വഴി മുടക്കിയ ബോഡോ പ്രതിഷേധം
text_fieldsപുലർച്ചെ നാലു മണിക്കുതന്നെ എഴുന്നേറ്റ് മേഘാലയ വിടാനുള്ള തയാറെടുപ്പിലായിരുന്നു. താെഴ പാർക്കിങ് സ്പേസിൽ പോയി ബൈക്ക് എടുത്തുവന്ന് നേരം പുലർന്നാൽ കാലുകുത്താൻ പോലും ഇടം കിട്ടാത്ത ഹോട്ടലിെൻറ താഴെ കൊണ്ടുവന്നു വെച്ചു. ഇറങ്ങാൻ നേരം യാത്രയയപ്പ് നൽകാൻ മഴയെത്തുമെന്നാണ് കരുതിയത്. മൂടിക്കെട്ടി നിന്ന പുലർകാലത്തിലൂടെയായിരുന്നു മേഘാലയയിൽനിന്നുള്ള മടക്കം.
100 കിലോ മീറ്റർ പിന്നിട്ടപ്പോൾ അസമിലെ ഗുവാഹതിയിൽ എത്തി. റോഡരികിൽ കണ്ട ചായക്കടയിൽനിന്നും ചായയും കുടിച്ച് ബംഗാളിലെ സിലിഗുരി ലക്ഷ്യമാക്കി യാത്ര തുടർന്നു. ഗുവാഹതി കഴിഞ്ഞാൽ സിലിഗുരി വരെ തിരക്കു കുറഞ്ഞ നീളൻ റോഡാണ്. തരക്കേടില്ലാത്ത റോഡിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഗർത്തങ്ങൾ അലോസരമായി.
വർഷങ്ങൾക്കു മുമ്പ് വീടിനടുത്തുള്ള സധുവേട്ടെൻറ കൂടെ കെട്ടിട നിർമാണത്തൊഴിലാളിയായി വീട്ടിൽ ജോലിക്കു വന്നിരുന്ന മനോജ് എന്നയാൾ ഞാൻ കടന്നുപോകുന്ന അസമിലെ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. മേഘാലയിലേക്ക് ഇതുവഴി പോകുേമ്പാൾ വിളിച്ചിരുന്നുവെങ്കിലും ആ ഗ്രാമം പിന്നിട്ട് 100 കിലോ മീറ്റർ കഴിഞ്ഞിരുന്നു. ഇത്തവണ എന്തായാലും മനോജ് ഭായിയുെട അടുത്ത് ചെന്നിട്ടുതന്നെ ബാക്കി കാര്യം എന്ന് തീർച്ചപ്പെടുത്തി. രാവിലെ ഒന്നുകൂടി വിളിച്ച് സ്ഥലവും വഴിയും ഉറപ്പിച്ചു. ഗുവാഹതി കഴിഞ്ഞപ്പോൾ മഴയുെട ലക്ഷണവും തുടങ്ങിയിരുന്നു. വഴിയിൽ ഒരിടത്ത് റോഡ് നിറയെ ആളുകളെ കണ്ടു. അതിനു മുമ്പുതന്നെ ലോറികൾ സൈഡാക്കി നിർത്തിയിരിക്കുന്നുവെന്ന് പിന്നീടാണ് ഞാൻ കണ്ടത്. തോക്കും പിടിച്ച് പട്ടാളക്കാരും അങ്ങിങ്ങായി നിൽക്കുന്നുണ്ട്. കുറേക്കൂടി അടുത്തേപ്പാൾ റോഡ് നിറയെ ആളുകളായി. പലരും കൈവീശി എന്തൊക്കെയോ പറയുന്നു. കുറച്ചുകൂടി മുന്നോട്ടുപോയി ഞാൻ ബൈക്ക് നിർത്തി. അസമിനെ രണ്ടായി വിഭജിച്ച് ബോഡോ വിഭാഗക്കാർക്ക് സ്വതന്ത്രമായി ഒരു സംസ്ഥാനം വേണമെന്ന ആവശ്യവുമായി ചില സംഘടനകൾ നടത്തുന്ന ഹൈവേ ഉപരോധിച്ചുള്ള ധർണയായിരുന്നു അത്. റോഡിലിരുന്ന് സ്ത്രീകൾ അടക്കമുള്ളവർ പ്ലക്കാർഡും പിടിച്ച് മുദ്രാവാക്യം വിളിക്കുകയാണ്. എന്നോട് കടന്നുപോയിക്കോളൂ എന്ന് പറഞ്ഞ് ഒരു യുവനേതാവ് ആളുകളെ മാറ്റി വഴിയൊരുക്കി തന്നു. കുറച്ചുദൂരം ചെന്നപ്പോൾ വേറൊരു സംഘം ഇന്ന് ഇതുവഴി ഒരു വാഹനവും കടത്തിവിടില്ല, തിരിച്ചുപോണം എന്നു പറഞ്ഞ് തടഞ്ഞു. എന്തുപറഞ്ഞിട്ടും വിടാതെ കൈകൾ കോർത്ത് അവർ ആ നിൽപ്പ് നിന്നു. ഞാൻ ബൈക്കുമായി തിരികെ ചെന്നപ്പോൾ കുറച്ചു ദൂരം ചെന്നാൽ ഗ്രാമത്തിനകത്തുകൂടി ഒരു വഴിയുണ്ടെന്നും അതിലൂടെ പോകാമെന്നും പറഞ്ഞ് ഒരാൾ സ്ഥലം പറഞ്ഞുതന്നു.
അങ്ങനെ അസമിെൻറ തനിമ നിലനിൽക്കുന്ന ഗ്രാമങ്ങളിലേക്ക് കടന്നു. മുളകൾ അടുക്കി വൃത്തിയിൽ നിർമിച്ചിരിക്കുന്ന വേലികളും മണൽ പാതകളിലൂടെ കൂട്ടമായി പോകുന്ന താറാവുകളും ഇടയ്ക്കിടെ കാണുന്ന ചെറിയ കുളങ്ങളുമായി ആ വഴി വല്ലാതെ ആകർഷിച്ചുകളഞ്ഞു. ഗ്രാമത്തിലെ ചെറിയ കടകൾക്കു പുറത്തുനിൽക്കുന്ന ആളുകളോട് വഴി ചോദിച്ച് ഞാൻ ധർണക്കാരെ കടന്ന് ഹൈവേയിലേക്ക് പ്രവേശിച്ചു. പെയ്യാൻ ആഞ്ഞുനിന്ന മഴ കനത്തു തുടങ്ങി. മനോജ് ഭായിയെ ഒന്നുകൂടി വിളിച്ച് വഴി ഉറപ്പുവരുത്തി. കുറേ ദൂരം സഞ്ചരിച്ച് ഒരു പെട്രോൾ പമ്പിൽ എത്തിയ എന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ മനോജ് ഭായ് ബൈക്കുമെടുത്ത് എത്തി. ആദ്യം തന്നെ ‘ഒാർമയുണ്ടോ ...?’എന്നാണ് ഞാൻ ചോദിച്ചത്. നാല് വർഷത്തിലേറെ േകരളത്തിൽനിന്ന മനോജ് നന്നായി മലയാളം സംസാരിക്കും. ഇടയ്ക്ക് ഉച്ചാരണത്തിൽ അസമീസ് കലരുമെന്നു മാത്രം.
മനോജ് ഭായിയുടെ ബൈക്കിനെ അനുഗമിച്ച് ഞാൻ ഗ്രാമത്തിെൻറ ഉള്ളറകളിലേക്ക് എത്തിച്ചേർന്നു. ഒരു തോടിനു കുറുകെ മുളകൊണ്ടുണ്ടാക്കിയ പാലം കണ്ടപ്പോൾ ഇവിടെ നിന്ന് ഇനി എങ്ങനെ പോകുമെന്ന ആശങ്ക അതിനു മുകളിലൂടെ തെൻറ ബൈക്കിൽ സഞ്ചരിച്ച് മനോജ് ഭായ് തീർത്തുതന്നു. പാലം പൊളിഞ്ഞ് തോട്ടിൽ വീഴുമോ എന്ന ആശങ്കയിൽ പരുങ്ങിയാണ് ഞാൻ അപ്പുറമെത്തിയത്. ഒരു വേലിക്കകത്തെ വളപ്പിനുള്ളിൽ മൂന്ന് ചെറിയ വീടുകൾ ചേർന്നതിൽ ഒരു വീട്ടിലാണ് മനോജും കുടുംബവും താമസിക്കുന്നത്. വീട്ടിൽ കയറി ചായ കുടിച്ചു കഴിഞ്ഞപ്പോൾ മനോജിെൻറ അമ്മ ‘മൊയ്ശീര’ എന്ന വിഭവം കഴിക്കാനായി കൊണ്ടുവെച്ചു. അവിലിൽ പഞ്ചസാരയും തൈരും ചേർത്ത നാടൻ അസമീസ് വിഭവമായിരുന്നു അത്. തൈരും അവിലും അവർ തന്നെയുണ്ടാക്കിയതാണെന്നും പച്ചക്കറി തുടങ്ങി ഒട്ടുമിക്ക സാധനങ്ങളും പുറത്തുനിന്ന് വാങ്ങാറില്ലെന്നും മനോജ് പറഞ്ഞു. അവിടെനിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനോജിെൻറ അച്ഛൻ എെൻറ തോളിൽ അവർ തന്നെ നെയ്തുണ്ടാക്കിയ ഒരു മുണ്ടു പുതപ്പിച്ചു. അതിഥികെള സ്വീകരിക്കുന്ന അസമീസ് രീതിയുടെ ഒരു ഭാഗമാണിതെന്നും പറഞ്ഞ് എന്നെ തിരിച്ച് പ്രധാന ഹൈവേയിൽ എത്തിക്കുന്നതുവരെ മനോജ് ഭായ് വഴികാട്ടിയായി മുന്നിൽ തന്നെയുണ്ടായിരുന്നു.
അസമിലെ കൃഷിപ്പാടങ്ങൾ മാത്രമുള്ള വഴിയരികിലൂടെയായിരുന്നു പിന്നീട് യാത്ര. റോഡ് മോശമായ സ്ഥലത്തുനിന്നും വേറേ വഴി ചോദിച്ച് സംസ്ഥാന പാതയിലൂടെ തിരിഞ്ഞ് മറ്റൊരു ഹൈവേയിൽ എത്തിച്ചേർന്നു. സംസ്ഥാന പാതയിൽ റോഡിനോട് വളരെ ചേർന്നുള്ള വീടുകളും ചെറിയ അങ്ങാടികളും കൊയ്ത്തുകഴിഞ്ഞ പാടങ്ങളും മാത്രം. യാത്ര കുറേ ദൂരം പിന്നിട്ടപ്പോൾ സിലിഗുരിയിൽ ഇന്ന് എത്താൻ കഴിയില്ലെന്നുറപ്പായി. കാടിനു നടുവിലൂടെയുള്ള റോഡിന് രാത്രി ഏഴ് മണിയോടെ സഞ്ചരിച്ചു തുടങ്ങിയേപ്പാഴാണ് എത്രയും വേഗം ഒരു മുറി തപ്പിപിടിക്കാൻ നേരമായെന്ന് തോന്നിയത്. ഒടുവിൽ 540 കിലോ മീറ്റർ പിന്നിട്ട് ജൽസപാന ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന മധാരിഹാട്ട് എന്ന സ്ഥലത്ത് താമസിക്കാനൊരിടം ശരിയായത്. റൂമിനു പിന്നിലെ പാളത്തിലൂടെ ഇടയ്ക്കിടെ പോകുന്ന ട്രെയിനിെൻറ ശബ്ദമൊഴിച്ചാൽ ശാന്തമായ ഒരിടം തന്നെയായിരുന്നു അത്. മേഘാലയയും അസമും പിന്നിട്ട് ബംഗാളിെൻറ മണ്ണിൽ ഇൗ ദിവസത്തെ യാത്ര സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.