മരണം മുന്നിൽ തൊട്ടൊരു ജല്ലിക്കെട്ട് കാഴ്ച
text_fieldsരാകിമിനുക്കി മൂർച്ച പെരുപ്പിച്ച കൊടുവാളു കണക്കെ ചീറിവരുന്ന കാളക്കൊമ്പുകൾ കണ്ട് ഒരു നിമിഷം സ്തംഭിച്ചുപ ോയി. ജല്ലിക്കെട്ടാണെന്നും ഫോട്ടോ എടുക്കാൻ വന്നതാണെന്നുമൊക്കെ ആ ഒരു നിമിഷം ഞാൻ മറന്നുപോയിരുന്നു. അതുകെ ാണ്ടുതന്നെ മുക്രയിട്ട് പാഞ്ഞടുത്ത ആ കാളക്കൂറ്റൻ ഞങ്ങളിരുന്ന ഗാലറിയടക്കം കുത്തിമറിച്ച നിമിഷത്തെ ഒരു ക്ലിക് കിലൊതുക്കാൻ എനിക്കാവാതെ പോയി. എടുത്ത പടങ്ങളെക്കാൾ ഒരു ഫോട്ടോഗ്രാഫർ എടുക്കാനാവാതെ പോയ പടങ്ങളുടെ പേരിൽ എ ത്രമേൽ സങ്കടപ്പെടുമെന്ന് തൊട്ടടുത്ത നിമിഷം എനിക്ക് അനുഭവപ്പെട്ടു.
വന്യമൃഗങ്ങളുമായി കൊടുംകാട്ടിൽ മു ഖാമുഖം നിന്ന് ഫോട്ടോ എടുത്ത നിരവധി സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതെല്ലാം വെളിച്ചം അരിച്ചുവീഴ ുന്ന കാട്ടുപച്ചകൾക്ക് നടുവിൽ ആ മൃഗവും ഞാനും കാമറയും മാത്രം മേളിച്ചൊരു ഏകാന്തതയായിരുന്നു. അപ്പോഴൊന്നും ഭ യം അരികത്തുകൂടി പോലും വന്നിട്ടില്ല. മറിച്ച് അടിമുടി പതഞ്ഞുകയറിയ ആവേശം മാത്രമായിരുന്നു. കാട്ടിനുള്ളിൽ അതി െൻറ എല്ലാ സ്വച്ഛതകളോടും വിഹാരിക്കുന്നൊരു മൃഗത്തെ അതിെൻറ ആവാസവ്യവസ്ഥയിൽ നേർക്കുനേർ നിന്ന് പകർത്താൻ കഴ ിയുന്നതിനേക്കാൾ വലിയൊരു ത്രിൽ ഒരു ഫോട്ടോഗ്രാഫർക്ക് വേറേയില്ല. എന്നിട്ടും, പതിനായിരക്കണക്കിന് മനുഷ്യർ ക്ക് നടുവിൽ ചുട്ടുപുകയുന്ന പകൽവെളിച്ചത്തിൽ കാടിന് പകരാൻ കഴിയാത്തൊരു പേടി വന്ന് എന്നെ പുതച്ചു.
ജല്ലിക്കെട്ട് വിവാദമാകുന്നതിന് മുമ്പുതൊട്ടേ വലിയൊരാഗ്രഹമായിരുന്നു അത് കണ്ട് പകർത്തുക എന്നത്. പലപ്പോഴും നടക്കാതെ പോയൊരാഗ്രഹം. അങ്ങനെയാണ് കോയമ്പത്തൂരിനടുത്ത് എൽ.ആൻഡ് ടി റോഡ് ബൈപാസിനടുത്ത് നടക്കുന്ന ജല്ലിക്കെട്ട് കാണാൻ പുറപ്പെട്ടത്. തമിഴ്നാട് അതിർത്തി കടന്ന് കുറച്ചുദൂരം മുന്നോട്ട് പോയപ്പോൾ തന്നെ പൊലീസ് വാഹനങ്ങളെ നിയന്ത്രിക്കാൻ തുടങ്ങിയിരുന്നു. കാണാനെത്തുന്നവരെക്കാൾ കൂടുതൽ പൊലീസുകാർ. മുൻകാല അനുഭവങ്ങളായിരിക്കണം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം.
ജല്ലിക്കെട്ട് നടക്കുന്ന സ്ഥലത്തിനും ഏതാണ്ട് രണ്ട് കിലോ മീറ്റർ ദൂരെ വെച്ചുതന്നെ വാഹനങ്ങൾ തടഞ്ഞു. പിന്നെ നടന്നുവേണം അവിടമെത്താൻ. നടന്ന് ഏതാണ്ട് 500 മീറ്റർ അകലെയെത്തിയപ്പോൾ റോഡിനിരുവശവും ബാരിക്കേഡുകൾ കൊണ്ട് ആളുകളെ നിയന്ത്രിക്കുന്നത് കണ്ടു. അവിടെ വെരയാണ് ബൈക്കുകൾക്കും പ്രവേശനമുണ്ടായിരുന്നുള്ളൂ.
പക്ഷേ, കാളക്കൂറ്റൻമാരുമായി വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണങ്ങളൊന്നുമില്ല. ലോറികളിലും ട്രക്കുകളിലുമെല്ലാമായി പടുകൂറ്റൻ കാളകളെ കൊണ്ടുവന്നിറക്കുന്നുണ്ട്. എണ്ണ മിനുപ്പിൽ െവയിലേറ്റ് തിളങ്ങുന്ന കൂറ്റൻമാർ. മുക്കുകയറിലൂടെ നുരഞ്ഞൊഴുകുന്ന പത അവയുടെ ഉള്ളിൽ ആളിക്കത്തുന്ന ആദിമമായ പകയുടെ വീറ് വിളിച്ചുപറയുന്നുണ്ട്. വലിയ മൈതാനമാണ് ജല്ലിക്കെട്ട് വേദി. ഇരുമ്പ് പൈപ്പുകളും ഗർഡറുകളും കൊണ്ട് ഏതാണ്ട് 250 മീറ്റർ നീളത്തിൽ വേദി പ്രത്യേകം കെട്ടിത്തിരിച്ചിരുന്നു. ചുവപ്പുരാശി പരന്ന ആ മണ്ണിലേക്കാണ് കാളകൾ കുതികുതിച്ചെത്തുന്നത്. കർക്കശമായ നിയന്ത്രണം. എവിടെയും പൊലീസുകാർ.
ഇരുമ്പ് പൈപ്പുകൾ കൊണ്ട് കെട്ടിത്തിരിച്ച ആ നെട്ടായത്തിൽനിന്ന് ഒന്നര മീറ്റർ ഗ്യാപ്പിട്ട് പലക കൊണ്ട് മറ്റൊരു മറ കൂടി കെട്ടിയിരുന്നു. അതും കഴിഞ്ഞ് മൂന്നര മീറ്റർ അകലത്തിലായിട്ടാണ് ഗാലറി കെട്ടിയിരുന്നത്. പരക്കം പാഞ്ഞെത്തുന്ന കാളകളുടെ ആക്രമണം കാണികൾക്ക് ഏൽക്കാതിരിക്കാനുള്ള മുൻകരുതലാണ് അതെല്ലാം. ആയിരത്തോളം കാളകളുണ്ടായിരുന്നു. അതിലേറെ കാഴ്ചക്കാരും. ജല്ലിക്കെട്ട് നിരോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ എന്തുകൊണ്ടാണ് തമിഴ് ജനത തെരുവിലിറങ്ങിയതെന്ന് ആ മൈതാനത്തെ ആവേശം കണ്ടപ്പോൾ ബോധ്യമായി.
പ്രത്യേകം തയാറാക്കിയ കൂട്ടിനുള്ളിൽനിന്ന് മൈതാനത്തേക്ക് തുറന്നുവിടുന്ന കാളകൾ. അതിനെ മെരുക്കാൻ പിന്നാെല കുതിക്കുന്ന മനുഷ്യർ. ഗ്രീക്ക് പുരാണങ്ങളിൽ കേട്ടിട്ടുള്ള മനുഷ്യനും മൃഗങ്ങളും തമ്മിലെ പോര് നൂറ്റാണ്ടുകൾ കടന്ന് കൺമുന്നിൽ വന്നുനിൽക്കുന്നു. വലിപ്പവും കരുത്തും ഇഴചേർന്ന കാളകൾ ഒന്നിനു പിന്നാലെ ഒന്നായി മൈതാനത്തേക്കിറങ്ങി വരുന്നു. അവറ്റകളെ പിടിക്കാൻ മുതുകിലെ കൂന്തയിൽ പിടിച്ചുതൂങ്ങുന്ന മനുഷ്യർ. ചിലർ പൊഴിഞ്ഞു താഴെ വീഴുന്നു. ചിലർക്കു നേരെ കാളകൾ ആക്രമണത്തിന് മുതിരുന്നു..
ചവിട്ടും കുത്തുമേറ്റ് വീഴുന്ന മനുഷ്യർക്ക് പ്രഥമ ശുശ്രൂഷ നൽകാനും ആശുപത്രിയിലെത്തിക്കാനും ആംബുലൻസും മെഡിക്കൽ സംഘവും തയാറായി നിൽപ്പുണ്ട്. ഏറെ പ്രാകൃതമായ ഒരു യുദ്ധത്തിന് മൗനസാക്ഷികളാകുന്ന അനുഭവം.
പെട്ടെന്നാണ് കറുകറുത്ത ഒരു കാള മരണവെപ്രാളത്തോടെ ഞങ്ങൾ ഇരുന്ന ഗാലറിക്കരികിലേക്ക് പാഞ്ഞുവന്നത്. അതിനെ പിടിച്ചുപൂട്ടാൻ കുറെപ്പേർ പിന്നാലെ. അവരെയൊക്കെ കുത്തിയെറിഞ്ഞ് അത് ഗാലറിക്കുനേരേ പാഞ്ഞടുത്തു. മൂർച്ചയേറിയ അതിെൻറ കൊമ്പുകൾ ഞങ്ങളുടെ നെഞ്ചുനോക്കി വരുന്നതുപോലെയാണ് എനിക്കപ്പോൾ തോന്നിയത്. കാണികൾക്കുനേരേ പാഞ്ഞുവരാതിരിക്കാനുള്ള സുരക്ഷാകവചങ്ങളെ പുല്ലുപോലെ തട്ടിത്തെറുപ്പിച്ച് കാള ഞങ്ങളിരുന്ന ഗാലറിയുടെ താഴെത്തട്ട് ഇടിച്ചു തെറുപ്പിച്ചു.
മുക്രയിടുന്ന അതിെൻറ മൂക്കിൽനിന്നും വായിൽനിന്നും നുരയും പതയും ചീറിത്തെറിച്ചു. ആ ഇടിയുടെ ആഘാതത്തിൽ പലകകൾ അടിത്തറ പൊളിഞ്ഞ കെട്ടിടം കണക്കെ തഴേക്ക് കൂപ്പുകുത്തി. അതിനടിയിൽ കാളയുണ്ടായിരുന്നു. അതിെൻറ കൊമ്പിലേക്ക് ഭാഗ്യം കൊണ്ടാണ് വീഴാതിരുന്നത്. സംഭവത്തിനിടെ ചില ഉടലുകളിലൂടെ കാളയുടെ കൊമ്പ് കയറിയിറങ്ങി. ചോരപ്പൂക്കൾ ചിതറുന്നതും ആന്തരികാവയവങ്ങൾ മുറിവേറ്റ് പുറത്തേക്ക് തുറിക്കുന്നതും കണ്ട് തരിച്ചുനിന്നുപോയി.
കാട്ടിൽ കയറിയപ്പോഴും കാട്ടുതീ കെടുത്താനിറങ്ങിയപ്പോഴും പ്രളയത്തിലിറങ്ങിയപ്പോഴുമൊന്നുമില്ലാത്ത വിറയൽ എെൻറ ശരീരത്തെ പിടിച്ചുലച്ചു. ഒരു നിമിഷം കാമറയെക്കുറിച്ച് ഞാൻ ഓർത്തില്ല. പടമെടുക്കാനാണ് വന്നതെന്ന കാര്യം മറന്നുപോയി. എെൻറ കാമറയിൽ അപ്പോൾ ഒരു ടെലി ലെൻസായിരുന്നു. അത് മാറ്റി വൈഡ് ലെൻസിടാൻ ആ ആക്രമണത്തിനിടയിൽ കഴിയാതെ പോയി.
ഒരുഗ്രൻ ഫ്രെയിം നഷ്ടമായ സങ്കടം പിന്നീട് എന്നെ പിടികൂടാനിരിക്കുകയായിരുന്നു. കാളപ്പോരിെൻറ പല പല ദൃശ്യങ്ങൾ ഒപ്പിയെടുത്തെങ്കിലും പകർത്താനാവാതെ പോയ ആ ദൃശ്യം വല്ലാതെ സങ്കടപ്പെടുത്തിക്കളഞ്ഞു. ജീവനും മരണത്തിനുമിടയിലെ ഒരു നിമിഷം ഫോട്ടോഗ്രാഫർക്ക് വളരെ വിലപ്പെട്ടതാണല്ലോ. സാധാരണ ജല്ലിക്കെട്ടിൽ ടി.വിയും ഫ്രിഡ്ജും െമാബൈൽ ഫോണുമൊക്കെയാണ് സമ്മാനമെന്ന് കേട്ടിരുന്നു. പക്ഷേ, കോയമ്പത്തൂരിലെ ഈ ജല്ലിക്കെട്ടിൽ ഒന്നാം സമ്മാനർഹനെ കാത്തിരുന്നത് ഒരു ഫ്ലാറ്റ് തന്നെയായിരുന്നു. വാസ്തവത്തിൽ സമ്മാനത്തിനൊന്നും ജല്ലിക്കെട്ടിൽ വലിയ പ്രാധാന്യമൊന്നുമില്ല.
മത്സരത്തിൽ കാഴ്ചവെക്കുന്ന വീര്യമാണ് പ്രധാനം. അവിടെ മൂന്നുപേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ചില പൊലീസുകാർ തന്നെ ഞങ്ങളോട് പറയുകയുണ്ടായി. ജല്ലിക്കെട്ടിൽ മരിക്കുന്നവരുടെ ചിത്രങ്ങൾ മഹായുദ്ധങ്ങളിൽ വീരമൃത്യു വരിച്ച സൈനികരുടേത് പോലെ പുഷ്പാലംകൃതമായി വീടുകളുടെ ചുമരുകളിൽ തൂങ്ങുമത്രെ. കാളക്കൊമ്പിലെ മരണപ്പിടച്ചിലിൽ ഒടുങ്ങിയ ഒന്നിലേറെപ്പേരുള്ള വീടുകളുമുണ്ട് തമിഴ്നാട്ടിൽ.
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഈ തമിഴ് മണ്ണിൽനിന്ന് കിട്ടിയത്. മരണം മുന്നിൽ കാണുന്ന മറ്റൊരു മത്സരം ഇന്ത്യയിൽ എന്നല്ല, ചിലപ്പോൾ ലോകത്തിൽ തന്നെ ജല്ലിക്കട്ടുപോലെ വേറെയുണ്ടാവില്ല. എന്നിട്ടും ഓരോ വർഷവും അതിെൻറ വീറും വാശിയും പെരുമയും കത്തിപ്പടർന്നുകൊണ്ടേയിരിക്കുന്നു. തമിഴെൻറ ഉള്ളിൽ കെടാത്ത വീറായി ജല്ലിെക്കട്ട് എങ്ങനെയാണ് ജ്വലിച്ചുനിൽക്കുന്നതെന്ന വിസ്മയിപ്പിക്കുന്ന തിരിച്ചറിവായിരുന്നു കോയമ്പത്തൂരിലെ ജല്ലിക്കെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.