74 വർഷങ്ങൾക്കുശേഷം കരയിലെ വേഗരാജാക്കൻമാർ ഇന്ത്യയിലേക്ക് മടങ്ങിവരുന്നു
text_fieldsകരയിലെ ഏറ്റവും വേഗമേറിയ ജീവിയാണ് ചീറ്റപ്പുലി. 500 മീറ്റർ ദൂരം മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഇവർക്ക് ഓടാൻ സാധിക്കുന്നു. എന്നാൽ, ഭൂലോകത്തുനിന്ന് അന്യംനിന്ന് പോവുകയാണ് ഇവ.
ഇന്ത്യയിൽ വർഷങ്ങൾക്ക് മുമ്പ് ചീറ്റകൾ ഉണ്ടായിരുന്നുവെങ്കിലും, 1947ൽ മധ്യപ്രദേശിലെ സുഗുജയിൽ മഹാരാജാവ് മൂന്ന് മൃഗങ്ങളെ വേട്ടയാടി കൊന്നതോടെ ഇവയെ കണികാണാൻ കിട്ടാതെയായി. 1952ൽ ചീറ്റകൾ ഇന്ത്യയിൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു.
എന്നാൽ, 74 വർഷങ്ങൾക്കുശേഷം കരയിലെ വേഗരാജാക്കൻമാരെ തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് രാജ്യം. ഈ വർഷം അവസാനത്തോടെ കുനോ ദേശീയോദ്യാനത്തിൽ ചീറ്റകൾ വീണ്ടും എത്തുമെന്ന് മധ്യപ്രദേശ് വനം മന്ത്രി വിജയ് ഷാ അറിയിച്ചു.
അഞ്ച് ആണും മൂന്ന് പെൺ ചീറ്റകളുമാണ് ദക്ഷിണാഫ്രിക്കയിൽനിന്ന് വരുന്നത്. ഇവയുടെ സംരക്ഷണത്തിനുള്ള എല്ലാ സൗകര്യങ്ങളും കുനോയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് അനുയോജ്യമായ ഒരു ദേശീയ ഉദ്യാനത്തിൽ ചീറ്റകളെ വളർത്താൻ സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നു.
ഇവയുടെ പരിപാലനകാര്യങ്ങൾ മനസ്സിലാക്കാനായി ജീവനക്കാർ ഈ മാസം ദക്ഷിണാഫ്രിക്കയിലേക്ക് പോകും. തുടർന്ന് നവംബറിൽ ചീറ്റകളെ കൊണ്ടുവരും. .
കഴിഞ്ഞ വർഷം വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദഗ്ധർ ചീറ്റകൾക്ക് ഏറ്റവും അനുയോജ്യമായ ആവാസ വ്യവസ്ഥ തേടി മധ്യപ്രദേശിലെ നാല് കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു.
തുടർന്ന് 2021 ഏപ്രിലിൽ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വിദഗ്ധൻ, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർക്കൊപ്പം കുനോ നാഷണൽ പാർക്ക് സന്ദർശിക്കുകയും ചീറ്റകളെ കൊണ്ടുവരാൻ അനുമതി നൽകുകയുമായിരുന്നു.
ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്താൻ, ആഫ്രിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികൾ ഉണ്ടായിരുന്നത്. ഇറാനിൽ 200 എണ്ണത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ആയിരത്തിന് അടുത്തും. ഇവിടെയെല്ലാം ചീറ്റകളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പുൽമേടുകളും ചെറു കുന്നിൻ പ്രദേശങ്ങളും കുറ്റിക്കാടുകളും ഇഷ്ടപ്പെടുന്ന ചീറ്റകൾ പകലാണ് ഇര തേടാനിറങ്ങുന്നത്. അതേസമയം, ജനിച്ചുവീണ പ്രദേശം ഇഷ്ടപ്പെടുന്ന ചീറ്റപ്പുലികൾ അവിടന്ന് പറിച്ചുമാറ്റപ്പെട്ടാൽ അതിജീവിക്കാൻ ബുദ്ധിമുട്ടാണ്. ആവാസ വ്യവസ്ഥയിലുണ്ടാകുന്ന ചെറിയമാറ്റങ്ങൾ വരെ ഇവയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മറികടക്കുകയാകും കുനോ നാഷനൽ പാർക്കിലെ വലിയ വെല്ലുവിളി.
ആഫ്രിക്കയിൽനിന്ന് ഇവയെ എത്തിക്കാനുള്ള ബൃഹത്തായ പദ്ധതിക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്. 300 കോടി രൂപയുടെ ചെലവാണ് ഇതിന് പ്രതീഷിക്കുന്നത്. മധ്യപ്രദേശിനെ കൂടാതെ രാജസ്ഥാനിലും ഇവയെ വളർത്താൻ പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.