താർ മരുഭൂമിയിൽ ഒരു രാത്രി
text_fieldsപന്ത്രണ്ടാം ദിവസം മറ്റെവിടേക്കും പോകാതെ ജൈസാൽമീറിൽ തന്നെ കറങ്ങാൻ തീരുമാനിച്ചു. ഞാൻ താമസിക്കുന്ന റൂമിൽ നിന്ന് നോക്കിയാൽ ജൈസാൽമീർ കോട്ട കാണാം. രാവിലെ അവിടേക്കുതന്നെ പോകാമെന്നുവെച്ചു. ഇന്ത്യയിലെ ജനവാസമുള്ള ഏക കോട്ടയാണിത്. 4000ൽ അധികം ആളുകൾ ഇൗ കോട്ടയുടെ കൽച്ചുമരുകൾക്കകത്ത് താമസിക്കുന്നുണ്ട്. മഞ്ഞ നിറത്തിലുളള മണൽക്കല്ലുകളാൽ നിർമിച്ചിട്ടുള്ള ഇൗ കോട്ടക്ക് 800ൽ അധികം വർഷത്തെ പഴക്കമുണ്ട്. റാവു ജൈസാൽ എന്ന രാജാവ് നിർമിച്ചതിനാൽ അദ്ദേഹത്തിെൻറ പേരുതന്നെ കോട്ടയ്ക്കും നൽകി.
കോട്ടയ്ക്കകത്ത് കയറാനോ പുറത്ത് വാഹനം പാർക്ക് ചെയ്യാനോ ഫീെസാന്നുമില്ല. ആൾത്താമസം ഉള്ള കോട്ടയായതിനാൽ തന്നെ കോട്ടയ്ക്കകത്തുകൂടി പോകാൻ കഴിയുന്ന വാഹനങ്ങൾക്കെല്ലാം കയറാം. അലങ്കരിച്ച കൽത്തൂണുകളും ജനവാതിലുകളും കമാനങ്ങളും മുകളിലെ നിലയിലേക്കുള്ള കൽപ്പടവുകളാലും സമ്പന്നമായ ഇൗ കോട്ടയിൽ കച്ചവട സ്ഥാപനങ്ങൾ നിരവധിയുണ്ട്. കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ, ചിത്രങ്ങൾ എന്നു തുടങ്ങി മെമ്മറി കാർഡുകൾ മൊബൈൽ റീചാർജുകൾ വരെ ഇൗകോട്ടയക്കുള്ളിൽ ലഭിക്കും. പ്രഭാതഭക്ഷണം കോട്ടയ്ക്കകത്ത് മുകളിലായുള്ള ഒരു റസ്റ്റാറൻറിൽനിന്നാക്കി. നിരവധി ജൈനമത ക്ഷേത്രങ്ങളുള്ള കോട്ടയിൽ ക്ഷേത്രത്തിനകത്ത് ക്യാമറ ഉപയോഗിക്കാൻ ഫീസുണ്ട്. സത്യത്തിൽ കോട്ടയ്ക്കകത്ത് സകലതും കച്ചവടമാണ്.
കത്തുന്ന വെയിലിൽ ജൈസൽമീറിന് സ്വർണത്തിെൻറ നിറമാണ്. മണൽക്കല്ല് കൊണ്ടുക്കാക്കിയ കോട്ടയും സൂര്യപ്രകാശം വീണ് തട്ടിത്തെറിക്കുന്ന മണൽത്തരികളും എല്ലാം തനിത്തങ്കം കണക്കെ തിളങ്ങി.
ജൈസാൽമീറിൽ നിന്നും മരുഭൂമി ലക്ഷ്യമാക്കിയാണ് ഞാൻ ധൃതികൂട്ടിയിറങ്ങിയത്. ഇന്നെലയെടുത്ത റുമിൽനിന്നും താർ മരുഭൂമിക്കടുത്ത് ജീപ്പ് സഫാരിയും ഒട്ടകസവാരിയും എല്ലാം കുറഞ്ഞ ചിലവിൽ ‘കസം ഭായ്’ എന്ന ചങ്ങാതി വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. അങ്ങോട്ടായിരുന്നു ലക്ഷ്യം.
പോകുന്ന വഴിയിൽ ഒരു വേലിക്കകത്ത് നിൽക്കുന്ന പുല്ലുകൊണ്ട് മേഞ്ഞ രണ്ട് വീടുകൾ കണ്ടു. ഒറ്റ നോട്ടത്തിൽതന്നെ ആരും ഇഷ്ടപ്പെടുന്ന ആ വീടിെൻറ അടുത്തേക്ക് ചെന്നപ്പോൾ രണ്ടു സ്ത്രീകൾ പുറത്തേക്ക് ഇറങ്ങിവന്നു. ‘വീട് എങ്ങനെയുണ്ട്...ഭംഗിയുണ്ടോ...?’ അവർ ചോദിച്ചു.
‘അതെ നന്നായിരിക്കുന്നു’ എന്ന് ഞാൻ പറഞ്ഞു.
‘ഫോേട്ടാ എടുക്കണോ...’ അവരിലെ മുതിർന്നയാൾ ചോദിച്ചു.
എടുക്കണമെന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ പറയുന്നു ‘ഫോേട്ടാ എടുക്കണമെങ്കിൽ 200 രൂപ തരണം’ എന്ന്. ഒരു നിമിഷം പകച്ചുപോയ ഞാൻ വേഗം ബാഗും പൂട്ടി ബൈക്ക് എടുത്ത് സ്ഥലം വിട്ടു.
കള്ളിമുൾ ചെടികളും, ബാബുൾ മരങ്ങളും ഉയർന്നും താഴ്ന്നും കിടക്കുന്ന മണൽപ്പരപ്പും വലിയ ചതുരപ്പെട്ടികൾ കൊണ്ടുവെച്ചതുപോലുള്ള വീടുകളും അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒട്ടകങ്ങളും കന്നുകാലികളും കാറ്റാടിപ്പാടങ്ങളും കണ്ടുതുടങ്ങി. ജൈസാൽമീറിെൻറ വഴിയോര കാഴ്ചകൾ കണ്ട് മുന്നോട്ടു നീങ്ങിയ ഞാൻ ബൈക്ക് നിർത്തുന്നത് റോഡ് മുറിച്ചുകടക്കുന്ന ആട്ടിൻപറ്റത്തെ കണ്ടായിരുന്നു. ബൈക്ക് കൂടാതെ ഒരു കാറും അവർക്ക് കന്നുപോകാനായി വഴിയൊരുക്കിയിരിക്കുകകയാണ്. റോഡ് മുറിച്ചുകടന്ന് ഒഴിഞ്ഞുകിടക്കുന്ന മരുപ്രദേശത്തേക്ക് നീങ്ങുന്ന ആട്ടിൻപറ്റത്തെയും ആട്ടിടയനായ വൃദ്ധനെയും പിന്തുടർന്ന് ഞാൻ ബൈക്ക് റോഡിൽനിന്നിറക്കി. അൽപം ബുദ്ധിമുട്ടിയാണെങ്കിലും ആടുകൾക്കൊപ്പം ബൈക്ക് ഒാടിച്ച് അവർക്കു മുന്നിലെത്തി. മേഘ് സിങ് എന്നായിരുന്നു ആ കർഷെൻറ പേര്. ആട്ടിൻപറ്റത്തിെൻറ ഉടയോൻ.
കൂട്ടത്തിൽഒരു ആടിെൻറ കഴുത്തിൽ ഒരു മണി തൂക്കിയിട്ടിട്ടുണ്ട്. അതും കിലുക്കി വലിയ പത്രാസിലാണ് ആ മുട്ടനാടിെൻറ നടപ്പ്. അനത്ത വെയിൽകാരണം അവയ്ക്കൊപ്പം കുറേ ദൂരം പോകാൻ കഴിഞ്ഞില്ല. അവിടെ നിന്നും നീങ്ങിയപ്പോൾ നല്ല ദാഹമനുഭവപ്പെട്ടു. തൊട്ടടുത്തുകണ്ട ഒരു കടയിൽകയറി െഎസ്ക്രീം കഴിച്ച് ദാഹമകറ്റി.
എനിക്ക് എത്തേണ്ട റിസോർട്ടിെൻറ വഴി ഗൂഗിൾ കാണിച്ചുതന്നു. നാല് കിലോ മീറ്റർ ദൂരമുണ്ട്. അവിടെ എത്തണമെങ്കിൽ അൽപം സാഹസികത വേണമെന്നു തോന്നി. വലിയ മണൽത്തിട്ടകൾ ഇല്ലാതിരുന്നതിനാൽ അധികം ബുദ്ധിമുേട്ടണ്ടിവന്നില്ല. അതുവഴി വന്നതിനാൽ മരുഭൂമിയുടെ വളരെ അടുത്ത് താമസിക്കുന്ന ഗ്രാമീണരെ കാണാനായി. അവർക്ക് താമസിക്കാൻ വീടോ കൂടാരമോ ഒന്നുമില്ല. കുറേ തുണികൾ മാത്രം വലിച്ചു കെട്ടിയിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ഞാൻ താമസ സ്ഥലത്തെത്തി. എന്നോട് അൽപം വിശ്രമിച്ചുകൊള്ളാൻ അവിടുത്തെ ജോലിക്കാർ പറഞ്ഞു. അഞ്ചു മണിക്കു ശേഷം താർ മരുഭൂമിയുടെ ഉൾപ്രദേശങ്ങളിലേക്ക് പോകാം എന്നു അവർ പറഞ്ഞു.ഞാൻ മുറിയിലെത്തി കുളിച്ച് വേഷമൊക്കെ മാറി മരുക്കാഴ്ചകൾക്കായി റെഡി ആയി.
അഞ്ചു മണിയോടെ റിസോർട്ടിെൻറ ഉടമസ്ഥനും ഒാൺലൈൻ വഴി പരിചയപ്പെട്ട സുഹൃത്തുകൂടിയായ കസംഭായും എത്തി.
കസംഭായിക്കൊപ്പം ഞാൻ താർ മരുഭൂമിയിലേക്ക് വെച്ചുപിടിച്ചു. കസംഭായ് സാഹസികനായ ഒരു ജീപ്പ് ഡ്രൈവർ കൂടിയാണ്. ഉയർന്ന മണൽത്തിട്ടകളിലൂടെ ജീപ്പ് വളച്ചും തിരിച്ചും വിദഗ്ധമായി അയാൾ പായിച്ചുകൊണ്ടിരുന്നു. പലപ്പോഴും ജീപ്പ് ദാ, ഇപ്പോൾ മറിഞ്ഞുവീഴുമെന്നു പോലും തോന്നി.
മരുഭൂമിക്കുള്ളിെല ഒരിടത്തുനിന്നും ഒട്ടകത്തിെൻറ പുറത്തു കയറി അൽപനേരം സവാരി നടത്തി. അവിടെ നിന്ന് തിരിച്ചുവരാൻ നേരം അസ്തമയ സൂര്യനെ മറ്റെങ്ങും കാണാത്ത ഭാവത്തിൽ കാണാമായിരുന്നു. ചുവന്നു തുടുത്ത് ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു ഭാവത്തിൽ ഒരു പകൽ കത്തിത്തീരുന്നു.
വൈകിട്ട് റൂമിൽ എത്തി വീണ്ടും പുറത്തിറങ്ങി. അതിഥികൾക്കു വേണ്ടി പ്രത്യേകം ഒരുക്കിയ രാജസ്ഥാനി സംഗീതവും നൃത്തവും നടക്കുന്ന സ്ഥലേത്തക്ക് പോയി. സദസ്സിനകത്ത് ചെറിയ മെത്തയിലും കസേരയിലും ഇരുന്നാണ് ആളുകൾ പരിപാടി വീക്ഷിക്കുന്നത്.
കലാവിരുന്ന് നടക്കുേമ്പാൾ തന്നെ കഴിക്കാനുള്ള ചെറു വിഭവങ്ങൾ മുന്നിലെ ചെറുേമശയിൽ നിരന്നുകഴിഞ്ഞു. രാത്രി പത്തു മണിവരെ രാജസ്ഥാനി കലാസന്ധ്യ നീണ്ടു.
എല്ലാം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് രാജസ്ഥാൻ മരുഭൂമിയിൽ ഒരു ദിവസം ചെലവഴിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ എനിക്ക് കിടക്കാനായി ഒരുക്കിയ തുണികൊണ്ട് മേൽഭാഗം മറച്ച കൂടാരത്തിലേക്ക് പോയി.
(യാത്ര തുടരുന്നു...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.