ബുദ്ധെൻറ ലുംബിനിയിൽ
text_fieldsനേപ്പാളിലെ ലുംബിനിയിലെ ആദ്യ യാത്ര ഗൗതമ ബുദ്ധൻ ജനിച്ച സ്ഥലമായ മായാദേവി ക്ഷേത്രം ഉൾപ്പെടുന്നയിടത്തേക്കായിരുന്നു. ഞാൻ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിെൻറ അടുത്തു തന്നെയുള്ള പ്രദേശമാണത്. മായാദേവി ക്ഷേത്രത്തിനടുത്ത് നിരവധി ബുദ്ധവിഹാരങ്ങളുണ്ട്. ഇതിൽ വളരെയേറെ പഴക്കമുള്ളവയുമുണ്ട്. ചുമർ ചിത്രങ്ങളും ബുദ്ധ പ്രതിമകളും സമ്പന്നമാക്കിയ വിഹാര കേന്ദ്രങ്ങളിൽ ചന്ദനത്തിരിയുടെ ഗന്ധവും പരന്നിരിക്കുന്നു. അവിടെനിന്ന് ഒരു ബുദ്ധ സന്യാസി എന്നെ വിളിച്ച് കഴുത്തിൽ ഒരു വെളുത്ത ചരട് അണിയിച്ചുതന്നു. എവിടെ നിന്നാണ് എന്ന അദ്ദേഹത്തിെൻറ ചോദ്യത്തിന് ജീവിതത്തിൽ ആദ്യമായി ‘ഇന്ത്യയിൽ നിന്ന്’ എന്ന് ഞാൻ മറുപടി പറഞ്ഞു. ഇന്നലെ ബോർഡറിലെ ട്രാൻസ്പോർട്ട് ഒാഫീസിൽനിന്നും മുറിയെടുക്കാൻ വന്ന ഗസ്റ്റ് ഹൗസിൽനിന്നും എവിടെ നിന്നു വരുന്നു എന്ന ചോദ്യം നേരിട്ടിരുന്നില്ല.
മായാദേവി ക്ഷേത്രത്തിലേക്ക് നോപ്പാളികളല്ലാത്തവർക്ക് ടിക്കറ്റ് നിർബന്ധമാണ്. ക്ഷേത്രത്തിനകത്ത് കല്ലിൻറ കൂട്ടങ്ങൾക്കരികെ ബുദ്ധൻ ജനിച്ചുവീണ സ്ഥലം പ്രത്യേകമായി അടയാപ്പെടുത്തിയിട്ടുണ്ട്. അതിനുചുറ്റും വിശ്വാസികൾ അർപ്പിച്ച നാണയത്തുട്ടുകളും കറൻസി നോട്ടുകളും കാണാം. മായാദേവി ക്ഷേത്രത്തിനരികിലായി ഒരു കുളവും ബോധി വൃക്ഷവുമുണ്ട്. വൃക്ഷത്തിനു ചുറ്റും തറകെട്ടി സംരക്ഷിച്ചു വിളക്കു കത്തിച്ചുവെച്ച് പൂജ െചയ്യുന്നുണ്ട്. മന്ത്രങ്ങൾ എഴുതിയ പതാകകൾ തോരണമാക്കി കെട്ടിത്തൂക്കിയത് ആ വളപ്പിൽ എവിടെയും നിറപ്പകിേട്ടകിയിരിക്കുന്നു.
ബോധി വൃക്ഷത്തിനും കുളത്തിനും അരികെ അശോകസ്തംഭം കൂടി കാണാം. സന്ദർശകരെ കുളത്തിൽനിന്നും അകറ്റി നിർത്താൻ സെക്യൂരിറ്റി സ്റ്റാഫ് ഇടയ്ക്കിടെ വിസിൽ മുഴക്കി മുന്നറിയിപ്പ് നൽകുന്നുണ്ട്. ചുറ്റിനും പരന്നു കിടക്കുന്ന പൂന്തോട്ടങ്ങളിൽ നിന്ന് ഫോേട്ടാ എടുക്കുന്ന തിരക്കിലാണ് സന്ദർശകർ. അവിടെനിന്ന് കുറച്ചു നടന്നാൽ ഒരു ജലാശയത്തിന് അടുത്തെത്തും. നേപ്പാളി കറൻസി 40 രൂപ കൊടുത്താൽ ബോട്ടിൽ അപ്പുറത്തുള്ള മ്യൂസിയത്തിെൻറ പരിസരത്തേക്ക് പ്രവേശിക്കാം. തിരശ്ചീനമായി കിടക്കുന്ന കരയിലൂടെ അത്രയും ദൂരം നടക്കാൻ തയാറുള്ളവർക്ക് അങ്ങനെയും നീങ്ങാം. മ്യൂസിയം ചെറുതാണെങ്കിലും അതി പുരാതനമായ വിഗ്രഹങ്ങളും ഉപകരണങ്ങളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കമാനാകൃതിയിലുള്ള സമുച്ചയത്തിലാണ് മ്യൂസിയം തയാറാക്കി വെച്ചിരിക്കുന്നത്. മ്യൂസിയത്തിനരികിൽ വിലപേശലിന് തയാറാകാത്ത അനവധി കച്ചവടക്കാരുമുണ്ട്. ഉച്ചഭക്ഷണം തൊട്ടരുത്തുള്ള ഒരു കടയിൽനിന്നും വെജിറ്റബിൾ ചൗമീൻ എന്ന വിഭവമാക്കി. ന്യൂഡിൽസ് ഒന്നുകൂടി വറുത്ത് എടുത്തതാണ് ചൗമീൻ. മ്യൂസിയത്തിനും ഒരു കിലോ മീറ്ററോളം അപ്പുറത്താണ് ‘വേൾഡ് പീസ് പഗോഡ’ സ്ഥിതി ചെയ്യുന്നത്. സൈക്കിൾ റിക്ഷയിൽ കയറി അവിേടക്കും തിരിച്ചും യാത്രയായി. സ്നേഹത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം പരത്തുന്ന ഇൗ പഗോഡയുടെ നിർമാണത്തിനു പിന്നിൽ ജപ്പാൻകാരനായ ഫുജി എന്ന ആചാര്യനാണ്. ലേയിൽ കണ്ട ശാന്തി സ്തൂപത്തോട് സാദൃശ്യം പുലർത്തുന്നതായിരുന്നു ഇത്. പഗോഡയുടെ മുകളിൽ മധ്യഭാഗത്തായി ബുദ്ധപ്രതിമയും കാണാം...
കൊറിയ, ശ്രീലങ്ക, ആസ്ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളും നിർമിക്കുന്ന മൊണാസ്ട്രികളും ഇൗ പരിസരങ്ങളിൽ കാണാം. വീണ്ടും ബോട്ടിൽ കയറി പഴയ സ്ഥലത്തുതന്നെ ഇറങ്ങി. ഇത്തവണ ബോട്ട് നിയന്ത്രിക്കുന്ന കക്ഷി വലിയ സ്റ്റൈലിലായിരുന്നു. തലയിൽ ഒരു കറുത്ത കെട്ടും കാതിൽ കടുക്കനും കൂളിങ് ഗ്ലാസും ഷൂസും അണിഞ്ഞ് ടീ ഷർട്ടിന് മേലെ ഷർട്ടും ധരിച്ച് ബോട്ടിനെ നിയന്ത്രിക്കുന്ന ലിവറും പിടിച്ച് മുന്നോട്ട് നോക്കി ഒറ്റ ഇരിപ്പാണ്. ആരോടും ഒന്നും മിണ്ടാനും നിർദേശിക്കാനുമൊന്നും ഇല്ല. ഇടയ്ക്ക് ബോട്ടിെൻറ അറ്റത്ത് പോയി ഫോേട്ടാ എടുക്കാൻ നിന്ന പയ്യന്മാരോട് അവിടെനിന്ന് ഇറങ്ങാൻ പറഞ്ഞതുപോലും നാവനക്കാതെ ഒാടിക്കൊണ്ടിരുന്ന ബോട്ട് ഒാഫാക്കി അവരെത്തന്നെ തുറിച്ചുനോക്കിയാണ്.
ലുംബിനിയിെല ഗ്രാമപ്രദേശങ്ങളും വളരെ ശാന്തമാണ്. എല്ലായിടത്തും ചെറിയ വീടുകൾ.പ്രധാന കൃഷി ഗോതമ്പു തന്നെ. സൈക്കിളിലാണ് ഗ്രാമവാസികളുടെ യാത്രയധികവും. അലൂമിനിയം ഷീറ്റുകൊണ്ടും വൈക്കോലുകൊണ്ടും നിർമിച്ച മേൽക്കൂരകളാണ് വീടുകൾക്ക്. ഗ്രാമത്തിൽ ഒരു തണലിൽ ബൈക്ക് സൈഡാക്കിയപ്പോൾ അതിനടുത്തുതന്നെ ചാക്ക് വിരിച്ചതിൽ വിശ്രമിക്കുന്ന പ്രായമായ ഒരാൾ അവിടെ ചെന്നിരിക്കാൻ ക്ഷണിച്ചു. അയാൾ എന്തോ വലിയ അധ്വാനം കഴിഞ്ഞ് വിശ്രമിക്കുന്ന പോലെ തോന്നി.
തിരിച്ച് റൂമിലേക്കുള്ള വഴിയിൽ പെട്രോൾ അടിക്കാൻ കയറി. നേപ്പാളിലെ പെട്രോൾ വില എത്രയെന്നറിയാനുള്ള ആകംക്ഷയുമുണ്ടായിരുന്നു. കേട്ടറിഞ്ഞതെല്ലാം സത്യമായിരുന്നു. ഇന്ത്യയെക്കാൾ ദരിദ്ര രാജ്യമായിട്ടും നമ്മുടെ നാട്ടിലെക്കാൾ കുറവാണ് അവിടെ പെട്രോളിന്. ലിറ്ററിന് ഇന്ത്യൻ രൂപ 65 മാത്രം. ഇന്ത്യയിലെക്കാൾ 10 - 15 രൂപ കുറവ്. താമശ അതല്ല, എല്ലാ ലാഭവും നികുതിയും എടുത്ത ശേഷം ഇന്ത്യ നേപ്പാളിന് നൽകുന്ന പെട്രോളാണ് അവർ ഇങ്ങനെ വില കുറച്ചു വിൽക്കുന്നത്. അന്യ രാജ്യത്തോട് കാണിക്കുന്ന സ്നേഹം പോലും സ്വന്തം രാജ്യത്തെ പ്രജകളോട് കാണിക്കാൻ നമ്മുടെ ഭരണകൂടത്തിനു കഴിയാതെ പോയല്ലോ.
വൈകിേട്ടാടെ റൂമിൽ തിരികെയെത്തി. തൊട്ടുമുന്നിലെ ഹോട്ടലിൽനിന്ന് രാത്രി ഭക്ഷണം കഴിച്ചു. നേപ്പാളിലെ ഒൗദ്യോഗിക ഭാഷ നേപ്പാളിയാണ്. പിന്നെ കുറേ പ്രാദേശിക ഭാഷകളും. ഇവർ എന്താണ് തമ്മിൽ പറയുന്നതെന്ന് ഒാർത്താൽ വട്ടുപിടിക്കും. കാര്യമെന്തായാലും ഹിന്ദിയും ഇംഗ്ലീഷുമൊക്കെ ഇവർക്ക് മനസ്സിലാകും. 2500 വർഷങ്ങൾക്കു മുമ്പ് ബുദ്ധൻ ജനിച്ചതിെൻറ പേരിൽ പ്രശസ്തമായ ഇൗ പ്രദേശത്ത് ഒരു രാത്രി കൂടി തങ്ങി രാവിലെ നേരത്തെ പൊഖറയിലേക്ക് പുറപ്പെടാനുള്ള തീരുമാനവുമായി ഉറങ്ങാൻ കിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.