സിംഹങ്ങളിലെ സൂപ്പർ സ്റ്റാറിന് വിട; നൊമ്പരപ്പെടുത്തി അന്ത്യനിമിഷങ്ങൾ - വിഡിയോ
text_fieldsസിംഹങ്ങളിലെ സൂപ്പർ സ്റ്റാറായി വിലസിയ കെനിയയിലെ സ്കാർഫേസിന് വിടചൊല്ലി ആരാധകർ. മസായ് മാര ദേശീയ ഉദ്യാനത്തിലെ ഏറ്റവും പ്രശസ്തനായ സിംഹമായിരുന്നു സ്കാർഫേസ്. 14 വയസ്സുള്ള ഇവൻ മാരയിലെ ഏറ്റവും പ്രായം ചെന്ന സിംഹവുമായിരുന്നു. ജൂൺ 11ന് പ്രാദേശിക സമയം ഉച്ചക്ക് ഒന്നിനായിരുന്നു അന്ത്യം.
വിശാലമായ ഭൂപ്രദേശത്തിൻെറ അധിപനായ സ്കാർഫേസിന് ലോകമെമ്പാടുമുള്ള വന്യജീവി പ്രേമികൾ ഐതിഹാസിക പദവിയാണ് നൽകിയിരുന്നത്. സ്വാഭാവിക കാരണങ്ങളാൽ സ്കാർഫേസ് മാര ഭവനത്തിൽ മരണപ്പെട്ടതായി വേൾഡ് ഹെരിറ്റേജ് സ്പീഷിസ് അറിയിച്ചു. സിംഹത്തിൻെറ മരണം ഏറെ ദഃഖിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു.
അവസാന സമയത്ത് സിംഹത്തിൻെറ ഭാരം കുറയുകയും രോഗങ്ങൾ വർധിക്കുകയും ചെയ്തിരുന്നു. നടക്കാൻ പോലും ഏറെ പ്രയാസപ്പെട്ടു. സ്കാർഫേസിൻെറ അവസാന നിമിഷങ്ങളുടെ വിഡിയോ ആരാധകരിൽ സങ്കടം തീർക്കുന്നതാണ്.
സിംഹങ്ങൾ സാധാരണയായി 10-14 വർഷമാണ് ജീവിക്കാറ്. ധാരാളം പരിക്കുകളെ അതിജീവിച്ചാണ് സ്കാർഫേസ് 14 വർഷം രാജാവായി വാണത്.
ഇവൻെറ വന്യരൂപവും ശൗര്യവും കണ്ണിലെ മുറിവുമെല്ലാം നിരവധി പേരിൽ ആരാധനക്ക് കാരണമായി. കന്നുകാലികളെ ആക്രമിച്ച സ്കാർഫേസിനെ, ആത്മരക്ഷക്കായി യുവാവ് കുന്തം കൊണ്ട് കുത്തിയതിനെ തുടർന്നാണ് കണ്ണിന് മുറിവേറ്റത്. ഇതിൽ പലപ്പോഴും അണുബാധയേറ്റെങ്കിലും പരിചരണത്തിലൂടെ അവ സുഖപ്പെടുത്തി. കണ്ണിന് മുറിവേറ്റതിനെ തുടർന്നാണ് സ്കാർഫേസ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
ധാരാളം ഡോക്യുമെൻററികളും ലേഖനങ്ങളുമാണ് സ്കാർഫേസിനെ കുറിച്ച് വന്നിട്ടുള്ളത്. സഹോദരന്മാരായ ഹണ്ടർ, മൊറാനി, സിക്കിയോ എന്നിവർക്കൊപ്പമുള്ള സ്കാർഫേസിൻെറ യാത്രകളും വേട്ടകളും നിരവധി പേരെയാണ് ആകർഷിച്ചത്. അവരുടെ സാഹസങ്ങൾ നിരവധി പരിപാടികളിലൂടെ ലോകമെമ്പാടും കണ്ടു. ബി.ബി.സി ഡോക്യുമെൻററി ബിഗ് ക്യാറ്റ്സ് ഡയറി ഇതിൽ ഏറെ പ്രശസ്തമാണ്.
വിശേഷങ്ങൾ പങ്കുവെച്ചുള്ള സമർപ്പിത ഫേസ്ബുക്ക് പേജ് തന്നെ സ്കാർഫേസിൻെറ പേരിൽ ഉണ്ടായിരുന്നു. നിരവധി വന്യജീവി ഫോട്ടോഗ്രാഫർമാരുടെ സ്വപ്നമായിരുന്നു ഇവൻെറ ചിത്രം പകർത്തുക എന്നത്. ഇതിനായി ലോകത്തിൻെറ നാനാഭാഗത്തുനിന്നും നിരവധി പേരാണ് ഓരോ വർഷവും കെനിയയിൽ വന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.