച് മനോഹരമാക്കിയ ഒരു ചെറിയ വീട് കണ്ടു. അതിെൻറ ഭംഗി നോക്കി നിൽക്കുേമ്പാഴാണ് കൈയിൽ ഗോതമ്പു കതിരും പിടിച്ചുകൊണ്ട് ഒരു കൊച്ചുകുട്ടി എൻറടുേത്തക്ക് ഒടിവന്നത്. എന്നെ കണ്ടയുടൻ അവനൊന്നു പരുങ്ങി. കൃഷിക്കാരുടെ വംശപരമ്പരയിലേക്ക് വിരിയുന്ന കതിരുപോലെ അവനപ്പോൾ എെൻറ മുന്നിൽ പൂത്തുനിന്നു. ഉപേന്ദർ എന്നാണ് അവെൻറ പേര്. അവനെ പിന്തുടർന്ന് ദീപക്, നിമ എന്നീ രണ്ടു കുട്ടികളും കൂടി വന്നു. കല്ലിെൻറ ചീളുകൾ മനോഹരമായി അടുക്കിയുണ്ടാക്കിയ വീടുകൾ ആ പ്രദേശത്തെ പ്രത്യേകതയായിരുന്നു.
ഹൈവേയിലൂടെ പോകുേമ്പാൾ തന്നെ ഗോതമ്പു പാടങ്ങൾ കാണാം. വൈക്കോൽ കൂനകൾ പാടത്ത് കൂട്ടിയിട്ടിരിക്കുന്നു. മേഞ്ഞുനടക്കുന്ന പശുക്കൾ. അരികിൽ തളിർത്തും ഇല കൊഴിഞ്ഞും നിൽക്കുന്ന മരങ്ങൾ. അതിനിടയിൽ കൊച്ചുകൊച്ചു വീടുകൾ. മനുഷ്യർ മാത്രമല്ല, ആ കാഴ്ചകളും നിഷ്കളങ്കമാണ്.
റോഡിെൻറ അരികിലൂടെ കുടം തലയിൽ വെച്ച് ബാലൻസ് ചെയ്തു പോകുന്ന പെണ്ണുങ്ങളുടെ നിരതന്നെ കാണാം. കൈമുട്ട് മുതൽ തോൾവരെ വളകൾ അണിഞ്ഞവരുമുണ്ട് ആ കൂട്ടത്തിൽ. ദേഹം മുഴുവൻ മറയ്ക്കാൻ പാകത്തിലുള്ള വലിയൊരു തുണി തലയിൽനിന്നും പിന്നിൽ താഴേക്ക് തൂക്കിയിട്ടിട്ടുണ്ട്. അധികം സ്ത്രീകളും മോതിരത്തെക്കാൾ വലിപ്പമുള്ള റിങുകൾ കൊണ്ട് മൂക്കു കുത്തിയിട്ടുണ്ട്. ഉദയ്പൂരിൽ നിന്നും സിറോഹി വരെയുള്ള ഗ്രാമങ്ങളിൽ സഞ്ചാരത്തിന് പൊതുജനങ്ങൾ ജീപ്പും ഒാേട്ടാറിക്ഷയുമാണ് കൂടുതൽ ആശ്രയിക്കുന്നത്. ടൂവീലർ ഉള്ളവർ നാലുപേരെയൊക്കെ വെച്ചാണ് പോകുന്നത്.
ഉച്ചയ്ക്ക് പെട്രോൾ അടിച്ച പമ്പിെൻറ ഒഴിഞ്ഞ മൂലയിൽ തണലിൽ അൽപം വിശ്രമിക്കാനിരുന്നു. നല്ല കാറ്റുണ്ടായിരുന്നു. ഇരുന്ന ആ തിണ്ണയിൽ കിടന്നുറങ്ങിയാലോ എന്നുപോലും തോന്നിപ്പോയി. അവിടെ നിന്ന് പോകുന്ന വഴിയിൽ പലയിടവും മിക്കവാറും വിജനമായിരുന്നു. മരുഭൂമിയെ ഒാർമിപ്പിക്കുന്നപോലെ ഇരുവശങ്ങളിലും മണലും ചെറിയ കല്ലുകളും മാത്രമുള്ള പ്രദേശങ്ങളിലൂടെയായിരുന്നു കടന്നുപോയത്. ഇടയിൽ മല തുരന്നുണ്ടാക്കിയ രണ്ട് തുരങ്കങ്ങളിലൂടെയും കടന്നുപോയി.
സിറോസി പട്ടണത്തിൽ എത്തുന്നതിനു മുമ്പായിരുന്നു ആ കാഴ്ച കണ്ടത്. റോഡ് വക്കിലിരുന്ന് ശിൽപങ്ങളുണ്ടാക്കി വിൽക്കുന്ന ഒരു നാടോടി കുടുംബം. അവരിലെ ആണുങ്ങൾ മുൻകൂട്ടി തയാറാക്കിയ അച്ചിലേക്ക് വൈറ്റ് സിമൻറ് നിറച്ച് ഉണങ്ങാൻ വെയ്ക്കുന്നു. ഉണങ്ങിക്കഴിഞ്ഞ അച്ചിൽ നിന്നും ശിൽപങ്ങൾ പുറത്തെടുത്തു കഴിഞ്ഞാൽ അതിൽ ചായം പുശി മിനുക്കുന്ന പണിയാണ് സ്ത്രീകൾക്ക്. അവർക്ക് ചുറ്റിലുമായി കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ.
അവരുടെ ലോകം ഞാൻ ക്യാമറയിൽ പകർത്തി. കുട്ടികളുടെ ഫോേട്ടാ അവരെ കാണിച്ചു. ഫോേട്ടാ അവർക്ക് നന്നേ ബോധിച്ചു. ഏത് ദൃശ്യത്തിലേക്ക് ക്യാമറ തിരിച്ചാലും ഫ്രെയിമിലേക്ക് ചിരിച്ച മുഖവുമായി അവർ തള്ളിക്കയറി വന്നു. അവരുടെ മുത്തശ്ശി ശിൽപങ്ങൾക്ക് പെയിൻറ് അടിക്കുന്നുണ്ടായിരുന്നു. അവരുടെ ചിത്രം എടുക്കാൻ തുനിഞ്ഞപ്പോഴും കുട്ടികൾ അവർക്കു ചുറ്റും ഒാടിയെത്തി. എന്തൊക്കെയോ കൊണ്ടുണ്ടാക്കിയ കൂടാരമാണ് അവരുടെ വീട്.
കിടക്കാൻ നല്ല വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലെങ്കിലും നമ്മളെക്കാൾ സന്തോഷത്തിലാണ് അവരെന്നു തോന്നി. കുട്ടികൾ അപ്പോഴും വിട്ടുപോവാതെ നിൽക്കുകയാണ്. ഞാൻ ബൈക്കെടുത്ത് അൽപം ദൂരെയുള്ള ഒരു കടയിൽനിന്നും കുറച്ച് മിഠായി വാങ്ങി വീണ്ടും അവരുടെ അടുത്തു ചെന്ന്. അവർക്ക് എെൻറ സന്തോഷം മിഠായികളായി നൽകി കൈവീശി അവരോട് യാത്ര പറഞ്ഞ് പോന്നു.
ഉച്ചഭക്ഷണത്തിനായി കയറിയ ഹോട്ടൽ ഒരു ലോറിത്താവളം കൂടിയായിരുന്നു. അവിടെയുണ്ടായിരുന്നവർക്ക് എന്നോട് ചോദിച്ചറിയാൻ ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു. ഒറ്റയ്ക്കാണോ യാത്ര..? എന്താണ് ജോലി...? എത്ര രൂപ മൊത്തം വേണ്ടിവരും...? എത്ര രൂപയ്ക്ക് െപട്രോൾ അടിക്കേണ്ടിവരും...? ഇങ്ങനെ തനിച്ച് യാത്ര ചെയ്യുേമ്പാൾ ബോറടിക്കില്ലേ...? അങ്ങനെ ചോദ്യാവലി നീണ്ടു..
അവർക്കിടയിൽ ഒരു വെള്ള തലപ്പാവ് ധരിച്ച് നെറ്റിയിൽ കുറിയും തൊട്ടിരിക്കുന്ന ആളാണ് ഞാൻ പറഞ്ഞിട്ടും മനസ്സിലാവാത്ത കാര്യങ്ങൾ മറ്റുള്ളവർക്ക് വ്യക്തമാക്കിക്കൊടുത്തത്.
അവിടെ ഭക്ഷണം കഴിക്കാൻ കസേരയും മേശയുമൊന്നുമില്ല. കട്ടിലു മാത്രം. അതിൽ ചമ്രം പടിഞ്ഞിരിക്കണം. കട്ടിലിൽ കുറുകെ വെച്ചിരിക്കുന്ന വീതിയുള്ള പലകയിലാണ് ഭക്ഷണം കൊണ്ടുവെയ്ക്കുന്നത്. റൊട്ടിയും തൈരും ഉരുളക്കിഴങ്ങു കൊണ്ടുണ്ടാക്കിയ ഒരു വിഭവവുമാണ് ഉച്ചഭക്ഷണം. അതിനു ശേഷം കുടിക്കാൻ ഒരു ഗ്ലാസ് സംഭാരവും.
അവിടെ നിന്ന് യാത്ര തുടരുന്നതിനിടയിൽ വഴിയിൽ ഒരിടത്ത് ഒരു കരിമ്പിൻ ജ്യൂസ് കഴിക്കാൻ നിർത്തി. അവിടെ ഒരു യുവാവ് പരിചയപ്പെടാൻ എത്തി. എെൻറ യാത്ര അയാൾക്ക് ഇഷ്ടമായതുകൊണ്ടാവണം ജ്യൂസിെൻറ പൈസ കൊടുക്കാൻ അയാൾ എന്നെ അനുവദിച്ചില്ല. എന്നോടയാൾ ‘അതിഥി ദേവോ ഭവ..’ എന്നയാൾ പറഞ്ഞു. അയാൾ ബി.ജെ.പിയുടെ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറാണ്. സ്വരൂപ് എന്നാണ് േ
പര്. കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് അയാൾക്ക് നല്ല മതിപ്പായിരുന്നു. അതയാൾ തുറന്നുപറഞ്ഞു. അവിടെനിന്നും അൽപ ദൂരം കൂടി സഞ്ചരിച്ച ് ‘ജാലോർ’ എന്ന ചെറു പട്ടണത്തിൽ ഞാൻ പത്താം ദിവസത്തെ യാത്ര അവസാനിപ്പിച്ചു.
(യാത്ര തുടരുന്നു...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.