പ്രകൃതിമനോഹാരിതയുടെ ചിറക്കക്കുറ്റി; ദൃശ്യഭംഗിയുമായി വേതാളൻകാവ്
text_fieldsകായംകുളം: ഗതകാല സ്മരണകളുടെ അടയാളങ്ങൾ നിലകൊള്ളുന്ന കൃഷ്ണപുരം ഗ്രാമത്തിലെ കാപ്പിൽകിഴക്ക് പ്രദേശത്തിന്റെ മനോഹാരിത വിവരണാതീതമാണ്. പച്ചപ്പണിയിക്കുന്ന വയലേലകളും തെങ്ങിൻതോപ്പുകളും ഇടതൂർന്ന വൃക്ഷലതാദികളും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളും നിറഞ്ഞ പ്രകൃതിരമണീയതയുടെ കാഴ്ചാഭംഗികളാണ് ഓണാട്ടുകരയുടെ ഭാഗമായ ഈ ഗ്രാമത്തിന്റെ പ്രത്യേകത. രാജപാരമ്പര്യത്തിന്റെ അവശിഷ്ടമായ നൂറ്റാണ്ട് പഴക്കമുള്ള കളത്തട്ടും ചുമടുതാങ്ങിയുടെ അവശിഷ്ടവും ജനാധിപത്യ തുടക്കത്തിലെ റേഡിയോ കിയോസ്കുമാണ് കാപ്പിൽകിഴക്ക് പ്രദേശത്തിന്റെ ആകർഷണീയത.
കളത്തട്ടിന്റെ പടിഞ്ഞാറെ ഭാഗത്ത് ചിറക്കക്കുറ്റി ക്ഷേത്രവും കിഴക്കേ ദിശയിൽ ജുമാമസ്ജിദും തലയുയർത്തി നിൽക്കുന്നു. കളത്തട്ടിനോട് ചേർന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം പ്രസരിപ്പിക്കുന്ന ഊർജമാണ് ഇവിടേക്ക് ആളുകളെ പ്രധാനമായും ആകർഷിക്കുന്ന ഘടകം.
ഇതിന് വിളിപ്പാടകലെയുള്ള വയലിന് മധ്യത്തിലെ വേതാളൻകാവ് ക്ഷേത്രവും ഗ്രാമഭംഗിയുടെ തനത് കാഴ്ചയാണ്. ഐതീഹ്യവും വിശ്വാസവും ഇഴചേർന്ന് നിൽക്കുന്ന ക്ഷേത്രത്തിന്റെ ദലിത് സത്വം വിപ്ലവകരമായ ചരിത്രങ്ങളുടെ അടയാളം കൂടിയാണ്. കൃഷിയിടങ്ങളുടെ സംരക്ഷകരായിരുന്ന പുലയ കാരണവന്മാർ സ്ഥാപിച്ച ക്ഷേത്രമാണിതെന്നതാണ് ഐതിഹ്യം. ദൈവങ്ങളെ ആരാധിക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് അതിനെ വെല്ലുവിളിച്ച് മുന്നേറിയ അതിജീവന ചരിത്രമാണ് ക്ഷേത്രത്തിനുള്ളത്.
ഭൂതഗണങ്ങളിൽ പ്രധാനിയായ വേതാളമാണ് ആരാധനമൂർത്തി. ശിവശക്തിയെ വേതാള രൂപത്തിൽ ആരാധിക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. മകര മാസത്തിലെ അവസാന വെള്ളിയാഴ്ചയാണ് ഇവിടത്തെ ഉത്സവം. ആരാധാന അവകാശങ്ങളിൽനിന്ന് ദലിത് സമുദായം പുറന്തള്ളപ്പെട്ട കാലത്താണ് വേതാള ദൈവത്തെ ഇവിടെ പ്രതിഷ്ഠിച്ചത്.
വയലിന് നടുവിലെ ക്ഷേത്രത്തിന് മുൻവശത്ത് ഇഴപിണഞ്ഞ് നിൽക്കുന്ന മരങ്ങൾക്ക് പിന്നിലെ ഐതീഹ്യവും ദലിത് ചരിത്രത്തോട് ചേർന്നതാണ്. അയിത്തം കൊടികെട്ടിനിന്ന കാലത്ത് ജന്മി തറവാട്ടിലെ സുന്ദരിയെ പ്രണയിച്ച് ജീവിതസഖിയാക്കിയ ദലിത് യുവാവിന്റെ പീഡനം നിറഞ്ഞ പലായന കഥയാണ് തലമുറകളായി കൈമാറി വരുന്നത്.
മാടമ്പിത്തത്തിന്റെ മർദനങ്ങൾ സഹിക്കവയ്യാതെ വേതാള ചുമലിലേറി വടക്കൻദേശത്തുനിന്നും കമിതാക്കൾ ഇവിടേക്ക് എത്തിയെന്നാണ് ഐതീഹ്യം. ഇവരെ പിന്തുടർന്ന ജന്മികൾ ഇരുവരെയും പ്രാദേശിക സഹായത്തോടെ ക്ഷേത്ര പരിസരത്തുവെച്ച് കൊലപ്പെടുത്തിയത്രേ. അപ്രത്യക്ഷരായ ഇവരുടെ അംശമുള്ള മരങ്ങളാണ് ക്ഷേത്രമുറ്റത്ത് കെട്ടുപിണഞ്ഞ് പ്രണയിതാക്കളെപോലെ വളർന്നതെന്നതാണ് വിശ്വാസം. പൂജാകർമങ്ങൾക്ക് നേതൃത്വം നൽകുന്നത് ദലിത് പൂജാരിയാണെന്നതിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ മുന്നോട്ടുവെച്ച ക്ഷേത്രമാണിതെന്ന ചരിത്ര പ്രാധാന്യവുമുണ്ട്.ഗ്രാമത്തിന്റെ ദൃശ്യഭംഗി വിളിച്ചോതുന്ന തരത്തിലാണ് ഉത്സവമെന്നതും പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.