ഇരമ്പുന്ന നഗരത്തിലെ പാടുന്ന കാട്
text_fieldsപ്രകൃതി സംരക്ഷണത്തിന് ഷാർജ നൽകി വരുന്ന പ്രധാന്യം ലോകം തന്നെ അംഗീകരിച്ച് ആദരിച്ചതാണ്. ഷാർജയുടെ മിക്ക അതിരുകളും അടയാളപ്പെടുത്തുന്ന ദമാസ് മരങ്ങളുടെ പച്ചപ്പാണ്. ഹരിത കാന്തിയിൽ പാടിപ്പറക്കുന്ന ദേശാടന പക്ഷികളാണ് ഷാർജയുടെ അതിരുകളെ സംഗീത സാന്ദ്രമാക്കുന്നത്. ഇടമുറിയാതെ വാഹനങ്ങൾ ഇരമ്പി പായുന്ന ഷാർജ, അജ്മാൻ അതിർത്തിയിലെ റിങ് റോഡിന് സമീപത്തായി കാടും അതിന് നടുവിലായി തടാകങ്ങളും അതിൽ നൂറ് കണക്കിന് പക്ഷികളും അവക്ക് ചേക്കേറാൻ അതിലധികം മരങ്ങളുമുണ്ടെന്ന് കേട്ടാൽ വർഷങ്ങളായി ഇതിലെ യാത്ര ചെയ്യുന്നവർ പോലും മൂക്കത്ത് വിരൽ വെച്ചെന്ന് വരും.
ബഹളങ്ങളെ തീർത്തും ഒഴിവാക്കി തീർത്ത ഈ സംരക്ഷണകേന്ദ്രത്തിലെ ചിറകടികളുടെ കളനിസ്വനം കാതുകളിൽ രാഗമാലിക കോർക്കുന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അജ്മാനിലേക്ക് പ്രവേശിക്കുന്ന ഷാർജ റിങ് റോഡിലേക്ക് കയറിയാൽ ഇടതു ഭാഗത്തായി കൂറ്റൻ മരങ്ങൾ തീർത്ത ജൈവ മതിൽ കാണാം. ഇതിനകത്താണ് ഷാർജയുടെ വിസ്മയമായ വസിത് വെറ്റ്ലാൻറ് സ്ഥിതി ചെയ്യുന്നത്. ഷാർജയുടെ ഉപനഗരമായ അൽ വസീത് മേഖലയിലെ ഈ ഹരിത കേദാരത്തിൽ 350 ഇനത്തിൽപ്പെട്ട പക്ഷികളാണ് വസിക്കുന്നത്. താഴ്വാരങ്ങളിലെ പക്ഷികളെയും തടാകത്തിലെ പക്ഷികളെയും ഇവിടെ വേറിട്ട് കണ്ടാസ്വദിക്കാം. മരുഭൂമിയുടെ ആഴങ്ങളിൽ മാത്രം കണ്ട് വരുന്ന പക്ഷികൾ ഏറെ ആകർഷണിയം. പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും അവയുടെ സ്വാഭാവികത നിറഞ്ഞ വാസം ഉറപ്പാക്കാൻ ഉപ്പ് തടാകവും ശുദ്ധജല തടാകവും ഈ കാട്ടിലുണ്ട്. അറേബ്യൻ വരയാടുകളും മാനുകളും ഈ തീരത്തിന്റെ മനോഹാരിതയാണ്.
4.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഈ മേഖല പരിസ്ഥിതി സംരക്ഷണത്തിനും വംശനാശം സംഭവിക്കുന്ന ജന്തുജാലങ്ങളുടെയും സദനമാണ്. 350 പക്ഷികൾ ഇവിടെ സന്ദർശിച്ച് മടങ്ങുമ്പോൾ 60 തരത്തിൽപ്പെട്ടവ ഇവിടെ സ്ഥിര വാസത്തിലാണ്. നമ്മുടെ നാട്ടിലെ ജലാശയങ്ങളിൽ നിന്ന് പോലും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന വെളുത്ത ഞാറപക്ഷി, വിവിധ വർഗത്തിൽപ്പെട്ട കൊക്കുകൾ, മാർബ്ൾഡ് താറാവ്, രാജഹംസം തുടങ്ങി നിരവധി പക്ഷിയിനങ്ങളാണ് ഇവിടെയുള്ളത്. മരങ്ങൾക്കിടയിലെ മൺകൂനകൾ വേറിട്ട കാഴ്ച്ചയാണ്. കായ്ച്ച് നിൽക്കുന്ന മരങ്ങളിലെ പഴങ്ങൾ മൊത്തം പക്ഷികൾക്കുള്ളതാണ്. വേലിയേറ്റ സമയത്ത് ചെളി അടിഞ്ഞ് രൂപപ്പെടുന്ന നദീമുഖപരപ്പ് ഇവിടെ തീർത്തിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വർഗങ്ങളായതിനാൽ ചില്ലുജാലകത്തിലൂടെ മാത്രമെ ഇവയെ നോക്കി കാണാനാവുകയുള്ളു.
നിശബ്ദതക്ക് ഏറെ പ്രധാന്യം കൽപ്പിക്കുന്ന മേഖലയാണിത്. പക്ഷികൾ പറയുന്നത് മനുഷ്യന് കേൾക്കാൻ വേണ്ടി തീർത്ത മേഖല എന്ന് ഇതിനെ വിളിച്ചാൽ അതിശയോക്തിയാവില്ല.പക്ഷികൾ അവർ താണ്ടിയ ദൂരങ്ങളെ കുറിച്ച് ഇലകളോട് സംസാരിക്കുന്നു.കാനനത്തിലൂടെയും തടാക കരയിലൂടെയും ചുറ്റി അടിക്കാൻ കാർബൺ പ്രസരണം തടയുന്ന പ്രത്യേക വാഹനങ്ങളാണ് ഇതിനുള്ളിൽ ഉപയോഗിക്കുന്നത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശ പ്രകാരം നിർമ്മിച്ച ഈ പരിസ്ഥിതി സംരക്ഷണ മേഖല, 2015ലാണ് സന്ദർശകർക്കായി തുറന്ന് കൊടുത്തത്. പരിസ്ഥിതിയെ കുറിച്ച് ഏറെ എഴുതിയിട്ടുള്ള സുൽത്താെൻറ വകയുള്ള ജൈവീക സമ്മാനമാണ് ഈ കാനന ചോല. ഉച്ചക്ക് 12 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവേശനം. 12 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റില്ലാതെ പ്രവേശിക്കാം. മറ്റുള്ളവർക്ക് 15 ദിർഹമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 050 213 3915 എന്ന നമ്പറിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.