ആമിന അണിഞ്ഞൊരുങ്ങി, ഉലകം ചുറ്റാൻ
text_fieldsഹെഡ്ലൈറ്റിന് താഴെ മാല പോലെയൊരു ഒാഫ്റോഡ് മഡ്ഗാർഡ്, വശങ്ങളിൽ കമ്മലിന് സമാനമായി തൂങ്ങിനിൽക്കുന്ന ലൈറ്റുകൾ, മുകളിൽ ചന്തംചാർത്തി വിൻഡ്ഗ്ലാസ്, മിന്നിത്തിളങ്ങുന്ന വളകൾക്കൊത്ത ചുവന്ന പെട്രോൾ കാനുകൾ, അരഞ്ഞാണം പോലെ ക്രാഷ് ഗാർഡുകൾ, പിന്നിൽ സാധനങ്ങൾ കൊണ്ടുപോകാനായി പാദസരം കണക്കെ ബോക്സുകൾ, മൈലാഞ്ചി മൊഞ്ചിൻ അഴകൊത്ത കറുപ്പും ചുവപ്പും ഇടകലർന്ന ഡിസൈനിങ്... അങ്ങനെ മൊത്തത്തിൽ ആമിന എന്ന ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 200 ബൈക്ക് അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. ഇനി ലോകമൊന്ന് ചുറ്റിയടിക്കണം. കൂടെ പൊന്നുപോലെ സ്നേഹിക്കുന്ന മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനുമുണ്ട്.
ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികൾക്ക് വ്യതസ്തമായ യാത്രാവഴികൾ സമ്മാനിച്ച സാഹസിക സഞ്ചാരിയാണ് ഷാക്കിർ. കഴിഞ്ഞവർഷം നടത്തിയ നേപ്പാൾ യാത്ര മുതലാണ് ഇദ്ദേഹം യുവാക്കളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഹിച്ച്ഹൈക്കിങ് (കിട്ടുന്ന വാഹനത്തിൽ കയറി പോവുക) എന്ന വ്യത്യസ്ത രീതിയിലായിരുന്നു ആ യാത്ര. കൈയിൽ ഒരുരൂപ പോലുമില്ലെങ്കിലും എങ്ങനെ യാത്ര പോകാമെന്ന് പഠിപ്പിക്കുകയായിരുന്നു ഈ യുവാവ്. അതിനുശേഷം ഹിച്ച്ഹൈക്കിങ് നടത്തി കണ്ണൂരിൽനിന്ന് ഏഴ് രാജ്യങ്ങൾ റോഡ് വഴി താണ്ടി സിംഗപ്പൂരിൽ എത്തി. മാസങ്ങൾക്കകം തന്നെ ആഫ്രിക്കൻ യാത്ര. കെനിയ, ഉഗാണ്ട, ടാൻസാനിയ, റുവാണ്ട എന്നിവിടങ്ങളിലൂടെയായിരുന്നു സഞ്ചാരം. തികച്ചും പ്രാദേശിക വാഹന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു യാത്ര. അതിനുശേഷം സ്കൂട്ടറിൽ ലഡാക്കിലേക്ക് ചെലവ് ചുരുക്കിയൊരു ട്രിപ്പ്.
വെറുതെ പോവുകയല്ല ഷാക്കിർ. യാത്രയിലെ ഒാരോ നിമിഷവും കാമറയിൽ പകർത്തി കാഴ്ചക്കാർക്ക് പകർന്നേകുകയും ചെയ്യുന്നു ഈ 29കാരൻ. മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയും ആ കാഴ്ചകൾ നമുക്ക് അനുഭവിക്കാവുന്നതാണ്. ഏകദേശം 3.70 ലക്ഷം യൂട്യൂബ് സബ്സ്ക്രൈബേഴ്സാണ് കുറഞ്ഞകാലയളവിനുള്ളിൽ മല്ലു ട്രാവലറിന് ലഭിച്ചത്.
അറബിക്കടലും താണ്ടി യൂറോപ്പിലേക്ക്
മൂന്ന് വർഷമായി ഷാക്കിറിെൻറ മനസ്സിൽ ലോകയാത്ര എന്ന ആഗ്രഹം വിത്തുപാകിയിട്ട്. വരുന്ന ഒക്ടോബർ 27ന് ആ സ്വപ്നം പടർന്നുപന്തലിക്കാൻ പോവുകയാണ്. കണ്ണൂരിൽനിന്ന് തുടങ്ങി ലോകരാജ്യങ്ങളെല്ലാം ചുറ്റിക്കറങ്ങി കണ്ണൂരിൽതന്നെ അവസാനിക്കുന്നതാണ് ഇൗ യാത്ര. ന്യൂജനറേഷന് യാത്രകളുടെ ലോകത്തേക്ക് വാതിൽ തുറന്നുകൊടുത്ത സന്തോഷ് ജോർജ് കുളങ്ങരയാണ് ഫ്ലാഗ്ഓഫ് ചെയ്യുന്നത്. കണ്ണൂർ സെൻറ് മിക്കായേൽസ് എ.െഎ.എച്ച്.എസ്.എസിൽ വൈകീട്ട് മൂന്നിന് ഫ്ലാഗ്ഒാഫ് ചെയ്യും. മല്ലു ട്രാവലറിനെ സ്നേഹിക്കുന്ന ഒരുപാട്പേരാണ് പരിപാടിക്കെത്തുക. കൂടെ മലയാളത്തിലെ പ്രശസ്ത യൂട്യൂബ് േവ്ലാഗേഴ്സും ആശംസകളുമായെത്തും.
കണ്ണൂരിൽനിന്ന് മുംബൈയാണ് ആദ്യ ലക്ഷ്യസ്ഥാനം. അവിടെനിന്ന് ആമിനയെ അറബിക്കടലിലൂടെ ഒമാനിലേക്ക് കപ്പൽ കയറ്റും. പിന്നെ റോഡ് മാർഗം യു.എ.ഇ വഴി ഇറാനിൽ. അസർബൈജാൻ, ജോർജിയ, അർമേനിയ, തുർക്കി എന്നീ രാജ്യങ്ങൾ പിന്നിട്ട് ഗ്രീസിലേക്ക് പ്രവേശിക്കും. ആറ് മാസം കൊണ്ട് ഷാക്കിറും ബൈക്കും ഏകദേശം 30,000 കിലോമീറ്റർ യൂറോപ്പിലൂടെ താണ്ടും. അതിനുശേഷം അമേരിക്കൻ ഭൂഖണ്ഡങ്ങളും ആസ്ട്രേലിയയും ആഫ്രിക്കയുമെല്ലാം ബൈക്കിൽ സഞ്ചരിക്കണമെന്ന് ഈ ചെറുപ്പക്കാരെൻറ മനസ്സിലുണ്ട്. ടി.വി.എസ് പോലുള്ള നിരവധി കമ്പനികളുടെയും വ്യക്തികളുടെയും സഹായസഹകരണത്തോടെയാണ് ഇൗ യാത്ര സാധ്യമാകുന്നത്. ഒപ്പം ചങ്കുപറിച്ച് നൽകാൻ കൂടെയുള്ള കട്ടഫാൻസിെൻറ സപ്പോർട്ടും.
മൊഞ്ചത്തിയാക്കാൻ ഒരു ലക്ഷം
ഒരുപാട് മുന്നൊരുക്കങ്ങളാണ് ലോകയാത്രക്കായി ഷാക്കിർ ചെയ്യുന്നത്. വ്യത്യസ്ത നാടുകളിലൂടെ വൈവിധ്യമാർന്ന കാലാവസ്ഥയിലൂടെ ദീർഘകാലം സഞ്ചേരിക്കേണ്ടതുണ്ട്. അതിനായി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തി. ഒാരോ രാജ്യാതിർത്തിയും കടക്കാനുള്ള വിസയും വാഹനത്തിന് ആവശ്യമായ കാർനെറ്റും ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റും തയാറാക്കി. ശരീരം കാക്കാൻ റൈഡിങ് ഗിയേർസുകളും തയാർ. ബൈക്കിലും മാറ്റങ്ങൾ വരുത്തി സുരക്ഷ വർധിപ്പിച്ചു. ആമിനയെ മൊഞ്ചത്തിയാക്കാൻ ഒരുലക്ഷം രൂപയാണ് ചെലവ്. സ്പോർട്സ് ബൈക്കായ അപ്പാച്ചയെ ദീർഘദൂര യാത്രക്കുള്ള ടൂറിങ് മോഡിലേക്ക് മാറ്റിയെടുത്തത് ബംഗളൂരുവിലെ ആർട്ട് ഒാഫ് മോട്ടോർസൈക്കിൾസ് എന്ന സ്ഥാപനത്തിൽവെച്ചാണ്.
ഇൗ യാത്ര കഴിയുന്നതോടെ ലോകത്തിലെ റോഡുകളിലൂടെ കെ.എൽ രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ ചീറിപ്പാഞ്ഞ് നടക്കുമെന്നാണ് ഷാക്കിർ സ്വപ്നം കാണുന്നത്. അതിന് പ്രാപ്താമാക്കുന്ന വീഡിയോകളാണ് മല്ലു ട്രാവലറിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയെന്ന് ഇൗ ലോകസഞ്ചാരി ഉറപ്പുനൽകുന്നു.
പ്രണയമല്ല, അറിവുകളാണ് യാത്രകൾ
ഇരുപതിന് മുകളിൽ രാജ്യങ്ങൾ ഇതുവരെ സന്ദർശിച്ചു. കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം നമ്മുടെ ജമ്മു കശ്മീർ തന്നെ. ജനങ്ങളുടെ രാഷ്ട്രീയ മനസ്സുകൾ നീറിപ്പുകയുകയാണെങ്കിലും ആ നാടിെൻറ ഭംഗിയും നാട്ടുകാരുടെ സ്നേഹവും സ്വഭാവവും അനുഭവിച്ചറിയേണ്ടത് തന്നെയാണ്. യാത്രയോട് പ്രണയമോ ഭ്രാന്തോ അല്ല ഷാക്കിറിന്. നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങാത്ത വിശാലമായ വിദ്യാലയമാണത്. ഒരുപാട് അനുഭവങ്ങളും പാഠങ്ങളും അത് പകർന്നേകുന്നു. മനുഷ്യമനസ്സുകളിൽ അടിഞ്ഞുകൂടിയ അഴുക്കുകൾ അലിഞ്ഞ് ഇല്ലാതാക്കാൻ യാത്രകൾ സഹായിക്കുന്നു. കൂടുതൽ യാത്ര ചെയ്യുക എന്ന് പറഞ്ഞാൻ നല്ല മനുഷ്യനാവുക എന്നതാണ്. ഷാക്കിർ ഒരിക്കലും മറ്റുള്ളവരുടെ വഴിയേ യാത്ര പോകാറില്ല. സ്വന്തമായി പാതകൾ വെട്ടിത്തെളിച്ച് തന്നെ സ്നേഹിക്കുന്നവരെയും അതുവഴി കൈപിടിച്ച് കൊണ്ടുവരികയാണ് ഇൗ ചെറുപ്പാക്കാരൻ.
കണ്ണൂർ ഇരിട്ടി സ്വശേദിയായ ഷാക്കിർ, സുബ്ഹാൻ-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. മാതാവിെൻറ പേരിൽനിന്നാണ് ആമിന എന്ന് അപ്പാച്ചക്ക് നാമകരണം ചെയ്യുന്നത്. ഭാര്യ ബൽക്കീസ്. മക്കൾ: മാസി ഷാക്കിർ, റയാൻ ഷാക്കിർ.
വാഹനം അതിർത്തി കടത്തണോ, നിസ്സാരം
ഒരു രാജ്യത്തുനിന്ന് മറ്റൊരു നാട്ടിലേക്ക് വാഹനം കൊണ്ടുപോകാൻ ആവശ്യമായ രേഖയാണ് കാർനെറ്റ്. ഇതിെൻറ മുഴുവൻ പേര് കാർനെറ്റ് ദ പാസേജ് എന്നാണ്. രാജ്യാതിർത്തികളിൽ കസ്റ്റംസ് ക്ലിയറൻസ് ചെയ്യാൻ ഇൗ പേപ്പർ നിർബന്ധമാണ്. ഫെഡറേഷൻ ഒാഫ് ഇൻറർനാഷനൽ ഒാേട്ടാമൊബൈൽ അസോസിയേഷന് കീഴിലെ വെസ്റ്റേൺ ഇന്ത്യ ഒാേട്ടാമൊബൈൽ അസോസിയേഷൻ ആണ് കാർനെറ്റ് അനുവദിക്കുന്നത്. മുംബൈയിലാണ് ഇവരുടെ ആസ്ഥാനം.
യാത്രാവിവരങ്ങൾ, രണ്ട് അയൽവാസികളുടെ മേൽവിലാസം, ഡ്രൈിവിങ് ലൈസൻസ് കോപ്പി, വണ്ടിയുടെ ആർ.സി കോപ്പി, പാസ്പോർട്ടിെൻറ കോപ്പി, വണ്ടിയുടെ ഫോേട്ടാസ്, െഎ.ഡി കാർഡ്, പാസ്പോർട്ട് സൈസ് ഫോേട്ടാ, ഇൻഷുറൻസ് കോപ്പി, വെസ്റ്റോൺ ഇന്ത്യ ഒേട്ടാമൊബൈൽ അസോസിയേഷെൻറ അംഗത്വം, വണ്ടിയുടെ കൂടെ കൊണ്ടുപോകുന്ന സാധനങ്ങളുടെ വിവരങ്ങൾ, വാഹനം മറ്റൊരാളുടെ പേരിലാണെങ്കിൽ എൻ.ഒ.സി എന്നിവയാണ് കാർനെറ്റ് എടുക്കാൻ പ്രധാനമായും വേണ്ടത്.
വെസ്റ്റേൺ ഇന്ത്യ ഒേട്ടാമൊബൈൽ അസോസിയേഷെൻറ അംഗത്വം എടുക്കാൻ 2065 രൂപയാണ് ചെലവ്.
അഞ്ച് പേജുള്ള കാർനെറ്റിെൻറ വില 88,500 രൂപയാണ്. പത്ത് പേജുള്ള കാർനെറ്റിന് 1,18,000 രൂപയും 25 പേജുള്ള കാർനെറ്റിന് 1,77,0000 രൂപയും ചെലവ് വരും. നമ്മൾ താണ്ടുന്ന രാജ്യങ്ങളുടെ എണ്ണത്തിന് അനുസരിച്ചാണ് എത്ര പേജുള്ള കാർനെറ്റ് എടുക്കണം എന്ന് തീരുമാനിക്കേണ്ടത്.
ഇത് കൂടാതെ വണ്ടിയുടെ സെക്യൂരിറ്റി തുകയായി ഒരു ലക്ഷവും അടക്കണം. ഇത് വാഹനം ഇന്ത്യയിൽ തിരിച്ചെത്തിയാൽ തിരികെ ലഭിക്കും. വണ്ടിയുടെ വിലയും കാലപ്പഴക്കവും ഇവിടെ പ്രശ്നമല്ല. ഇത്രയും കാര്യങ്ങൾ ശരിയാക്കിയാൽ രണ്ട് ദിവസത്തിനുള്ളിൽ കാർനെറ്റ് ലഭിക്കും. ഒരുവർഷമാണ് ഇതിെൻറ കാലാവധി. അതിനുശേഷം പുതുക്കാവുന്നതാണ്. മറ്റു രാജ്യങ്ങളിൽ വാഹനം ഒാടിക്കാൻ ആവശ്യമായ ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റും മുംബൈയിലെ ഒാഫിസിൽനിന്ന് സിംപിളായി ലഭിക്കും. 1600 രൂപ മാത്രമാണ് ഇതിെൻറ ചെലവ്.
(ഷാക്കിറിെൻറ ടി.വി.എസ് അപ്പാച്ചെ ബൈക്ക് കൊണ്ടുപോകാൻ ആവശ്യമായ ചെലവാണ് മുകളിൽ കൊടുത്തിരിക്കുന്നത്. മറ്റു ബൈക്കുകൾക്കും കാറുകൾക്കും ഏകദേശം ഇൗ തുക തന്നെയാണ് ചെലവ് വരുന്നത്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.