കോടമഞ്ഞ് തഴുകും ചൊക്രാമുടി മുനമ്പിൽ
text_fieldsകോതമംഗലം പിന്നിട്ട് 8.30ഓടെ വാളറ വെള്ളച്ചാട്ടത്തിനടുത്തെത്തി. വേനലെത്തും മുെമ്പ വെള്ളമെല്ലാം വറ്റിയിട്ടുണ്ട്. അവിടെനിന്ന് പ്രഭാത ഭക്ഷണം. വീണ്ടും യാത്ര. കാഴ്ചകൾക്ക് കൂടുതൽ നിറംവെച്ച് തുടങ്ങി. ഉടുത്തൊരുങ്ങിനിൽക്കുന്ന പ്രകൃതിയും ബൈക്കുകളുടെ പട പട ശബ്ദവും കൂടുതൽ ആവേശം നൽകുന്നു. പത്ത് മണിയോടെ മൂന്നാർ ടൗണിലെത്തി. അവിടെനിന്ന് ഹൈറേഞ്ചിലെ ചന്തം ചാർത്തുന്ന പാതയിലൂടെ ദേവികുളം ലക്ഷ്യമാക്കി വണ്ടി തിരിച്ചു. ബൈക്കുകളുടെ വേഗത്തിൽ കാഴ്ചകൾ പിന്നിലേക്ക് ഒാടിമറയുന്നു. ഒടുവിൽ 11.30 ആയപ്പോഴേക്കും ചെക്രാമുടിയുടെ താഴ്വാരത്തെത്തി.
സമുദ്ര നിരപ്പിൽനിന്ന് 7200 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടുമുടിയാണ് ചൊക്രാമുടി. മൂന്നാറിൽനിന്ന് ഏകേദശം 20 കിലോമീറ്ററിനടുത്ത് ദൂരം കാണും. കുത്തനെയുള്ള പാറക്കെട്ടുകളും ചോലവനങ്ങളും കോടമഞ്ഞും നിറഞ്ഞ ചൊക്രാമുടി പ്രകൃതിയെ പ്രണയിക്കുന്നവരുടെയും ട്രക്കിങ്ങ് ഇഷ്ടപ്പെടുന്ന സാഹസികരുടെയും പറുദീസയാണ്. ആദിവാസികളുടെ വാസ കേന്ദ്രം കൂടിയാണ് ഇവിടം. പുലർച്ചെ നാല് മുതൽ ഇവിടേക്ക് പ്രവേശനം ആരംഭിക്കും. അതിരാവിലെ ട്രക്കിങ് ആരംഭിക്കുകയാണെങ്കിൽ മനോഹരമായ ഉദയം ഇൗ കൊടുമുടി നമുക്ക് സമ്മാനിക്കും. ഏകദേശം നാല് കിേലാമീറ്റർ ദൂരം നടന്നുവേണം മുകളിലെത്താൻ.
അധികം ടൂറിസ്റ്റുകൾ വരാറില്ലാത്തത് കൊണ്ടാണോ എന്നറിയില്ല താഴ്വാരത്ത് കടകളോ പാർക്കിങ് സൗകര്യമോ ഒന്നും കാണാൻ കഴിഞ്ഞില്ല. സമയം കളയാതെ ഞങ്ങൾ കുന്നിൻ ചെരുവിലൂടെ മുകളിലേക്ക് കയറാൻ ആരംഭിച്ചു.
തുടക്കത്തിൽ ചെറിയ വഴിചാലുണ്ടെങ്കിലും മുകളിലേക്ക് കയറുമ്പോൾ പാറക്കെട്ടുകളാണ്. ചെറുതും വലുതുമായ കല്ലുകളും പൊടിമണ്ണും നമ്മളേക്കാൾ ഉയരത്തിൽ വളർന്നുനിൽക്കുന്ന പുൽചെടികളും നിറഞ്ഞ കുത്തനെയുള്ള ദുർഘട വഴി. പുല്ലിൽ പിടിച്ചും പൊടിമണ്ണിൽ കാലുതെന്നാതെയും മുന്നോട്ട് കയറ്റം ആരംഭിച്ചു.
ഓരോ പാറക്കെട്ടുകളും താണ്ടുമ്പോൾ എത്രാമാത്തേതാണ് എന്ന് സൂചിപ്പിച്ച് അക്കങ്ങൾ എഴുതിവെച്ചിട്ടുണ്ട്. മുകളിലേക്ക് കയറുന്തോറും പാറക്കെട്ടുകളുടെ ചെരിവ് കൂടികൂടി വരുന്നു. ചുറ്റും അഗാതമായ താഴ്ചയും. കൂടെയുള്ളവരിൽ ചിലർ ഭയം കാരണം കുന്നിൻെറ പകുതി താണ്ടി സാഹസികത അവസാനിപ്പിച്ചു. ബാക്കിയുള്ളവർ രണ്ടും കൽപ്പിച്ച് വീണ്ടും മുകളിലേക്ക് തന്നെ. അടുത്തടുത്ത് സഞ്ചരിച്ചിരുന്നവർ പതിയെ പതിയെ അകലാൻ തുടങ്ങി. മുമ്പിൽ നടന്നവർ പിന്നിലേക്ക് തള്ളപ്പെട്ടു. പതിയെ ഇരുന്നും നിന്നും മുന്നോട്ടുതന്നെ. നന്നെ വിയർക്കുന്നുണ്ടെങ്കിലും മലമുകളിലെ തണുത്ത കാറ്റും കോടമഞ്ഞും ഞങ്ങളെ കുളിരണിയിച്ചുകൊണ്ടിരുന്നു.
മുകളിൽനിന്ന് താഴേക്ക് നോക്കിയാൽ ഗൂഗിൾ മാപ്പിനെ അനുസ്മരിപ്പിക്കും വിധം ചെറിയ വരപോലെ റോഡുകളും വിശാലമായി പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും കാണാം. അകലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ കൊളുക്കുമലയും മീശപ്പുലിമലയും നെഞ്ചുവിരിച്ചുനിൽക്കുന്നു. നടന്നുനടന്ന് പതിനാലാമത്തെ പാറക്കെട്ടിന് മുകളിലെത്തി. അവിടെയൊരു കുരിശ് സ്ഥാപിച്ചിട്ടുണ്ട്. കുരിശുമല എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇങ്ങോട്ട് പ്രാർഥനക്കായി എല്ലാ ആഴ്ചയും വിശ്വാസികൾ വരാറുണ്ടത്രെ. ഇതിന് സമീപം നിരപ്പായ സ്ഥലവും വിശമ്രിക്കാൻ സൗകര്യത്തിന് ചെറിയ പാറക്കുന്നുമുണ്ട്. അവിടെനിന്ന് നോക്കുേമ്പാൾ ചെക്രാമുടി കോടമഞ്ഞിൽ ഒളിച്ചുകളിക്കുന്നത് കാണാം. വിശ്രമിക്കാൻ സ്ഥലം കണ്ടേതാടെ കുറച്ചുപേർ അവിടെ യാത്ര അവസാനിപ്പിച്ചു.
കുറച്ച് വിശ്രമിച്ച ശേഷം ബാക്കിയുള്ളവരുമായി ഞങ്ങൾ യാത്ര തുടർന്നു. കുറച്ചങ്ങ് ചെന്നപ്പോൾ കാഴ്ചക്കൊരുമാറ്റം. മുന്നിൽ മരങ്ങളും ചെടികളും ഇടതൂർന്ന് വളർന്ന ചെറിയ ചോലവനം പ്രത്യക്ഷമായി. ചെറിയ കുറ്റിച്ചെടികളും മരങ്ങളും കടന്ന് മുന്നോട്ടുപോയപ്പോൾ തീ കൂട്ടിയതിെൻറ അവശിഷ്ടങ്ങൾ കണ്ടു. മുമ്പ് വന്നവർ തീ കൂട്ടിയതാവണം. ഞങ്ങളും അവിടെ കുറച്ചുനേരം തീ കാഞ്ഞശേഷം യാത്ര തുടർന്നു. മുന്നോട്ട് നീങ്ങുന്തോറും നടത്തത്തിന് കാഠിന്യം കൂടുന്നു. ഇതുവരെ കയറിയതിലുമധികം കുത്തനെയുള്ള പാറക്കെട്ടുകളും പുൽചെടികളും മുന്നിൽ നിറഞ്ഞുനിൽക്കുന്നു. ചെരിഞ്ഞും പാറയിൽ അള്ളിപ്പിടിച്ചും അവസാനം ചൊക്രാമുടിയുടെ നെറുകയിലെത്തി. തലക്കുമീതെ സൂര്യൻ കത്തിജ്ജ്വലിക്കുന്നുണ്ടെങ്കിലും
സമീപത്തായി ഒരു കുന്ന് കൂടി കാണുന്നുണ്ട്. അങ്ങോട്ടുള്ള യാത്ര ഇതിനേക്കാൾ ദുർഘടവും അപകടകരവുമായതിനാൽ അതിന് മുതിർന്നില്ല. ഒരു മണിക്കൂറിലവധികം കോടമഞ്ഞിനോടും കുളിർക്കാറ്റിനോടും കിന്നാരം പറഞ്ഞ് അവിടെ ചെലവഴിച്ചു. പിന്നെ പതിയെ മലയിറക്കം ആരംഭിച്ചു. കയറുന്നതിനേക്കാൾ ആയാസരഹിതമാണെങ്കിലും പിടുത്തം വിട്ടാൽ താഴെ നോക്കിയാൽ മതി എന്ന അവസ്ഥ. പുല്ലിൽ പിടിച്ചും പാറക്കെട്ടുകളിലും ചെറിയ കല്ലുകളിൽ ചവിട്ടിയും താഴേക്ക്. അതിനിടക്ക് പൊടിമണ്ണിൽ കാല് തെന്നി ഞാൻ നടുതല്ലി വീണു. ദൈവത്തിന് നന്ദി, ഒന്നും പറ്റിയില്ല. വൈകീട്ട് അഞ്ചോടെ ചെക്രാമുടിയുടെ താഴെയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.