കുൽധരയെന്ന പ്രേതഭൂമി
text_fieldsവിട്ടുപോകാൻ കഴിയാതെ പിന്നെയും പിന്നെയും പിടിച്ചുവെക്കുന്ന എന്തോ ഒരു ആകർഷണീയതയുണ്ട് ജൈസാൽമീറിന്. താർ മരുഭൂമിക്കടുത്ത താമസ സ്ഥലത്തുനിന്ന് രാവിലെ 350 കിലോ മീറ്റർ അകെലയുള്ള ജോധ്പൂരിലേക്ക് പോകാനാണ് ഉദ്ദേശിച്ചത്. പക്ഷേ, കാന്തം കണക്കെ ജൈസാൽമീർ പിന്നെയും പിടിച്ചുവലിക്കുന്നു. കാണാൻ ബാക്കി കിടക്കുന്ന ജൈസാൽമീറിൽ തന്നെ ഇന്നും ചെലവഴിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. അതുകൊണ്ട് വലിയ തിടുക്കമൊന്നുമില്ലാതെയാണ് താറിനരികിലെ വെള്ള മേൽക്കൂര വിരിച്ച കൂടാരത്തിൽനിന്ന് ഉണർന്നെണീറ്റത്.
തലേന്ന് മുറിയെടുത്ത കനോയ് എന്ന സ്ഥലത്തുനിന്ന് നേരേ വെച്ച് പിടിച്ചത് ഒരു സുപ്രഭാതത്തിൽ ഗ്രാമവാസികൾ എല്ലാവരും വിട്ടിറങ്ങിപ്പോന്ന ‘കുൽധര’ എന്ന പ്രദേശത്തേക്കാതയിരുന്നു. ശാപം കിട്ടിയ മണ്ണു കണക്കെ കുൽധര ഇന്നും വിജനമായി കിടക്കുന്നു. പല പല കഥകളും കുൽധരയ്ക്കു ചുറ്റും പിണഞ്ഞുകിടക്കുന്നു. പ്രേതബാധയുള്ള ഇൗ പ്രദേശത്ത് യക്ഷി വന്ന് നശിപ്പിച്ചതാണെന്നും ഭൂചലനം ഉണ്ടായതിനെ തുടർന്നാണ് ആളുകൾ ഇവിടം വിടുപോയതാണെന്നും.... അങ്ങനെയങ്ങനെ കഥകൾ നീളുന്നു. കെട്ടിടങ്ങളുടെ തകർന്നടിഞ്ഞ കൽക്കഷണങ്ങൾ ചിതറിക്കിടക്കുന്ന കുൽധരയിൽ 200 വർഷങ്ങൾക്കു മുമ്പ് സംഭവിച്ചത് എന്താണെന്ന് നിഗൂഢമായി തന്നെ കിടക്കട്ടെ.
കുൽധരയിൽനിന്ന് വരുന്ന വഴി ഒരു ട്രാക്ടറിൽ കൊയ്തെടുത്ത ഗോതമ്പു കതിരുകൾ കയറ്റികൊണ്ടുപോകുന്നത് കണ്ടു. ട്രാക്ടർ പ്രധാന റോഡിൽനിന്നും മാറി ഒരു ഗ്രാമത്തിലേക്കുള്ള വഴിയിൽ നീങ്ങി. ഞാനും അതിനു പിന്നാലെ വിട്ടു. ട്രാക്ടർ നിറുത്തിയ ഇടത്ത് ഗോതമ്പ് കതിരുകൾ കൂട്ടിയിട്ടിരിക്കുന്നു. ട്രാക്ടറിൽ കൊണ്ടുവന്ന കതിരുകളും ഇറക്കിവെയ്ക്കുകയാണ്. ഗോതമ്പ് കൂടാതെ ‘ചണ’ എന്നു പറയുന്ന കടല വിളവെടുത്തതും കൂട്ടിയിട്ടിട്ടുണ്ട്. ആദ്യം അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.
ധർമറാം എന്ന വൃദ്ധനായ കൃഷിക്കാരൻ കൂട്ടിയിട്ടിരിക്കുന്നതിൽനിന്നും ഒരെണ്ണത്തിെൻറ പച്ചത്തോട് പൊളിച്ച് അതിൽനിന്ന് എടുത്തുകാണിച്ചുതന്നു. അദ്ദേഹം അത് പച്ചയോടെ കഴിക്കുകയും എന്നോട് കഴിച്ചുകൊള്ളാൻ പറയുകയും ചെയ്തു. ഒരെണ്ണം ഞാൻ കഴിച്ചു. വേണേൽ ഇനിയും കഴിച്ചോളൂ, ആരോഗ്യത്തിന് നല്ലതാണ് എന്നായി ധർമറാം. പച്ചയായതിനാൽ ഇത്തിരി ബുദ്ധിമുട്ടിയാണ് കഴിച്ചത്. പക്ഷേ, നിഷ്കളങ്കനായ ആ ഗ്രാമീണ കർഷകന്റെ സ്നേഹം വീണ്ടും കഴിക്കാൻ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.തിരികെ ജൈസാൽമീറിലേക്ക് വരുേമ്പാൾ നല്ല കാറ്റുണ്ടായിരുന്നു. മണൽത്തരികൾ കാറ്റിൽ പൊടിയായ് റോഡിലേക്ക് വീശിക്കൊണ്ടിരുന്നു. ആ കാറ്റിെൻറ ഉന്മാദത്തിൽ റോഡിനപ്പുറത്തെ കാറ്റാടിപ്പാടങ്ങൾ ആർത്തുല്ലസിച്ച് കറങ്ങി. ശക്തമായ കാറ്റിൽ ബൈക്കിലുള്ള നിയന്ത്രണം പലപ്പോഴും പാളി. ഉച്ചയ്ക്ക് ഒന്നരയോടെ ജൈസാൽമീറിലെത്തി. കോട്ടയുടെ താഴെ കഴിഞ്ഞ ദിവസം എടുത്ത മുറിയിൽകയറി ബാഗെല്ലാാം അവിടെ വെച് ‘ഗഡിസാർ തടാകം’ കാണാൻ പുറപ്പെട്ടു. സുന്ദരമായ തടാകം. തനിച്ച് വന്നിരിക്കാൻ പറ്റിയ സ്ഥലം.
ഒാഫ് സീസൺ ആയതിനാൽ ബോട്ടുകളെല്ലാം കരയോടടുപ്പിച്ച് കെട്ടിയിട്ടിരിക്കുന്നു. തടാകത്തിെൻറ കരയിലെ കൽപ്പടവിൽ സൊറ പറഞ്ഞിരിക്കുകയാണ് തുഴച്ചിലുകാർ. വിദേശീയരടക്കം ഏതാനും സഞ്ചാരികൾ അല്ലാതെ വലിയ തിരെകാന്നുമില്ല.ഗഡിസാർ തടാകത്തിനു ചുറ്റും ക്ഷേത്രങ്ങൾ കാണാം.കാര്യമായ കച്ചവടമൊന്നും തരപ്പെടാത്ത തടാകത്തിനു ചുറ്റുമുള്ള കച്ചവടക്കാർ വെറുതെയിരിക്കുകയാണെന്നു തോന്നി. തടാകത്തിെൻറ കൽപ്പടവിൽ കുറച്ചുനേരം ഇരുന്നു.ചിത്രങ്ങളുമെടുത്തു.
പിന്നീട് ജൈസൽമീറിൽനിന്നും അൽപം മാറി സ്ഥിതി ചെയ്യുന്ന ‘വാർ മ്യൂസിയം’ കാണാൻ പോയി. ധീര സ്മരണകൾ നിറഞ്ഞുനിൽക്കുന്ന വാർ മ്യൂസിയത്തിൽ എത്താൻ ജൈസാൽമീറിൽനിന്നും 14 കിലോ മീറ്റർ സഞ്ചരിക്കണം. മ്യൂസിയത്തിനകത്ത് ഇന്ത്യയുടെ യുദ്ധകാല ചരിത്രവും പ്രധാന സൈനികരുടെ പേരുകളും ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ പാക്കിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പട്ടാളക്കാരുടെ കൈയിൽനിന്ന് പല യുദ്ധങ്ങളിലായി പിടഡിച്ചെടുത്ത ആയുധങ്ങളും പ്രദർശനത്തിന് വെച്ചിട്ടുണ്ട്.
അൽപനേരം മ്യുസിയത്തിൽ ചെലവഴിച്ച ശേഷം ൈജസാൽമീർ േകാട്ടയ്ക്ക് സമീപമുള്ള മാർക്കറ്റിൽ ഒന്നു ചുറ്റിയടിച്ചു. രാത്രി ഭക്ഷണത്തിന് കഴിക്കാനുള്ളതും വാങ്ങി നേരത്തെ അഞ്ചു മണിയോടെ റൂമിൽ എത്തി. ഹെൽമെറ്റും ബാഗുമൊക്കെ ഇത്രയും ദിവസത്തെ യാത്ര കൊണ്ട് പൊടിപിടിച്ചു കഴിഞ്ഞിരുന്നു. അതൊക്കെ വൃത്തിയാക്കാൻ സമയം കിട്ടി.
രാത്രി എട്ടു മണിയായപ്പോൾ വീണ്ടും റൂമിൽനിന്ന് പുറത്തിറങ്ങി. അലങ്കാര വിളക്കുകളുടെ അകമ്പടിയിൽ കോട്ട പകൽ കണ്ടതിനെക്കാൾ ഭംഗിയിൽ തിളങ്ങിനിന്നു. റാവു ജൈസാൽ രാജാവുണ്ടാക്കിയ ആ കോട്ട നൂറ്റാണ്ടുകൾക്കു ശേഷവും അനേകായിരം ആളുകൾക്ക് അഭയവും അന്നവുമായി ഇൗ രാത്രിയിലും പ്രശോഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.