കാഴ്ചവിരുന്നൊരുക്കി ശൂലം വെള്ളച്ചാട്ടം
text_fieldsമൂവാറ്റുപുഴ: മഴ ശക്തിപ്രാപിച്ചതോടെ കാഴ്ചവിരുന്നൊരുക്കി ശൂലം വെള്ളച്ചാട്ടം. മാറാടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപെട്ട ശൂലം കയറ്റത്തിനു സമീപത്തെ വെള്ളച്ചാട്ടം കാണാൻ നിരവധി പേരാണ് എത്തുന്നത്. മൂവാറ്റുപുഴയിൽനിന്ന് പിറവം റൂട്ടിൽ ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ ശൂലം വെള്ളച്ചാട്ടത്തിനടുത്തെത്താം. ശൂലം കയറ്റം കയറിയ ശേഷം 200 മീറ്റർ ഉള്ളിലായാണ് വെള്ളച്ചാട്ടം.
അറുപതടിയിലേറെ ഉയരത്തിൽനിന്ന് തട്ടുതട്ടായാണ് വെള്ളം പതിക്കുന്നത്. ചെറിയ വനത്തിനുള്ളിലാണ് വെള്ളച്ചാട്ടം. അപൂർവയിനം പക്ഷികളുടെയും മൃഗങ്ങളുടെയും വൃക്ഷലതാതികളുടെയും സങ്കേതമാണിവിടം.
മലയിടുക്കിലെ തട്ടുതട്ടായ പാറക്കെട്ടുകളിൽ കൂടി വെള്ളം ഒഴുകിയിറങ്ങുന്ന ജലം കായനാട് ഭാഗത്തേക്കാണ് ഒഴുകുന്നത്. ഇത് പിന്നീട് മൂവാറ്റുപുഴയാറ്റിൽ ചെന്നുചേരും. മലമുകളിൽ എപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന 300 മീറ്റർ നീളത്തിലും 250 അടി താഴ്ചയിലുമുള്ള പാറമടയും ഇതിനു ചേർന്ന് ചെക്ക് ഡാമും ഉണ്ട്. മൂന്നാർ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന നിരവധി പേർ ഇവിടെ എത്തുന്നുണ്ട്.
മാറാടി പഞ്ചായത്തിലെ 2, 13 വാർഡുകളിലായി കിടക്കുന്ന പത്തേക്കറോളം സ്ഥലത്താണ് ശൂലംമല സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന് താഴെ ഭാഗത്ത് ഉദ്യാനങ്ങൾ നിർമിച്ചാൽ ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും കഴിയും. മൂന്നാറിനും ഇടുക്കിക്കും പോകുന്ന വിനോദസഞ്ചാരികൾക്ക് മൂവാറ്റുപുഴയിലെത്തുമ്പോൾ ശൂലത്തെത്തി അല്പം വിശ്രമിക്കുകയും കാഴ്ചകൾ കണ്ട് മടങ്ങുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.