39ാം നാൾ ഡൽഹിയിൽ
text_fieldsഷിംല എന്ന ഹിമാചൽ പ്രദേശിെൻറ തലസ്ഥാന നഗരിയിൽനിന്നും രാവിലെ 9.30ന് ഡൽഹിയിലേക്കുള്ള യാത്ര തുടങ്ങി. കുന്നിൻമുകളിൽനിന്ന് റോഡിെൻറ വളവുകൾക്കൊത്ത് ഇറങ്ങി താഴത്തെ നീളൻ റോഡിൽ എത്തി. ഷിംലയിലേക്കുള്ള റോഡുകളിൽ പല ഭാഗത്തും പണി നടക്കുന്നതിനാൽ മിക്കയിടത്തും റോഡ് താറുമാറായി കിടക്കുന്നു. പാഞ്ച്ധുല മുതൽ ഡൽഹി വരെ നല്ല സ്റ്റൈലൻ റോഡുകളായിരുന്നു. ഡൽഹി മേഖലയിൽ പ്രവേശിക്കുന്നതുവരെ മാത്രമേ തിരക്കുകളില്ലാത്ത, തടസ്സങ്ങളില്ലാത്ത യാത്ര ആസ്വദിക്കാൻ കഴിയൂ. ഡൽഹിയിലേക്ക് പ്രവേശിച്ചൽ പിന്നെ തിരക്കോട് തിരക്കാകും. എവിടെയും ട്രാഫിക് ലൈറ്റുകൾ. ഇന്നലെ ഷിംല മാർക്കറ്റിൽനിന്നും നല്ലൊരു മൊബൈൽ ഹോൾഡർ സംഘടിപ്പിച്ചിരുന്നതിനാൽ ഇവിടുത്തെ തിരക്കിലും നട്ടം തിരിയാതെ രാത്രിക്കു മുേമ്പ ബുക്ക് ചെയ്ത റൂമിൽ എത്തി.
അധികം വിശ്രമിക്കാനൊന്നും നിൽക്കാതെ വെയിലിനോട് മല്ലിട്ടുകൊണ്ടുള്ള യാത്രയായിരുന്നു രാവിലെ മുതൽ. ഡൽഹി എത്തുന്നതിനു മുമ്പുള്ള യാത്രയിൽ രണ്ട് പ്രധാന യുദ്ധഭൂമികൾ കടന്നുപോയി. മുഗൾ രാജവംശത്തിന് ഇന്ത്യൻ ഭൂഖണ്ഡത്തിൽ അടിത്തറയിട്ട യുദ്ധം നടന്ന ‘പാനിപ്പത്ത്’ എന്ന സ്ഥലവും മഹാഭാരതത്തിലെ യുദ്ധഭൂമിയായ ‘കുരുക്ഷേത്ര’വും. മഹാഭാരത യുദ്ധത്തിലെ ദൃശ്യങ്ങൾ കുരുക്ഷേത്രയിലെ ഒാവർ ബ്രിഡ്ജ് റോഡിെൻറ താഴെ ചുമരിൽ ഭംഗിയായി വരച്ചുവെച്ചിരിക്കുന്നതു കാണാം. റോഡിനരികിൽ ഹരിയാനയുടെ തനത് കാർഷിക വിളയായ ഗോതമ്പു പാടങ്ങളുടെ നിര. കൊയ്യാൻ പാകത്തിൽ പൊൻ നിറത്തിലുള്ള ഗോതമ്പു കതിരുകളുമായി പാടങ്ങൾ തുടുത്തു നിൽക്കുന്നു. സ്ഥാപനങ്ങളും കെട്ടിടങ്ങളും റോഡിനരികിലേ ഉള്ളു. അവിടെ നിന്നങ്ങോട്ട് അകലത്തേക്ക് നോക്കുേമ്പാൾ കൃഷിയിടങ്ങൾ കാണാം.
കുരുക്ഷേത്ര കഴിഞ്ഞപ്പോൾ ഹൈവേയിൽനിന്നും മാറി ഗ്രാമത്തിലേക്കു നീങ്ങുന്ന ഒരു തണൽ വഴിയും അതിനടുത്തുള്ള ചായക്കടയും കണ്ടപ്പോൾ മെല്ലെ ബൈക്ക് അങ്ങോട്ട് അടുപ്പിച്ചു. ചായക്കടയിൽ നല്ല തണലും കാറ്റും പോരാത്തതിന് അരികിൽ കട്ടിലും. ചായക്കടയ്ക്ക് വൃത്തി കുറവായിരുനു. എന്നാലും, എന്തെങ്കിലും പറയാതെ അവിടെ ഇരിക്കുന്നതു മോശമല്ലേ എന്നു കരുതി ഉച്ചനേരമായതിനാൽ ഒരു ഒാംലറ്റ് ഒാർഡർ ചെയ്തു. ഇത്തരം യാത്രകളിൽ വൃത്തിക്ക് അമിത പ്രാധാന്യം നൽകിയാൽ പട്ടിണി കിടന്നു ചാകേണ്ടിവരും എന്നതാണ് മറ്റൊരു സത്യം. ചായക്കടയുടെ അരികിലായി ഒരാൾ ഭാഗ്യരത്ന മോതിരത്തിെൻറ വിൽപന നടത്തുന്നതു കണ്ടു. എന്നോടും അയാൾ അതിെൻറ ഗുണങ്ങൾ വിശദീകരിക്കാൻ തുടങ്ങി. എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. ഞാൻ കേരളത്തിൽനിന്നാണെന്ന് പറഞ്ഞപ്പോൾ ‘കേരളം ഇന്ത്യാ രാജ്യത്ത് തന്നെയാണോ..’ എന്ന് അയാൾക്ക് സംശയമായി. ചായക്കട നടത്തുന്ന യാവാവാണ് ‘കന്യാകുമാരി തൊട്ട് കശ്മീർ വെര’ ഇന്ത്യയാണെന്ന് അയാൾക്ക് മനസ്സിലാക്കി കൊടുത്തത്. ഉച്ചഭക്ഷണം ഒാംലറ്റിൽ ഒതുക്കാനായിരുന്നു എെൻറ പ്ലാൻ. അതും കഴിഞ്ഞ് എല്ലാവരുടെയും േഫാേട്ടാ എടുക്കുന്ന സമയമായപ്പോൾ അടുത്ത പറമ്പിൽ ഭാര്യയുെട കൂടെ ആട്ടിൻപറ്റങ്ങളെ േമയ്ച്ചുകൊണ്ടിരുന്ന ധ്യാൻചന്ദ് എന്നയാളും എത്തി. സദാ സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതക്കാരനായിരുന്നു ധ്യാൻചന്ദ്. ഏകാന്തമായ പുൽമേടുകളിൽ ആട്ടിൻപറ്റങ്ങളോട് മാത്രം സംസാരിച്ച് അയാൾക്കത് ശീലമായി പോയതായിരിക്കണം.
ഫോേട്ടാ എടുത്തു കഴിഞ്ഞ് ക്യാമറ തിരിെക ബാഗിൽ വെക്കുേമ്പാഴാണ് ‘വെക്കല്ലേ, ഒരു േഫാേട്ടാ കൂടി എടുക്കാനുണ്ട്’ എന്ന് പറഞ്ഞത്. അതും പറഞ്ഞ് അയാൾ നീട്ടി വിളിച്ചു. ‘മോദീ... മോദീ...’
ആരാ ഇവിടെ ഇപ്പോൾ ഒരു മോദി എന്ന ആകാംക്ഷയിൽ ചുറ്റിനും നോക്കുേമ്പാൾ ഒരു പട്ടി ധ്യാൻചന്ദിനരികിലേക്ക് ഒാടിക്കിതച്ചെത്തി. തെൻറ അരുമ നായക്ക് ധ്യാൻചന്ദ് നൽകിയ പേരാണ് മോദി. അതിെൻറ കാരണമൊന്നും ചോദിക്കാൻ നിൽക്കാതെ ബാഗിലാക്കിയ ക്യാമറ പുറത്തെടുക്കാനുള്ള മടിയിൽ മൊബൈലിൽ മോദിയെയും ധ്യാൻചന്ദിനെയും പകർത്തി.
കുരുക്ഷേത്രയും കർണാലും പാനിപ്പത്തും കഴിഞ്ഞ് ഞാൻ വളരെ വേഗം ഡൽഹി പ്രവിശ്യയിൽ എത്തി. നല്ല റോഡുകളാണ് എന്നെ ഇത്ര വേഗത്തിൽ ഡൽഹിയിൽ എത്തിച്ചത്. യാത്ര ചെയ്യാൻ ജനങ്ങൾ പിൻഭാഗം തുറന്ന മിനിലോറികൾ വരെ ഉപയോഗിക്കുന്ന കാഴ്ച ഡൽഹിയിലേക്കുള്ള പാതയിൽ പതിവ് ദൃശ്യങ്ങളായിരുന്നു. യാത്രക്കാർ വീണു പോകാതിരിക്കാൻ വാഹനത്തിെൻറ പിന്നിൽ അങ്ങോട്ടും ഇങ്ങോട്ടും കയർ വലിച്ചുകെട്ടിയിരിക്കുന്നതും കാണാം.
എല്ലാവരും ട്രാഫിക് സിഗ്നലുകൾ അനുസരിക്കുന്നതുകൊണ്ടും റോഡുകളുടെ വൃത്തി കൊണ്ടും ആയിരിക്കണം ഡൽഹിയിലെ ഗതാഗത തിരക്ക് വല്ലാതെ മുഷിപ്പിച്ചില്ല. ഒാൺലൈൻ വഴി ബുക്ക് ചെയ്ത മുറിയിൽ രാത്രിക്കു മുേമ്പ എത്തി. റൂമിൽ എത്താൻ വന്ന വഴി എനിക്ക് യാതൊരു പിടിയുമില്ല. എല്ലാം ജി.പി.എസിൽ അർപ്പിച്ച് ഞാൻ ഇൗ മഹാനഗരത്തിൽ എങ്ങോെട്ടാക്കെയോ പോയി എന്നു മാത്രം.
(ഇനി തലസ്ഥാന നഗരിയിലെ വിശേഷങ്ങളിലേക്ക്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.