ദ്രാസിലെ തടവുകാരൻ (വിഡിയോ)
text_fieldsകാലത്തുതന്നെ ദ്രാസിൽ അതികഠിനമായ തണുപ്പായിരുന്നു. മൈനസ് അഞ്ച് ഡിഗ്രിയാണ് താപനില എന്ന് മൊബൈലിലെ വിഡ്ജറ്റിൽ രേഖപ്പെടുത്തി. അതിശൈത്യം കാരണം ഉരുണ്ടുപിരണ്ടു കിടന്നുെവന്നല്ലാതെ നന്നായി ഉറങ്ങാനേ കഴിഞ്ഞില്ല. ഒമ്പതു മണിയോടെ ബാഗെല്ലാം കെട്ടിവെച്ചു. േസാജില്ലാ പാസിലെ ചളിവെള്ളത്തിലൂടെ കടന്നുപോകേണ്ടതിനാൽ പോളിത്തീൻ കവറുകൊണ്ട് ഒന്നുകൂടി നന്നായി മൂടി ബാഗുകൾ കെട്ടിപ്പൂട്ടി. ദ്രാസിലെ മഞ്ഞണിഞ്ഞ മാമലകളോടും തണുപ്പിൽ ഉറയാൻ കൂട്ടാക്കാതെ ഒഴുകിക്കൊണ്ടിരുന്ന അരുവികളോടും യാത്ര പറഞ്ഞ് ഞാൻ ശ്രീനഗർ ലക്ഷ്യമാക്കി പുറപ്പെട്ടു. അപ്പോഴൊന്നും ഞാൻ വീണ്ടും കറങ്ങിത്തിരിഞ്ഞ് ദ്രാസിൽ തന്നെ എത്തുമെന്ന് പ്രതീക്ഷിച്ചതേയില്ല.
ദ്രാസിൽനിന്നും 25 കിലോ മീറ്റർ പിന്നിട്ടപ്പോൾ ഒരു മിലിട്ടറി ചെക്പോസ്റ്റിൽ എത്തി. അതിനു മുന്നിൽ നിറയെ ചരക്കുവാഹനങ്ങൾ ഉണ്ടായിരുന്നു. ചെക്പോസ്റ്റാണെങ്കിൽ അടഞ്ഞും കിടക്കുന്നു. ‘ഇതെന്തുപറ്റി, വാഹനങ്ങൾ കടത്തിവിടാൻ നേരമായില്ലേ...?’ ഞാൻ ബൈക്കിൽനിന്നിറങ്ങി പുറത്തുനിൽക്കുന്ന ഡ്രൈവർമാരോടായി ചോദിച്ചു. ശ്രീനഗറിലും പരിസരങ്ങളിലും നടക്കുന്ന ചില അനിഷ്ട സംഭവങ്ങൾ കാരണം വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. കശ്മീരിൽ ഏതു നിമിഷവും കർഫ്യു പ്രഖ്യാപിക്കാം. അല്ലെങ്കിൽ കർഫ്യുവിന് സമാനമമായ അവസ്ഥ. സോനാമാർഗ് വരെയെങ്കിലും പോകാൻ കഴിഞ്ഞാൽ നന്നായിരുന്നു. ശാന്തമായ, പ്രശ്നങ്ങളൊന്നുമില്ലാത്ത പ്രേദശമാണ് േസാനാമാർഗ്. കാര്യങ്ങൾ വിശദമായി ചോദിച്ചറിയാനായി ഞാൻ മിലിട്ടറി ചെക്പോസ്റ്റിനടുത്തുള്ള കെട്ടിടത്തിനകത്തേക്ക് കയറി. ഉടൻ ഒരു ജവാൻ എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. ഫ്ലാസ്കിൽ നിന്ന് അൽപം ചൂടു ചായ എടുത്ത് കുടിക്കാൻ തന്നു.
‘സോനാമാർഗ് വരെയെങ്കിലും പോകാൻ അനുവദിക്കുമോ, പ്രശ്നങ്ങെളാന്നുമില്ലല്ലോ..’ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പുറത്ത് ജീപ്പിലിരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥനോട് അദ്ദേഹം ഇക്കാര്യം ചോദിച്ചെങ്കിലും പ്രശ്നമാണ്, വിടാൻ കഴിയില്ല എന്നായിരുന്നു മറുപടി. എന്തു ചെയ്യണമെന്നറിയാത്ത ഒരു അനിശ്ചിതത്വം. വീണ്ടും ദ്രാസിലേക്ക് മടങ്ങി ആ പഴയ റൂമിൽ പോയാലോ എന്നലോചിച്ചുപോയി. എന്തായാലും കുറച്ചുനേരം കൂടി ഇവിടെ ഇരുന്നു നോക്കാം. കെട്ടിടത്തിെൻറ ജനൽ കണ്ണാടിയിലൂടെ മുന്നിൽ കാണുന്ന മഞ്ഞുപർവതത്തിലേക്ക് നോക്കി കുറേ നേരം കടന്നപോയി. കണ്ണുകൾ മുന്നിലെ മഞ്ഞിലായിരുന്നുവെങ്കിലും അടുത്തതായി എന്തു ചെയ്യുമെന്ന ചൂടൻ ആലോചനയായിരുന്നു തലയ്ക്കുള്ളിൽ. കുറച്ചു കഴിഞ്ഞപ്പോൾ ഒരു മുതിർന്ന പട്ടാളക്കാരൻ വന്ന് തിരികെ ദ്രാസിൽ പോയി വിശ്രമിക്കാനും സ്ഥിതി ശാന്തമായിട്ട് പോകാമെന്നും പറഞ്ഞു.
അപ്പോഴും ഇതൊക്കെ എന്ത് എന്ന അലസഭാവത്തിൽ ട്രക്കുകളുടെ ഡ്രൈവർമാർ അനിശ്ചിതമായി കാത്തു നിൽക്കുന്നതു കണ്ടപ്പോൾ അതിശയം തോന്നി. അവരുടെ മുഖത്തെ നിസ്സംഗഭാവം അത്ഭുതപ്പെടുത്തി. എത്ര വേണമെങ്കിലും നീണ്ടുപോയേക്കാവുന്ന അനിശ്ചിതമായ ക്യൂവിലാണ് ഒാരോ കശ്മീരിയുടെയും ജീവിതം. എത്രയെത്ര ദിവസം വേണമെങ്കിലും അവർ ആ ക്യൂവിൽ അങ്ങനെ നിന്നു മരവിക്കുമെന്ന് എനിക്കു േതാന്നി.
ഇനിയും അവിടെ നിന്നിട്ട് വലിയ കാര്യമില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ തിരികെ ദ്രാസിലേക്ക് തന്നെ വെച്ചുപിടിച്ചു. ആ മടക്ക യാത്രയിൽ മനോഹരമായ പ്രകൃതി ദൃശ്യങ്ങളിലായിരുന്നില്ല എെൻറ മനസ്സ്. കശ്മീരിനെ കുറിച്ച് ഒാർക്കുകയായിരുന്നു. എത്രയോ സുന്ദരമായ പ്രദേശം. അതിനെക്കാൾ സുന്ദരമായ മനസ്സുള്ള മനുഷ്യർ. എത്രമാത്രം സൈനികർ. എവിടെ നിന്നാണ് ഇൗ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്...? ആരാണ് ഇതിനു പിന്നിൽ...? ആരാണ് യഥാർത്ഥ കുറ്റക്കാർ...?ഒരെത്തും പിടിയും കിട്ടുന്നില്ല.
തിരികെ പഴയ റൂമിൽ എത്തിയപ്പോഴാണ് സോനാമാർഗിൽ വെച്ച് പരിചയപ്പെട്ട പ്രമോദ് എന്ന സൈനികനെ ഒാർമ വന്നത്. വേഗം അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. സോനാമാർഗിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അേങ്ങാട്ട് ചെല്ലാനും ആർമി ചെക് പോസ്റ്റിൽനിന്ന് ഒന്നുകൂടി വിളിക്കാനും അദ്ദേഹം പറഞ്ഞു. ഞാൻ വേഗം റൂമിൽ നിന്നിറങ്ങി. പെട്രോൾ പമ്പുകളോ പ്രവർത്തന ക്ഷമമായ എ.ടി.എം കൗണ്ടറുകളോ ഇല്ലാത്ത ദ്രാസിൽ അധികം ദിവസം നിൽക്കാൻ കഴിയുമായിരുന്നില്ല. സോനാമാർഗ് കുറേക്കൂടി സുരക്ഷിതമാണ്. സോജില്ലാ പാസിൽ പിന്നീടുണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ ബാധിക്കുകയുമില്ല. റൂം വേണ്ട എന്നു പറഞ്ഞിറങ്ങിയ എന്നെ ദ്രാസിലെ പോലീസ് സ്റ്റേഷനു മുന്നിൽവെച്ച് ഒരു പോലീസുകാരൻ തടഞ്ഞു പോകാൻ പറ്റില്ല എന്നു പറഞ്ഞു. എെൻറ ഒരു ആർമി സുഹൃത്ത് സോനാമാർഗിൽ കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അങ്ങോട്ട് ചെല്ലാൻ ക്ഷണിച്ചിട്ടുണ്ടെന്നും ഞാനയാളോട് പറഞ്ഞു. അകത്തുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ കണ്ട് പെർമിഷൻ വാങ്ങിക്കണം എന്ന് അയാൾ നിർദേശിച്ചു.
‘ഇത് ഞാനെടുക്കുന്ന തീരുമാനമല്ല, മുകളിൽനിന്നുള്ള ഉത്തരവാണ്. ആരെയും കടത്തിവിടാൻ എനിക്കാവില്ല...’ ഉയർന്ന ഉദ്യോഗസ്ഥൻ തെൻറ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. മറുത്തൊന്നും പറയാൻ എനിക്ക് കഴിയുമായിരുന്നില്ല.
തിരികെ ഹോട്ടൽ റിസപ്ഷനിലെത്തി വീണ്ടും റൂം വേണമെന്ന് പറയാൻ നിൽക്കുേമ്പാൾ തന്നെ ഹോട്ടലിലെ പ്രധാന സ്റ്റാഫ് ചിരിച്ചുകൊണ്ട് റൂം കീ എടുത്തു തന്നു. ഇമ്രാൻ ഹുസൈൻ എന്നാണ് അയാളുടെ പേര്. ഞാൻ അയാേളാട് കാര്യങ്ങൾ അന്വേഷിച്ചു. എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഇമ്രാെൻറ മറുപടി. എന്നാലും ഇതൊന്നും ഇവിടുത്തെ ടൂറിസത്തെ ബാധിക്കില്ല എന്നായിരുന്നു ഇമ്രാൻ പറഞ്ഞത്. അതു ശരിയാണെന്നും തോന്നി. കേട്ടറിഞ്ഞ കാലം മുതൽ കശ്മീരിൽ പ്രശ്നങ്ങളുണ്ട്. എന്നാൽ, ഏതു സമയത്തും ടൂറിസ്റ്റുകളുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ടൂറിസ്റ്റുകൾക്കു നേരേ കല്ലേറുണ്ടായെന്ന സംഭവത്തിെൻറ സത്യാവസ്ഥ എന്താണെന്നറിയാത്തതിനാൽ അതേക്കുറിച്ച് ഇമ്രാൻ ഒന്നും പറഞ്ഞില്ല.
ഉച്ചഭക്ഷണം കഴിഞ്ഞ് ഞാൻ റോഡിലിറങ്ങി. എങ്ങോട്ട് പോകണമെന്നറിയാതെ സ്തംഭിച്ചുകിടക്കുന്ന വാഹനങ്ങളുടെ നിര നോക്കി കുറച്ചുനേരം നിന്നു. ദ്രാസിലെ കടകളുടെ ഒാരം പറ്റി കുറേ നടന്നു. ഒരു കടയിൽ നിന്നും മുടിയിൽ തേക്കാൻ ഹെയർ ഒായിൽ വാങ്ങി. ഇവിടെ നിന്ന് എന്തു വാങ്ങുേമ്പാഴും എക്സ്പയറി ഡേറ്റ് നിർബന്ധമായും നോക്കണം. 2018 ൽ ഉൽപാദിപ്പിച്ച ഒരു സാധനവും ഇനിയും ദ്രാസിലെ ഒരു കടയിലും എത്തിയിട്ടില്ല. റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്നുകൊടുത്താലേ പുതിയ സാധനങ്ങൾ എത്തുകയുള്ളു.
റൂം എടുത്തു കൂടിയെങ്കിലും ബൈക്കിൽനിന്ന് സാധനങ്ങൾ ഒന്നും ഇറക്കിവെച്ചിരുന്നില്ല. പെെട്ടന്നെങ്ങാനും ഗ്രീൻ സിഗ്നൽ കിട്ടിയാൽ ഇവിടെനിന്ന് നീങ്ങാൻ തന്നെയായിരുന്നു ലക്ഷ്യം. വെകുന്നേരമായപ്പോൾ ബാഗ് കെട്ടുകൾ അഴിച്ചു റൂമിൽ കൊണ്ടുവെച്ചു. ഇനി എന്നെയും ബൈക്കിനെയും ഫ്രീ ആയി ശ്രീനഗറിൽ എത്തിക്കാമെന്നു പറഞ്ഞാലും പോകാൻ ഞാൻ ഒരുക്കമല്ലായിരുന്നു.
അതിനിടയിലാണ് നാട്ടിൽനിന്നും ബുള്ളറ്റിൽ ഇന്ത്യ കറങ്ങാനിറങ്ങിയ രണ്ടുപേരെ കണ്ടുമുട്ടിയത്. ചാംഗ്ലാ പാസിൽനിന്നും ബൈക്ക് നന്നാക്കി വരുേമ്പാഴും ഞാനവരെ കണ്ടിരുന്നതായി ഒാർമിച്ചു. പത്തനംതിട്ടക്കാരൻ വിപിനും മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഷ്ണുവുമായിരുന്നു ആ രണ്ടുപേർ. റോഡ് തുറന്നാൽ പോകാമെന്നുറപ്പിച്ച് നിന്ന അവർ വൈകിട്ട് ഏഴ് മണിയായപ്പോൾ പദ്ധതി ഉപേക്ഷിച്ച് ഞാൻ താമസിക്കുന്ന ഹോട്ടലിൽതന്നെ കൂടാൻ തീരുമാനിച്ചു. രാത്രി കുറേ നേരം യാത്രാ വിേശഷങ്ങൾ പങ്കുവെച്ച് ഞങ്ങളിരുന്നു. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അപ്പോഴും നല്ല ബഹളമായിരുന്നു.
അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ വീണ്ടും ഒരിക്കൽ കൂടി ഞാൻ ദ്രാസിൽ ബന്ദിയായി. ഇൗ നാടിെൻറ കെടുതികൾ അവസാനിച്ച് എത്രയും വേഗം ശാന്തിയിലേക്കും സമാധാനത്തിലേക്കും മടങ്ങിവെന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി. ഉറങ്ങാൻ കിടന്നപ്പോൾ അനേകായിരം കശ്മീരികളെ പോലെ എെൻറ പ്രാർത്ഥനയും അതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.