കാടിന്റെ സ്വഭാവങ്ങൾ
text_fieldsമാർച്ച് 21 വനദിനം..ഇത് കാടിന്റെ ചില സ്വകാര്യങ്ങളാണ്. ഒരു വനപാലകൻ തന്റെ അനുഭവങ്ങളും ഭാവനയും ചേർത്തെഴുതിയകാടിന്റെ വർത്തമാനങ്ങൾ. അതിൽ ആത്മസംഘർഷങ്ങളുടെ കഥകളുണ്ടാകാം, കണ്ണീരിന്റെ നനവുണ്ടാകാം, ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാകാം...
വന സംരക്ഷണത്തിന്റെ പ്രാധാന്യത്തിന്റെയും വന്യമൃഗങ്ങളുമായുള്ള സഹവർത്തിത്വത്തിന്റെയും വർത്തമാനങ്ങൾ ചില അനുഭവങ്ങളിലൂടെ പങ്കുവെക്കുകയാണിവിടെ. അതിൽ ഉൾച്ചേർത്തിരിക്കുന്ന ആശയങ്ങൾ സ്വീകരിക്കുകയോ തമസ്കരിക്കുകയോ ആകാം. മൃഗങ്ങളുടെ വംശവർധനയെക്കുറിച്ചോ സ്വാഭാവിക വനങ്ങളുടെ അപചയത്തെക്കുറിച്ചോ മനുഷ്യ-വന്യജീവി സംഘർഷം ഇത്രമേൽ പെരുകുന്നതിന് കാരണമായ അനവധി കാരണങ്ങളെക്കുറിച്ചോ ഉള്ള സ്ഥിതിവിവരക്കണക്കുകൾ ഒന്നും മുന്നോട്ടുവെക്കുന്നില്ല. ക്ഷമാപൂർണമായ ഒരു വായന മാത്രമാണ് പ്രതീക്ഷ.
വിളിച്ചുവരുത്തുന്ന ചില ദുരന്തങ്ങൾ
കരിവീട്ടിയിൽ കടഞ്ഞ നെടുന്തൂണുകൾ പോലത്തെ കാലുകളിൽ പടുകൂറ്റൻ ശരീരം താങ്ങി മരണം തനിക്കുനേരെ വേഗച്ചുവടുകൾവെക്കുന്നത് മരവിച്ച ചേതനകളുമായി അയാൾ നോക്കിനിന്നു. കൂർത്ത മുള്ളുകൾ എമ്പാടും നിറഞ്ഞ ഇല്ലിക്കാടുകൾക്കിടയിൽ അയാൾക്ക് ഒന്ന് അനങ്ങാൻപോലും ആകുമായിരുന്നില്ല. അയാളൊന്ന് നിലവിളിച്ചതുപോലുമില്ല!
വീട്ടിൽ പട്ട് പുതപ്പിച്ചു കിടത്തിയ ഭർത്താവിന്റെ ചേതനയറ്റ ശരീരം കണ്ട് ആശ്രയമറ്റ ഭാര്യ തളർന്നുവീണതും അതുകണ്ട് വേർപാട് എന്തെന്നുപോലുമറിയാൻ പ്രായമാകാത്ത മകൾ ചിരിച്ചുകൊണ്ടിരുന്നതും ഓർമകളിൽ ചോര പടർത്തുന്നു.
വാളയാർ ഫോറസ്റ്റ് റേഞ്ചിലെ വാച്ചറായിരുന്ന കോഴിക്കോട് സ്വദേശി ബാലകൃഷ്ണനായിരുന്നു അത്. നിരപരാധിയായ ഒരു മനുഷ്യൻ കാട്ടാനയുടെ ആക്രമണത്തിൽ വാളയാർ ഫോറസ്റ്റ് െട്രയിനിങ് സ്കൂൾ പരിസരത്തുവൈച്ച് 2007 സെപ്റ്റംബർ 20ന് കൊല്ലപ്പെട്ടു. പതിവില്ലാതെ തമിഴ്നാട് ഭാഗത്തുനിന്നും തിരക്കേറിയ ഹൈവേ കടന്നെത്തിയ തീർത്തും ശാന്തനായിരുന്ന ആ കാട്ടുകൊമ്പനെ ആളുകൾ വളഞ്ഞ് കൂകിയാർക്കുകയും കല്ലെറിഞ്ഞ് പ്രകോപിതനാക്കുകയും ചെയ്തതിന്റെ അനന്തര ഫലമായിരുന്നു അത്.
നിർത്താതെയുള്ള പ്രയാണത്തിനിടയിൽ തളർന്ന് ഇടക്കൊന്ന് നിന്നുപോയി. അപ്പോൾ ആർപ്പുവിളികളോടൊപ്പം ഒരു പാറക്കല്ല് എന്റെ പിന്നിൽ ആഞ്ഞ് പതിച്ചു. അതായിരുന്നു തുടക്കം. പിന്നെ കല്ലുകളും വടികളും എന്നെ ലക്ഷ്യം വെച്ച് പാഞ്ഞെത്തിക്കൊണ്ടേയിരുന്നു. എന്തൊരു പരീക്ഷണം! ഞാൻ ഓട്ടത്തിന് വേഗത കൂട്ടി. വീണുപോകുമെന്ന് പലവട്ടം തോന്നി. എന്നാൽ, ഊടുവഴികളിലൂടെപോലും ആർത്തലച്ചെത്തിയ ആൾക്കൂട്ടം രക്ഷപ്പെടാനുള്ള എന്റെ മാർഗങ്ങൾ ഒന്നൊന്നായി അടച്ചുകൊണ്ടേയിരുന്നു.
പരിക്ഷീണതയുടെ പാരമ്യത്തിലെങ്ങോ പോംവഴികൾ ഒന്നൊന്നായി ചുരുങ്ങി ഇല്ലാതാകുന്നത് ഞാനറിഞ്ഞു. എന്നിലെ മൃഗചേതനകൾക്ക് ഉയിരുതികട്ടുന്നതും നിലനിൽപിനായുള്ള അന്തിമ പോരാട്ടത്തിന് അതെന്നെ സജ്ജനാക്കുന്നതും നിർത്താത്ത ഓട്ടത്തിനിടയിലും എനിക്ക് അനുഭവപ്പെട്ടു. എന്റെ തളരുന്ന കാലുകൾക്കത് എങ്ങുനിന്നെന്നില്ലാതെ ഊർജം പകർന്നു. വർഷങ്ങൾക്കുമുമ്പ് തന്നോടൊപ്പം തന്നെ തലയെടുപ്പുള്ള കാട്ടുകൊമ്പന്റെ നെഞ്ചകം തുളച്ച ഹസ്തിദന്തങ്ങളുടെ ബലം എന്നിൽ ഉണർന്നു. അന്ധമായ ക്രോധാവേശത്താൽ ഞാൻ ഭാവം പകർന്നു. ശരീരം ചുരുക്കി മുറിവാൽ മുകളിലേക്കുയർത്തി ഓട്ടം നിർത്തി ചെവികൾ വട്ടംപിടിച്ച് ഞാൻ തിരിഞ്ഞുനിന്നു. എന്നാലാവും വിധം തലപ്പൊക്കത്തിൽ മസ്തകവും തുമ്പിയും ഉയർത്തി എന്റെതന്നെ കാതുകൾ അടയുന്ന ഒച്ചയിൽ ചിന്നം വിളിച്ചു. തീർത്തും വന്യമായ ഒരു ശക്തി എന്നിലേക്ക് സന്നിവേശിക്കുന്നു! അത്ര നേരവും എന്നെ വേട്ടയാടിയ ഇരുകാലികൾ ഒന്നാകെ പിന്തിരിഞ്ഞ് ഓടുന്നതാണ് ഞാൻ തുടർന്ന് കണ്ടത്!
ഇത് ഒരു എഴുത്തുകാരന്റെ ഭാവനയായിരിക്കാം. എന്നാൽ, അക്ഷരാർഥത്തിൽ അന്നവിടെ സംഭവിച്ച കാര്യങ്ങളുടെ വിവരണം കൂടിയാണത്. ഓടിത്തളർന്ന ആ കാട്ടാന രക്ഷയില്ലാതെ അവസാനം തിരിഞ്ഞുവന്നപ്പോഴാണ് കുഞ്ഞു ഹരിപ്രിയക്ക് അവളുടെ അച്ഛനെ നഷ്ടമായത്. അവളുടെ അച്ഛൻ ആൾക്കാരെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടവനാണെന്ന് ആ വന്യമൃഗത്തിന് അറിയാതെ പോയി. ബാലകൃഷ്ണന്റെ ഭാര്യക്ക് സർക്കാർ പകരം ജോലി കൊടുത്തെങ്കിലും അവർക്കും മകൾ ഹരിപ്രിയക്കും നേരിട്ട ആ
നഷ്ടം ആർക്ക് നികത്താനാകും?
മനുഷ്യന് ഒരിക്കലും ചിന്തിക്കാനാകാത്ത വികാരങ്ങൾ മാത്രമുള്ളവയാണ് മൃഗങ്ങൾ. പെട്ടെന്ന് പ്രകോപിതരാകുന്ന അവയുടെ സ്വഭാവം പ്രവചനാതീതവും. വിശപ്പടക്കാൻ നായാടാനും അതിക്രമിച്ചുകടക്കാനും കവർന്നെടുക്കാനും മാത്രം അറിയുന്നവരാണ് വന്യമൃഗങ്ങൾ എന്ന സത്യം നമ്മൾ തിരിച്ചറിയാൻ വൈകുന്നുണ്ടോ?
ആമിനയുടെ കഥ
ഓരോ ചുവടും അമ്മ സശ്രദ്ധം മുന്നോട്ടുവെക്കുന്നത് കൗതുകത്തോടെ നോക്കി ഞാൻ പിന്നിൽ നടക്കുകയായിരുന്നു. ഉറച്ച പ്രതലമാണെന്ന് പലവട്ടം ഉറപ്പിച്ചിട്ടേ കുഞ്ഞുനടകൾ മുന്നോട്ടുവെക്കാൻ അമ്മ എന്നെ അനുവദിച്ചിരുന്നുള്ളൂ. എന്തിനാണ് അമ്മ ഇത്രമേൽ ഭയപ്പെടുന്നതെന്ന് ഞാനോർക്കാതിരുന്നില്ല. ഞങ്ങളോളം കരുത്തുള്ള ഒരു ജീവിയും ഇന്ന് ഭൂമിയിലില്ലെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നിട്ടും!
പതിവില്ലാത്ത വിധം തീർത്തും വ്യക്തമാകാത്ത ശബ്ദത്തിൽ അമ്മ ഉച്ചത്തിൽ ഒച്ചയുണ്ടാക്കി. അത് പതിഞ്ഞ ഒരു നിലവിളിയാണെന്ന് എനിക്കപ്പോഴറിയാനായില്ല. അനന്തരം നടുങ്ങിനിന്നിരുന്ന എന്റെ മുന്നിലേക്ക് ഒരു വലിയ കുന്നിടിഞ്ഞു വീഴുന്നതുപോലെ ആ ശരീരം പതിച്ചു! അപ്പോഴും ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് ആയാസപ്പെട്ട് അമ്മ ശ്വാസം വലിച്ചുകൊണ്ടേയിരുന്നു. ഞെട്ടലിൽനിന്നുണർന്ന് ഞാൻ അരികിലേക്കോടിയെത്തിയപ്പോൾ അമ്മ തുമ്പിക്കൈകൊണ്ടെന്നെ തട്ടി ദൂരത്തേക്കെറിഞ്ഞു. വീണിടത്തുനിന്നും ഉരുണ്ടെണീറ്റ് വീണ്ടും എത്തിയപ്പോഴേക്കും നിലത്തുകിടന്ന അമ്മയുടെ ശരീരം നിശ്ചലമായിക്കഴിഞ്ഞിരുന്നു. പൊട്ടി വീണ കുറേ കമ്പിച്ചുരുളുകൾ മാത്രം ഒരു വലിയ ചോദ്യ ചിഹ്നത്തിന്റെ രൂപത്തിൽ അമ്മയുടെ ശരീരത്തിനടുത്തായി കുരുക്കുപിണഞ്ഞുകിടന്നിരുന്നു!
സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല. സമയം പോകെ വിശപ്പകറ്റാൻ പതിവുപോലെ ഞാൻ അമ്മയുടെ അകിടുകൾ തിരഞ്ഞു. തണുത്തുമരവിച്ച മുലക്കാമ്പുകൾ ചുരത്തുന്നതേയില്ല. എനിക്ക് കരച്ചിൽ വന്നു. മരവിച്ച ചേതനകളോടെ നിൽക്കുമ്പോൾ അങ്ങകലെയായി ഞങ്ങളെ ഇരുവരെയും ഉപേക്ഷിച്ച കൂട്ടം കടക്കാടുകൾ ഞെരിച്ചമർത്തി മല ചവിട്ടുന്ന ശബ്ദം പ്രകമ്പനങ്ങളിലൂടെ ഞാനറിയുന്നുണ്ടായിരുന്നു. ഞാനുറക്കെയുറക്കെ കരഞ്ഞു. പിന്നീടമ്മ ഉണർന്നതേയില്ല. കാവലായി ഞാൻ അവിടെത്തന്നെ നിന്നു.
ആമിന എന്ന ഒന്നര വയസ്സുള്ള പിടിയാനക്കുട്ടിയെ അന്ന് കിട്ടിയത് തിരുവനന്തപുരത്ത് പാലോട് കല്ലാർ ഭാഗത്ത് വൈദ്യുതി ആഘാതമേറ്റ് ചരിഞ്ഞ അമ്മയുടെ ജഡത്തിനരികിൽ നിന്നാണ്. ഇന്ന് കോട്ടൂരിലെ വനം വകുപ്പിന്റെ ആന പരിപാലന കേന്ദ്രത്തിലാണ് അവളുള്ളത്. അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ ആരേയും അടുപ്പിക്കാതെ കാവൽ നിന്നിരുന്ന ആ പാവം കുഞ്ഞിന്റെ കഥയും ചിത്രങ്ങളും മനസ്സാക്ഷി മരവിക്കാത്തവരെ എന്നും കുത്തി നോവിച്ചുകൊണ്ടേയിരിക്കും. ഉറപ്പ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.