മുരുകനെ പേടിപ്പിച്ച കടുവയെ തേടി
text_fields'പകുതിപ്പാലം' എന്നും മറക്കാനാവാത്ത ഒാർമയാണ്. കൊടുംകാടിനു നടുവിലെ കെ.എഫ്.ഡി.സിയുടെ റിസോർട്ടിൽ തനിച്ച് അന്തിയുറങ്ങിയതും രാത്രിയുടെ ഇരുണ്ട യാമത്തിൽ കരടി വന്ന് വാതിലിൽ മുട്ടിയതും ഇന്നും പല രാത്രികളിലും പേടിസ്വപ്നമായി വരാറുണ്ട്. വർഷങ്ങൾക്കുശേഷം പകുതിപ്പാലത്തു നിന്ന് വീണ്ടും ഒരു ഫോൺകാൾ, ജീപ്പ് ഡ്രൈവർ മുരുകനാണ്.
കുറച്ചു ദിവസമായി ഒരു കടുവയെ കാണാറുണ്ടെന്നും അവിടത്തെ സാറിനെ കൊണ്ടുവിട്ടിട്ട് തിരിച്ചുവരുമ്പോൾ വഴിയിൽവെച്ച് അത് തന്നെ പേടിപ്പിക്കാറുണ്ടെന്നും ഇപ്പോൾ വരുകയാണെങ്കിൽ അതിൻെറ ഫോട്ടോ കിട്ടാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. തൃശൂർ കെ.എഫ്.ഡി.സിയുടെ ഒാഫിസിൽ വിളിച്ച് ഹരികൃഷ്ണൻ സാറിനോട് അന്നത്തേക്ക് ഒരു റൂം ബുക്ക് ചെയ്ത് ഞങ്ങൾ നാലു പേരടങ്ങുന്ന സംഘം ഉച്ചയോടെ യാത്രതിരിച്ചു.
ചുരംകയറി മുകളിലെത്തിയപ്പോഴേക്കും സൂര്യൻ പതുക്കെ മലയിറങ്ങി താഴേക്കുപോയിരുന്നു. കൈകാട്ടി ജങ്ഷനിൽ നിന്ന് വലത്തേക്കു തിരിഞ്ഞ് ആ കുഞ്ഞുറോഡിലൂടെ യാത്ര തുടരുമ്പോൾ ഇളംകുളിരുള്ള തണുത്ത കാറ്റും കൂട്ടിനെത്തി. നാടുകഴിഞ്ഞ് പതുക്കെ കാട്ടിലേക്ക് കയറിയതും ഇരുട്ടിന് കനം കൂടിക്കൂടിവന്നു. വർഷങ്ങൾക്ക് മുമ്പുള്ള ആദ്യ വരവിൽ ഒരു ഒറ്റയാനെ കാണുക പതിവായിരുന്നു. എന്നാൽ, ഇത്തവണ അവനെ കണ്ടതേയില്ല. ചിലപ്പോൾ പലായനം ചെയ്തിട്ടുണ്ടാകും. എന്തായാലും ഏഴു മണിയോടു കൂടി കാട്ടിനു നടുവിലെ പകുതിപ്പാലത്തെ റിസോർട്ടിൽ ഞങ്ങൾ എത്തിച്ചേർന്നു. ഡ്രൈവർ മുരുകനെയും കിച്ചനിൽ ചെന്ന് മനോഹരൻ ചേട്ടനെയും കണ്ട് പരിചയം പുതുക്കി. അധികം താമസിയാതെ ഞങ്ങൾ മുരുകനും ഗൈഡായ സുസുവും കൂടി ആ കടുവയെ തപ്പിയിറങ്ങി.
പെട്ടെന്ന് മുരുകൻ വണ്ടി നിർത്തി. എല്ലാവരും പേടിച്ചുവിറച്ചു ചുറ്റും നോക്കി. ഒന്നും കാണാനില്ല. എല്ലാവരും മുരുകനെ നോക്കി. അപ്പോഴേക്കും അദ്ദേഹം അവിടെ കുറച്ചകലെയായി കണ്ട ഒരു പാഴ് കെട്ടിടത്തിനുനേരെ കൈനീട്ടി. എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. കൊടുംവനത്തിലെ ആ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ നിന്ന് ഞങ്ങളെ അദ്ഭുതപ്പെടുത്തി ഒരാൾ ഇറങ്ങിവന്നു. ഇംഗ്ലീഷ് പ്രേത സിനിമകളിലൊക്കെ കാണുന്ന പ്രേതത്തെപ്പോലെ.
എല്ലാവരും ഒന്ന് ഭയന്നു. ഞങ്ങളുടെ പേടി കണ്ട മുരുകൻ പറഞ്ഞു, ഭയക്കണ്ട അത് പ്രേതമൊന്നുമല്ല. അതാണ് ചിന്നൻ. ഇൗ കാടിൻെറ കാവൽക്കാരൻ. വനത്തിൽ അങ്ങിങ്ങായി നടത്തുന്ന കാപ്പിേത്താട്ടങ്ങളിലെ കാപ്പിക്കുരു ഉണക്കിസൂക്ഷിക്കുന്ന സ്ഥലമാണിവിടം. ഒരുനേരം മൊബൈൽ ഇല്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുന്ന ജനങ്ങൾ വസിക്കുന്ന അതേ ഭൂമിയിലാണല്ലോ വെളിച്ചമോ വെള്ളമോ തലചായ്ക്കാൻ ഇടമോ മിണ്ടാനും പറയാനും ആരും ഇല്ലാതെ അദ്ദേഹം താമസിക്കുന്നതെന്നു കേട്ടപ്പോൾ വിശ്വസിക്കാനായില്ല.
ആ പാഴ് കെട്ടിടത്തിൻെറ മുൻവശത്ത് കണ്ട വലിയ മുറ്റത്താണ് കാപ്പിക്കുരു ഉണക്കുന്നത്. കാട്ടിൽ അവിടവിടെയായുള്ള തോട്ടങ്ങളിൽ നിന്ന് കൊണ്ടു വരുന്ന കാപ്പിക്കുരു ഇവിടെയിട്ട് ഉണക്കി പാകമാകുമ്പോൾ ഫോറസ്റ്റിൻെറ പിക്അപ് വാൻ വന്ന് എടുത്തുകൊണ്ടുപോകും. അതുവരെ ആ കാപ്പിക്കുരുവിന് പകലും രാത്രിയും കാവലാണ് ചിന്നൻെറ തൊഴിൽ. പകൽ വെയിൽകൊള്ളുന്ന അവയെ രാത്രി മഞ്ഞുകൊള്ളാതിരിക്കാൻ വലിയ ഷീറ്റുകൾ കൊണ്ട് മൂടിയിടും. എന്നും രാത്രി തീകൂട്ടി ആ കാപ്പിക്കുരുവിന് കാവലിരിക്കും.
ഒരു ദിവസം രാത്രി നല്ലക്ഷീണം കാരണം തീകൂട്ടാതെ ചിന്നൻ ആ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ കിടന്ന് അറിയാതെ ഉറങ്ങിപ്പോയി. എന്തോ ശബ്ദംകേട്ട് ഞെട്ടിയുണർന്നതും ആ കെട്ടിടത്തിൻെറ വാതിലും ചുമരും ചവിട്ടിപ്പൊളിച്ച് ഒരു കാട്ടാന ഉള്ളിലേക്കു കയറുന്നു. മരണഭയത്തിൽ ചാടിയെഴുന്നേറ്റ് അവിടെ കണ്ട ഒരു തട്ടിൻെറ പുറത്തുകയറി ഒളിച്ചു ശ്വാസം പോലും അടക്കിപ്പിടിച്ചിരുന്നു. കാട്ടാന അവിടെ മുഴുവൻ അരിച്ചുപെറുക്കി. ഒടുവിൽ ഒന്നും കിട്ടാതായപ്പോൾ പതുക്കെ പുറത്തേക്കിറങ്ങി.
അൽപസമയം കഴിഞ്ഞ് ചിന്നൻ പതുക്കെ പുറത്തിറങ്ങി നോക്കിയതും കാപ്പിക്കുരു മൂടിയിട്ടിരുന്ന വിലകൂടിയ ഷീറ്റുകളെല്ലാം ആന വലിച്ചുകീറി നശിപ്പിച്ചിരിക്കുന്നു. രാത്രിയുടെ ഭീതിയിൽ ആ കഥ ഞങ്ങളെ വല്ലാതെ പേടിപ്പിച്ചു. ഒാരോ രാത്രിയും അപ്പോ ഇങ്ങനെ പേടിച്ചുകഴിയണമല്ലേ എന്ന ചോദ്യത്തിന് മറുപടിയായി ഞങ്ങളെ ആ കെട്ടിടത്തിനു പിറകിലേക്ക് കൂട്ടിക്കൊണ്ടുപോയി. തൊട്ടുതാഴെയുള്ള കെട്ടിടത്തിനുനേരെ വിരൽ ചൂണ്ടി പറഞ്ഞു, അതിനകത്ത് ഒരു വമ്പൻ രാജവെമ്പാല കുടിയേറിപ്പാർത്തിട്ടുണ്ട്. മിക്കദിവസങ്ങളിലും അത് കയറിപ്പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകേട്ടതും പെരുവിരൽ മുതൽ ഉച്ചിവരെ വിറച്ചുപോയി.
രാത്രിയിൽ കാട്ടിലെ സഞ്ചാരത്തിൻെറ രസം ആസ്വദിക്കാൻവേണ്ടി ഇറങ്ങിത്തിരിച്ചതായിരുന്നു. എന്നാലിപ്പോൾ രസച്ചരട് മുറുകിപ്പോയിരിക്കുന്നു. കടുവ, പുലി, ആന, ഇപ്പോഴിതാ രാജവെമ്പാലയും. പുറത്ത് മഞ്ഞു പെയ്യുന്നുണ്ടെങ്കിലും ശരീരം നല്ലരീതിയിൽ വിയർക്കുന്നു. എല്ലാവർക്കും എങ്ങനെയെങ്കിലും തിരിച്ചു താമസസ്ഥലത്തെത്തിയാൽ മതിയെന്നായി. അധികം താമസിയാതെ എല്ലാവരും ഒാടി ജീപ്പിൽ കയറി.
പതിവു സ്വപ്നങ്ങൾക്ക് വഴിമുടക്കിയായി എത്തിയ ഒരു വേഴാമ്പലിൻെറ നാദം കേട്ടാണ് രാവിലെ കണ്ണുതുറന്നത്. കൂകിപ്പുലരുന്ന പുലരിയെയും വേഴാമ്പലിനെയും കാണാൻ പതുക്കെ റൂമിന് പുറത്തേക്കിറങ്ങി. എങ്ങും പുകമറ പോലെ മഞ്ഞു മൂടിക്കിടക്കുന്നു. ഇലകളിൽനിന്ന് വേർപിരിയുന്ന മഞ്ഞുതുള്ളികൾ അവരുടെ കണ്ണീരാണെന്ന് തോന്നിപ്പോകും. അടുത്ത രാത്രിയിൽ കാണാമെന്നു പറഞ്ഞുള്ള ഒരു വിടപറയൽപോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. ഒാരോ പുല്ലിലും പൂവിലും കാപ്പിക്കുരുവിൽ പോലും മഞ്ഞിൻെറ പ്രണയം ഒളിച്ചുകിടപ്പുണ്ടായിരുന്നു.
ഇതെല്ലാം ആസ്വദിച്ചു നിൽക്കവെ ഒരു മിന്നായംപോലെ എൻെറ മുന്നിലൂടെ വേഴാമ്പൽ പറന്നകന്നു. അത് പോയവഴിയിലൂടെ ഞാനും കുറെ ദൂരം മുന്നോട്ടുനടന്നു. പെട്ടെന്നാണ് ഒരുപറ്റം കാട്ടുപോത്തുകൾ ശ്രദ്ധയിൽപെട്ടത്. കാമറ എടുത്തു ക്ലിക്കുന്നതിനുമുമ്പേ അവ എന്നെക്കണ്ട് പാഞ്ഞടുത്തു. ജീവിതത്തിനും മരണത്തിനും ഇടക്കുള്ള ആ ഭയാനക നിമിഷത്തിൽ മറ്റൊന്നും ആലോചിക്കാതെ ജീവൻ രക്ഷിക്കാനായി ഞാനും ഒാടി. കുറച്ചുദൂരം പിന്നിട്ട് തിരിഞ്ഞു നോക്കുേമ്പാഴേക്കും എൻെറ തൊട്ടുപിന്നിലുള്ള ഒരു കുഞ്ഞുവഴിയിലൂടെ അവ ഉൾക്കാട്ടിലേക്ക് ഓടി മറഞ്ഞിരുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
- കെ.എഫ്.ഡി.സിയുടെ റിസോർട്ടിൽ റൂം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് വനത്തിനുള്ളിലേക്ക് പ്രവേശനം. അല്ലാതെ ആരുംതന്നെ വനത്തിനുള്ളിലേക്ക് കടന്നാൽ ശിഷാർഹമാണ്.
- വൺ ഡേ ട്രിപ് അനുവദനീയമല്ല.
- താമസം, ഭക്ഷണം, ട്രക്കിങ് എല്ലാംകൂടി ചേർത്ത് ഒരാൾക്ക് 2000 രൂപയാണ് ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.