ഉദകക്രിയയുടെ ക്യൂവിൽ ഉൗഴം കാത്തു നിൽക്കുന്നവർ
text_fieldsഇന്നലെയെടുത്ത മുറിയും പരിസരവും ഒട്ടും തൃപ്തിയായിരുന്നില്ല. വില കുറഞ്ഞ ചെറിയ മുറി ആയതുകൊണ്ടു മാത്രമല്ല, വേറെയും എന്തൊക്കെയോ അപാകതകൾ. കൊതുകു ശല്ല്യവുമുണ്ടായിരുന്നു. ഇതുവരെയുള്ള യാത്രയിൽ 200 രുപ മുതൽ മുകളിലേക്ക് ചെറുതും വലുതുമായ പലയിടത്തും താമസിച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ താമസം എത്രയും വേഗം അവസാനിപ്പിച്ച് തടിതപ്പാനാണ് തോന്നിയത്. രാവിലെ 10 മണിേയാടെ മുറി വിട്ടിറങ്ങി കാഠ്മണ്ഡു നഗരമധ്യത്തിൽ തന്നെയുള്ള ശാന്തമായ ഒരിടത്തേക്ക് ചേക്കേറി. ബാഗും സാധനങ്ങളും റൂമിൽ ഇറക്കിവെച്ച് പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കാൻ ബൈക്കുമെടുത്ത് ഇറങ്ങി.
കാഠ്മണ്ഡുവിൽ സ്ഥിതി ചെയ്യുന്ന ബൃഹത്തായ ക്ഷേത്രസമുച്ചയമാണ് പശുപതിനാഥ് ക്ഷേത്രം. പ്രധാന കവാടം കടന്നാൽ ഒരു വശത്ത് കൂട്ടമായി നിൽക്കുന്ന പ്രാവുകളെ കാണാം. അവിടെ നിന്നും മുന്നിലേക്ക് നടന്നാൽ പശുപതിനാഥ് ക്ഷേത്ര മന്ദിരത്തിലേക്ക് പ്രവേശിക്കാം. മറ്റനേകം േക്ഷത്ര മന്ദിരങ്ങളും ആശ്രമങ്ങളുമായി പശുപതിനാഥ് ക്ഷേത്രം പരന്നുകിടക്കുകയാണ്. ഭഗമതി നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ക്രിസ്തുവിനും 400 വർഷത്തിലേറെ പഴക്കമുള്ളതാണ് ഇൗ ക്ഷേത്രമെന്ന് അവകാശപ്പെടുന്നുണ്ട്.
പ്രധാന ക്ഷേത്ര മന്ദിരത്തിെൻറ കവാടം കടന്നാൽ ശിവ വാഹനമായ നന്ദി എന്ന കാളയുടെ വലിയ പ്രതിമ കാണാം. സഞ്ചാരികളുടെയും ഭക്തജനങ്ങളുടെയും തിരക്കാണിവിടെ. ഭഗമതി നദീ തീരത്തോട് ചേർന്ന ക്ഷേത്രത്തിെൻറ ഒരു ഭാഗത്ത് മരിച്ചവരുടെ ശരീരങ്ങൾ കൊണ്ടുവന്ന് പൂജാ കർമങ്ങൾക്കുശേഷം സമീപത്തായി ഒരുക്കിയ ചിതയിൽ ദഹിപ്പിക്കുന്നു. മരണപ്പെട്ടയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും അവിടെ കൂടിയിരിപ്പുണ്ട്.
ഞാൻ ഭഗമതി തീരത്തെ ഒരിടത്തിരുന്ന് മരണാനന്തര ചടങ്ങുകൾ വീക്ഷിക്കുകയായിരുന്നു. മുളകൊണ്ടുണ്ടാക്കിയ സ്ട്രെച്ചറിൽ കിടത്തിയ മൃതദേഹത്തെ പട്ടു പുതപ്പിച്ചിരുന്നു. പൂക്കൾ വിതറിയ ശേഷം വീണ്ടും മുകളിൽ പട്ടു പുതപ്പിച്ചു. അരികിൽ ചന്ദനത്തിരികൾ കത്തിച്ചുവെച്ചിട്ടുണ്ട്. അടുത്തുനിൽക്കുന്ന സ്ത്രീകളിൽ ചിലർ അലമുറയിട്ട് കരയുന്നുണ്ട്. സമീപത്തുള്ള പടവുകളിലും പാലത്തിലും ആളുകൾ ചടങ്ങ് നോക്കിക്കാണുന്നുണ്ട്. മരത്തടികൾ കൂട്ടിവെച്ച ചിതയ്ക്കരികിൽ വൈക്കോൽ കറ്റകളും കൊണ്ടുവന്നു വെച്ചിട്ടുണ്ട്.
ഇതിനിടയിലും വേറേ എങ്ങും ശ്രദ്ധിക്കാതെ കുറച്ചു നാടോടികൾ ചരടിെൻറ അറ്റത്ത് കെട്ടിയ കാന്തവുമായി വെള്ളം കുറവായ ഭഗമതി നദിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. മുകളിൽനിന്ന് ആളുകൾ നദിയിലേക്ക് എറിയുന്ന നാണയത്തുട്ടുകൾ ശേഖരിക്കുവാനാണ് അവർ മാലിന്യം നിറഞ്ഞ നദിയിൽ വെയിലത്ത് ചെളിയിൽ ചവിട്ടി നടക്കുന്നത്. ഒടുവിൽ മൃതദേഹം ചിതയിലേക്ക് വെച്ചു തീ കൊളുത്തി. അപ്പോഴേക്കും ശേഷക്രിയക്കായി അടുത്ത മൃതദേഹം സ്ട്രെച്ചറിൽ ഉൗഴം തിരഞ്ഞെത്തി. മനുഷ്യർ അവിടെ മരണത്തിെൻറയും ഉദകക്രിയയുടെയും ക്യൂവിൽ ഉൗഴം കാത്തു നിൽക്കുകയാണെന്ന് അപ്പോൾ തോന്നിപ്പോയി. ഞാൻ പടവുകൾ കയറി മുകളിലെ മന്ദിരങ്ങളുടെയും കൽപ്രതിമകളുടെയും കാഴ്ചകളിലേക്ക് മനസ്സു മാറ്റി.
ഉച്ചയ്ക്കുശേഷം പശുപതിനാഥ് ക്ഷേത്രസമുച്ചയത്തിൽനിന്നും പുറത്തുകടന്നു. സമീപത്തെ തെരുവിൽ പൂക്കളും രുദ്രാക്ഷമാലകളും മയിൽപ്പീലികളും വിഗ്രഹങ്ങളും പൂജാ സാധനങ്ങളും വിൽപനയ്ക്കായി നിരത്തിവെച്ചിരിക്കുന്നു. അതിപുരാതനമായ പശുപതിനാഥ് ക്ഷേത്രസമുച്ചയത്തിൽനിന്നും മുഴങ്ങിയ മണിനാദങ്ങൾ കാതിൽ ബാക്കി നിർത്തി മന്ദിരങ്ങളും ഗോപുരങ്ങളും പകർന്നുതന്ന കാഴ്ചകളെ മനസ്സിലൊതുക്കി ബൗദ്ധനാഥ് എന്ന ബുദ്ധക്ഷേത്രം സന്ദർശിക്കുവാനായി ഞാൻ നീങ്ങി.
പുരാതനമായ ഹിന്ദു ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും കച്ചവടങ്ങളും ‘തമേൽ’ എന്ന പ്രദേശത്തെ രാത്രി ജീവിതവുമാണ് കാഠ്മണ്ഡുവിനെ സജീവമാക്കുന്നത്. ബൗദ്ധനാഥ് പരിസരത്തെ ‘വിശുദ്ധകുളം’ എന്നറിയപ്പെടുന്ന സ്ഥലം നേപ്പാളിെൻറയും ചൈനയുടെയും സൗഹൃദത്തെ ഉയർത്തിക്കാട്ടുന്നു. ബൗദ്ധനാഥിലെ സ്തൂപത്തെ വലംവെച്ചാണ് റോഡും അതിനോടനുബന്ധിച്ചുള്ള കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. പ്രാർഥനാ മന്ത്രങ്ങൾ വർണത്തുണികളിൽ ആലേഖനം ചെയ്ത് തോരണമാക്കി കെട്ടിത്തൂക്കിയിരിക്കുന്ന ബൗദ്ധനാഥ് സ്തൂപത്തിന്
ണ്ട്. 2015ലെ നേപ്പാൾ ഭൂകമ്പത്തിൽ തകർന്ന സ്തൂപത്തിെൻറ താഴികക്കുടത്തിെൻറ ഭാഗം പിന്നീട് പുനഃസ്ഥാപിച്ചതാണ്. സ്തൂപം കണ്ടിറങ്ങുന്ന ആളുകൾ അടുത്തുള്ള പ്രാർത്ഥനാ ചക്രങ്ങളിൽ തലോടിയിട്ടാണ് പടിയിറങ്ങുന്നത്.
വൈകുന്നേരത്തോടെ തിരികെ റൂമിൽ എത്തി. കാഠ്മണ്ഡുവിെൻറ പല ഭാഗങ്ങളിലുമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകൾ നഗരത്തെ പൊടിപടലങ്ങളിൽ മുക്കിയിരിക്കുന്നു. കുളി കഴിഞ്ഞ് ഫ്രഷ് ആയി കാഠ്മണ്ഡുവിലെ രാത്രി കാഴ്ചകൾക്ക് പേരുകേട്ട തമേൽ എന്ന സ്ഥലത്തേക്ക് ഭക്ഷണം കഴിക്കാനായി ഇറങ്ങി. തമേൽ സഞ്ചാരികളുടെ പ്രിയപ്പെട്ട േകന്ദ്രമാണ്. റസ്റ്റാറൻറുകളും പാട്ടും ഷോപ്പിങ്ങും തെരുവു ഭക്ഷണശാലകളുമായി തമേൽ ഏവരേയും ആകർഷിക്കും. ചൈനക്കാർക്ക് വലിയൊരു ആശ്വാസ കേന്ദ്രം കൂടിയാണ് തമേൽ. തങ്ങളുടെ നാടിെൻറ രുചിവൈഭവം ഉൾക്കൊണ്ട വിഭവങ്ങൾ കഴിക്കാനായി നിരവധി ചൈനീസ് റസ്റ്റാറൻറുകളാണ് തമേലിൽ തുറന്നുവെച്ചിരിക്കുന്നത്. പലതിെൻറയും നടത്തിപ്പുകാർ ചൈനക്കാർ തന്നെയാണ്. അതിനകത്തു കയറി മെനു നോക്കിയാൽ അപ്പോൾ തന്നെ പുറത്തിറങ്ങും. വില കൊണ്ടല്ല, മെനു വരെ ചൈനീസ് ഭാഷയിലാണ് എഴുതി വെച്ചിരിക്കുന്നത്. തമേലിലെ റോഡരികിൽ ഒരു കൊച്ചു വണ്ടിയിൽ മീൻ, കൊഞ്ച്, ഞണ്ട്, ചിക്കൻ, ബീഫ് തുടങ്ങിയവ മസാല തേച്ചു നിരത്തിവെച്ചിട്ടുണ്ട്. വേണ്ടത് എന്താണെന്ന് പറഞ്ഞാൽ മതി, പ്രത്യേകം സജ്ജമാക്കിയ തിളയ്ക്കുന്ന എണ്ണയിലിട്ട് വറുത്ത് ചട്നിയും ചേർത്ത് തരും.
മൂന്നു നാല് െഎറ്റം രുചിച്ചു നോക്കി. സംഗതി കൊള്ളാമെന്ന് കമൻറും പറഞ്ഞ് വീണ്ടും തെരുവിലേക്കു തന്നെയിറങ്ങി. രാത്രി പത്തു മണിയായി റൂമിൽ മടങ്ങിയെത്തിയപ്പോൾ. വഴിയിൽ നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പോലീസ് എന്നെ കൈകാട്ടി നിർത്തിച്ചു. ലൈസൻസും ഹെൽമെറ്റുമൊക്കെ ഒ.കെ. ആയിരുന്നെങ്കിലും വെഹിക്കിൾ പെർമിറ്റായ ബെൻസാറിെൻറ പേപ്പർ മുറിയിലായിരുന്നു. ഹോട്ടലിൽനിന്നും ഒന്നര കിലോ മീറ്റർ മാത്രം ദൂരമുള്ള സ്ഥലമായിരുന്നു തമേൽ. ഒരു പോലീസുകാരൻ ബൻസാർ കാണിക്കാതെ വിടാൻ കഴിയില്ലെന്ന് പറഞ്ഞ് ബൈക്കിെൻറ ചാവി ഉൗരിയെടുത്തു. ഹോട്ടലിൽ പോയി ബൻസാർ എടുത്തുകൊണ്ടു വരിക മാത്രമേ ഇനി രക്ഷയുള്ളു. ടാക്സി ഒന്നും കിട്ടാതായപ്പോൾ ഞാനൊരു ബൈക്കുകാരന് കൈ കാണിച്ചു. അയാളുടെ സഹായത്തോടെ ഹോട്ടലിൽ എത്തി. റിസപ്ഷൻ സ്റ്റാഫിെൻറ സുഹൃത്തിെൻറ ബൈക്കിൽ പേപ്പറുമായി തിരികെ ചെന്ന് പോലീസുകാരെ കാണിച്ചു. ബെൻസാർ കൈവശം വെക്കാതിരുന്നത് എെൻറ തെറ്റാണെന്ന് സമ്മതിക്കുന്നതോടൊപ്പം പരുഷമായി സംസാരിച്ച മറ്റൊരു പോലീസുകാരനെക്കുറിച്ചുള്ള പരാതിയും അറിയിച്ചു തിരികെ റൂമിലെത്തി ഉറങ്ങാൻ കിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.