പുരിയിലും കൊണാർക്കിലും
text_fieldsരാവിലെ ഉദ്ദേശിച്ചതിലും വൈകിയാണ് എഴുന്നേറ്റത്. ഇന്നിനി പുരിയും കണ്ട് ഇരുട്ടുന്നതിനു മുമ്പ് ആന്ധ്രയിലെ വിശാഖപട്ടണത്ത് എത്തിച്ചേരാൻ കഴിയുമെന്നു േതാന്നുന്നില്ല. ആ സമയത്താണ് ഭൂവനേശ്വറിനടുത്തുള്ള ഒരു കോളജിൽ ഒാർത്തോഡോണ്ടിക്സിന് പഠിക്കുന്ന കോഴിക്കോട്ടുകാരനായ അനസ് മുഹമ്മദിെൻറ കോൾ വന്നത്. തലേന്ന് തൊട്ടു വിളിക്കുകയാണെന്നും കിട്ടിയില്ലെന്നും ഭുവനേശ്വറിൽ അവരുടെ ഹോസ്റ്റലിൽ താമസിച്ചാൽ മതിയായിരുന്നുവെന്നും അവൻ പറഞ്ഞു. വിശാഖപട്ടണത്തേക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ ഇന്ന് പുരിയും കൊണാർക്കിലെ ക്ഷേത്രവും കണ്ട് അടുത്ത ദിവസം പോകുന്നതാണ് നല്ലെതന്ന അവരുടെ നിർദേശം സ്വീകാര്യമായി തോന്നി. ഒഡിഷ വരെ വന്നിട്ട് പുരിയും കൊണാർക്കും സന്ദർശിക്കാതെ പോകാനും മനസ്സുവരുന്നില്ല. എന്തായാലും വൈകിട്ട് നിെൻറ ഹോസ്റ്റലിൽ കാണും എന്നു പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.
ബാഗെല്ലാം വലിച്ചുകെട്ടി ഞാൻ പുരി ജഗന്നാഥ ക്ഷേത്ര പരിസരത്തേക്ക് ചെന്നു. ഭുവനേശ്വറിൽനിന്നും 48 കിലോ മീറ്റർ സഞ്ചരിച്ച് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള തീരപ്രദേശമാണ് പുരി. അതുവരെ കണ്ട ഒഡിഷയുടെ മുഖമായിരുന്നില്ല പുരിയിൽ. തീര പ്രദേശത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ചെറിയ വീടുകൾ. ചുമരുകളിൽ ഭക്തിസൂചകമായി വരച്ചുവെച്ച ആരാധനാമൂർത്തികൾ. നീലയും പച്ചയും ഇളംചുവപ്പും നിറത്തിൽ ചായം പൂശിയ വീടുകൾ. പല വീടുകളുടെയും മുറ്റത്ത് കറുത്ത വിഗ്രഹങ്ങൾ കാണാം. അങ്ങനെ വിഭിന്നമായ പ്രത്യേകതകളുള്ള പ്രദേശത്തിലൂടെ സഞ്ചരിച്ച് പുരി ജഗന്നാഥ ക്ഷേത്രത്തിലെത്തി.
തിരക്കിനൊട്ടും കുറവില്ലാത്ത ക്ഷേത്ര പരിസരത്തുനിന്നും ഞാൻ അകത്തേക്ക് കയറിയില്ല. കെട്ടിവെച്ച ബാഗുകളുമായി ബൈക്ക് പാർക്ക് ചെയ്യാൻ പറ്റിയ ഒരിടം ആ പ്രദേശത്ത് കിട്ടിയില്ല. മൊബൈൽ ഫോൺ അടക്കം എല്ലാം കൗണ്ടറിൽ ഏൽപ്പിച്ചുവേണം അകത്തേക്ക് കടക്കാൻ. അതിനാൽ പുറത്തുനിന്നും എല്ലാം നോക്കിക്കണ്ടു. മധുരപലഹാരങ്ങളാണ് ക്ഷേത്രത്തിനു മുന്നിലെ പ്രധാന കച്ചവടം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം ഏറെ പ്രസിദ്ധമാണ്. ഇപ്പോഴത്തെ തിരക്ക് ഇങ്ങനെയാണെങ്കിൽ രഥോത്സവ സമയം ആലോചിക്കാനേ വയ്യ. ജഗന്നാഥ ക്ഷേത്ര പരിസരത്തുനിന്നും അൽപം കൂടി സഞ്ചരിച്ചാൽ കടൽത്തീരത്ത് എത്തിച്ചേരാം. രാവിലെത്തന്നെ സഞ്ചാരികളെക്കൊണ്ട് കടൽത്തീരം നിറഞ്ഞിരുന്നു. ബീച്ചിലെ മണൽത്തിട്ടകളിലൂടെ ചവിട്ടി നീങ്ങുന്ന ഒട്ടകങ്ങളുടെ പുറത്തേറി സവാരി ചെയ്ത് ആസ്വദിക്കുന്നവരെയും കാണാം.
പുരിയിൽനിന്നും കൊണാർക്കിലേക്കായിരുന്നു പിന്നെ യാത്ര. അവിടേക്കുള്ള പാത വെയിൽ നിലത്തു പതിക്കാൻ അനുവദിക്കാത്ത വൃക്ഷങ്ങളാൽ അതി മനോഹരമായിരുന്നു. മാനുകൾ സഞ്ചരിക്കുന്ന കാട് അടുത്തുണ്ടെന്നും വേഗത കുറച്ചുപോകണമെന്നും വഴിയിൽ മുന്നറിയിപ്പ് ബോർഡുകൾ കാണാം. കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിനു ചുറ്റും ബൈക്കിൽ ഒന്നു കറങ്ങി. സുരക്ഷിതമായ ഒരു സ്ഥലത്ത് ബൈക്ക് നിർത്തി ക്യാമറയും തൂക്കി പ്രധാന കവാടത്തിലൂടെ അകത്തേക്ക് കടന്നു. കല്ലുകളിൽ പണിതുയർത്തിയ അതിശയമായിരുന്നു കൊണാർക്കിലെ സൂര്യ ക്ഷേത്രം. സമുച്ചയം കൂടാതെ ചുമരുകളിലും തൂണിലും തീർത്തിരിക്കുന്ന കൊത്തുപണികളിലെ വൈഭവം ആരെയും അമ്പരിപ്പിക്കും.
800വർഷത്തിലധികം പഴക്കമുള്ള സൂര്യ ക്ഷേത്രതിലെ കൊത്തുപണികളിൽ നൃത്തവും സംഗീതവും ആന, സിംഹം തുടങ്ങിയ മൃഗ രൂപങ്ങളും നിറഞ്ഞുനിൽക്കുന്നു. പുതിയ പത്തു രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം കൊണാർക്ക് സൂര്യ ക്ഷേത്രത്തിലെ രഥത്തിൽ നിന്നും പ്രചോദനം കൊണ്ടതാണ്
കൊണാർക്കിൽനിന്നും ഉച്ചഭക്ഷണം കഴിച്ച് അനസിൻറെ ഹോസ്റ്റലിലേക്കുള്ള വഴി ഗൂഗിൾ മാപ്പിനോട് ചോദിച്ച് യാത്ര തുടർന്നു. ഗ്രാമങ്ങൾക്കിടയിലൂടെ പോകുന്ന സംസ്ഥാന പാതയിലൂടെയായിരുന്നു യാത്ര. എല്ലായിടത്തും നല്ല റോഡുകൾ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദേശീയ പാത നല്ലതാണെങ്കിലും ഗ്രാമീണ പാതകളുടെ കാര്യം പരിതാപകരമാണെന്ന് ഇൗ യാത്രയിലൂടെ അനുഭവിച്ചതാണ്. എന്നാൽ, ഒഡിഷയിൽ പോക്കറ്റ് റോഡുകൾ പോലും നല്ലതാണ്. വഴിയിൽ ഒരു ആൽമര ചുവട്ടിൽനിന്നും വേർതിരിഞ്ഞ് േപാകുന്ന ചെറിയ റോഡും അടുത്തുള്ള പെട്ടിക്കടയും എന്നെ കുറച്ചുനേരം അവിടെ ചെലവഴിക്കാൻ നിർബന്ധിച്ചു.
ആൽമരത്തിനും താഴെ തണ്ണിമത്തൻ മുറിച്ചുവിൽപ്പനയ്ക്ക് വെച്ചിരുന്നതിൽനിന്നും ഒരെണ്ണം വാങ്ങിക്കഴിച്ചു. അടുത്തുള്ള പെട്ടിക്കടയിൽ മുറുക്കാൻ കച്ചവടമായിരുന്നു പ്രധാനം. നിരത്തിവെച്ച വെറ്റിലയിൽ ചുണ്ണാമ്പ് തേച്ചുപിടിപ്പിച്ചുകൊണ്ടിരിക്കുന്ന കടക്കാരൻ പ്രദീപ് കുമാർ എന്നോട് വേണോ എന്നു ചോദിച്ചു. ‘ഏയ്...േവണ്ട..’ എന്നു പറഞ്ഞ എന്നോട് ‘ഇത് കഴിച്ചോളൂ.’ എന്നു പറഞ്ഞ് മധുരം ചേർത്ത വെറ്റില കഴിക്കാൻ തന്നു. കാശൊന്നും വാങ്ങിക്കാതെ അയാളുടെ സന്തോഷത്തിനു തന്ന വെറ്റിലയും ചവച്ച് ആൽമരത്തിനു ചുവട്ടിലെ ഗ്രാമവാസികളുടെ ഒത്തുചേരലിൽ ഞാനും പങ്കാളിയായി. കൂടെയുണ്ടായിരുന്നവർക്ക് എെൻറ യാത്രയുടെ വിശേഷങ്ങൾ അറിയാൻ വലിയ താൽപര്യമായി. അൽപനേരത്തിനു ശേഷം അവരോട് യാത്ര പറഞ്ഞ് അനസിെൻറ ഹോസ്റ്റൽ തേടി ഞാൻ പുറപ്പെട്ടു.
അനസിനെ കൂടാതെ ഹോസ്റ്റൽ മുറിയിൽ ജിത്തു എന്ന മറ്റൊരു സുഹൃത്തും ഒരു പട്ടിക്കുട്ടിയുമാണ് ഉണ്ടായിരുന്നത്. മലായാളികളായ അനന്തു, ജിനിൽ എന്നീ രണ്ടുപേരെ കൂടി അവിടെ നിന്നും പരിചയപ്പെട്ടു. ഇതേ ഹോസ്റ്റലിൽ തന്നെ വേറേ മുറിയിലായിരുന്നു അവർ.
രാത്രി പുറത്തുപോയി ഒന്നിച്ചാണ് ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചത്. ഒറ്റയാൻ യാത്രയ്ക്കിടയിൽ സംസാരവും ചിരിയും ബഹളവും ചേർന്ന് രസകരമായ ദിവസം വന്നുചേർന്നത് ഇന്നായിരുന്നു. മീൻതല വെച്ചുണ്ടാക്കിയ ഒഡിഷ സ്പെഷൽ കറിയും ചേർത്ത് ചപ്പാത്തിയും കഴിച്ച് രാത്രി പതിവിലും വൈകിയാണ് കിടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.