സിംപിളി ഭൂട്ടാൻ
text_fieldsരാവിലെ എണീറ്റയുടൻ ബൈക്കിെൻറ ചാവിയെടുത്ത് താഴെയിറങ്ങി. പേ പാർക്കിങ് സ്ഥലത്തുനിന്നും രാവിലെ ഒമ്പതിനു മുമ്പായി ബൈക്ക് എടുത്തു ഹോട്ടലിനു തൊട്ടുതാഴെയുള്ള ചെറിയ വഴിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പായിരുന്നു. റോഡിൽനിന്നും ഒാവുചാലിനു മുകളിലൂടെ ബൈക്ക് കയറ്റി ചെറിയ പടിക്കെട്ടും കടന്ന് ബൈക്ക് ഒരുവിധത്തിൽ ഹോട്ടലിന് താഴെ എത്തിച്ചു. ഒമ്പതു മണി കഴിഞ്ഞാൽ പാർക്കിങ് ഫീയും ചോദിച്ച് ആളെത്തും.
താമസിക്കുന്ന റൂമിന് അടുത്തുള്ള സ്ഥലങ്ങളിലേക്കായിരുന്നു ഇന്നത്തെ യാത്ര എന്നതിനാൽ ബൈക്ക് എടുക്കാതെ നടന്നുതന്നെ പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ തിംഫുവിന്‍െറ നഗരക്കാഴ്ചകളും കണ്ട് റോഡിന്‍െറ ഒാരംചേർന്ന് നടന്നുതുടങ്ങി. ആദ്യം ചെന്നത് ‘സിംപിളി ഭൂട്ടാൻ’ എന്ന മ്യൂസിയത്തിലേക്കായിരുന്നു. ഭൂട്ടാന്‍െറ തനത് പാരമ്പര്യവും സംസ്കാരവും മനസ്സിലാക്കാൻ ഇൗ മ്യൂസിയം സന്ദർശനം കൊണ്ട് സാധിക്കും. ടിക്കറ്റ് എടുത്ത് അകത്തു കയറിയാൽ രണ്ട് സ്ത്രീകൾ കൈത്തറിയിൽ പരവതാനികൾ ഉണ്ടാക്കുന്നതു കാണാം. വളരെ ക്ഷമയോടെ ഭൂട്ടാൻ ശൈലിയിൽ അവർ നെയ്തെടുത്ത വസ്ത്രങ്ങളും പരവതാനികളും പ്രദർശിപ്പിച്ചിട്ടുമുണ്ട്. പണ്ടുകാലം തൊട്ടേ ഭൂട്ടാൻ ജനതയുടെ ഇഷ്ട വിനോദമാണ് അമ്പെയ്ത്ത്. ഒരു പലകയിൽ വട്ടത്തിൽ അടയാളപ്പെടുത്തിയ ഭാഗങ്ങളിലേക്ക് ദൂരെ നിന്ന് അമ്പെയ്ത് കൊള്ളിക്കുവാൻ അവസരമൊരുക്കി തുറസ്സായ ഒരിടത്ത് ഇവിടെ ഒരുക്കം ചെയ്തിട്ടുണ്ട്. ഇവിടെ ഒരു മുറിയിൽ പഴക്കംചെന്ന ഭൂട്ടാനീസ് അടുക്കള അതേപോലെ നിർമിച്ചുവെച്ചിരിക്കുന്നു. ചെമ്പുകൊണ്ടുള്ള പാത്രങ്ങളും മൺകലങ്ങളും തുടങ്ങി ചെറുതും വലുതുമായ അനേകം പാത്രങ്ങളും അരി പൊടിക്കാൻ പണ്ടുകാലത്ത് ഉപയോഗിചിരുന്ന കല്ലുകൊണ്ടുള്ള ഉപകരണങ്ങളും പ്രദർശനത്തിന് വെച്ചിട്ടുണ്ട്.
അടുത്ത മുറിയിൽ ഒരു കലാകാരൻ തൽസമയം ശിൽപങ്ങൾ നിർമിക്കുന്നുണ്ടായിരുന്നു. രണ്ടു കൈയിനും സ്വാധീനമില്ലാത്ത പെമഷെറിങ് എന്ന അസാമാന്യ കലാപ്രതിഭ കാലുകൾ ഉപയോഗിച്ചാണ് മരത്തിൽ ശിൽപങ്ങൾ കൊത്തിയുണ്ടാക്കുന്നത്. ആരെയും വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചതന്നെയായിരുന്നു അത്. പരസഹായമില്ലാതെ കാലുകൾ ഉപയോഗിച്ച് ചുറ്റിക അടിക്കുന്നതും ഉളി കൊണ്ട് കൊത്തുന്നതും പൊട്ടിയ ഭാഗങ്ങൾ പശതേച്ച് ഒട്ടിക്കുന്നതും വൈകല്യത്തെ തോൽപ്പിച്ച അദ്ദേഹത്തിെൻറ മനക്കരുത്തിെൻറ പ്രകടനമായിരുന്നു. ആ മ്യൂസിയത്തിലുണ്ടായിരുന്ന അധിക സമയവും ഞാൻ ആ കലാകാരനൊപ്പമാണ് ചെലവഴിച്ചത്. വ്യക്തമായി സംസാരിക്കാൻ പോലും കഴിയാത്ത അദ്ദേഹം ഇടയ്ക്ക് നോക്കി ചിരിക്കുക മാത്രം ചെയ്തു.
തൊട്ടപ്പുറത്ത് കസേരകൾ ഇട്ടിട്ടുള്ള ഹാളിൽ എത്തിയാൽ അരി വറുത്തത് പാലിൽ ചേർത്ത് ചെറിയൊരു കപ്പിൽ കൊണ്ടുവന്ന് തരും. അതു കഴിക്കുന്നതോടൊപ്പം മുന്നിൽ അരങ്ങേറുന്ന ഭൂട്ടാനീസ് നൃത്തവും ആസ്വദിക്കാം. ബഹളങ്ങളില്ലാത്ത ഭൂട്ടാൻ സംഗീതത്തിനൊത്ത് പതിയെ ചുവടുവെച്ച് കൈകൾ ചലിപ്പിച്ച് പ്രസന്നമായ നൃത്തമായിരുന്നു അത്.
മ്യൂസിയം കാഴ്ചകൾക്കു ശേഷം ആ പരിസരത്ത് തന്നെ കുന്നിൻമുകളിലായി കാണുന്ന മൊണസ്ട്രിയിലേക്ക് നടന്നു. പടികൾ കയറി മൊണാസ്ട്രിയുടെ അകത്ത് എത്തിയപ്പോഴേക്കും മഴ പെയ്തു തുടങ്ങി. ഒാടിട്ട ഒരു മേൽക്കൂരയ്ക്ക് താഴെയിരുന്ന് മുറ്റത്തു പെയ്യുന്ന മഴയുടെ ചന്തം കുറേനേരം നോക്കിയിരുന്ന ശേഷമാണ് വിഹാരകേന്ദ്രത്തിെൻറ അകത്ത് പ്രവേശിച്ചത്.
ബുദ്ധ സന്യാസിമാർ കൈയിലെ ജപമാലയിൽ വിരലോടിച്ച് ഒരു കൈകൊണ്ട് ചുമരിലെ പ്രാർത്ഥനാ ചക്രവും കറക്കി മന്ത്രിച്ചുകൊണ്ട് നിൽക്കുന്നുണ്ട്. മൊണാസ്ട്രിയുടെ പുറത്തെ പൂന്തോട്ടത്തിനരികിലെ ഇരിപ്പിടത്തിൽ ഒരു സന്യാസി തിംഫുവിെൻറ നഗരക്കാഴ്ചയിലേക്ക് അനങ്ങാതെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. കുന്നിെൻറ ഏറ്റവും ഉയരം കൂടിയ ഭാഗത്തുനിന്നുള്ള ആ നോട്ടം തിംഫു നഗരത്തിൻറ പ്രധാന കേന്ദ്രങ്ങളെയെല്ലാം ഒറ്റയടിക്ക് കണ്ണിലൊതുക്കും. ചാറുന്ന മഴയിൽ താൻ പുതച്ചിരിക്കുന്ന ചുവന്ന വസ്ത്രം ഒന്നുകൂടി ശരിയാക്കി ഏതോ ധ്യാനത്തിലെന്നപോലെ അദ്ദേഹം അവിടെ ശാന്തമായിരിക്കുന്നു.
മൊണാസ്ട്രിയിൽനിന്നും ഇറങ്ങി ഒരു റസ്റ്റാറൻറിൽ കയറി. ചുവന്ന നെല്ലുകുത്തരി കൊണ്ടുണ്ടാക്കിയ ചോറ് കഴിച്ചു. ഭൂട്ടാനിലെ നെൽകൃഷിയിൽ പ്രധാനം ഇൗ ചുവന്ന അരിയാണ്. കൂടെ കഴിക്കാൻ ചുവന്ന മുളകും ചീസും ചേർത്തുണ്ടാക്കിയ ഭൂട്ടാൻ വിഭവമാണ് ഒാർഡർ ചെയ്തത്. ചുവന്ന മുളക് ഭൂട്ടാൻകാരുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്.
ഭക്ഷണത്തിനു ശേഷം മേഘാവൃതമായ ആകാശത്തിനു കീഴിലൂടെ വെയിലിെൻറ ആക്രമണമൊന്നുമില്ലാതെ തിംഫു നഗരവീഥിയിലൂടെ നടന്ന് റൂമിലെത്തി. ഹോട്ടൽ റിസപ്ഷനടുത്തുള്ള ലോബിയിൽ മാത്രമേ വൈ ഫൈ സിഗ്നൽ ഉള്ളു എന്നതിനാൽ മൊബൈലുമെടുത്ത് അവിടെയെത്തി. ഹോട്ടൽ ഉടമസ്ഥൻ സോനം തെൻറ അതിഥികളോട് കുശലം പറഞ്ഞ് അടുത്ത് നിൽപ്പുണ്ട്. അദ്ദേഹത്തിെൻറ മാന്യമായ പെരുമാറ്റം എടുത്തുപറയേണ്ടതാണ്. റൂം ഒഴിയുന്നവരെല്ലാം നല്ല അഭിപ്രായം രേഖപ്പെടുത്തി കൈ കൊടുത്താണ് പോകുന്നത്. അടുത്ത ദിവസം എമിഗ്രേഷൻ പുതുക്കാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ ആവശ്യമായ എല്ലാ ഫോമും സോനം എനിക്ക് പ്രിൻറ് ഒൗട്ട് എടുത്തുതന്നു. തമാശ കലർന്ന അദ്ദേഹത്തിെൻറ സംസാരം ഇഷ്ടമാകാത്തവർ ഉണ്ടാവില്ല. മറ്റുള്ളവരുടെ തമാശ കേട്ടാൽ മതിമറന്ന് പൊട്ടിച്ചിരിക്കുകയും ചെയ്യും. കുറച്ചുനേരം അവിടെയിരുന്ന് ഹോട്ടലിെൻറ അടുത്തുള്ള ക്ലോക്ക് ടവർ പരിസരത്തൊക്കെ നടന്ന് രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് ഞാൻ റൂമിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.