കൂട്ടായിയിൽനിന്ന് ഉഡുപ്പിയിലേക്ക് 350 കിലോ മീറ്റർ
text_fieldsഇപ്പോൾ മാർച്ച് ഒന്ന്...രാത്രി 10 മണി കഴിഞ്ഞിരിക്കുന്നു.... വീട്ടിൽ നിന്നും 350 കിലോ മീറ്റർ അകലെയാണ് ഞാനും എെൻറ ബൈക്കും. ഇനിയും നൂറുകണക്കിന് കിലോ മീറ്ററുകൾ താണ്ടാനുണ്ട്. രണ്ടു ദിവസം മുമ്പ് ഒരു തോന്നൽ ഒന്ന് ഇന്ത്യ മുഴുവൻ ഒന്നു ബൈക്കിൽ കറങ്ങിയാലെന്താ..? പിന്നെയൊന്നും ആലോചിച്ചില്ല. കണക്കു കൂട്ടിയപ്പോൾ ഒരു 45 ദിവസം വേണ്ടിവരും. ഒറ്റയ്ക്കാണ് യാത്ര.
അത്യാവശ്യം യാത്രയ്ക്ക് വേണ്ട സാമഗ്രികളൊക്കെ എടുത്തു. എല്ലാ യാത്രകളിലും എെൻറ കൂട്ടാളിയായ ഹോണ്ട സി.ബി.ആർ 150 യിൽ റെഡിയായി. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് കൂട്ടായിയിലെ വീട്ടിൽനിന്നും രാവിലെ ആറു മണിക്കു തന്നെ എെൻറ സ്വപ്ന സഞ്ചാരം തുടങ്ങി. തലേന്നത്തെ തയാറെടുപ്പു കാരണം കുറച്ചു മാത്രമേ ഉറങ്ങാൻ കഴിഞ്ഞിരുന്നുള്ളു. യാത്ര തുടങ്ങിയപ്പോൾ ക്ഷീണമൊക്കെ പറ പറന്നു. പോകുന്ന വഴി സുഹൃത്ത് സാദിഖിെൻറ വീട്ടിൽ കയറി സൺഗ്ലാസും വാങ്ങി യാത്രയും പറഞ്ഞ് കോഴിക്കോടിന് വണ്ടി പായിച്ചു.
രാവിലെ 9.30ന് വടകര എത്തുന്നതിനു തൊട്ടുമുമ്പ് ഒരു ഹോട്ടലിൽനിന്ന് പ്രഭാത ഭക്ഷണം കഴിക്കാൻ കയറി. ഇന്ത്യ കാണാനിറങ്ങിയതാണെന്ന് പറഞ്ഞപ്പോൾ ഹോട്ടലിലിരുന്ന ചിലർക്ക് കൗതുകം. അവരോട് ടാറ്റയുംപറഞ്ഞ് അവരുടെ ആൾ ദ ബെസ്റ്റും സ്വീകരിച്ച് യാത്ര തുടർന്നു. നല്ല വെയിലാണ്. ബൈക്കിൽ വെച്ചുകെട്ടിയ സാധനങ്ങൾ അവിടെത്തന്നെയില്ലേ എന്ന് ഇടയ്ക്ക് നോക്കിക്കോണം. ചെലവ് പരമാവധി കുറച്ചു യാത്ര ചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് മാഹി എത്തുന്നതുവരെ പെട്രോൾ എവിടന്നും അടിച്ചില്ല. മാഹി വരെ എത്താനുള്ള കഷ്ടി പെട്രോളേ ഉണ്ടായിരുന്നുള്ളു.
മാഹിയിൽനിന്ന് പെട്രോൾ അടിച്ചപ്പോൾ ലിറ്ററിന് ഏതാണ്ട് നാല് രൂപ ലാഭം. കേന്ദ്ര ഭരണപ്രദേശമായതിെൻറ ഗുണം. ഇത്തരം യാത്രകളിൽ നമ്മളറിയാതെ ബൈക്കിെൻറ വേഗം കൂടുന്നത് തടയുകയാണ് പ്രധാനപ്പെട്ട കാര്യം. പ്രധാന വില്ലൻ വെയിൽ ആയതിനാൽ ബൈക്കിെൻറ ഹോൾഡറിൽ ഘടിപ്പിച്ചിരുന്ന ഹോൾഡറിൽനിന്നും ഇടയ്ക്കിടെ വെള്ളമെടുത്തു കുടിച്ചുകൊണ്ടായിരുന്നു യാത്ര. ഉച്ച ഭക്ഷണത്തിനു കയറിയ ഹോട്ടലിലും പലരുടെയും ചോദ്യം,
‘എങ്ങോട്ടാ...?’
‘ഒാഹ്... ഒന്നു ഇന്ത്യ കാണാൻ പോകുവാ...’ അതുകേട്ട് അവർക്ക് അതിശയം.
അവരുടെ കൗതുകം എെൻറ കൈയിലുണ്ടായിരുന്ന ‘ആക്ഷൻ ക്യാം’ ആയിരുന്നു. നേരത്തെ പരിചയമുള്ള റൂട്ടായതിനാൽ വലിയ കുഴപ്പമില്ലാതെ വൈകുന്നേരം ഉഡുപ്പി പിടിക്കാനായി. മോശമല്ലാത്ത റോഡും. ഇടയ്ക്ക് കാസർകോഡ് ഒരു ഇൻഡസ്ട്രിയിൽ കൈയിലെ കത്തി മൂർച്ച കൂട്ടാൻ കൊടുത്തു. ആദ്യം ക്യാമറ ഒാഫ് ചെയ്യാനാണ് അയാൾ പറഞ്ഞത്. ക്യാമറ ഒാഫാണെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് കത്തി മൂർച്ച കൂട്ടിയത്. എെൻറ ഹെൽമെറ്റിനകത്തെ കൂളിങ് ഗ്ലാസിലായിരുന്നു അയാളുടെ കണ്ണ്. മൂപ്പർക്കത് ഇഷ്ടമായി. അത് പ്രത്യേകം ഘടിപ്പിച്ചതാണോ എന്നയി മൂപ്പരുടെ ചോദ്യം. അങ്ങനെയൊരെണ്ണം കിട്ടിയാൽ കൊള്ളമെന്നുണ്ട് അദ്ദേഹത്തിന്.
മംഗലാപുരം മുതൽ ഉഡുപ്പിവരെയുള്ള റോഡ് അടിപൊളിയാണ്. രാത്രി യാത്ര വേണ്ടെന്നു തന്നെ നേരത്തേ ഉറപ്പിച്ചതാണ്. ഹോട്ടൽ ബുക്കിങ് സൈറ്റിൽ കയറി അത്ര കത്തിയല്ലാത്ത, കൊള്ളാവുന്ന ഒരെണ്ണം തപ്പി പേയ്മെൻറ് ഘട്ടംവരെ എത്തിയപ്പോൾ വില കൂടിയതിനാൽ അതുപേക്ഷിച്ചു. പലയിടത്തും റൂം അന്വേഷിച്ചെങ്കിലും വലിയ വാടകയാണ് ചോദിച്ചത്.
ഒടുവിൽ ഒരു ഫാമിലി അപ്പാർട്ടുമെൻറിൽ ഉറപ്പിച്ചു. തുകയിത്തിരി കൂടുതൽ ആയിരുന്നെങ്കിലും എെൻറ ക്ഷീണവും അവിടുത്തെ കുട്ടികളുടെ കളിചിരിയും അതങ്ങ് ഉറപ്പിച്ചു. റൂമിൽ വന്ന് ലഗേജൊക്കെ ഇറക്കി വെച്ച് ഒന്ന് ഫ്രഷായി, ക്യാമറയും മിനി ബാഗും മാത്രമെടുത്ത് റൂം പൂട്ടി മാൽപെ ബീച്ചിലൊക്കെ ഒന്നു കറങ്ങി അസ്തമയത്തിെൻറ പടവുമൊക്കെ എടുത്ത് വീണ്ടും റൂമിലെത്തിയിട്ടുണ്ട്...
ഇനി രാവിലെ വീണ്ടും യാത്ര തുടരണം.... എന്തായാലും ഇന്ത്യ കാണാൻ ഇറങ്ങി... ഇനി കണ്ടിട്ടുതന്നെ കാര്യം...
രാവിലെ ആറ് മണിക്ക് 300 കിലോ മീറ്റർ അപ്പുറമുള്ള ഹബ്ലിയിൽ എത്തണമെന്നാണ് കരുതുന്നത്. ഫസ്റ്റ് ഡെസ്റ്റിനേഷൻ ആയ അജന്ത caveiottulla റൂട്ട് ആണത്. രാവിലെ 11 മണിക് ഇവിടെ മണിപ്പാലിനടുത്ത് ഹോളി ആഘോഷങ്ങൾ ഉണ്ടെന്ന് താമസ സ്ഥലത്തെ സ്റ്റാഫ് പറയുന്നു.പക്ഷെ അത് വരെ ഇവിടെ വെയിറ്റ് ചെയ്‌താൽ രാവിലത്തെ വെയിൽ ശല്യമില്ലാത്ത യാത്ര മിസ്സ് ആകും...
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.