കൂടാരമുറ്റത്തെ കണ്ണീർക്കുരുന്നുകൾ
text_fieldsഅഹമ്മദാബാദിലെ റൂമിൽനിന്നും എട്ടാം ദിവസത്തെ യാത്ര തുടരുേമ്പാൾ സമയം രാവിലെ 8.30കഴിഞ്ഞിരുന്നു. യാത്രയിൽ ഞാൻ ശ്രദ്ധിച്ചത് ഗുജറാത്തിലെ പറഞ്ഞുകേട്ട വികസനത്തെക്കുറിച്ചായിരുന്നു. കേരളത്തിൽ നിന്നു വരുന്ന ഒരാൾക്ക് മാതൃകയാക്കണം എന്നു േതാന്നുന്ന വികസനമൊന്നും ആ വലിയ നഗരത്തിൽപോലും കാണാൻ കഴിഞ്ഞില്ല. റോഡ് മാത്രമല്ലല്ലോ വികസനം. നഗരത്തിെൻറ മിക്ക സ്ഥലങ്ങളും വൃത്തിയില്ലാതെ കിടക്കുന്നു. വലിയ വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ ആസ്ഥാനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാത്രം അൽപം ശുചിത്വം കാണാം. സ്വഛ് ഭാരതൊക്കെ കോമഡിയായി തോന്നി.
ഇന്നത്തെ പ്രഭാതഭക്ഷണം ഒരു ഖബർസ്ഥാനിൽനിന്നുമാണ് ഞാൻ കഴിച്ചതെന്ന് കേൾക്കുേമ്പാൾ എനിക്ക് വട്ടായോ എന്ന് തോന്നിയേക്കാം. ഞാൻ മാത്രമല്ല, എന്നെപ്പോലെ കുറേപ്പേർ ഖബർസ്ഥാനിൽനിന്നുമാണ് ഭക്ഷണം കഴിച്ചത്. അഹമ്മദാബദിലെ ‘ന്യൂ ലക്കി റസ്റ്റോറൻറ്’ ആണ് വിചിത്രമായ ‘ഖബർസ്ഥാൻ ഹോട്ടൽ’. റസ്റ്റാറൻറിനകത്ത് നിറയെ ശവകുടീരങ്ങൾ. എന്നാൽ, ആദ്യമായി വരുന്നവരല്ലാതെ മറ്റാരും അത് ശ്രദ്ധിക്കുന്നുമില്ല. എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിൽ.
70 വർഷമായി ഇൗ ഹോട്ടൽ ഇങ്ങനെയാണെന്ന് അവിടുത്തെ ജോലിക്കാരനായ ബഷീർ എന്ന മലയാളി പറഞ്ഞു. പണ്ട് ഖബർസ്ഥാനിനു മുന്നിലുള്ള ചെറിയ ചായക്കട വിപുലമാക്കി ശവകുടീരങ്ങൾ കൂടി ഉൾപ്പെടുത്തി വലുതാക്കിയതാണ് ഇപ്പോൾ കാണുന്ന ഹോട്ടൽ. ഇരുപതിലധികം ഖബർസ്ഥാനുകൾ ഹോട്ടലിനകത്തും പുറത്തുമായുണ്ട്.
ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച് നേരേ വിടുകയായ്. പ്രതാപം കാത്തുസൂക്ഷിക്കുന്ന രാജസ്ഥാെൻറ മണ്ണിലേക്ക്. അധികം തിരക്കില്ലാത്ത സുഗമമായ റോഡിലൂടെ ഉദയ്പൂർ ലക്ഷ്യമിട്ടാണ് ഞാൻ നീങ്ങിയത്. പാതയോരങ്ങളിൽ കന്നുകാലിക്കൂട്ടം പൊടിയും പാറിച്ച് വിലസുന്നു. ഒറ്റ കൈയിലെ വടിയുമായി അവരെ അനുസരിപ്പിക്കാൻ പാടുപെടുന്ന കർഷകർ പിന്നാലെ. അഹമ്മദാബാദിെൻറ തിരക്കിൽനിന്ന് മോചിതമായപ്പോഴാണ് ബൈക്ക് ഒാടിക്കാൻ ഒരാശ്വാസമായത്. അഹമ്മദാബാദിലെ ട്രാഫിക്കൊക്കെ ഒരു കണക്കാണ്. സിഗ്നലുകെളാന്നും ആർക്കും പ്രശ്നമല്ല. ചുവപ്പ് സിഗ്നലുകൾ കണ്ടാലും ആളുകൾ വാഹനം നിർത്തുന്ന പരിപാടിയില്ല.യാത്ര തുടർന്നുകൊണ്ടേയിരിക്കും. അപകടമൊന്നും സംഭവിക്കാത്തത് എന്തോ ഭാഗ്യം കൊണ്ടാവണം.
പോകുന്ന വഴിയരികിൽ റോഡിൽനിന്ന് കുറച്ചുമാറി ചെറിയ രണ്ട് വീടുകളും അതിെൻറ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെയും കണ്ടാണ് ഞാൻ ബൈക്ക് നിർത്തിയത്. വീടെന്നൊന്നും അതിനെ പറയാൻ കഴിയില്ല. എവിടെ നിന്നൊക്കെയോ കിട്ടിയ പ്ലാസ്റ്റിക് ഷീറ്റുകളും തകര ഷീറ്റുകളും കമ്പിയുമൊക്കെ വാരിച്ചുറ്റിയ ടെൻറ് പോലെ ഒന്ന്. ഒട്ടും അടച്ചുറപ്പില്ലാത്ത വെറും കൂടാരങ്ങൾ.
എന്നെ കണ്ടതും കുട്ടികൾ കളി നിർത്തി തുറിച്ചുനോക്കാൻ തുടങ്ങി. ഞാൻ ക്യാമറയും തൂക്കി അവരുടെ അരികിലേക്ക് നടന്നു. വീടിെൻറ മുന്നിൽ ഒരു യുവാവ് കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു. എവിടെ നിന്ന് വരുന്നുവെന്നും എവിടേക്ക് പോകുന്നുവെന്നും ഞാനയാളോട് പറഞ്ഞു. കുട്ടികളുടെ ഫോേട്ടാ എടുക്കാൻ അനുവാദം ചോദിച്ചു. എടുത്ത ഫോേട്ടാ അവരെ കാണിച്ചു കൊടുത്തു. അപ്പോഴാണ് ഇൗ കുട്ടികളുടെ കൂടെയൊന്നും കളിക്കാതെ അൽപം മാറി ഒരു സിമൻറ് കുറ്റിയുടെ മുകളിൽ കയറി ഇരിക്കുന്ന ആ കൊച്ചു മൊട്ടത്തലയനെ ഞാൻ ശ്രദ്ധിച്ചത്.
കഴുത്തിലൊരു ചരടൊക്കെയുണ്ട് കക്ഷിക്ക്. വളരെ ഗൗരവത്തിലാണ് നോട്ടം. ആദ്യമൊന്നും പുഞ്ചിരി പോലുമില്ല. ഫോേട്ടാ എടുക്കുേമ്പാഴും പുഞ്ചിരിക്കുന്ന ലക്ഷണമില്ല. അതിനിടയിൽ എപ്പോഴോ ഒരു നിമിഷം അവെൻറ മുഖത്തൊരു പുഞ്ചിരി നിഴലിച്ചു. ഞാനത് അപ്പോൾ തന്നെ ക്യാമറയിൽപകർത്തി. അതുകണ്ടിട്ടാവണം തൊട്ടപ്പുറത്തുണ്ടായിരുന്ന ഒരു സ്ത്രീ അടുത്തുവന്നു ആ കുട്ടിയെ കുറിച്ചു പറഞ്ഞു. പ്രതീഷ് എന്നാണ് അവെൻറ പേര്. ഏതാനും മാസങ്ങൾക്കു മുമ്പ് അവെൻറ അമ്മ മരണപ്പെട്ടു. അച്ഛൻ ലോറി ഡ്രൈവറാണ്. പണിക്കുപോയാൽ കുറേ ദിവസങ്ങൾ കഴിഞ്ഞേ അയാൾ വരികയുള്ളു. അവർ അത് പറയുേമ്പാഴും ഞാൻ അവനെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. ആരെയും നോക്കാതെ തന്നിലേക്ക് തന്നെ ചുഴിഞ്ഞിരിക്കുന്ന അവെൻറ മനസ്സിൽ അപ്പോൾ അമ്മയോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങളായിരുന്നിരിക്കണം. ഒരു ശിലാപ്രതിമ കണക്കെ ഇരിക്കുന്ന അവെൻറ ഉള്ളിൽ സങ്കടങ്ങളുടെ പെരുകടൽ അലയടിക്കുന്നുണ്ടാവണം.ഇടയ്ക്ക് അടുത്തേക്ക് വരുന്ന ആട്ടിൻ കുട്ടിയെ കളിപ്പിക്കാൻ മാത്രം അവൻ അനങ്ങി. അപ്പോൾ മാത്രം അവനൊരു പ്രതിമയല്ലെന്ന് ബോധ്യപ്പെടുത്തി.
വീടിനകത്ത് നിലത്തിരുന്ന് ഒരു സ്ത്രീ ചപ്പാത്തിയുണ്ടാക്കുന്ന തിരക്കിലായിരുന്നു. അവിടെ നിന്നു പേരാൻ നേരം കട്ടിലിൽ കിടക്കുന്നയാളിെൻറ കൈയിൽ ചെറിയൊരു തുക ഞാൻ വെച്ചുകൊടുത്തു. കുട്ടികൾക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ പറഞ്ഞു. അയാൾ ചുമ്മാ അലസനായി കിടക്കുകയായിരുന്നില്ല. ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റായിരുന്നു അയാളുടെ കിടപ്പ്.
വീണ്ടും ബൈക്കിൽ കയറുേമ്പാൾ ഞാനാലോചിച്ചത് എത്രകാലം കഴിഞ്ഞാലാവും സുരക്ഷിതമായി കയറിക്കിടക്കാനൊരിടം ഇൗ പാവങ്ങൾക്ക് ഉണ്ടാക്കിക്കൊടുക്കാൻ വാചകമടിക്കുന്ന നമ്മുടെ ഭരണകൂടങ്ങൾക്ക് കഴിയുക....?
വെയിലിെൻറ കടുപ്പം ജാക്കറ്റിൽ വിള്ളലുകൾ വീഴ്ത്താൻ തുടങ്ങിയിരിക്കുന്നു. മിക്കവാറും പുതിയൊരെണ്ണം വാങ്ങേണ്ടിവരുമെന്നാണ് തോന്നുന്നത്. വരുന്ന വഴിയിൽ സൈക്കിളിൽ പച്ചക്കൊടിയും വെച്ചു പോകുന്ന ഏതാനും യാത്രികരെ കാണുകയുണ്ടായി. അതിലൊരാളെ പരിചയപ്പെട്ടു. കാര്യങ്ങൾ അയാൾ പറഞ്ഞു. അജ്മീർ ഖ്വാജ മുഇനുദ്ദീൻ ചിശ്തിയുടെ ദർഗയിലേക്ക് തീർത്ഥയാത്ര പോവുകയാണവർ. അവരെ കണ്ടുമുട്ടിയ സ്ഥലത്തുനിന്നും ഇനിയും 400 കിലോ മീറ്റർ കൂടി പോകണം അജ്മീറിെലത്താൻ. െവയിലിനെ ചെറുക്കാൻ ജാക്കേറ്റാ ഒന്നും ഇല്ലാത്ത അവരും യാത്രികരാണ്. ഒരു പ്രതിസന്ധിയിലും തളരാതെ മുന്നേറാനുള്ള ഉൗർജം അവരുടെ വിശ്വാസത്തിനുണ്ടായിരുന്നു. എന്നോട് സംസാരിച്ചയാൾ താനൊരു ഹിന്ദീമത വിശ്വാസിയാണെന്നും ഭഗവാൻ എല്ലാം ഒന്നുതന്നെയാണെന്നും പറഞ്ഞു. ഞാൻ വിശ്വസിക്കുന്നില്ലെന്ന് കണ്ടതുകൊണ്ടാണോ എന്നറിയില്ല, അയാൾ ആധാർ കാർഡ് എനിക്ക് കാണിച്ചുതന്നു.
ഗുജറാത്തിലെ സൂറത്തിൽ തുണി മുറിക്കുന്ന ജോലിയാണ് അയാൾക്ക്. കൂടുതൽ ചോദിച്ചപ്പോൾ ജി.എസ്.ടിയെ അയാൾ ശപിച്ചു. 20 ദിവസത്തോളം സൂറത്തിലെ തുണിക്കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്നതിനെക്കുറിച്ചായിരുന്നു അയാൾക്ക് പറയാനുണ്ടായിരുന്നത്.
ഇന്നത്തെ ഉച്ചഭക്ഷണം മഹാ തട്ടിപ്പായി പോയി. ജീരകച്ചോർ എന്ന വിഭവമാണ് കഴിക്കാൻ കിട്ടിയത്. ഒാർഡർ ചെയ്തു കഴിഞ്ഞപ്പോഴാണ് അറിയുന്നത് കറിയില്ലാതെ കഴിക്കാൻ പറ്റില്ലെന്ന്. ചോറും കറിയും ഒന്നുമല്ല പ്രശ്നം. അളവിലുള്ള കുറവാണ്. സാധാരണ കഴിക്കുന്നതിെൻറ നാലിലൊന്നുപോലുമില്ല. പക്ഷേ, രൂപ 160 കൊടുക്കേണ്ടിയും വന്നു.
ഉദയ്പൂർ എത്താറായപ്പോൾ ഒരു ക്യാൻവാസിൽ ചായം കൊണ്ട് വരച്ചതുപോലെ ചുവന്ന കുന്നുകൾ കാണായി. റോഡിെൻറ ഇരുവശത്തുമായി നിരന്നുകിടക്കുന്ന ചുവന്ന കുന്നുകൾ ജെ.സി.ബി ഉപയോഗിച്ച് തുരന്ന് റോഡിനു വീതി കൂട്ടുന്നതും കാണാമായിരുന്നു. ഗോതമ്പ് പാടങ്ങളാണ് ഉദയ്പൂരിലേക്കുള്ള വഴിയിൽ യാത്രക്കാരെ വരവേൽക്കുന്നത്. വഴിയിൽ അധികവും ചരക്കു ലോറികൾ തന്നെ. യാത്രാ ബസിെൻറ മുകളിൽവരെ ആളുകൾ കയറിയിരിക്കുന്നതു കാണാം. ഇതുവഴിയുള്ള യാത്ര കുറച്ചുകൂടി ശ്രദ്ധിക്കണം. ബസും ലോറിയുമെല്ലാം ഒരു മുന്നറിയിപ്പുമില്ലാതെയാണ് വെട്ടിത്തിരിക്കുന്നത്.
ഇത്തരം യാത്രകളിൽ റോഡുകളിൽ വാഹനങ്ങൾ കൂടാതെ കന്നുകാലികൾ, പെെട്ടന്ന് എടുത്തുചാടുന്ന ആളുകൾ, വലിയ ഗർത്തങ്ങൾ എന്നിവയൊക്കെ പ്രതീക്ഷിക്കണം. ദീർഘയാത്ര നടത്തുന്ന ബൈക്ക് യാത്രികർ രാത്രി യാത്ര ഒഴിവാക്കിയാൽ തന്നെ പകുതി അപകട സാധ്യത കുറഞ്ഞു. വെയിലുള്ള സമയങ്ങളിൽ വാഹനത്തിനും സഞ്ചാരിക്കും മതിയായ വിശ്രമം നൽകണം. പരമാവധി വേഗതയിൽ പോകാൻ കഴിയുന്ന റോഡ് ആണെങ്കിലും നിയന്ത്രിക്കാൻ കഴിയുന്ന വേഗത്തിലേ പോകാവൂ. വായു ഗുളിക വാങ്ങാൻ പോകുന്ന വേഗത്തിൽ നമ്മൾ പായേണ്ടതില്ലല്ലോ. എല്ലാ ധൃതിയും വീട്ടിൽ വെച്ചാണല്ലോ നമ്മൾ ഇൗ യാത്രയ്ക്കിറങ്ങുന്നത്.
വൈകിട്ട് ആറു മണിയോടെ ഉദയ്പൂരിലൊരു റൂം സംഘടിപ്പിച്ച് അതിൽ കൂടി. ഒന്ന് കുളിച്ച് നടുവൊക്കെ നിവർത്തിയിരിക്കുേമ്പാഴാണ് ഉദയ്പൂരിൽ ജോലി ചെയ്യുന്ന നിഹാസ് എന്ന സുഹൃത്ത് വിളിക്കുന്നത്. ഒാൺലൈൻ വഴിയാണ് നിഹാസിനെ പരിചയപ്പെട്ടത്. അവൻ റൂമിലേക്ക് ക്ഷണിച്ചതാണ്. കുറഞ്ഞ നിരക്കിൽ ഒാൺലൈൻ വഴി നേരത്തെ റൂം ബുക്ക് ചെയ്തിരുന്നതിനാൽ ഇവിടെ തന്നെകൂടി. നിഹാസ് റൂമിലെത്തി ഉദയ്പൂരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞുതന്നു. രാത്രി ഭക്ഷണം കഴിക്കാൻ ക്ഷണിച്ച് അവർ പോയി. അഹമ്മദാബാദിൽനിന്നും 250 കിലോ മീറ്ററിലധികം ഞാൻ പിന്നിട്ടു കഴിഞ്ഞിരുന്നു. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന രാജസ്ഥാനിലേക്ക് ഇനി ഏതാനും കിലോ മീറ്ററുകൾ മാത്രം.
(യാത്ര തുടരുന്നു...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.