മാമ്പഴം മണക്കുന്ന വീഥികൾ..
text_fieldsവിശാഖപട്ടണത്തെ മുറിയിൽ നിന്നും കോംപ്ലിമെൻറായി കൊണ്ടുവന്ന ഇഢലിയും സാമ്പാറും കഴിച്ച് രാവിലെ തന്നെ യാത്ര തുടർന്നു. ഇൗ ദിവസം കഴിയുന്നതും വിജയവാഡയിലെത്തണം. യാത്ര തുടങ്ങിയത് എട്ട് മണിക്കു ശേഷമായതിനാൽ നഗരത്തിലെ തിരക്ക് കൂടിയിരുന്നു. ഹൈവേയിലൂടെയാണ് യാത്രയെങ്കിലും വിശാഖപട്ടണത്തിലെ ഒാരോ ജംഗ്ഷനിലും ഗതാഗതക്കുരുക്കിൽ പെട്ടു യാത്ര ദുസ്സഹമായി. വിശാഖപട്ടണത്തിെൻറ പ്രവിശ്യക്ക് പുറത്തുകടന്ന ശേഷമാണ് യാത്ര സുഗമമായത്.
കൊൽക്കത്തയിൽ നിന്ന് തുടങ്ങിയതാണ് ദേശീയ പാത 16 എന്ന ഇൗ പാതയിലൂടെയുള്ള തുർച്ചയായ യാത്ര. വേറേ എങ്ങോട്ടും മാറി സഞ്ചരിക്കാനില്ലാതെ ഇതിലൂടെ തന്നെയാണ് എനിക്ക് ചെന്നൈ വരെ എത്തിച്ചേരേണ്ടത്. വഴിയരികിൽ പലതരത്തിലുള്ള മാമ്പഴങ്ങൾ അടുക്കിവെച്ച് വിൽക്കുന്നുണ്ട്. രാവിലെ തന്നെ അതിൽനിന്നും വലിയൊരെണ്ണം വാങ്ങി അവിടെ വെച്ചുതന്നെ മുറിച്ചു കഴിച്ചു. പുളിയുള്ള അധികം പഴുക്കാത ഒരിനം മാങ്ങയായിരുന്നതിനാൽ കൂടെ കഴിക്കാൻ ഉപ്പും വാങ്ങിച്ചു. മാമ്പഴം കഴിക്കുന്നതിനിടയിലും കച്ചവടക്കാരനുമായി വർത്തമാനം പറഞ്ഞുകൊണ്ടിരുന്നതിെൻറ സൗഹൃദത്തിലാവണം പറഞ്ഞതിലും കുറച്ച് പണമേ അയാൾ വാങ്ങിയുള്ളു.
അത്യൂഷ്ണം പെരുത്ത ആന്ധ്രയിലൂടെയുള്ള ബൈക്ക് യാത്ര പൊള്ളിക്കുന്ന ഒരനുഭവമാണ്. കനത്ത വെയിലിൽ ഹെൽമെറ്റിലെ കൂളിങ് ഗ്ലാസ് കൂടി താഴ്ത്തിയാണ് യാത്ര. വെയിലിൽ കൂളിങ് ഗ്ലാസിലൂടെയുള്ള നോട്ടം ഉറക്കം വരുത്തുന്ന പോലെ തോന്നി. ഉറക്കം കുടഞ്ഞെറിയാൻ പതിവുള്ള ഉച്ചത്തിൽ പാട്ടുപാടുന്നതും ഏൽക്കാതെ വന്നപ്പോൾ അടുത്തുകണ്ട പെട്ടിക്കടയുടെ ഒാടിട്ട കൂരയ്ക്കു കീഴിൽ അൽപനേരം വിശ്രമത്തിനൊരുങ്ങി.
ആന്ധ്രയിൽ മിക്കയിടത്തും ഹനുമാെൻറ പ്രതിമ കാണാം. പലതും വലിപ്പം കൊണ്ടാണ് ശ്രദ്ധയാകർഷിക്കുന്നത്. പ്രതിമക്കരികിൽ മിക്കവാറും ക്ഷേത്രവുമുണ്ടാകും. ചില ക്ഷേത്രങ്ങളിൽനിന്ന് ഉചഭാഷിണിയിലൂടെ മന്ത്രങ്ങൾ ഉയരുന്നുണ്ട്.വഴിയരികിൽ പ്രതിമ നിർമാണം കച്ചവടമാക്കിയവരെ നിരവധി കണ്ടു. വെളുത്ത നിറത്തിലുള്ള അംബേദ്കറിെൻറും സ്വാമി വിവേകാനന്ദെൻറയും മദർ തെരേസയുടെയുമൊക്കെ പ്രതിമകൾ വെച്ച് ആവശ്യക്കാരെ തിരയുന്നുണ്ട് കച്ചവടക്കാർ. അതുകൂടാതെ പലതരത്തിലുള്ള ഗണപതി വിഗ്രഹങ്ങളും വിൽപനയിലുണ്ട്.
ഹൈവേയിൽനിന്നും അൽപം തണൽ തേടി ഞാൻ ഒരു ഒാവുപാലം കയറിയിറങ്ങി ഒരു ഗ്രാമത്തിലെത്തി. ക്ഷേത്രത്തിനടുത്തുള്ള മരത്തണലിൽ ഒരാൾ സുഖമായി കിടന്നുറങ്ങുന്നു. പായയോ തലയിണയോ ഇല്ലാതെ അന്തംവിട്ട് ഉറങ്ങുന്ന അയാളോട് അപ്പോൾ എനിക്ക് അസൂയ േതാന്നാതിരുന്നില്ല. അതിനുമപ്പുറം ആടിനെ മേയ്ച് നടക്കുന്ന ഒരു പയ്യൻ എന്നെയും നോക്കിയങ്ങനെ നിൽക്കുന്നു. അവെൻറ ആട്ടിൻപറ്റം അലഞ്ഞുതിരിച്ചു നടന്ന് ഒടുവിൽ കൂട്ടത്തിൽ തന്നെ വന്നു ചേർന്ന് പുൽമേടിലൂടെ അങ്ങനെ നീങ്ങുന്നു. തണലും കാറ്റും നിറഞ്ഞ ആ പ്രദേശത്തുനിന്ന് യാത്ര തുടരാൻ മടി തോന്നി. അകലെ നിരന്നുനിൽക്കുന്ന കരിമ്പനകളെയും നോക്കി എത്രനേരം വേണമെങ്കിലും അറിയാതെ അവിടെ നിന്നുപോകും.
വീണ്ടും ഹൈവേയിലേക്ക് കയറി വിജയവാഡയിലെ വില കുറഞ്ഞ റൂമുകൾ ഒാൺലൈനിൽ തപ്പിനോക്കുന്നതിനിടയിലാണ് റോഡരികിൽ പൂന്തോട്ടത്തിനരികിൽ സ്ഥിതി ചെയ്യുന്ന ഗസ്റ്റ് ഹൗസ് കണ്ടത്. അവിടെ കയറി അന്വേഷിച്ച് ചാടിക്കയറി റൂമെടുത്തത് അബദ്ധമായെന്ന് നട്ടപ്പാതിരയ്ക്ക് രണ്ടു മണി വെര തോന്നി. ആകെ ഒഴിവുള്ള മുകളിലെ ഞാൻ താമസിക്കുന്ന മുറിയിൽ ഉരുകിയൊലിക്കുന്ന ചൂടായിരുന്നു. പോരാത്തതിന് ഹൈവേയിലുടെ ചീറിപ്പായുന്ന ലോറികളുടെ കാതടപ്പിക്കുന്ന ഹോൺ ശബ്ദവും. രാത്രി രണ്ടു മണിക്ക് വിയർത്തൊലിച്ച് കുടിക്കാൻ അൽപം വെള്ളത്തിനായി താഴെ നിലയിൽ എത്തി തിരിച്ചുകയറി മുറിയിൽനിന്നും ബെഡ് ഷീറ്റും തലയിണയും എടുത്ത് പുറത്തെ വരാന്തയിൽ വിരിച്ചു മുറിയും പൂട്ടി കിടന്നു. പുറത്തെ വരാന്തയിൽ ഹോണടിയുടെ ശബ്ദം കൂടുതലാണെങ്കിലും ചൂട് അൽപം കുറവുണ്ട്. ഒരു ചെവി തലയിണയിൽ അമർത്തി രണ്ടു കൈയും മറു ചെവിയിൽ അമർത്തി അവിടെ കിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.