Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
assam
cancel
Homechevron_rightTravelchevron_rightAdventurechevron_rightകേരളം കണക്കൊരു അസം

കേരളം കണക്കൊരു അസം

text_fields
bookmark_border

രണ്ടു മാസമാകുന്നു വീട്ടിൽ നിന്ന്​ പുറപ്പെട്ടിട്ട്​. ഇന്ത്യയുടെ പാതിദൂരം സഞ്ചരിച്ചുവെന്നു പറയാം. അതിനിടയിൽ നേപ്പാള​ും ഭൂട്ടാനും ഒന്നു കയറിയിറങ്ങി. ഇനി മടക്ക യാത്രയാണ്​. പ്രധാനമായും സന്ദർശിക്കാനിരുന്ന സ്​ഥലങ്ങളിൽ ഇനി ബാക്കി നിൽക്കുന്നത്​ മേഘാലയ മാത്രമാണ്​. അതിനു ശേഷം നാട്ടിലേക്ക്​ ലക്ഷ്യംവെച്ച്​ യാത്ര തിരിക്കണം. രണ്ടു മാസം. ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൂടെയാണ്​ ഞാൻ കടന്നുപോയത്​. എന്നാൽ കഴിയുന്ന വിധം അത്​ നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്​.

ജയ്​ഗോണിലെ ഹോട്ടൽ മുറിയിൽ നിന്ന്​ രാവിലെ എഴുന്നേറ്റ്​ പുറത്തിറങ്ങി കടുപ്പത്തിൽ ഒരു ചായ കുടിച്ചു. പനിക്കു സമാനമായ ഒരു ക്ഷീണം അലട്ടുന്നപോലെ. ശരീരത്തിന്​ ചൂടില്ല. എന്നാലും ഒരു സുഖമില്ലായ്​മ. എന്തായാലും വരുന്നിടത്തുവെച്ചു കാണാം എന്ന്​ തീരുമാനിച്ചു. ബാഗും സാധനങ്ങളും താഴെയിറക്കി ബൈക്കിൽ കെട്ടിവെച്ചു. അസമിലെ ഗുവാഹത്തി ലക്ഷ്യമാക്കി യാത്ര തിരിച്ചു.

ബാഗിൽ പനി, തലവേദന തുടങ്ങിയവയ്​ക്കുള്ള മരുന്നുണ്ടെങ്കിലും എന്താണ്​ എന്നറിയാതെ കഴിക്കേണ്ടെന്ന്​ തീർച്ചപ്പെടുത്തി. രാവിലെതന്നെ ജയ്​ഗോൺ പ്രദേശം ഇന്ത്യക്കാരെ കൂടാതെ ഭൂട്ടാൻ സ്വദേശികളെക്കൊണ്ടും നിറഞ്ഞിരുന്നു. അവർ വന്ന്​ ഇന്ത്യൻ കടകളിൽനിന്ന്​ പല സാധനങ്ങളും വാങ്ങിക്കൊണ്ടു പോകുന്നുണ്ട്​.

അതിനിടയിൽ യാത്ര എപ്പോഴോ അസമി​​െൻറ അതിർത്തിയിലേക്ക്​ കടന്നുകഴിഞ്ഞിരുന്നു. ഭേദപ്പെട്ട റോഡുകളുമായി നീളൻ ഹൈവേയായിരുന്നു ഗുവാഹത്തിവരെയും. കൊയ്​ത്തുകഴിഞ്ഞ പാടങ്ങൾ പരന്നുകിടക്കുന്ന ഭൂപ്രദേശങ്ങളായിരുന്നു അസമിലെ റോഡരികിൽ കാണാൻ കഴിഞ്ഞത്​. മുള ചീന്തിയെടുത്ത കഷണങ്ങൾ ചേർത്തുണ്ടാക്കിയ പുറംചുമരിന്​ മീതെ അലൂമിനിയം ഷീറ്റി​​െൻറ മേൽക്കൂര പാകിയ കൊച്ചുവീട​ുകളാണ്​ വഴിയിൽ അധികവും. പുരുഷന്മാർ പുറം ജോലികൾക്കായി ബനിയനും മുണ്ടും ധരിച്ച വേഷത്തിലാണ്​ കാണുന്നത്​. ചിലർ സൈക്കിളിൽ മീൻ പിടിക്കാനുള്ള ചൂണ്ടയും കുട്ടയു​മായി പോകുന്നത്​ കാണാം. മലമ്പ്രദേശങ്ങളിലൂടെയുള്ള യാത്രയിൽ ചിലയിടത്ത്​ തോക്കുധാരികളായ കമാൻ​േഡാകളെയും കാണാം. അസമിലെ ചില പ്രദേശങ്ങളിൽ ബോഡോ തീവ്രവാദികളെ പ്രതിരോധിക്കാനായിരിക്കണം അവരുടെ സാന്നിധ്യം എന്നു തോന്നുന്നു. രണ്ടിടത്ത്​ നിർത്തി ഫോ​േട്ടാ എടുത്തതൊഴിച്ചാൽ വേറേ അധികമൊന്നും ഇൗ ദിവസം ക്യാമറയിൽ പകർത്താനായില്ല. കൊയ്​ത്തുകഴിഞ്ഞ പാടങ്ങളിൽ കന്നുകാലികൾ മേയുന്നതും സൈക്കിളിൽ പോകുന്ന ഗ്രാമീണരുമായിരുന്നു ഇന്നത്തെ വഴിയോരക്കാഴ്​ചകളിൽ ഏറെയും. അതിർത്തിയിൽ നിന്ന്​ 350 കിലോ മീറ്റർ പിന്നിട്ട്​ ഗുവാഹത്തി വരെയും ഭൂട്ടാൻ രജിസ്​ട്രേഷനുള്ള വാഹനങ്ങൾ കാണാമായിരുന്നു.

അസമിലെ ചില സ്​ഥലങ്ങൾ കേരളത്തോട്​ വളരെയധികം സാമ്യമുള്ളതാണ്​

അസമിലെ ചില സ്​ഥലങ്ങൾ കേരളത്തോട്​ വളരെയധികം സാമ്യമുള്ളതാണ്​. കെയ്​തെടുത്ത നെൽപ്പാടങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു നിമിഷം കേരളത്തിലെ ഏതോ റോഡിലൂടെ കടന്ന​ുപോവുക​യാണോ എന്നുപോലും തോന്നിപ്പോയി. അസമീസ്​ വിഭവങ്ങൾക്കൊപ്പമുള്ള ചോറായിരുന്നു ഉച്ചഭക്ഷണമായി കഴിച്ചത്​. രുചിയിൽ ഒന്നിനും കുറവുവരാതെ ചമ്മന്തിയും അച്ചാറും കറികളുമെല്ലാം നന്നായിട്ടുണ്ട്​.

മേഘാലയ ലക്ഷ്യമാക്കിയ യാത്രയിൽ തങ്ങുവാനൊരിടം എന്ന നിലയിലാണ്​ ഗുവാഹത്തി തെരഞ്ഞെടുത്തത്​. താമസിക്കാനുള്ള മുറിയും ഒാൺലൈൻ വഴി ബുക്ക്​ ചെയ്​തു. ഗുവാഹത്തി നഗരത്തിലേക്ക്​ പ്രവേശിക്കുന്നതിനു മു​േന്നാടിയായി ബ്രഹ്​മപുത്ര നദിക്ക്​ കുറുകെയുള്ള സരായ്​ഘട്ട്​ എന്ന വലിയൊരു ഇരുമ്പ്​ പാലം കടക്കാനുണ്ട്​. ബ്രഹ്​മപുത്ര നദിയുടെ ആ പ്രദേശത്തെ വീതികൊണ്ടുതന്നെയാണ്​ പാലവും അത്രയധികം ദൂരം നീണ്ടുകിടക്കുന്നത്​. നഗരത്തിരക്കിനനുസരിച്ച്​ ബൈക്കി​​െൻറ വേഗവും കുറഞ്ഞുവന്നു.

കെയ്​തെടുത്ത നെൽപ്പാടങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു നിമിഷം കേരളത്തിലെ ഏതോ റോഡിലൂടെ കടന്ന​ുപോവുക​യാണോ എന്നുപോലും തോന്നിപ്പോയി

ക​ുറച്ചുകൂടി കഴിഞ്ഞപ്പോൾ ഒട്ടും മുന്നോട്ടു പോകാനാകാതെ നിശ്​ചലമായി. ഗൂഗിൾ മാപ്പി​​െൻറ സഹായത്തോടെ പല ദിശകളിലേക്കായി വഴിതിരിഞ്ഞ്​ ഒടുവിൽ ഞാൻ താമസ സ്​ഥലത്തെത്തി. ഇതിനിടയിൽ ഗുവാഹത്തി നഗരത്തിലെ ഒരു പോക്കറ്റ്​ റോഡിലെ ലെവൽ ക്രോസിൽ ട്രെയിൻ പോകാൻ അടച്ചിട്ട സമയത്ത്​ പിന്നിലെ കാറിൽനിന്നും ഒരു മധ്യവയസ്​കൻ ഇറങ്ങിവന്നു പരിചയപ്പെട്ടു. കാറുമെടുത്ത്​ രാജ്യത്തി​​െൻറ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ ജോലിയിൽനിന്നെല്ലാം വിരമിച്ച്​ വിശ്രമത്തിലാണ്​. കൂടുതൽ കാര്യങ്ങൾ സംസാരിച്ചു വരു​േമ്പാഴേക്കും ചൂളം വിള​ിയോടെ ട്രെയിൻ കടന്നു​േപായി. തുറന്ന ലെവൽ ക്രോസിലൂടെ തിടുക്കത്തിൽ പോകാനായി കൈ തന്ന്​ അദ്ദേഹം കാറിൽ കയറി പോയി.

ക്ഷീണം പതിയെ കുറഞ്ഞോ എന്നൊരു ​േതാന്നൽ. ചുടു വെള്ളത്തിൽ ഒരു കുളി പാസാക്കിയപ്പോൾ സംഗതി ഒന്ന്​ ഉഷാറായി. എന്നാലും, ജലദോഷം അതേ നിലയിൽ തുടരുന്നു. രാവിലെതന്നെ മേഘാലയിലേക്ക്​ കടക്കണമെന്നതിനാൽ വേഗം ഉറങ്ങാൻ കിടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueasamindia TourGuwahati. malayalam Newsindian diarysolowithcbr150Solo bike touraneesh's travel
Next Story