വിന്റർ സീസണിൽ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി ഹത്ത
text_fieldsദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഹത്ത മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് വിൻറർ സീസണിൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു സ്ഥലമാണിന്നിത്. 2021ലാണ് ദുബൈ ഭരണകൂടം പ്രദേശത്ത് വലിയ പദ്ധതികൾ പ്രഖ്യാപിച്ച് ടൂറിസം ഹബ്ബായി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടു വർഷത്തിനകം തന്നെ പ്രതീക്ഷിച്ചതിനേക്കാൾ ലോകശ്രദ്ധ ഈ മലയോര പ്രദേശം നേടിക്കഴിഞ്ഞു.
ഒമാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം ദുബൈ നഗരത്തിൽ നിന്ന് വേർപെട്ടാണ് സ്ഥിതി ചെയ്യുന്നതെങ്കിലും വളർച്ചയുടെ വേഗതയിൽ എമിറേറ്റിലെ മറ്റു മേഖലകളെ കവച്ചുവെക്കുന്ന മുന്നേറ്റമാണ് ഇപ്പോൾ നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഏരിയൽ അഡ്വഞ്ചർ പാർക്ക് തുറന്നിരുന്നു. അതോടൊപ്പം ‘ഹോളിവുഡ്’ ശൈലിയിൽ രൂപപ്പെടുത്തിയ ‘ഹത്ത’ എന്ന ഭീമൻ സൂചനാബോർഡിന് ലോകത്തെ ഏറ്റവും ഉയരത്തിലെ സൈൻ ബേർഡിനുള്ള ഗിന്നസ് റെക്കോർഡ് ലഭിക്കുകയും ചെയ്തു.
തണുപ്പുകാലം വന്നെത്തിയതോടെ യു.എ.ഇയിലെ സ്വദേശികളും വിദേശികളും കാമ്പിങിന് യോജിച്ച സ്ഥലങ്ങൾ തെരഞ്ഞെടുത്തു കൊണ്ടിരിക്കയാണ്. നഗര ഭാഗങ്ങളിൽ നിന്ന് മാറി പ്രകൃതിയുടെ ഗംഭീരമായ കാഴ്ചകൾ ആസ്വദിച്ച് കാമ്പിങ് നടത്താൻ സൗകര്യമുള്ള സ്ഥലമാണ് ഹത്ത. കാമ്പിങ് സീസൺ വന്നെത്തിയതോടെ ആയിരക്കണക്കിനാളുകളാണ് ഹത്തയിലേക്ക് ഓരോ ദിവസവും സന്ദർശിക്കുന്നത്.
ഇക്കഴിഞ്ഞ ദേശീയദിന അവധി ദിവസങ്ങളിൽ ഹത്തയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഹൈകിങ്, ബൈകിങ്, കയാക്കിങ് തുടങ്ങിയ സാഹസിക പ്രവർത്തനങൾക്കും ഇവിടെ സൗകര്യമുണ്ട്. ദുബൈയിൽ നിന്ന് 130കി.മീറ്റർ ദുരത്ത് സ്ഥിതി ചെയ്യുന്ന ഹത്ത, ദുബൈയുടെ ഭൂപ്രകൃതിയിൽ നിന്ന് തീർത്തും വ്യത്യസ്തമായ മലനിരകൾ നിറഞ്ഞ പ്രദേശമാണ്.
ഒമാനിലും വടക്കൻ എമിറേറ്റുകളിലുമായി പരന്നുകിടക്കുന്ന ‘ഹജ്ർ’ മലനിരകളാണ് ഈ പ്രദേശത്തുകൂടെ കടന്നുപോകുന്നത്. ഹത്തയിൽ ക്യാമ്പിങിന് യോജിച്ച സ്ഥലങ്ങൾ നിരവധിയുണ്ട്. കാമ്പിങിന് പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിൽ ബുക് ചെയ്ത് നിരവധി വിദേശസഞ്ചാരികൾ എത്തിച്ചേരാറുണ്ട്. തണുപ്പുകാലത്ത് ക്യാമ്പിങിനെല്ലാതെയും യാത്ര ചെയ്യാവുന്ന സ്ഥലമാണ് ഹത്ത.
ഹത്ത കാരവൻ പാർക്ക്
ഹത്ത റിസോർട്ട്സും ഹത്ത വാദി ഹബും ഒരുക്കുന്ന രാത്രി ക്യാമ്പിങ് സൗകര്യമാണ് ഹത്ത കാരവൻ പാർക്ക്. ഇത് മേഖലയിലെ തന്നെ ആദ്യത്തെ ആഡംബര കാരവൻ പാർക്കായി കണക്കാക്കപ്പെടുന്നു. ഇതിൽ ടി.വി, അടുക്കള, സൗജന്യ വൈഫൈ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങളുണ്ട്. രണ്ട് മുതിർന്നവർക്കും രണ്ടോ മൂന്നോ കുട്ടികൾക്കും താമസിക്കാൻ കഴിയുന്ന തരത്തിലാണ് ഓരോ കാരവനും രൂപകൽപന ചെയ്തിരിക്കുന്നത്.
ദമാനി ലോഡ്ജസ് റിസോർട്ട്
മലമുകളിൽ പ്രത്യേകമായി സജ്ജീകരിച്ച ലോഡ്ജ് റിസോട്ട് പ്രദേശത്തെ വലിയൊരു ആകർഷണമാണ്. സുന്ദരവും ലളിതവും മികച്ച രീതിയിൽ സംവിധാനിച്ചതുമായ മനോഹരമായ കുടിലുകളണ്. ഹൗസ് കീപ്പിങ് സേവനങ്ങൾ, സുഖപ്രദമായ കിടക്കകൾ, വൈഫൈ, ആധുനിക ബാത്റൂം സൗകര്യം എന്നിവയുൾപ്പെടെ ഒരു സാധാരണ ഹോട്ടൽ മുറിയിലെ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.
സ്റ്റാൻഡേർഡ് റൂമുകളിൽ രണ്ട് മുതിർന്നവർക്ക് ഉറങ്ങാം. സ്റ്റാൻഡേർഡ് പ്ലസ് മുറികളിൽ രണ്ട് മുതിർന്നവർക്കും ഒരു കുട്ടിക്കും മതിയാകും. മൗണ്ടേയ്ൻ സ്യൂട്ടുകളിൽ നാല് പേരടങ്ങുന്ന കുടുംബത്തിന് കഴിയാം. മുറിയിൽ നിന്ന് പുറത്തിറങ്ങിയാൽ ഡെക്കിങ് ഏരിയയുമുണ്ട്. ഇവിടേക്ക് എത്താൻ ഡ്യൂൺ ബഗ്ഗി സൗകര്യമുണ്ട്. ക്യാമ്പിങിന് എത്തുന്നവർക്ക് ഭക്ഷണം താമസസ്ഥലത്ത് നേരിട്ട് ഡെലിവർ ചെയ്യും.
സെഡ്ർ ട്രെയ്ലേസ്
പർവതനിരകളിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സെഡ്ർ ട്രെയിലേഴ്സ് കാമ്പിങിന് യോജിച്ച മറ്റെറാരു കേന്ദ്രമാണ്. മയടിവാരങ്ങളിൽ സജ്ജീകരിച്ച എയർസ്ട്രീം ട്രെയിലറിൽ താമസമാക്കുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമാണ്. വെള്ളി നിറത്തിലെ ട്രെയിലറുകളിൽ രണ്ട് മുതിർന്നവർക്കും ഒരു കുട്ടിക്കും ഉറങ്ങാം.
അടുക്കള, ഡൈനിംഗ് ഏരിയ, ബാത്ത്റൂം, ഔട്ട്ഡോർ ടെറസ് ഏരിയ എന്നിവയും ഇതിലുണ്ട്. ഭക്ഷണം ഗ്രിൽ ചെയ്യണമെങ്കിൽ ബാർബിക്യു ഏരിയയുമുണ്ട്. ശാന്തമായ, തിളങ്ങുന്ന നീല ഹത്ത ഡാമിന്റെ തീരത്താണ് ട്രെയിലറുകൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ കയാക്കിങ് ചെയ്യാൻ താൽപര്യമുള്ളവർക്ക് അതുകൂടി ലഭ്യമാകും.
ഹത്ത ഡോം പാർക്ക്
താഴികക്കുടങ്ങളുടെ ആകൃതിയിലുള്ള, ഹജർ പർവതനിരകളുടെ വിശാലമായ കാഴ്ചകൾ സാധ്യമാകുന്ന ആഡംബര കൂടാരങ്ങളാണ് ഡോം പാർക്ക്. ഇ്വിടെയുള്ള 15ടെന്റുകളെല്ലാം രൂപത്തിൽ സമാനമാണ്. 40 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഇവയിൽ ടി.വി, വൈഫൈ, മിനി ഫ്രിഡ്ജ് എന്നിവയുൾപ്പെടെ സൗകര്യങ്ങളുണ്ട്.
ഓരോ മുറിയിലും രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും ഇരിക്കാം. വലിയ കിടക്കയും രണ്ട് ഒറ്റ സോഫ ബെഡുകളുമുണ്ട്. സന്ദർശകർക്ക് ഒരു സ്വകാര്യ ബാർബിക്യൂ ഏരിയയും വലിയ ടെറസിനുള്ളിൽ ഫയർ പിറ്റും നൽകും.
പാം ഹൗസ് ഹത്ത
പാം ഹൗസ് ഹത്ത നാല് കിടപ്പുമുറികളും സ്വിമ്മിങ് പൂളും അടങ്ങിയ സംവിധാനമാണ്. പൂർണമായും സജ്ജീകരിച്ച അടുക്കളയും ഡൈനിങ് ഏരിയയും, കുട്ടികൾക്ക് എഴുതാൻ കഴിയുന്ന ചോക്ക്ബോർഡ് ഭിത്തികളോട് കൂടിയ മജ്ലിസ്, സ്നൂക്കർ ടേബിളുള്ള ഗെയിം റൂം, ചുറ്റിനടക്കാൻ മനോഹരമായ ഈന്തപ്പനത്തോട്ടം എന്നിവയുണ്ട്.
ഹത്ത ടെറസ്
പർവതങ്ങളുടെ അതിശയകരമായ കാഴ്ചകൾ അനുഭവിപ്പിക്കുന്ന കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ആഡംബരപൂർണമായ സംവിധാനമാണ് ഹത്ത ടെറസ്. എട്ട് മുതിർന്നവർക്ക് വരെ ഉറങ്ങാൻ കഴിയുന്ന, മൂന്ന് ബെഡ്റൂം വില്ലയാണിത്. പൂർണമായും സജ്ജീകരിച്ച അടുക്കള, ഇൻഫിനിറ്റി പൂൾ, ക്യാമ്പിംഗ് സ്ഥലം, ബാർബിക്യൂ ഏരിയ എന്നിവയും ഉണ്ട്.
ഹത്തയിലേക്ക് യാത്ര:
ഹത്തയിലെത്താൻ ദുബൈയിൽ നിന്ന് കാറിൽ ഏകദേശം 90 മിനിറ്റ് യാത്രയുണ്ട്. ഷാർജ-കൽബ റൂട്ടാണ് സാധാരണയായി ഏറ്റവും എളുപ്പവും വേഗതയേറിയതും. അബൂദാബിയിൽ നിന്ന്, രണ്ടര മണിക്കൂർ യാത്രയുണ്ട്. പൊതുഗതാഗതമാണ് ഉപയോഗിക്കുന്നതെങ്കിൽ, ദുബൈയിലെ അൽ സബ്ഖ ബസ് സ്റ്റേഷനിൽ നിന്ന് ഇ-16 ബസിൽ കയറാം. ഹത്തയിലെത്താൻ ബസിൽ രണ്ട് മണിക്കൂറിൽ കൂടുതൽ സമയമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.