മറീനയുടെ രാക്കാഴ്ചകൾ
text_fieldsകാര്യമായി എവിടേക്കെങ്കിലും പോകാൻ മുൻകൂട്ടി പ്ലാൻ ഇല്ലാതിരുന്നതിനാൽ രാവിലെ എണീക്കാൻ കുറച്ചു വൈകി. കഴിഞ്ഞ കുറേ ദിവസങ്ങളായി നേരത്തേ എണീറ്റ് യാത്ര തുടരുന്നതാണ്. കുറച്ച് ഉറക്കം അങ്ങനെ ബാക്കിയാണ്. അതുകൊണ്ട് കുറച്ചുകൂടി കിടന്നുറങ്ങി.
ഉറക്കമെഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിർവഹിച്ച് എ.ആർ. റഹ്മാെൻറ മ്യൂസിക് സ്കൂൾ തേടിയായിരുന്നു യാത്ര. ഗൂഗിൾ മാപ്പ് നിർദേശിച്ച പ്രകാരം എട്ട് കിലോ മീറ്ററ സഞ്ചരിച്ച് ‘കെ.എം കോളജ് ഒാഫ് മ്യൂസിക്’ ആൻറ് ടെക്േനാളജി’യിലെത്തി. അകത്തേക്ക് കയറിപ്പോകുന്ന രണ്ട് വിദ്യാർത്ഥികളോട് എനിക്ക് അകത്തു കടക്കാൻ പെർമിഷൻ വല്ലതും വേണമോ എന്ന് ചോദിച്ചു. അങ്ങനെ പ്രധാന വാതിലിനു മുന്നിലെ രജിസ്റ്ററിൽ പേരു വിവരങ്ങൾ എഴുതി ഞാൻ അകത്തുകടന്നു.
ആദ്യം എത്തിയ ഹാളിൽ തന്നെ പല നിറത്തിലുള്ള വയലിനുകൾ ചുമരിൽ തൂക്കിയിട്ട് മഴവില്ലഴകായി നിൽക്കുന്നതു കാണാം. അവിടെ ഹിന്ദുസ്ഥാനി വോക്കൽ പഠിക്കുന്ന ആ രണ്ടു വിദ്യാർത്ഥികൾ അതിനകത്തെ എല്ലാം വിശദമായി കാണിച്ചു പരിചയപ്പെടുത്തിത്തന്നു. വളരെ അച്ചടക്കത്തിലും ചിട്ടയിലും വൃത്തിയിലും പ്രവർത്തിക്കുന്ന സംഗീത വിദ്യാലയമാണത്. അകത്തെ മുറിയിൽ സംഗീതോപകരണങ്ങൾ അഭ്യസിക്കുന്ന വിദ്യാർത്ഥികളെ കാണാഒ. താഴെ നിലയിൽതന്നെയുള്ള ഒരു മുറി സംഗീത ചക്രവർത്തി എ.ആർ. റഹ്മാെൻറതു തന്നെയാണ്. വാതിലിൽ പതിച്ചിരിക്കുന്ന ബോർഡിൽ ‘എ.ആർ. റഹ്മാൻ’ എന്ന വിഖ്യാതമായ ആ പേര് തിളങ്ങി നിൽക്കുന്നു.
പാട്ടുകൾ കേട്ടു തുടങ്ങിയ കാലം മുതലേ മനസ്സിൽ പടർന്നുകയറിയതാണ് ആ പേരും റഹ്മാൻ സംഗീതവും. അതിനകത്തെ കാഴ്ചകൾ കാണാനായ സന്തോഷത്തിൽ പുറത്തിറങ്ങുമ്പോൾ കനത്ത വെയിൽ സഹിക്കാനാവുന്നതിനും അപ്പുറത്തെത്തിയിരിക്കുന്നു. മ്യൂസിക് സ്കൂളിനകം എയർ കണ്ടീഷൻ ചെയ്തതാണ്. അതുകൊണ്ടുതന്നെ പുറത്തിറങ്ങിയപ്പോൾ ചൂടിെൻറ കാഠിന്യം നേരിട്ടറിഞ്ഞു. സ്കൂളിനു പുറത്തെ മാവിൻ ചുവട്ടിൽ തണൽ കണ്ടപ്പോൾ അവിെട പോയിരുന്നു. മാവിൽ കെട്ടിയിട്ട മണികൾ കാറ്റിനനുസരിച്ച് ശബ്ദമുണ്ടാക്കുന്നുണ്ട്. സ്കൂളിനകത്ത് പിയാനോ വായിക്കുന്ന നേർത്ത ശബ്ദം പുറത്തേക്കും ഒഴുകിയെത്തുന്നുണ്ട്. സ്കൂളിന് മുന്നിലെ ചായക്കടയിൽനിന്നും പഴയ തമിഴ് പാട്ട് കേൾക്കുന്നുണ്ട്. രാവിലെ അവിടെനിന്നും ദോശയും ചട്നിയും കഴിച്ചു. ഉച്ചവരെ ആ തണലിൽ തന്നെയിരുന്നു. ഉച്ചയ്ക്ക് ശേഷം റൂമിലേക്ക് തിരികെ പോയി.
മറ്റ് സംസ്ഥാനങ്ങളിൽ റോഡിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെയാണ് അധികം കാണുന്നതെങ്കിൽ ചെന്നൈയിൽ റോഡരികിൽ കിടന്ന് അയവിറക്കി വിശ്രമിക്കുന്ന കന്നുകാലികളെയാണ് കാണാനായത്. ഞാൻ താമസിക്കുന്ന സ്ഥലമായ റോയ്പേട്ടയിൽ നല്ല തിരക്കായിരുന്നു. നേരേ റൂമിൽ ചെന്ന് അൽപനേരം കിടന്നു. വൈകുന്നേരം നാലുമണിയോെട മറീന ബീച്ചിലേക്കു നടന്നു. ഉച്ചഭക്ഷണം കഴിച്ചിരുന്നില്ല. എന്തു കഴിക്കണമെന്ന അന്വേഷണത്തിൽ ചുറ്റും പരതി. കഴിഞ്ഞ ദിവസം രാത്രി ബിരിയാണിക്കുവേണ്ടി ക്യൂ നിൽക്കുന്ന ആളുകളെ ചില ഹോട്ടലുകൾക്കു മുന്നിൽ കണ്ടിരുന്നു. റോഡുകൾ വരെ നീണ്ട ആ ക്യൂവിെൻറ രഹസ്യമറിയാൻ ഞാനുമൊരു ബിരിയാണി വാങ്ങി കഴിച്ചു. മോശമല്ലാത്ത ബിരിയാണി തന്നെയായിരുന്നുവെങ്കിലും നമ്മുടെ നാട്ടിലെ അത്ര പോര. വില 90 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. 80 രൂപയ്ക്കും ബിരിയാണി കിട്ടുന്ന ഹോട്ടലുകളുണ്ടിവിടെ.
മറീന ബീച്ചിൽ വൈകിേട്ടാടെ ആളുകൾ ധാരാളമായി എത്തിച്ചേർന്നിരുന്നു. പക്ഷേ, എന്തിെൻറയോ ഒരു കുറവ് ആ കടൽത്തീരത്ത് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. കിഴക്കു വശത്ത് കിടക്കുന്ന ബംഗാൾ ഉൾക്കടൽ തീരത്തിന് പടിഞ്ഞാറൻ അറബി കടലിലെ പോലെ അസ്തമയശോഭയില്ല എന്നതാണ് ആ കുറവ് എന്ന് ബോധ്യമായി. ബലൂൺ കച്ചവടവും കപ്പലണ്ടി കച്ചവടവും തുടങ്ങി. കൂട്ടിലിട്ട തത്തയുമായി ഭാവി പ്രവചിക്കുന്ന കൈനോട്ടക്കാർ വരെ മറീനയിൽ വൈവിധ്യത്തിെൻറ വലിയൊരു ലോകമായങ്ങനെ കിടന്നു. കടൽത്തീരത്ത് തിരമാലകളിൽ കാൽ നനച്ചും പാതി കടലിലിറങ്ങി കളിച്ചും ആളുകൾ ഉല്ലസിക്കുന്നു. കുറേനേരം അവിടെത്തന്നെ ചിലവഴിച്ച് ബീച്ചിെൻറ രാക്കാഴ്ചകളും കണ്ടാണ് റൂമിലേക്ക് മടങ്ങിയത്. തിരികെ റൂമിൽ പോകുന്ന വഴി ഒരു ജ്യൂസ് മാത്രം കഴിച്ച് രാത്രി ഭക്ഷണം പരിമിതപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.