ഇവിടെയുണ്ട് പശ്ചിമഘട്ടത്തിന്‍റെ അപൂർവ സൗന്ദര്യം
text_fieldsപുലരിയിലേക്ക് അധികം ദൂരമില്ലാത്ത രാത്രിയില്‍ ഒരു യാത്രക്കിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഒന്നോ രണ്ടോ തുള്ളി വെള്ളം വീഴുന്നു, പിന്നെയതൊരു വെള്ളപ്പാച്ചിലാകുന്നു. മഴ കാണാൻ വേണ്ടി പോകുന്നയാളിന്‍റെ മനസ്സിലും പോകുന്ന വഴിയിലും മഴ. കൊച്ചിൻ യൂനിവേഴ്സിറ്റി മെട്രോ സ്‌റ്റേഷന്‍റെ മുന്നിൽനിന്നും ആനന്ദ് എന്നെ പിക്ക് ചെയ്യുമ്പോൾ മഴ അതിന്‍റെ രൗദ്രഭാവത്തിലെത്തിയിരുന്നു. നനഞ്ഞൂറ്റി വാരിയാണ് ട്രെയിനിലേക്ക് കയറിയത്. പുലർച്ചെ 5.30ന് തണുത്ത് വിറച്ച് കമ്പാർട്ട്മെന്‍റിലിരിക്കുമ്പോൾ കുടിച്ച ചായ എന്നത്തേക്കാൾ രുചിയുണ്ടായിരുന്നു.
പോകാനുള്ള വഴികളും കാണാനുള്ള കാഴ്ചകളുമാണ് ഓരോ യാത്രയെയും വ്യത്യസ്തമാക്കുന്നത്. മഴ പെയ്തൊഴിയാത്ത കൊങ്കൺ പാതയും മഹാരാഷ്ട്രൻ മലനിരകളും തന്ന മോഹങ്ങളാണീ യാത്ര. ഇക്കൊല്ലത്തെ മഴയുടെ കാലമൊക്കെ കഴിഞ്ഞല്ലോ എന്നാലോചിക്കും മുന്നെ ട്രെയിനെടുത്തു. മൂന്നുപേരാണ് കൂടെയുള്ളത്. രണ്ടുപേർ മുെമ്പാരു യാത്ര തന്ന സൗഹൃദങ്ങൾ, രാജു ചേട്ടനും ജയേഷ് ഭായിയും. മറ്റൊരാൾ പുതിയത്.
റിസർവേഷൻ ചെയ്തിരുന്നെങ്കിലും കമ്പാർട്ട്മെന്‍റിലെ തിരക്കൊഴിഞ്ഞിരുന്നില്ല. ഏതെക്കെയോ സ്‌റ്റേഷനുകളിൽനിന്നും കയറി എവിടെയെക്കെയോ ഇറങ്ങുന്ന വ്യത്യസ്തരായ മനുഷ്യർ, വ്യത്യസ്തമായ ഭാഷയും സംസ്കാരവും. ശരിക്കും ഇന്ത്യയെന്ന വൈവിധ്യത്തിലൂടെയോടുന്ന ഞരമ്പുകളാണ് ട്രെയിനുകൾ. എങ്ങനെയൊക്കെയോ ചിന്തകളെ വരുതിയിലാക്കി മനസ്സ് വീണ്ടും അജ്ഞാത ദേശങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുകയാണ്. ഇടക്കിടെ തിരിച്ച് ശബ്ദമുഖരിതമായ തീവണ്ടി മുറിയിലേക്കെത്തുന്നുണ്ട്. മൂന്ന് നേരത്തെ ഭക്ഷണവും പിന്നെ എണ്ണമെടുക്കാതെ കുടിച്ച നിരവധി ചായകൾക്കുമൊടുവിൽ പുലർച്ചെ വണ്ടി പനവേൽ സ്റ്റേഷനിലെത്തി.
മഴയുടെ ലക്ഷണങ്ങൾ ഒന്നും തന്നെ കാണുന്നില്ല. ഒന്നിരുട്ടിവെളുത്തപ്പോഴേക്കും വേറൊരു ദൃശ്യ പ്രപഞ്ചം. ഇന്നലെ പുലർച്ചെ പെയ്ത മഴയെ ഓത്തുകൊണ്ട് സ്റ്റേഷനു വെളിയിലെത്തി. ഒരു തനി മഹാരാഷ്ട്രന്‍ സ്റ്റേഷന്‍. മുമ്പിലുള്ള ഒരു കൂറ്റൻ ആൽമരത്തിന് ചുവട്ടിൽ കൂട്ടംകൂടിയിരുന്ന ഓട്ടോക്കാർ ഇറങ്ങിയ യാത്രക്കാർക്ക് ചുറ്റുംകൂടുന്നു. മഹാരാഷ്ട്രയിലെ രണ്ടു ഫോര്‍ട്ടുകളും ഒരു ഗുഹയുമാണ് ഈ യാത്രയിലെ ലക്ഷ്യം. ലോഹഗഡ് ഫോര്‍ട്ടും വിസാപുര്‍ ഫോര്‍ട്ടും അതിനടുത്തുള്ള ഭാജ ഗുഹകളുമാണവ. 300 രൂപക്ക് ഓട്ടം വരാമെന്ന് ആദ്യത്തെ ഓട്ടോക്കാരൻ തന്നെ സമ്മതിച്ചതിനാൽ അധികം വിലപേശലിന്‍റെ ആവശ്യം വന്നില്ല. 58 കിലോമീറ്ററുണ്ട് അവിടേക്ക്. അവിടേക്കെന്ന് പറയുമ്പോൾ ലോഹഗഡ് ഫോർട്ട് വരെയെത്തില്ല. അതിന് മുെമ്പയുള്ള മലാവലി വരെ വിടും.
ഓട്ടോയിലിരുന്നുകൊണ്ട് ഓടിമാറയുന്ന പുറംകാഴ്ചകളെ നോക്കി. മഴ പെയ്ത് തോർന്ന ഭൂമിയാണുള്ളത്. അപ്പോൾ ഇന്നലെ രാത്രി മഴ പെയ്തിരിക്കാം, ഇന്നും പെയ്തേക്കാം. ചില ശുഭ പ്രതീക്ഷകൾകൊണ്ടാണല്ലോ ജീവിതമിങ്ങനെയൊഴുകുന്നത്. മഹാരാഷ്ട്രൻ കുന്നുകളുടെ പച്ചപ്പും വളവുതിരിവുകളും ദൂരെനിന്നെ കണ്ട് തുടങ്ങി. പ്രകൃതി ഒരുക്കുന്ന വിസ്മയങ്ങളിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയുകയില്ല.
മലാവലി സ്റ്റേഷന്‍റെ റെയിൽവേ ക്രോസും കഴിഞ്ഞ് കുറച്ചു ദൂരമോടി ഓട്ടോ നിന്നു. ടാറിട്ട റോഡവിടെ അവസാനിക്കുകയാണ്. ദൂരേക്ക് ചൂണ്ടി പോകേണ്ട വഴിയും പറഞ്ഞ് തന്നിട്ട് ആ ഓട്ടോക്കാരന്‍ പോയി. യാത്രകളുടെ ചൂര് കയറിയാൽ പിന്നെ യാത്രക്കിടയിലെ ഭക്ഷണം ഒരു പ്രധാന കാര്യമാവാറില്ലായിരുന്നു. എങ്കിലും കഠിനമായ വിശപ്പിനൊരറുതി വരുത്തേണ്ടതിനാൽ അടുത്ത കടയിൽ കയറി മഹാരാഷ്ട്രന്‍ ഭക്ഷണമായ വടാപാവ് കഴിച്ചു. കൂടെ ഒരു കുപ്പിവെള്ളവും. ഒന്ന് രണ്ട് ബിസ്കറ്റ് കവറുകളും വാങ്ങി. തിരികെ പോകാനുള്ളത് രാത്രി എട്ട് മണിക്ക് മലാവലി വഴി പോകുന്ന ട്രെയിനിലാണ്. അപ്പോള്‍ അതുവരെയുള്ള സമയം മഹാരാഷ്ട്രൻ മലകളിലേക്കും മറാത്തൻ ചരിത്രത്തിലേക്കുമുള്ള കടന്നുകയറ്റമായിരിക്കും.
പൊട്ടിപ്പൊളിഞ്ഞ ഒരു വഴി മുമ്പില്‍ കിടപ്പുണ്ട്. വേറെ വണ്ടികള്‍ ഒന്നുമില്ലാത്തതിനാല്‍ നടക്കുക മാത്രമാണ് വഴി. വലിയ പ്ലാനുകൾ ഒന്നുമില്ല. മുമ്പിൽ തലയുയർത്തി നിൽക്കുന്ന മറാത്തൻ മലനിരകൾ കയറണം. ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളായ ഗുഹകളും കല്ലിൽ തീർത്ത സൗധങ്ങളും കാണണം, മഴ നനയണം.
റോഡില്‍നിന്നും തുടങ്ങുന്ന കല്ല് പാകിയ നിരവധി പടികൾ ചെന്നെത്തുന്നത് ഭാജാ കേവ്സിലേക്കാണ്. ഏകദേശം 400 അടി ഉയരത്തിൽ കല്ലിൽ കൊത്തിയ വിസ്മയം. ബി.സി രണ്ടാം ശതകത്തിലെങ്ങോ പണി തീർത്തവയാണിതെന്ന് ഗൂഗിളും പിന്നെ ആർക്കിയോളജിക്കൽ സർവേക്കാരുടെ ടിക്കറ്റ് കൗണ്ടറിലിരുന്ന മനുഷ്യനും പറഞ്ഞു. ഒരു വലിയ പാറ തുരന്ന് അതിനകത്ത് മുറികളും പ്രാര്‍ത്ഥനാലയങ്ങളും നിർമിച്ചിരിക്കുന്നു. അജന്ത-എല്ലോറ ഗുഹാ ക്ഷേത്രങ്ങളുടെ ഒരു ചെറിയ രൂപം. കല്ലില്‍ തുരന്നുണ്ടാക്കിയ 22ഓളം ഗുഹകള്‍. ഓരോന്നും ഒരോ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നവയാണ്. മഹാരാഷ്ട്രയിലെ ഹീനയാന ബുദ്ധമതക്കാരുടെ അവശേഷിപ്പുകളാണിവയെന്ന് ചരിത്രം പറയുന്നു.
ബുദ്ധമതക്കാരുടെ വിഹാരങ്ങളും വരാന്തകളും സ്തൂപങ്ങളും വലിയ പാറകൾ തുരന്നു നിർമിച്ച പ്രാർത്ഥനാലയങ്ങളും. മൃഗങ്ങളുടെയും സംഗീതോപകരണങ്ങളുടെയും ഉള്‍പ്പടെയുള്ള കൊത്തുപണികളുടെ ഭംഗി ഒരു കാലഘട്ടത്തിന്‍റെ, ഒരു സംസ്കാരത്തിന്‍റെ ചരിത്രം വിളിച്ചോതുന്നു. തന്നെ തന്നെ കണ്ടെത്താൻ സർവവും ത്യജിച്ച പോയൊരു മനുഷ്യന്‍റെ, ബുദ്ധന്‍റെ ചിത്രങ്ങളും ചിഹ്നങ്ങളും കൊത്തിയിരിക്കുന്നു. പുരാതനമായ ചരിത്രസ്മാരകങ്ങൾ പലതും പോർവിജയങ്ങളിലും പിടിച്ചടക്കലുകളിലും തകർന്ന് പോയതിൽ ബാക്കിയായവയിൽ ചിലത് മാത്രം. ചില സംസ്കാരങ്ങൾ നിലനിന്നിരുന്നു എന്നതിനാകെയുള്ള അവശേഷിപ്പുകൾ ഇവയൊക്കെ മാത്രമാണ്. ഇവിടം ഇപ്പോള്‍ മഹാരാഷ്ട്രയിലെ ബുദ്ധ മതത്തിന്‍റെ ബാക്കിയുള്ള അവശേഷിപ്പായ ഭാജ കേവ്സ് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നിയന്ത്രണത്തിലാണ്.
ഗുഹക്ക് മുകളിലേക്ക് വീണ്ടും മല തുടങ്ങുന്നുണ്ട്, തുടർച്ചയായി കാടും. കാട്ടിലൂടെ നടന്നാൽ അങ്ങകലെയുള്ള വിസാപുർ ഫോർട്ടിലെത്തുമെന്ന് എവിടെയോ വായിച്ചതോർക്കുന്നു. മുകളിലേക്ക് കയറി വന്നപ്പോൾ കാണുന്നത് താഴെ പച്ച തച്ച വയലുകൾ. കുറച്ച് ദൂരത്തെ യാത്രയോടെ തന്നെ വഴിതെറ്റിയ കാര്യം മനസ്സിലായി. വഴി കൃത്യമായി അറിയില്ലയെന്നുള്ളതുകൊണ്ട് ആ ശ്രമകരമായ ദൗത്യത്തിന് അവിടെ അന്ത്യമായി. തിരിച്ചിറങ്ങി താഴെയുള്ള റോഡ് വഴി ലോഹഗഡ് ഫോർട്ടിലേക്ക് നടന്നു. കയറ്റം കയറി വന്ന പിക്ക് അപ്പ് വാനിൽ ലിഫ്റ്റ് ചോദിച്ച് കയറി ലോഹഗഡ് ഫോർട്ടിന്‍റെ മുമ്പിലിറങ്ങിയപ്പോൾ ഞാൻ ആകാശത്തേക്ക് പ്രതീക്ഷയോടെ നോക്കി, കൂടുതൽ തെളിഞ്ഞ് നിൽക്കുന്നതല്ലാതെ മഴയുടെ യാതൊരു ലാഞ്ചനപോലുമില്ല.
കൂറ്റൻ കല്ലുകൾ വെട്ടി പണിത പടികൾ കുറെ കയറണം തലയുയർത്തി നിൽക്കുന്ന കോട്ടയുടെ മുകളിലെത്താൻ. ഇരു വശങ്ങളിലും പേരറിയാത്ത നിരവധി മരങ്ങൾ തണൽ വിരിച്ച് നിൽക്കുന്നു. അവയിൽ കുരങ്ങൻമാരും അവരുടെ സാമ്രാജ്യവും. എത്രയോ മറാത്തന്‍ രാജാക്കൻമാര്‍ കയറിയിറങ്ങിയ പടികളാണിത്. കുറച്ച് പടി കയറിയെത്തുന്നത് ഒരു വ്യൂ പോയന്‍റിലാണ്. ശരീരം ചെറുതായി വിയർത്തൊട്ടിയിരിക്കുന്നു. ദൂരെ പച്ചപുതച്ച് കിടക്കുന്ന മലകളും താഴ്വരകൾക്കുമിടയിലായി ഒരു ഡാം. പാവന റിസർവോയറാണ്.
അതിങ്ങനെ സൂര്യശോഭയിൽ തിളങ്ങുന്നു. ലോഹഗഡ് കോട്ടയിലേക്ക് പാവന റിസർവോയര്‍ വഴി ഒരു ട്രെക്കിങ് വഴിയുണ്ടെന്നു കേട്ടിട്ടുണ്ട്. ഇവിടെനിന്ന് നോക്കുമ്പോള്‍ ദൂരെ മഹാരാഷ്ട്രന്‍ ഗ്രാമങ്ങളുടെ ആകാശ കാഴ്ച. മറാത്തി ഗ്രാമങ്ങൾക്ക് വല്ലാത്തൊരു പച്ചപ്പാണ്, അതിനേക്കാൾ വല്ലാത്ത സൗന്ദര്യവും. പശ്ചിമ ഘട്ടത്തിന്‍റെ അപൂർവ സൗന്ദര്യം.
മറാത്തൻ ചരിത്ര സംസ്കൃതിയിലൂടെ ഉറച്ച കാൽവെപ്പുകളോടെ കടന്നുപോകുന്ന ആൾക്കൂട്ടങ്ങൾ, സഞ്ചാരികൾ എന്നോ ടൂറിസ്റ്റുകൾ എന്നോ ചരിത്രാന്വേഷികൾ എന്നോ പ്രണയ ലീലകൾക്കെന്നോ തരം തിരിവില്ലാതെ കയറിയിറങ്ങുന്നു. ഒാരോ യാത്രയും വ്യത്യസ്തമായ ആളുകൾക്ക് വൈവിധ്യമായ അനുഭവങ്ങൾ നൽകുന്നുവെന്ന് പറഞ്ഞതാരെന്ന് ആലോചിച്ചുകൊണ്ട് ഞാൻ നടന്ന് കോട്ടമുകളിലെത്തി. തകർന്ന് കിടക്കുന്ന കോട്ടയുടെ ഭാഗങ്ങളിൽ വേരുകളാഴ്ത്തിയ മരങ്ങളിൽ കുരങ്ങിൻ കൂട്ടം.
കോട്ടയുടെ മുകളിൽ നിന്നാൽ താഴേക്കുള്ള കാഴ്ചകൾ മനോഹരമാണ്. അല്ലെങ്കിലും ചില കാഴ്ചകൾ കാണണമെങ്കിൽ നമ്മൾ ഉയരത്തിലേക്ക് കയറണം. താഴെ കോട്ടയുടെ ഡിഫൻസിവ് മതിൽ കാണാം. ഉയരത്തിൽ നിന്നായത് കൊണ്ട് പ്രത്യേകരൂപത്തിൽ അതിനേക്കാൾ ഭംഗിയിൽ കാണുന്നുണ്ട്. അങ്ങകലെ പാവന നദിയിലെ ഡാം, താഴ്വരയിലെ ഗ്രാമങ്ങൾ. പച്ചപുതച്ച കാഴ്ചകൾ...
കോട്ടയുടെ മുകളിൽ മഴക്കാലത്ത് വെള്ളം ശേഖരിക്കാൻ ഒരു വലിയ കുളവും അതിലേക്കിറങ്ങുന്ന പടികളുമുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലുമുള്ള പടിക്കിണറുകളുടെ മറ്റൊരു രൂപം. മറ്റൊരു കുളം കൂടിയുണ്ട് മുകളിൽ. ഏതൊരു നാടിനും ചരിത്രത്തിനും പറയാനുണ്ടാകും പിടിച്ചടക്കലുകളുടെയും കൈമാറ്റങ്ങളുടെയും കഥകൾ. ശതവാഹരും ചാലൂക്യരും രാഷ്ട്ര കൂടരിലും തുടങ്ങി മറാത്തൻ സാമ്രാജ്യത്തിലൂടെ കടന്ന് മുഗളരിലും പിന്നീട് ബ്രിട്ടീഷുകാരിലുമെത്തിയ ചരിത്രവഴികളാണ് ലോഹഗഡിനുള്ളത്. 1648ൽ ശിവജി മഹാരാജ് പിടിച്ചടക്കിയത് മുതൽ ഏറ്റവും കൂടുതൽ കാലം കോട്ട കൈവശം വെച്ചത് മറാത്തക്കാരായിരുന്നു. 1665ലെ പുരന്തര ഉടമ്പടിയോടെ മുഗളരുടെ കൈയിലെത്തിയെങ്കിലും 1670ൽ ശിവജി തിരിച്ചുപിടിച്ചു.
വെറും ചരിത്രമല്ല, മഹാരാഷ്ട്രൻ സമ്പത്തിന്‍റെ ചരിത്രത്തിന് മുകളിലാണ് ഞാന്‍ നിൽക്കുന്നത്. ശിവജിയുടെ ഖജനാവായിരുന്നു ലോഹഗഡ് ഫോർട്ട്. സൂറത്തിൽനിന്നും പിടിച്ചെടുത്ത് കടത്തിയ സ്വർണവും പണവും സൂക്ഷിച്ചിരുന്ന ഇടം. പഴയ കോട്ടയുടെ ശേഷിപ്പുകളായി കോട്ടക്ക് മുകളില്‍ പീരങ്കികളും മറ്റും കിടപ്പുണ്ട്. ഒരോ അരികും മൂലയും വരെ സുരക്ഷയിൽ നിന്നിരുന്ന കോട്ടയിൽ ഇന്ന് വാനരന്മാർ മാത്രം കാവൽക്കാർ.
പേഷ്വാ കാലഘട്ടത്തിൽ നാനാഫട്നാവിസ് കുറച്ച് കാലം കോട്ടയിൽ താമസിച്ചിരുന്നതായി പറയപ്പെടുന്നു. അക്കാലത്തെ നിർമിതകളാണ് കുളങ്ങൾ. കുളങ്ങൾ കഴിഞ്ഞ് കാണുന്ന ചെറിയ കുന്നിലേക്ക് പോകുന്ന വഴിയിൽ വയലറ്റ് പൂക്കൾ പൂത്ത് നിൽക്കുന്നു. കുന്നിൻ മുകളിൽ നിൽക്കുന്നവരുടെ ശബ്ദവീചികൾ നമ്മെ അങ്ങോട്ട് ആകർഷിക്കും. താഴെ ഒരു ചെറിയ താഴ്വരയാണ്.
പൂക്കളുടെ താഴ്വരയെന്ന് പറയണം. സ്വപ്ന ലോകത്തിലെന്ന പോലെ കണ്ണിനെയും മനസ്സിനെയും മയക്കുന്ന മഞ്ഞയാണ് ചുറ്റും. ഇത്രമേൽ സുന്ദരമായ ഒരു കാഴ്ച ഇതിന് മുന്നെ കണ്ടിട്ടേയില്ല. അതിനിടയിലിറങ്ങി ഓടണമെന്നും തുള്ളിക്കളിക്കണമെന്നും ഉള്ളിലിരുന്നൊരു കൊച്ചുകുട്ടി പറയുന്നുണ്ടായിരുന്നു.
യാഥാർത്ഥ്യത്തിലേക്ക് മടങ്ങിവരാനെടുത്ത സമയം വളരെ കുറവായിരുന്നു. ഇവിടെനിന്ന് നോക്കിയാല്‍ അകലെ മറ്റൊരു കുന്നിൽ വിസാപുർ കോട്ട. പൂക്കളുടെ താഴ്വര അവസാനിക്കുന്നിടത്ത് ലോഹഗഡിന്‍റെ വാൽ ഒരു തേളിന്‍റെ വാലിനെപ്പോലെ തോന്നിച്ചു. വീതി കുറഞ്ഞിടത്തേക്ക് കമ്പികൾ കൊണ്ടുള്ള സുരക്ഷാവേലി കെട്ടിയിട്ടുണ്ട്.
സുരക്ഷാവേലിക്കരികെ വെച്ച് കുടഞ്ഞിട്ടത് പോലെ മഴയെത്തി. ഒട്ടും പ്രതീക്ഷിക്കാതെ ആയതിനാൽ ക്യാമറയും ബാഗും റെയിൻ കോട്ടിലൊതുക്കും മുന്നെ മഴ ശക്തമായി. അകലെ പാവന ഡാമിന് മുകളിൽ കാർമേഘകൂട്ടം. ആ നിമിഷത്തില്‍ കോരിച്ചൊരിയുന്ന മഴയിൽ എറണാകുളം സ്റ്റേഷനിലേക്ക് ഓടിക്കയറിയ നാല് പേരായി ഞങ്ങൾ. ഇത് വരെ കയറിയ ക്ഷീണം മുഴുവൻ ഒഴുകിയിറങ്ങി, ഇനിയുള്ള യാത്രക്ക് ഉന്മേഷമാകുന്നു.
ശക്തമായ മഴയിൽ മുമ്പ് നിന്നവരെല്ലാം പോയത് കാരണം ആളൊഴിഞ്ഞ പൂരപ്പറമ്പായിരുന്നു വാലറ്റത്തുള്ള വ്യൂ പോയിന്‍റ്. മഴ തോർന്നപ്പോൾ കോട്ടയുടെ ഒരു ഭാഗം കോടയിൽ മുങ്ങിയിരിക്കുന്നു. തിരികെ നടക്കുമ്പോൾ കുറച്ച് മുമ്പ് വരെ ഞങ്ങള്‍ക്ക് ഒരു പൂക്കാലം തീർത്ത മഞ്ഞ പൂക്കളും ചെടികളും മഴയിൽ ചാഞ്ഞ് കിടക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി തെളിഞ്ഞ ആകാശം, ഞങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നപോൽ പൂപ്പാടവും മഴയും.
തിരികെ പടികള്‍ ഇറങ്ങുമ്പോള്‍ മഴവെള്ളം താഴേക്ക് ഒഴുകിപ്പോകുന്നുണ്ട്. സൂക്ഷിച്ച് ഇറങ്ങിയില്ലെങ്കില്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇറങ്ങി താഴെ എത്തിയപ്പോൾ ഈ പ്രപഞ്ചത്തെയാകെ തിന്നാനുള്ള വിശപ്പ്. താഴെയുള്ള കടകളില്‍നിന്ന് ഭക്ഷണം കഴിച്ച് വിസാപ്പുര്‍ കോട്ടയിലേക്ക് പോകാനുള്ള വഴിയും തിരക്കി നടന്നു. അങ്ങകലെ തലയുയർത്തി വിസാപ്പുർ കോട്ട. തകർന്ന് തരിപ്പണമായി കാട് പിടിച്ച വഴികൾ. കാൽവെക്കുന്നിടത്ത് നിന്ന് കൂടെപ്പോരുന്ന ചളിമണ്ണ്.
മുകളിലേക്ക് തുടങ്ങുന്ന കാടിന്‍റെയവിടെ രണ്ട് പേർ ഇരിക്കുന്നിടത്ത് പേരും വിവരങ്ങളും എഴുതി വെച്ച് മുകളിലേക്ക് കയറി. ലോഹഗഡ് പോലെ പടികളൊന്നുമില്ല. മുകളിലേക്ക് കാടാണ്. കയറിയെത്തി കാടവസാനിക്കുന്നിടത്ത് തകർന്ന് കിടക്കുന്ന കോട്ടയിലൂടെ മഴ പെയ്ത വെള്ളം കുത്തിയൊലിച്ച് വരുന്നുണ്ട്. കയറാന്‍ പറ്റുമോ എന്ന സംശയം ഞങ്ങള്‍ക്കില്ലായിരുന്നു, കാരണം എന്തായാലും കയറാന്‍ തന്നെയാണ് തീരുമാനം. കയറാന്‍ കുറച്ച് പാടുണ്ടെങ്കിലും അതിനൊരു രസമുണ്ട്.
ഞങ്ങൾ ചെല്ലുമ്പോൾ മുകളിലുണ്ടായിരുന്നവർ താഴേക്ക് ഇറങ്ങുകയാണ്. പ്രത്യേകിച്ച് കാണാൻ ഒന്നുമില്ല എന്നാണ് അവര്‍ പറയുന്നത്. പക്ഷെ, കയറി മുകളിലെത്തിയപ്പോള്‍ ഉള്ള കാഴ്ചകള്‍ മനോഹരമാണ്. മുകളില്‍ പെയ്ത വെള്ളം ഒരു ചെറിയ വെള്ളച്ചാട്ടം പോലെ താഴേക്കൊഴുകുന്നു. ചുറ്റുപാടും പച്ചപുതച്ച കാടുകള്‍. സംരക്ഷണമില്ലാതെ നഷ്ടപ്രതാപത്തെ ഓർമിച്ച് കൊണ്ട് വിസാപ്പുർ നിൽക്കുന്നു. കോട്ടമുകളിൽ കുറച്ച് പശുക്കൾ മേയുന്നുണ്ട്. ലോഹഗഡും വിസാപ്പുരും മുഖത്തോട് മുഖം നോക്കിയാണ് നില്‍പ്പ്.
1713-1720 കാലഘട്ടത്തില്‍ മറാത്തയിലെ ആദ്യത്തെ പേഷ്വ ആയിരുന്ന ബാലാജി വിശ്വനാഥിന്‍റെ കാലഘട്ടത്തിലാണ് വിസാപ്പുര്‍ പണി കഴിപ്പിച്ചത്. വിസാപ്പുര്‍ പിടിച്ചടക്കിയിട്ട് അവിടെ നിന്നാണ് ബ്രിട്ടീഷുകാര്‍ ലോഹഗഡ് കീഴടക്കുന്നത്. ലോഹഗഡ് പോലെ കുളങ്ങളും കവാടങ്ങളും ആരാധന മന്ദിരങ്ങളും ഇവിടെയുമുണ്ട്. ഒന്നു ചുറ്റികണ്ട് വരും മുന്നെ വീണ്ടും അതിശക്തമായ മഴ തുടങ്ങി. പെരുമഴയത്ത് താഴേക്ക് നടന്നു.
മഴയിൽ നനഞ്ഞ ശരീരത്തിന് ഒരൽപ്പം ചൂടാവശ്യമായിരുന്നതിനാൽ നടപ്പ് എളുപ്പമാക്കി. താഴെ ഭാജാ കേവ്സിനടുത്തുള്ള ചെറു വെള്ളച്ചാടത്തിൽ കുളിച്ച് കയറുമ്പോൾ മഴ അതിന്‍റെ ഉച്ചസ്ഥായിയിലെത്തിയിരുന്നു. മലാവലി റെയിൽവേ സ്റ്റേഷനിൽ രാത്രി ട്രെയിനിന് കാത്തുനില്‍ക്കുമ്പോള്‍ അങ്ങകലെ മഹാരാഷ്ട്രൻ മലകളിൽ മഴ തകർത്ത് പെയ്യുകയാണ്. കാമറിയിലൂടെ പകർത്തിയതിനേക്കാൾ കാഴ്ചകൾ മനസ്സിലേക്കാണ് പകർത്തിയതെന്ന് ട്രെയിനിലിരിക്കുമ്പോൾ എനിക്ക് തോന്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.